അമേരിക്കയെക്കൊണ്ട് ഇറാന്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷം നടത്തിയാണ് യുദ്ധത്തിനു സമാപനം കുറിക്കാന്‍ ഇസ്രായേല്‍ പദ്ധതി തയ്യാറാക്കിയത്. രണ്ടോ മൂന്നോ ദിവസം കൂടി യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ ഇസ്രായേല്‍ ദുര്‍ഘടമായ അവസ്ഥയിലേക്ക് പോയേനെ.
2025 ജൂണ്‍ 13ന് ഇസ്രായേല്‍ ഇറാനു മേല്‍ അടിച്ചേല്‍പിച്ച യുദ്ധം ജൂണ്‍ 25ന് ഇസ്രായേലിനു തന്നെ വിനയായപ്പോള്‍ തന്ത്രപൂര്‍വം അപകര്‍ഷബോധം മറച്ചുപിടിച്ച് തങ്ങള്‍ വിജയിച്ചെന്നു വരുത്തി അവസാനിപ്പിക്കേണ്ടിവന്നു. അമേരിക്കയെക്കൊണ്ട് ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷം നടത്തിയാണ് അതിനു സമാപനം നടത്താന്‍ ഇസ്രായേല്‍ പദ്ധതി തയ്യാറാക്കിയത്.
രണ്ടോ മൂന്നോ ദിവസം കൂടി യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം അതീവ ദുര്‍ഘടമായ അവസ്ഥയിലേക്ക് പോയേനെ. അവസാനം യുദ്ധം നിര്‍ത്തുന്ന കരാര്‍ അംഗീകരിക്കുകയാണെന്ന് ഇറാനിയന്‍ പ്രസിഡന്റും സമ്മതിച്ചു.
തങ്ങളുടെ ഭൂപ്രദേശം ലോകത്തേക്ക് വ്യാപിക്കുന്ന ചരിത്രം ഇറാന് ആധുനിക പൂര്‍വകാലത്തു പോലും കാണാന്‍ കഴിയില്ല; പ്രത്യേകിച്ച് മുസ്‌ലിം ഭരണം വന്ന ശേഷം. ഇറാനു മേല്‍ ചരിത്രവിജയം നേടാനായി എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു എങ്കിലും ലോകത്ത് ഭൂരിപക്ഷം ജനങ്ങളും അത് വിശ്വസിക്കുന്നില്ല.
യുദ്ധത്തില്‍ ഇസ്രായേലിന്റെ പ്രതിരോധം തകര്‍ന്നുവീണത് ലോകം മുഴുവന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും കണ്ടതാണ്. പാശ്ചാത്യ വാര്‍ത്താ മാധ്യമങ്ങള്‍ എത്ര പക്ഷപാതിത്വപരമായാണ് ഇറാന്റെ തിരിച്ചടിയെ കണ്ടതെന്നത് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ വെളിപ്പെടുകയുണ്ടായി.
അഥവാ ഇസ്രായേലിന് ഏല്‍ക്കുന്ന തകര്‍ച്ചയെ എത്ര ബുദ്ധിപരമായാണ് അവര്‍ മറച്ചുപിടിച്ചത് എന്നതും വ്യക്തമായി. അതിന്റെ പ്രധാന കാരണം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വലിയ സാമ്പത്തിക ശക്തികള്‍ ജൂത-ഇസ്രായേലി ലോബികളാണ് എന്നതാണ്.
ഇസ്രായേലിന് ശകാരം
ഇറാന്‍ സൈനിക മേധാവികളെയും മറ്റും മൊസാദ് ചാരന്മാരെക്കൊണ്ടും ഡ്രോണ്‍ ആക്രമണത്തിലൂടെയും കൊലപ്പെടുത്തിക്കഴിഞ്ഞാല്‍ രണ്ടു ദിവസം കൊണ്ട് ഇറാന്‍ കീഴടങ്ങുമെന്ന് ഇസ്രായേല്‍ തെറ്റിദ്ധരിച്ചു. പക്ഷേ, കഴിഞ്ഞ 45 വര്‍ഷമായി ഇറാന്‍ തയ്യാറാക്കിയ ബുദ്ധിപരമായ പ്രതിരോധങ്ങളില്‍ ഇസ്രായേലിന് വന്‍ നാണക്കേട് ഉണ്ടാക്കിയ രീതിയില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറേണ്ടിയും വന്നു.
ഇസ്രായേല്‍ യുദ്ധം തുടങ്ങിവെച്ചാല്‍ അമേരിക്ക വന്ന് അത് പൂര്‍ത്തീകരിക്കും എന്ന് നെതന്യാഹു തെറ്റിദ്ധരിച്ചു. ട്രംപ് ഇസ്രായേലിനെ തെറിവിളിച്ചുകൊണ്ടാണ് പക്ഷേ അത് അവസാനിച്ചത് എന്നത് ലോകം ലൈവായി കേട്ടു. ഇതും പാശ്ചാത്യ ലോകത്തെയും ഇസ്രായേലിനെയും ഇളിഭ്യരാക്കാനും ലജ്ജിപ്പിക്കാനും കാരണമാക്കി.
ഇറാന് ചൈനയുമായി എണ്ണ വ്യാപാരം കൂടുതലായി തുടരാമെന്നും ട്രംപ് പ്രഖ്യാപിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിയെ കൂടുതല്‍ ആത്മനിന്ദയിലാക്കുകയും ചെയ്തു. ഉത്തര കൊറിയ ഇറാനെ പൂര്‍ണമായും പിന്തുണച്ചതും രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ ഇസ്രായേലിനെ 'മധ്യപൂര്‍വദേശത്തെ കാന്‍സര്‍' എന്നു വിളിച്ചതും അത്യപൂര്‍വമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു.

ഒരു മുസ്‌ലിമേതര രാഷ്ട്രം ഇസ്രായേലിനെ അത്തരത്തില്‍ അഭിസംബോധന ചെയ്തത് റഷ്യ-ചൈന-ഉത്തര കൊറിയ സഖ്യത്തിന്റെ അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ മേധാവിത്വം സൂചിപ്പിക്കുന്നുണ്ട്. കൊറിയന്‍ പ്രസിഡന്റിന്റെ കേവലം പറച്ചിലായിരുന്നില്ല അത്. മാറുന്ന ലോക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതായിരുന്നു.
ഇറാന്റെ സമ്പൂര്‍ണ വിജയത്തെ തടഞ്ഞത് ജോര്‍ദാന്‍ എന്ന മുസ്‌ലിം രാഷ്ട്രം തന്നെയാണ് എന്നത് ചരിത്രത്തിലെ ഒരു ക്രൂരമായ യാഥാര്‍ഥ്യമായി നിലനില്‍ക്കും. കാരണം ഇറാനെ ഇസ്രായേല്‍ ആക്രമിച്ചപ്പോള്‍ ഇറാന്റെ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം തടഞ്ഞ് ഇസ്രായേലിന് സംരക്ഷണം കൊടുത്തത് ജോര്‍ദാന്‍ ആയിരുന്നു.
ലോക ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത കൂട്ടക്കൊലകള്‍ക്കു നേതൃത്വം നല്‍കിയ ഇസ്രായേലിനെ നീതി എന്താണെന്ന് പഠിപ്പിക്കാന്‍ കിട്ടിയ ഒരവസരമായിരുന്നു ഇത്. ഒരവസരം വന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഓയില്‍ വിപണി ഡോളറില്‍ നിന്ന് മാറ്റുമെന്ന ആശങ്കകള്‍ കൂടി നിലനില്‍ക്കുമ്പോഴാണ് അമേരിക്ക മുന്നില്‍ നിന്ന് ഇസ്രായേലിനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആധുനിക മിസൈല്‍ വിക്ഷേപണവും, ഖത്തറിലെയും ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ സൈനികത്താവള ആക്രമണവും അറബ് ലോകത്തെ മാത്രമല്ല, മറ്റു ലോക രാഷ്ട്രങ്ങളെയും ഞെട്ടിച്ചുകളഞ്ഞു.
ഇറാന്‍ ജൂതരുടെയും നാട്
പശ്ചിമേഷ്യയില്‍ ഏറ്റവും അധികം ജൂതര്‍ താമസിക്കുന്നത് ഇസ്രായേല്‍ കഴിഞ്ഞാല്‍ പിന്നെ ഇറാനാണ് എന്നത് അത്ഭഭുതത്തോടുകൂടി മാത്രമേ നമുക്ക് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയൂ. പക്ഷേ, യാഥാര്‍ഥ്യമാണത്. 3000 വര്‍ഷം പഴക്കമുള്ള ജൂതരാണ് ഇറാനില്‍ ഉള്ളതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നുണ്ട് (2014).
1948ല്‍ ഇസ്രായേല്‍ സ്ഥാപിതമായ ശേഷം പല ജൂതരും ഇസ്രായേലിലേക്ക് പോയി. 1979ലെ വിപ്ലവത്തിനു ശേഷവും പലരും പിന്നെയും അങ്ങോട്ടു പോയി. എങ്കിലും ഇറാനില്‍ 20,000ലേറെ ജൂതര്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. അവര്‍ ഇസ്രായേലിലേക്ക് പോകാന്‍ തയ്യാറല്ല.
വിപ്ലവാനന്തര ഇറാനില്‍ അവര്‍ക്ക് ഏറ്റവും അധികം സമാധാനവും സന്തോഷവും കൈവന്ന കാലഘട്ടം ഹസന്‍ റൂഹാനി (2013-2021) ഇറാനിയന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് എന്ന് തെഹ്‌റാന്‍ ജ്യൂസ് അസോസിയേഷന്‍ നേതാവ് പറയുന്നുണ്ട്. റൂഹാനി പ്രസിഡന്റായതിനു ശേഷം ഇറാനിലെ ജൂതര്‍ക്ക് ശനിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ചു (ശാബത്തിന്റെ ദിവസം).

വിവിധ ജൂതസ്ഥാപനങ്ങള്‍ക്ക് അദ്ദേഹം ഫണ്ടും നീക്കിവെച്ചു. വിപ്ലവാനന്തരം ഇറാനിലെ ജൂതര്‍ ആദ്യം ഭയന്നിരുന്നെങ്കിലും പിന്നീട് അവര്‍ക്ക് കാര്യമായ അതിജീവന പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിട്ടില്ല. മികച്ച ജീവിത സാഹചര്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് ജൂതര്‍ വെളിപ്പെടുത്തിയിട്ടുണ്ട് (ടൈംസ് ഓഫ് ഇസ്രായേല്‍, 2025 ജൂണ്‍ 20).
നിരവധി ജൂത പള്ളികള്‍ (സിനഗോഗുകള്‍) ഇറാനിലുണ്ട്. അതില്‍ തെഹ്‌റാനില്‍ തന്നെ 40ഓളമുണ്ട്. 25 എണ്ണം ഇപ്പോഴും പ്രവര്‍ത്തനത്തിലുണ്ട്. നിരവധി ജൂത കേന്ദ്രങ്ങളും ജൂത സെമിത്തേരികളും ലൈബ്രറിയും അവിടെ ഇപ്പോഴുമുണ്ട്. ഇറാനിയന്‍ പാര്‍ലമെന്റില്‍ ജൂതര്‍ക്ക് ഒരു സംവരണ സീറ്റുമുണ്ട്.
ഇറാന്‍-ഇസ്രായേല്‍ ശത്രുതയുടെ ചരിത്രം
1979ലെ ഇറാനിയന്‍ വിപ്ലവാനന്തരം ഒരു അമേരിക്കന്‍ വിരുദ്ധ (ശിയാ) ഇസ്‌ലാമിക രാഷ്ട്രമായിത്തീര്‍ന്നതിനാല്‍ ഇസ്രായേലുമായും ശത്രുതയിലാണ്. ചുരുക്കത്തില്‍, മേഖലയിലെ ഇസ്രായേലിനെ ശത്രുവായി കാണുന്ന ഏക രാഷ്ട്രം ഇറാനായി മാറിക്കഴിഞ്ഞിരിക്കുന്നു. അതേസമയം ഇവിടെ അണ്വായുധ രാഷ്ട്രമാണ് ഇസ്രായേല്‍.
ഇറാന്‍ അണുശക്തി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. ഇറാന്റെ അണ്വായുധശേഷിയില്‍ ഏറ്റവുമധികം വൈഷമ്യത്തിലാകുന്നത് ഇസ്രായേലാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇറാന്റെ പല ആണവ ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ രഹസ്യമായി കൊലപ്പെടുത്തി. ഇസ്‌ലാമിക ധാര്‍മികതയുടെ ഭാഗമായി ഇറാന്‍ അണ്വായുധങ്ങള്‍ നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ഇല്ല എന്ന് പരമോന്നത നേതാവ് ഖുമൈനിയുടെയും ഖാംനഇയുടെയും വിധികളുണ്ട്.
ഇസ്രായേല്‍ രാഷ്ട്രത്തെ മേഖലയില്‍ നിന്ന് ഉന്മൂലനം ചെയ്യും എന്നു തുടങ്ങിയ മുന്‍ പ്രസിഡന്റിന്റെ പ്രസ്താവന, ഇറാനെ മേഖലയിലെ ഒരു ഭീഷണിയായി സ്വയം അവരോധിക്കുകയായിരുന്നു. അതിന് അവര്‍ ബലികൊടുക്കേണ്ടി വന്നത് നിരവധി ശാസ്ത്രജ്ഞരെയാണ്.
കാരണം അത്തരം ആയുധങ്ങള്‍ സര്‍വനാശകാരിയും തലമുറകള്‍ക്ക് അതീതമായ ദുരന്തം സൃഷ്ടിക്കുന്നതുമാണെന്ന് അവര്‍ക്ക് ധാരണയുണ്ട്. 1984 മുതല്‍ ഇസ്രായേല്‍ ആരോപിക്കുന്നതാണ് ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നു എന്നത്. എന്നാല്‍ അത് വസ്തുതകള്‍ക്കു നിരക്കാത്തതാണ്. ഇറാന്റെ അണ്വായുധ പദ്ധതികള്‍ 1979ലെ ഇറാന്‍ വിപ്ലവത്തിനു മുമ്പേ തുടങ്ങിയതാണ്.
അക്കാലത്ത് അമേരിക്കയും ഇസ്രായേലും അതിനു പിന്തുണ നല്‍കിയതുമാണ്. ഇറാന്റെ ഭരണമാറ്റം മാത്രമാണ് അവരെ ഇസ്രായേല്‍ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കാരണം. 1980-1988 കാലത്ത് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ സദ്ദാമിന് അമേരിക്കയും ഇസ്രായേലും മാരക രാസായുധങ്ങള്‍ നല്‍കി പിന്തുണ നല്‍കിയിരുന്നു. എന്നിട്ടു പോലും ഇറാന്‍ തിരികെ രാസായുധങ്ങള്‍ ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
പക്ഷേ, പ്രതിരോധം ഒരു രാജ്യത്തിന്റെ അവകാശമാണ്. അയേണ്‍ ഡോമായാല്‍ പോലും അതിനെയും കബളിപ്പിക്കുന്ന ക്ലസ്റ്റര്‍ മിസൈലുകളും ഇറാന്‍ വികസിപ്പിച്ചു. ഇറാന്റെ പ്രതിരോധ ശേഷി അത്രയ്ക്കു ശക്തമാണ്. സ്മാര്‍ട്ട് യുദ്ധകാലത്ത് അത് ഉപയോഗിച്ച് നിരവധി ഇറാനിയന്‍ കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയിട്ടുപോലും ഇസ്രായേലിനു ജയിക്കാന്‍ കഴിയാതെപോയത് ഇറാന്റെ കരുത്തു തെളിയിക്കുന്നു.
ലോകത്തെ മുഴുവന്‍ ശത്രുക്കളെയും നിരീക്ഷിക്കുന്ന മൊസാദിന്റെ ആസ്ഥാന മന്ദിരം ഇറാന്‍ തകര്‍ത്തത് ഇപ്പോഴും ഇസ്രായേലിന് അവിശ്വസനീയമാണ്. കൂടാതെ രാജ്യത്തെ ഏറ്റവും പ്രമുഖ ഗവേഷണ കേന്ദ്രമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്തതും ഇസ്രായേല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്.
ഭയപ്പെടുത്തല്‍ സിദ്ധാന്തം
രാഷ്ട്രീയ ശാസ്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്) എന്ന സാമൂഹിക ശാസ്ത്ര പഠന വിഭാഗത്തിന്റെ ഒരു ഉപശാഖയാണ് അന്തര്‍ദേശീയ രാഷ്ട്രീയ പഠനം (ഐ.ആര്‍). 20ാം നൂറ്റാണ്ടില്‍ വികസിച്ച ഈ പഠനശാഖ ഒരു അക്കാദമിക വിഷയമായി പശ്ചാത്യ സര്‍വകലാശാലകളില്‍ പഠിപ്പിച്ചുതുടങ്ങുന്നതും ഏകദേശം ഇതേ കാലഘട്ടത്തില്‍ തന്നെയാണ്.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം ഇന്നും ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അമേരിക്കയിലും യൂറോപ്പിലും അതീവ പ്രാധാന്യത്തോടെ അത് പഠിപ്പിക്കപ്പെടുകയും അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ അതിനാല്‍ അവര്‍ക്ക് വ്യക്തമായ മേധാവിത്വം നേടിയെടുക്കാനായിട്ടുമുണ്ട്. ഈ അന്തര്‍ദേശീയ പഠനശാഖയിലെ പ്രധാനമായ ഒന്നാണ് 'ഡിറ്ററന്‍സ് തിയറി' എന്ന ഭയപ്പെടുത്തല്‍ സിദ്ധാന്തം.
ഒരു ചെറു രാഷ്ട്രം മാരകായുധങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം ആ ആയുധങ്ങളുടെ നശീകരണശേഷി കൊണ്ട് വന്‍ രാഷ്ട്രങ്ങളെ വെല്ലുവിളിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിനെ ഡിറ്ററന്‍സ് തിയറി എന്നു വിളിക്കാം. ഇത് രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായിവന്ന ഒരു മിലിറ്ററി-സൈനിക പ്രതിഭാസമാണ്.
അതായത് ന്യൂക്ലിയര്‍ ബോംബുകള്‍ കൈവശം ഉണ്ടായാല്‍ അതിന്റെ മാരകമായ നശീകരണശേഷി ഭയന്ന് അതുള്ള രാജ്യങ്ങളും ഇല്ലാത്ത രാജ്യങ്ങളും ഒരേസമയം യുദ്ധസന്നദ്ധത ഒഴിവാക്കും. ഒരുപക്ഷേ രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു മൂന്നാം ലോക യുദ്ധമുണ്ടാകാന്‍ ഇടയാകാത്തത് പല രാഷ്ട്രങ്ങളുടെയും കൈവശം ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്ളതുകൊണ്ടായിരിക്കും. അതായത് അണ്വായുധം ഒരേസമയം യുദ്ധസാമഗ്രിയും ഒരു രാഷ്ട്രീയ ആയുധവുമാണ്.
1962ല്‍ ക്യൂബയില്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ച് സോവിയറ്റ് യൂണിയന്‍ അമേരിക്കയെ കേവല ദൂരത്തു നിന്നു വെല്ലുവിളിച്ചെങ്കിലും അണ്വായുധങ്ങളുടെ സംഹാരാത്മകത മനസ്സിലാക്കി റിസ്‌ക് എടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല. എന്നു മാത്രമല്ല, ആണവശേഷിയുള്ള രാഷ്ട്രങ്ങള്‍ അതില്‍ പിന്നെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിട്ടുമില്ല. പക്ഷേ, ചെറു രാഷ്ട്രങ്ങളെ കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുകയാണ് ഇതുവരെ ചെയ്തുവന്നത്.
ലോകത്തെ ഏറ്റവും വലിയ നശീകരണ ആയുധമെന്ന നിലയ്ക്ക് അണ്വായുധങ്ങള്‍ക്ക് ലോകത്ത് സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം. ഇത് അമേരിക്കയിലെ ലോസ് അലമോസ് നാഷണല്‍ ലബോറട്ടറിയിലെ അണ്വായുധ ലബോറട്ടറി ഡയറക്ടര്‍ സ്റ്റീഫന്‍ എം യങര്‍ (2000) പറയുന്നുണ്ട്.
ഇറാന്റെ ആണവപദ്ധതിക്കായുള്ള വാദങ്ങള്‍ 'ആണവപദ്ധതികള്‍ വൈദ്യുതി ഉല്‍പാദനത്തിനാണ്' എന്നായിരുന്നു. അങ്ങനെയായാല്‍ ഓയിലും പ്രകൃതിവാതകവും കൂടുതലായി കയറ്റുമതി ചെയ്യാം. കാരണം ആഭ്യന്തര ഉപയോഗത്തിനു സ്വന്തം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാം. പക്ഷേ, രാഷ്ട്രീയ നിരീക്ഷകര്‍ ഈ ന്യായവാദത്തെ ആദ്യമേ തള്ളിക്കളഞ്ഞു.
കാരണം ആണവപദ്ധതികള്‍ എന്നത് സാമ്പത്തികമായി വന്‍ ചെലവുള്ളതാണ്. പ്രകൃത്യാ ഉള്ള ഊര്‍ജസ്രോതസ്സുകളാല്‍ സമ്പന്നമായ ഇറാന്‍ പോലൊരു രാജ്യത്തിന് ആണവോര്‍ജ പദ്ധതി എന്നത് അനാവശ്യമാണ് എന്ന് വ്യക്തമായിരുന്നു. പക്ഷേ, 'ന്യൂക്ലിയര്‍ ഡിറ്ററന്‍സ്' എന്ന സൈനിക രാഷ്ട്രീയതന്ത്രത്തെ ഉപയോഗപ്പെടുത്താമെന്നുള്ള ആശയം 1970കളില്‍ ഷാക്കും 1980കളില്‍ ആയത്തുല്ലാ ഖാംനഈക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
ഇറാന്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദാണ് ഇറാനിയന്‍ പ്രസിഡന്റുമാരിലെ ഏറ്റവും രാഷ്ട്രീയ പക്വതയില്ലാത്ത വ്യക്തി. ഇസ്രായേല്‍ എന്ന രാഷ്ട്രം എന്തൊക്കെ രാഷ്ട്രീയ ഉപജാപങ്ങളോടെ സാമ്രാജ്യത്വം സൃഷ്ടിച്ച ഒന്നാണെങ്കിലും ആ രാഷ്ട്രത്തെ മേഖലയില്‍ നിന്ന് ഉന്മൂലനം ചെയ്യും എന്നു തുടങ്ങിയ പ്രസ്താവന ഇറാനെ മേഖലയിലെ ഒരു ഭീഷണിയായി സ്വയം സൃഷ്ടിക്കുകയായിരുന്നു. അതിന് അവര്‍ ബലികൊടുക്കേണ്ടി വന്നത് നിരവധി ഇറാനിയന്‍ ശാസ്ത്രജ്ഞരെയാണ്.