1948ല്‍ സയണിസ്റ്റ് രാഷ്ട്ര രൂപീകരണത്തോടെ നടന്ന കൂട്ടക്കൊലകളില്‍ രക്തസാക്ഷികളായ ആയിരങ്ങളുടെ അനുഭവമാണ് 'ഡ്രീംസ് ഓണ്‍ എ പില്ലോ'(അഹ്ലാമുന്‍ അലല്‍ വിസാദ)യുടെ പ്രമേയം.
when the how it is becomes, the how it is done that is art എന്ന സാമുവല്‍ ബക്കറ്റിന്റെ ആപ്തവാക്യത്തെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ഫലസ്തീന്‍ ദൃശ്യാവിഷ്‌കാരങ്ങളില്‍, 1948 കാലത്തെ നഖ്ബയുടെ അനന്തരഫലങ്ങളെ വരച്ചിടുന്ന ഒരു വിഡിയോ ഗെയിം ശ്രദ്ധിക്കപ്പെട്ടത്. ഫലസ്തീനിയന്‍ ഗെയിം ഡിസൈനറായ റഷീദ് അബൂ ഈദെയാണ് ഗെയിം രൂപപ്പെടുത്തിയത്.
നഖ്ബയുടെ പ്രത്യാഘാതങ്ങളുടെ ദുര്‍ഘട പാതയില്‍ നിന്ന് how it is എന്ന ചിന്താമണ്ഡലത്തെ കണ്ടെടുത്ത ഈദേ 'അഹ്ലാമുന്‍ അലല്‍ വിസാദ' ('ഡ്രീംസ് ഓണ്‍ എ പില്ലോ') എന്ന ഗെയിമിലൂടെ how it is done ആവിഷ്‌കരിക്കുന്നു. അതിനാല്‍ തന്നെ ഈ വീഡിയോ ഗെയിമിനെ എല്ലാവരും ആര്‍ട്ട് എന്ന് ഏകസ്വരത്തില്‍ വിളിക്കുകയും ചെയ്തു.
നേരത്തെ 2016ല്‍, ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ വിഷയമാക്കി ഈദെ Liyla & The Shadows of War എന്ന ഗെയിം പുറത്തിറക്കിയിരുന്നു. അധിനിവേശത്തിന്റെ കാലത്ത് അനുഭവിക്കേണ്ടി വന്ന വര്‍ണവിവേചനത്തിന്റെയും പീഡന പരമ്പരകളുടെയും നൊമ്പരങ്ങളായിരുന്നു ഗെയിമിന്റെ ഇതിവൃത്തം.
തന്റെ അയല്‍വാസിയായിരുന്ന ലിയലെ എന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിലെ കയ്‌പ്പേറിയ പ്രയാസങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തെ വിഡിയോ ഗെയിമിലേക്ക് നയിച്ചത്. ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജില്‍ കൊല്ലപ്പെട്ട 2300 ഫലസ്തീനികളുടെ നേര്‍ക്കാഴ്ചകളുടെ പ്രതിഫലനം കൂടിയാണ് പ്രസ്തുത ഗെയിം.
1948ല്‍ സയണിസ്റ്റ് രാഷ്ട്ര രൂപീകരണത്തോടെ നടന്ന കൂട്ടക്കൊലകളില്‍ രക്തസാക്ഷിയായ ആയിരങ്ങളുടെ അനുഭവമാണ് അവസാനം ഇറങ്ങിയ 'ഡ്രീംസ് ഓണ്‍ എ പില്ലോ'യുടെ പ്രമേയം. നിലവില്‍ ഗസ്സയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രായേല്‍ കൂട്ടക്കൊലയ്ക്കിടയിലാണ് അബൂ ഈദെയും സംഘവും വീഡിയോ ഗെയിം നിര്‍മാണത്തിന് ഒരുങ്ങുന്നത്.
അതിനു വേണ്ടി, ഫലസ്തീന്റെ ചോരപുരണ്ട ചരിത്രത്തിന്റെ യഥാര്‍ഥ സംഭവങ്ങള്‍ അറിയേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. യൂറോപ്പ്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ടീമിനൊപ്പം ചേര്‍ന്ന്, കൂടുതല്‍ വിപുലവും ചരിത്രസത്യങ്ങളോട് നീതി പുലര്‍ത്തുന്നതുമായ മികച്ചൊരു ദൃശ്യാനുഭവം സൃഷ്ടിക്കാനാണ് ഇത്തവണയും അദ്ദേഹം ശ്രമിച്ചത്.
'വിഡിയോ ഗെയിമുകള്‍ നിര്‍മിക്കുന്നത് ഇവിടെ എളുപ്പമുള്ള കാര്യമല്ല. അന്തിമമായി, ഞങ്ങള്‍ ഒരു യുദ്ധമേഖലയിലാണ്; അതിജീവനമാണ് മുഖ്യലക്ഷ്യം.' ഇസ്രായേല്‍ ആക്രമണം നടക്കുന്ന സമയത്ത് അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള അവസാന അഭിമുഖത്തില്‍ ഈദെ പറഞ്ഞ വാക്കുകളാണിത്.
ഓം എന്ന മാതാവാണ് ഈ ഗെയിമിന്റെ കേന്ദ്രകഥാപാത്രം. നിര്‍ബന്ധിത പുറത്താക്കപ്പെടലിന്റെ ഇരയായ ഫലസ്തീനി സ്ത്രീ. ഗെയിമിന്റെ പശ്ചാത്തലം നഖ്ബയിലെ ഒരു സംഭവമാണ്. 1948-ല്‍ ഇസ്രായേലിന്റെ സയണിസ്റ്റ് രാഷ്ട്ര രൂപീകരണത്തോടെ തുടങ്ങിയ ഫലസ്തീനികളുടെ പലായനമാണ് ഓമിന്റെ ഓര്‍മകളില്‍ തെളിയുന്നത്. നഖ്ബയുടെ സമയത്ത്, സയണിസ്റ്റ് സേനയുടെ ആക്രമണത്തില്‍ ഓമിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നു.
അതേസമയം, അവരുടെ നവജാത ശിശു മറ്റൊരു വീട്ടിലാണുള്ളത്. കുഞ്ഞിനെ തിരികെ കിട്ടാനായി അവള്‍ നഗരത്തിന്റെ പുറത്തേക്ക് ഓടുന്നു. അതിനിടയില്‍ അവള്‍ക്കു നേരിടേണ്ടി വരുന്ന ഭീതിജനകമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഗെയിമിന്റെ ഇതിവൃത്തം.
ഓം സങ്കടത്തോടെ ഒരു തലയണ തന്റെ കുഞ്ഞാണെന്നു കരുതി ശരീരത്തോട് ചേര്‍ത്ത് പിടിച്ച് ഓടുന്നു. അതിനിടെ, ശാരീരിക ക്ഷീണം, മാനസിക സംഘര്‍ഷം എന്നിവയുമായി അവള്‍ക്ക് പോരാടേണ്ടി വരുന്നു. ഗെയിമിന്റെ ഒരു പ്രധാന ലെവല്‍ ആയാണ് ഈ ഓട്ടം പ്രവര്‍ത്തിക്കുന്നത്.
ഓം തലയണ പിടിച്ചു നടക്കുമ്പോള്‍ അവള്‍ക്ക് മനസ്സമാധാനം ഉണ്ടാകുമെങ്കിലും വേഗത കുറയുന്നു. അതേസമയം, അത് ഉപേക്ഷിച്ചാല്‍ വേഗത്തില്‍ നീങ്ങാനാകും, പക്ഷേ അതവളുടെ മാനസികാവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു.
ഓമിന്റെ യാത്ര തന്തൂര്‍ ഗ്രാമത്തില്‍ നിന്ന് ലെബനാനിലെ അഭയാര്‍ഥി ക്യാമ്പിലേക്കാണ്. ഗെയിമിന്റെ സമാപനം വ്യത്യസ്ത തരത്തില്‍ വ്യാഖ്യാനിക്കാം. അവര്‍ ബോധം കെട്ടുവെന്നോ കൊല്ലപ്പെട്ടുവെന്നോ അതിജീവിച്ചുവെന്നോ തുങ്ങിയ വിധത്തില്‍ വ്യാഖ്യാനിക്കാനാകും. ഗെയിമിന്റെ ഈ വികാര ഭരിതമായ ദൃശ്യാവിഷ്‌കാരം ഒരു ശരാശരി ഫലസ്തീനിയുടെ മനോഭാവത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.
ഇസ്രായേലിന്റെ അടിത്തറക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് 'ഡ്രീംസ് ഓണ്‍ എ പില്ലോ' എന്ന വിഡിയോ ഗെയിം. കൂടുതല്‍ പ്രേക്ഷകരിലേക്ക് ഗെയിം എത്തുന്നതോടെ ഫലസ്തീന്‍ പ്രതിരോധ സൂചകമായി മാറുമെന്ന് നിസ്സംശയം പറയാം.
ഗെയിം ഒരു വ്യക്തിഗത കഥയായിരിക്കണമെന്നു മാത്രമല്ല, ഫലസ്തീനിന്റെ ചരിത്രവും സംസ്‌കാരത്തിന്റെ പ്രതികരണവും കൂടിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നഖ്ബക്ക് മുമ്പ് അവിടെയുണ്ടായിരുന്ന സമൃദ്ധമായ നഗരങ്ങളും ജീവിതശൈലിയുമാണ് അതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഗെയിമില്‍ ആ പഴയ നഗരങ്ങളുടെ ചിത്രീകരണം കാണുമ്പോള്‍, നശീകരണത്തിന്റെ വ്യാപ്തി പ്രേക്ഷകര്‍ക്ക് ആഴത്തില്‍ മനസ്സിലാക്കാനാവും.

അബൂ ഈദെയുടെ അഭിപ്രായത്തില്‍, ഫലസ്തീനിയെക്കുറിച്ചുള്ള ബോധവും സഹാനുഭൂതിയും വളര്‍ത്തുക എന്നതാണ് ഗെയിമിന്റെ ഏറ്റവും വലിയ ലക്ഷ്യം. നഖ്ബയ്ക്കുമുമ്പുള്ള ജീവിതം പ്രദര്‍ശിപ്പിക്കുന്നത് വഴി ഈ ലക്ഷ്യം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
കുടുംബം നോക്കാന്‍ നബുലസില്‍ ഡ്രൈഫ്രൂട്‌സ് കട വരെ തുടങ്ങിയ അദ്ദേഹം ഒരുവിധ സാമ്പത്തിക പിന്തുണയുമില്ലാതെയാണ് ഗെയിം വികസിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ക്രൗഡ് ഫണ്ടിംഗ് നടക്കുകയും ലക്ഷ്യം കണ്ടെത്തുകയുമായിരുന്നു.

അതിനിടയില്‍ ടെക് കമ്പനി ആപ്പിള്‍ ഈ ഗെയിമിനെ രാഷ്ട്രീയ പ്രചാരണമാണെന്ന് മുദ്ര കുത്തി നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പോസ്റ്റുകള്‍ വന്നതോടെ ഗെയിം ആപ്പ്ള്‍ സ്റ്റോറില്‍ അനുവദിച്ചു.
ഇസ്രായേലിന്റെ അടിത്തറക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് 'ഡ്രീംസ് ഓണ്‍ എ പില്ലോ' എന്ന വിഡിയോ ഗെയിം. പുതിയകാലത്തെ നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച വിഡിയോ ഗെയിം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതോടെ ഫലസ്തീന്‍ പ്രതിരോധ സൂചകമായി അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം.