മിഡ്‌ലീസ്റ്റ്: ഭീകരാക്രമണവും പ്രതിരോധവും സമമാകുമോ!


മാനവികതയുടെ നഷ്ടക്കണക്കുകള്‍ നോക്കുമ്പോള്‍ ഒരു കാര്യം പരാമര്‍ശിക്കാതിരിക്കാനാവില്ല. ദുരാഗ്രഹികളായ ഇസ്രാഈല്‍ ഭരണകൂടം ഇറാനില്‍ നടത്തിയ ഭീകരമാക്രമണമാണ് ഈ പ്രതിസന്ധിയിലേക്കു ലോകത്തെ തള്ളിവിട്ടത്.

ലോകത്തെ വീണ്ടും അശാന്തിയുടെ കനലിലേക്കെറിഞ്ഞ് മധ്യപൂര്‍വദേശത്ത് കടുത്ത യുദ്ധത്തിന്റെ കോപ്പുകള്‍ മൂര്‍ച്ച കൂട്ടി വരികയാണ്. ഉഗ്രരൂപം കൈവരിച്ചു കൊണ്ടിരിക്കുന്ന അപ്രഖ്യാപിത യുദ്ധത്തിന്റെ കെടുതികള്‍ ഇരു ഭാഗത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ട് ഇസ്രാഈലിന്റെ കടന്നാക്രമണ മോഹങ്ങള്‍ക്കൊപ്പം അമേരിക്ക കൂടി ചേര്‍ന്നിരിക്കുന്നു. ഇറാനെ ആക്രമിച്ച യുഎസ് നടപടി അപകടകരമായ നീക്കമാണെന്നും മിഡ്‌ലീസ്റ്റ് സംഘര്‍ഷം നിയന്ത്രണാതീതമാകുമെന്നും സാഹചര്യം കൈവിട്ടു പോകാനുള്ള സാധ്യത വളരെ കൂടുതലായെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പു നല്‍കുന്നു. ചൈനയും റഷ്യയും ഉത്തര കൊറിയയും യു എസ് നടപടിയെ അപലപിച്ചു രംഗത്തു വന്നിട്ടുണ്ട്.

ഇറാന്‍ എന്ന സ്വതന്ത്ര റിപ്പബ്ലിക്കിലേക്ക് ഏകപക്ഷീയമായി ഇസ്രാഈല്‍ തുടക്കമിട്ട കടന്നാക്രമണത്തില്‍ ഇതിനകം 650-ലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. നിരവധി സൈനിക മേധാവിമാരെയും ശാസ്ത്രജ്ഞരെയുമാണ് അവര്‍ക്കു നഷ്ടപ്പെട്ടത്.

ഇറാന്റെ തിരിച്ചടിയില്‍ ഇസ്രാഈലിന്റെ വിവിധ നഗരങ്ങളില്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളും നാശനഷ്ടങ്ങളുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. തന്ത്രപ്രധാന കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ ഇതിനകം കൊല്ലപ്പെടുകയും നൂറു കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത യുദ്ധച്ചെലവാണ് ഒരോ ദിവസവും ഇരു രാജ്യങ്ങള്‍ക്കുമുണ്ടാകുന്നത്. ഒരു രാത്രി സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഇസ്രാഈലിന് 285 മില്യന്‍ ഡോളര്‍ എങ്കിലും ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. മുന്‍ സീനിയര്‍ പ്രതിരോധ ഓഫീസറും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റുമായ റിസര്‍വ് ജനറല്‍ റീം അമിനച്ചിന്റേതാണ് ഈ കണക്കുകള്‍.

ഏത് വ്യോമാക്രമണങ്ങളിലും തങ്ങള്‍ സുരക്ഷിതരാണെന്നവര്‍ അഹങ്കരിച്ച അയേണ്‍ ഡോമും താഡും ഉള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഇറാന്‍ എളുപ്പത്തില്‍ കബളിപ്പിച്ചിരിക്കുന്നു എന്ന് ലോകം കണ്ടു. ഇസ്രാഈലിന്റെ പ്രതിരോധ സായുധ-സാങ്കേതിക മികവിനൊപ്പം ജനങ്ങളുടെ സുരക്ഷാ ബോധത്തെയുമാണ് ഇതു ചോദ്യം ചെയ്തിരിക്കുന്നത്.

മാനവികതയുടെ നഷ്ടക്കണക്കുകള്‍ നോക്കുമ്പോള്‍ ആമുഖമായി ഒരു കാര്യം പറയാതെ ഈ പ്രതിസന്ധിയെയും പരാമര്‍ശിക്കാനാവില്ല. ദുരാഗ്രഹികളായ ഇസ്രാഈല്‍ ഭരണകൂടം പ്രകോപനമില്ലാതെ ഇറാനിലേക്കു നടത്തിയ നെറിയില്ലാത്ത ആക്രമണമാണ് ഈയൊരു പ്രതിസന്ധിയിലേക്കു ലോകത്തെ തള്ളിവിട്ടത്.

നെതന്യാഹുവിന്റെ ചാരിത്ര്യ പ്രസംഗം

ഇസ്രാഈല്‍ ജനാധിപത്യത്തെ കുറിച്ചു സംസാരിക്കും. മറുവശത്ത് അവര്‍ ഗസ്സയിലും ഇറാനുള്‍പ്പെടെ ഇതര രാജ്യങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഭരണൂടങ്ങളെ അട്ടിമറിക്കാനും അസ്ഥിരമാക്കാനും കോപ്പുകള്‍ ഒരുക്കും. നെതന്യാഹു ഇറാന്‍ ചെയ്ത യുദ്ധക്കുറ്റത്തെ കുറിച്ചു പ്രഘോഷണം നടത്തുമ്പോള്‍, അവര്‍ ഗസ്സയിലെ പ്രവര്‍ത്തനക്ഷമമായ എല്ലാ ആശുപത്രികളും കാന്‍സര്‍ ചികിത്സാ കേന്ദ്രവും നവജാത ശിശു പരിപാലന കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ബോംബിംഗില്‍ തകര്‍ത്തതിനെ കുറിച്ച് അദ്ദേഹത്തിന് ഓര്‍മയുണ്ടാവില്ല.

ഇറാനിലെ ആണവ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് നെതന്യാഹു പ്രഖ്യാപിച്ചു കൊണ്ടിരിക്കും. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ജനീവ കരാറിന്റെ ലംഘനമാണെങ്കിലും ഇസ്രാഈല്‍ ആ ചാപ്റ്റര്‍ കണ്ടിട്ടുപോലുമുണ്ടാകില്ല. അപകടകരമായ ഊര്‍ജ വികിരണം പ്രസരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ജനീവ കരാര്‍ പ്രകാരം തെറ്റാണ്.

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ഏറ്റവും ഭീകരസ്വഭാവമുള്ള ഭരണകൂടമാണ് ഇസ്രാഈലിന്റെത്. ഇസ്രാഈലും ഇപ്പോള്‍ യു എസും ചെയ്തിരിക്കുന്നത് യുദ്ധക്കുറ്റമാണ്.

ഇറാന്‍ മിസൈല്‍ പതിച്ച് ആശുപത്രിക്ക് പരിക്കേറ്റതിനെ കുറിച്ച് ജറൂസലെം ചാരിത്ര്യ പ്രസംഗം നടത്തുമ്പോള്‍ ആളുകള്‍ക്ക് ചിരിയാണോ സഹതാപമാണോ ഉയരുക എന്നറിയില്ല. യു എന്‍ ചാര്‍ട്ടറനുസരിച്ച് സ്വയം പ്രതിരോധം എന്ന സാഹചര്യത്തില്‍ മാത്രമേ മറ്റൊരു രാജ്യത്തെ അക്രമിക്കാന്‍ ഇതര രാജ്യത്തിന് അനുമതിയുള്ളൂ.

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിനു തൊട്ടടുത്തെത്തി എന്നു ന്യായം പറഞ്ഞാണ് ജൂണ്‍ 13 വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രാഈലിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇറാന്റെ സൈനിക- ശാസ്ത്ര ലക്ഷ്യങ്ങള്‍ക്കു വലിയ നാശനഷ്ടമുണ്ടാക്കിയത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്കു പ്രകാരം തൊണ്ണൂറിനടുത്ത് ആണവായുധങ്ങളുള്ള രാജ്യമാണ് ഇസ്രാഈല്‍. അവരാണ് ഇറാന്റെ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ലാത്ത ആണവ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

ആയുധം അതുപയോഗിക്കാനറിയുന്നവര്‍ക്കേ കൊടുക്കാവൂ എന്നത് സാമാന്യ യുക്തിയാണ്. അങ്ങനയെങ്കില്‍ ആയുധശക്തി കൊണ്ട് അയല്‍രാജ്യങ്ങളുടെ മേല്‍ നിരന്തരം പാഞ്ഞുകയറിക്കൊണ്ടിരിക്കുന്ന ഇസ്രാഈലിനെയാണല്ലോ ആദ്യം നിയന്ത്രിക്കേണ്ടത്.

അവരുടെ പക്കലുള്ള ആയുധങ്ങളാണ് ഇപ്പോള്‍ ലോകത്തിനു യഥാര്‍ഥ ഭീഷണി. പിടിച്ചുനില്‍ക്കാന്‍ ഏത് ആയുധവും പ്രയോഗിക്കാന്‍ മടിക്കാത്ത ഇസ്രാഈലിന്റെ കരുതലിലുള്ള അണുവായുധങ്ങള്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമാണെന്ന് ആര്‍ക്കാണ് ഗ്യാരണ്ടി നില്‍ക്കാന്‍ കഴിയുക.

തന്ത്രപ്രധാനമായ മിഡ്‌ലീസ്റ്റ്

മിഡ്‌ലീസ്റ്റ് എന്ന് പശ്ചാത്യര്‍ വിളിക്കുന്ന പ്രദേശം തന്ത്രപ്രധാനമായൊരിടമാണ്. അതിസമ്പന്നമായ പ്രകൃതി വിഭവങ്ങളുടെ വലിയ ശേഖരമുള്ള മണ്ണില്‍ പശ്ചാത്യര്‍ക്കും സയണിസ്റ്റുകള്‍ക്കും പണ്ടേ വലിയ താല്പര്യമുണ്ട്. അവിടത്തെ ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസം പോലും ഈ അധിനിവേശ ശക്തികളുടെ താല്പര്യത്തിന്റെ ഊക്ക് ഏറ്റുന്നുമുണ്ട്.

ഇസ്രാഈല്‍ നടത്തിയ മനുഷ്യാവകാശ ലംഘനത്തെ, യുദ്ധക്കുറ്റത്തെ, ജനീവ കരാറുകളുടെ ലംഘനത്തെ ദുര്‍ബലമായ വാക്കുകളില്‍ അപലപിക്കാന്‍ പോലും യൂറോപ്പിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. സജീവമായ ഇറാന്‍ വിരുദ്ധ അന്തര്‍ധാരയില്‍ യു കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇസ്രയേലിന്റെ പക്ഷത്ത് നിഷ്‌കളങ്കതയോടെ നിലയുറപ്പിച്ചിരിക്കുന്നതാണ് കാണുന്നത്.

ഇ-3 എന്ന് വിളിക്കപ്പെടുന്ന ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാനുമായി സംഭാഷണത്തിന്റെ ശരിയായ പാതയുള്ളപ്പോള്‍ തന്നെ ഇസ്രായേലിന്റെ യുദ്ധവഴിയില്‍ അണിനിരക്കുന്നത് വിചിത്രമാണ്. ഇത് മണ്ടത്തരം നിറഞ്ഞ കുരിശുയുദ്ധമാണ് എന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

ലളിതമായി പറഞ്ഞാല്‍, മിഡ്ല്‍ ഈസ്റ്റില്‍ ശക്തിപ്പെട്ടു വരുന്ന ഇറാനിലെ ഭരണകൂടത്തെ തെറിപ്പിച്ച് മേഖലയിലെ അനിഷേധ്യ ശക്തിയാവുക എന്നതാണ്, അതു മാത്രമാണ് ഇസ്രായേലിന്റെ ലക്ഷ്യം. ഇസ്രായേലിന്റെ യുദ്ധവെറിക്കൊപ്പം അണി ചേരുകയാണ് യൂറോപ്പില്‍ നിന്നുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങള്‍. ഇറാനു മേലുള്ള ആക്രമണം അതിവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, മിഡ്‌ലീസ്റ്റിന്റെ ഭൗമരാഷ്ട്രീയത്തെ സമൂലമായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതു തന്നെയാണ്.

മേഖലയിലെ ശക്തരായ രാഷ്ട്രങ്ങളായിരുന്ന ഇറാഖും സിറിയയും ലിബിയയും പല കാരണങ്ങള്‍ പറഞ്ഞ് പാശ്ചാത്യ പന്തയക്കാര്‍ തകര്‍ത്തു കഴിഞ്ഞു. സുഊദി ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ അത്രമാത്രം സൈനിക ശക്തി അവകാശപ്പെടാവുന്നതോ പ്രതിരോധകാര്യങ്ങളില്‍ ഉത്സുകരോ അല്ല.

ദീര്‍ഘനാളായുള്ള കടുത്ത സാമ്പത്തിക ഉപരോധത്തിനു കീഴില്‍ പോലും പതറാതെ, കാലിടറാതെ പിടിച്ചു നില്‍ക്കുന്ന പേര്‍ഷ്യന്‍ വീര്യമുള്ള ജനതയുടെ നാടാണ് ഇറാന്‍. 1.44 ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുള്ള ഇറാന്‍ ആഗോള തലത്തില്‍ ഇരുപത്തിരണ്ടാം സ്ഥാനത്താണുള്ളത്. ഇസ്രാഈലിന്റെ സമ്പദ് വ്യവസ്ഥ 471 ബില്യന്‍ ഡോളറിന്റേതാണ്. പ്രതിരോധത്തിനാണ് അവര്‍ ബജറ്റിന്റെ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്നത്.

യുദ്ധവെറിയുടെ കൂട്ടിക്കൊടുപ്പുകാര്‍

ഇറാനിലെ അധികാര മാറ്റത്തിനവര്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ആയുധക്കൂമ്പാരത്തിനും സാങ്കേതിക സൗകര്യങ്ങള്‍ക്കും മുകളില്‍ അഹങ്കാരത്തോടെ അടയിരിക്കുന്ന ഇസ്രാഈലിന്റെ തലപ്പത്തുള്ള നെതന്യാഹുവിന്റെ ആണവ നിര്‍വ്യാപന ന്യായീകരണം ബുദ്ധിയുള്ള മനുഷ്യരാരെങ്കിലും വിശ്വസിക്കുമോ?

യു എന്നുള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളും ലോകരാജ്യങ്ങളും അംഗീകരിച്ച ഒരു നിയമവും പ്രമേയവും നിര്‍ദേശവും നാളിതുവരെ നടപ്പിലാക്കാത്ത രാജ്യമാണ് ഇസ്രാഈല്‍. എന്നിട്ടും അന്താരാഷ്ട്ര വേദികളില്‍ പോലും തല ഉയര്‍ത്തി നില്‍ക്കാന്‍ ആ രാഷ്ട്രത്തിന് സാധിക്കുന്നത് എങ്ങനെയാണ്.

ആയുധവും കുതന്ത്രവും സാങ്കേതിക ശേഷിയും കൊണ്ട് ഭൂമി കവര്‍ച്ച നടത്തുന്ന ഇസ്രാഈലിന്റെ താല്പര്യങ്ങള്‍ക്ക് തടയിടാൻ സാധ്യതയുള്ള മേഖലയിലെ മുഖ്യ ശക്തി ഇറാനാണ്. ഇറാനെ ദുര്‍ബലമാക്കി മേഖലയിലെ അനിഷേധ്യ ശക്തിയാവുകയാണ് ഇസ്രാഈലിന്റെ ലക്ഷ്യം.

അപ്പോഴാണ് ചില നിരീക്ഷകര്‍ പറഞ്ഞ പോലെ, അമേരിക്ക ഇസ്രാഈലിന്റെ അന്‍പത്തിയൊന്നാമത് സംസ്ഥാനമാണോ എന്നു ചോദിക്കാന്‍ തോന്നുക. അവിടെയാണ് കാര്യങ്ങളുടെ കിടപ്പ്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും യൂറോപ്പിലെ പ്രധാന ചൂതു കളിക്കാരുടെയും നിലപാടുകളുടെ പിന്നാമ്പുറം നിര്‍ണയിക്കുന്നത് കച്ചവടക്കണ്ണും മേഖലയിലെ അസ്ഥിരതയില്‍ നിന്നുള്ള മുതലെടുപ്പുമാണ്. യു എസ് അഡ്മിനിസ്‌ട്രേഷനെ നിയന്ത്രിക്കുന്ന ക്രിസ്ത്യന്‍ സയണിസ്റ്റ് ഇസ്രാഈല്‍ ലോബിയുടെ നിര്‍ണായക സ്വാധീനവും ലോക നയങ്ങളെ നിര്‍ണയിക്കുന്നു.

ഇറാന്‍ വിരുദ്ധ ആക്രണത്തില്‍ നേരിട്ടു പങ്കാളികളാവില്ലെന്നും രണ്ടാഴ്ച സമയം കൊടുക്കുന്നുവെന്നും വ്യവസായക്കണ്ണുള്ള യു എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ്, ഇറാനിലെ മൂന്നു കേന്ദ്രങ്ങള്‍ക്കു നേരെ യു എസ് ബങ്കര്‍ ഫൈറ്റര്‍ ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ യുറേനിയും സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ യു എസ് ബങ്കര്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ബോംബിട്ടു എന്ന് ട്രംപ് തന്നെയാണ് വിശദീകരിച്ചത്.

'ഇന്ന് രാത്രി, ആക്രമണങ്ങള്‍ അത്ഭുതകരമായ സൈനിക വിജയമായിരുന്നു' എന്ന് എനിക്ക് ലോകത്തെ അറിയിക്കാനാകുമെന്നും ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി എന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.

ഇറാനോട് സമാധാനം സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഒരു ഭാഗത്തു നിന്ന് കടുത്ത ആക്രമണം ഏല്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇറാന്‍ സമാധാനത്തിന്റെ വെള്ളക്കൊടി പറപ്പിക്കുക? യു എസ് പ്രസിഡന്റ് ചട്ടമ്പിയുടെ നിലവാരത്തില്‍ സംസാരിക്കുന്നത് ഇതാദ്യമല്ലാത്തതിനാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

ഇത് തീര്‍ച്ചയായും ഇറാന്റെ പ്രത്യാക്രമണം ക്ഷണിച്ചു വരുത്തും. അവര്‍ക്കതിന് എന്തുമാത്രം ശക്തിയുണ്ടെന്നോ മൂര്‍ച്ചയുണ്ടെന്നോ ആരൊക്കെ അവരെ പിന്തുണയ്ക്കുമെന്നോ ഇപ്പോള്‍ വ്യക്തമല്ല. തങ്ങളുടെ ആണവ സൗകര്യങ്ങളെല്ലാം ഭദ്രമാണെന്നും ആക്രമണം മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ട് എന്നുമാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ടു ചെയ്തത്.

ഇറാന്റെ സമാധാനപരമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അമേരിക്കയുടെ മര്യാദകെട്ട ആക്രമണങ്ങള്‍ അതിശക്തവും നീണ്ടുനില്‍ക്കുന്നതുമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ഷിയുടെ പ്രതികരണം.

ആക്രമണവും പ്രതിരോധവും

ഇസ്രാഈലിന്റെ യുദ്ധവെറിക്ക് യു എസ് പിന്തുണ നല്‍കുന്നതില്‍ യു എസിലും ഇസ്രാഈലിലും ഇതര ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രധാന യു എസ് നഗരങ്ങളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധം ശക്തിപ്പെടുന്നു.

നെതന്യാഹു അല്ല യു എസ് പ്രസിഡന്റ് എന്നും യു എസിന്റെ വിദേശ സൈനിക നയങ്ങള്‍ അയാള്‍ തീരുമാനിക്കരുതെന്നും വെര്‍മണ്ടില്‍ നിന്നുള്ള മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് കുറ്റപ്പെടുത്തി. യു എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടിക്ക് ഫെഡറല്‍ ഫണ്ട് ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുന്ന ബില്‍ ബേണി സാന്‍ഡേഴ്‌സ് സെനറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട് യു എസും ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആണവായുധകാര്യം പറഞ്ഞ് ഇസ്രാഈല്‍ തെഹ്‌റാനെ ആക്രമിച്ചത്. 'ഒരു വശത്ത് ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും മറുവശത്ത് യുഎസ്- ഇറാന്‍ ക്രിയാത്മക ചര്‍ച്ചകളെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം' എന്ന് വിദേശകാര്യ വിദഗ്ധന്‍ എം കെ ഭദ്രകുമാര്‍ നിരീക്ഷിക്കുന്നുണ്ട്.

ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് (IRGC) നേതൃത്വത്തെയും സൈനിക കമാന്‍ഡര്‍മാരെയും വധിച്ചാല്‍, ഇസ്രാഈല്‍ ആക്രമണത്തെ ചെറുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി തെഹ്‌റാന് നഷ്ടമാകും എന്ന മണ്ടന്‍ കണക്കുകൂട്ടലിലാണോ തെല്‍അവീവ്? എന്നാല്‍ ഇറാനെ എളുപ്പം പിടിച്ചുനിര്‍ത്താനോ നിശ്ശബ്ദമാക്കാനോ കഴിയില്ല.

പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ സവിശേഷതയും വീറും അഭിമാനബോധവും പേറുന്ന ഇറാന്‍ ജനത, എളുപ്പം കീഴടങ്ങില്ല എന്നാണ് സമീപകാല ചരിത്രം പഠിപ്പിക്കുന്നത്. അവര്‍ പൊരുതി മരിക്കാനേ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ അത് ഇസ്രാഈലിനും ലോകത്തിനും ശുഭകരമായിരിക്കില്ല. ചൈനയും റഷ്യയും തുര്‍ക്കിയും ഉത്തര കൊറിയയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ എന്തു നിലപാടു സ്വീകരിക്കുന്നു എന്നത് ഈ ആകാശ യുദ്ധത്തിന്റെ ഗതിനിര്‍ണയിക്കും.

ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ യു എസ് സൈനിക ക്യാംപുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

മുന്‍കൂട്ടി വിവരം നല്‍കിയിട്ടായിരുന്നു ആക്രമണം എന്നത് ഒരു നാടകമാകാനുള്ള സാധ്യതയും വിധഗ്ധര്‍ തള്ളുന്നില്ല. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കു നേരെ യു എസ് നടത്തിയ ആക്രമണത്തിന്റെ വിനാശകരമായ പ്രതിഫലനങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല എന്നതും ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്.

ഇറാനെ ദുര്‍ബലപ്പെടുത്താന്‍ ഇസ്രായേലും പശ്ചാത്യ ശക്തികളും തെരഞ്ഞെടുത്ത ആയുധം അക്രമത്തിന്റേതും ഭീകരതയുടേതുമാണ്. അതുകൊണ്ട് ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തേണ്ടതും ഇസ്രാഈലിന്റേത് ഭീകരതയുടെ എക്കൗണ്ടില്‍ ചേര്‍ക്കേണ്ടതുമാണ്.

അതംഗീകരിക്കാനുള്ള സത്യസന്ധത വേട്ടക്കാര്‍ക്കൊപ്പം നീങ്ങുന്ന ലോക ശക്തികള്‍ക്കുണ്ടായാലും ഇല്ലെങ്കിലും. അതിക്രമവും പ്രതിരോധവും സമമാകുന്നതെങ്ങനെയാണ്? ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ ഏതെങ്കിലും കോണില്‍ നിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുക.