തഞ്ചാവൂര്‍ രാജഗിരി അല്‍ഖാസിമി കോളജില്‍ നിന്ന് 'ആലിം ഫാസില്‍' ബിരുദത്തോടെ അല്‍ഖാസിമി പദവി ലഭിച്ചു. അറബി, മലയാളം, തമിഴ് ഭാഷകളില്‍ അമാനി മൗലവി അവഗാഹം നേടി.
വിശുദ്ധ ഖുര്‍ആനിന്റെ മലയാള പരിഭാഷയ്ക്കും വ്യാഖ്യാനത്തിനുമായി ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭയായിരുന്നു മുഹമ്മദ് അമാനി മൗലവി. അദ്ദേഹത്തിന്റെ വിഖ്യാതമായ ഖുര്‍ആന്‍ പരിഭാഷ ഇന്നും ദിവ്യപ്രഭ പകര്‍ന്നുകൊണ്ടിരിക്കുന്നു.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട്ടെ അമാനത്ത് ഹസന്‍കുട്ടി മുസ്‌ല്യാരുടെയും വിളക്കണ്ടത്തില്‍ ആമിനയുടെയും മകനായി 1909ലാണ് ജനനം. പിതാവില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക മതവിദ്യാഭ്യാസം നേടിയത്. എട്ടാം തരം വരെ പഠിച്ചു.
വിവിധ പള്ളിദര്‍സുകളില്‍ നിന്ന് മതവിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടി. തഞ്ചാവൂര്‍ രാജഗിരി അല്‍ഖാസിമി കോളജില്‍ നിന്ന് 'ആലിം ഫാസില്‍' ബിരുദത്തോടെ അല്‍ഖാസിമി പദവി ലഭിച്ചു. അറബി, മലയാളം, തമിഴ് ഭാഷകളില്‍ അവഗാഹം നേടിയ അമാനി മൗലവിക്ക് ഇംഗ്ലീഷിലും സാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നു.

1936 മുതല്‍ 1945 വരെ സ്വദേശത്തും സമീപപ്രദേശങ്ങളിലുള്ള പള്ളിദര്‍സുകളിലും മൗലവി അധ്യാപകനായി സേവനം ചെയ്തു. മൊറയൂരില്‍ അദ്ദേഹം തുടങ്ങിയ 'റിലീജിയസ് സ്‌കൂളി'ല്‍ ഗ്ലോബിന്റെയും അറ്റ്‌ലസിന്റെയുമൊക്കെ സഹായത്തോടെ അറബിയില്‍ ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം പഠിപ്പിച്ചിരുന്നു.
1946ല്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന റൗദതുല്‍ ഉലൂം അറബിക് കോളജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ മഞ്ചേരിയില്‍ 'അമാനിയാ ബുക്സ്റ്റാള്‍' എന്ന പേരില്‍ അദ്ദേഹം സ്വന്തമായി ഗ്രന്ഥശാല തുടങ്ങുകയും വിവിധ വിഷയങ്ങളില്‍ ലഘുകൃതികള്‍ പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇത് ജന്മനാടായ പട്ടിക്കാട്ടേക്ക് മാറ്റി.
എടവണ്ണ ജാമിഅ നദ്‌വിയ്യ അറബിക് കോളജില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും അമാനി മൗലവി സേവനമനുഷ്ഠിച്ചിരുന്നു. 1952ല്‍ കെ.ജെ.യു പ്രസിഡന്റായിരുന്ന എന്‍ മമ്മു മൗലവിയുടെ നിര്‍ദേശാനുസരണം തൊടികപ്പുലത്ത് ദര്‍സിന് അദ്ദേഹം നേതൃത്വം നല്‍കി.
1986ല്‍ കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമാനി മൗലവി കോഴിക്കോട്ടേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റി. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും പരീക്ഷാ സമ്പ്രദായം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിലും മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്.
1960 ആഗസ്തില്‍ മണ്ണാര്‍ക്കാട് കല്ലടി ഉണ്ണിക്കമ്മു സാഹിബിന്റെ മകന്‍ കെ പി മുഹമ്മദ് സാഹിബിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കെ എം മൗലവി ഖുര്‍ആന്‍ പരിഭാഷ എഴുതുന്നതിനെക്കുറിച്ച് അമാനി മൗലവിയുമായി ചര്‍ച്ച ചെയ്തു. തദടിസ്ഥാനത്തില്‍ അമാനി മൗലവി, പി കെ മൂസ മൗലവി, എടവണ്ണ അലവി മൗലവി എന്നിവരെ ഉള്‍പ്പെടുത്തി പരിഭാഷാ സമിതി രൂപീകൃതമായി.
കല്ലായിയില്‍ കെ പി ബ്രദേഴ്‌സ് അതിനായി ഒരു ഓഫീസ് സംവിധാനിച്ചു. 1960 സപ്തംബര്‍ ഏഴിന് കെ എം മൗലവിയാണ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിലെ അല്‍കഹ്ഫ് മുതല്‍ അന്നാസ് വരെയുള്ള രണ്ടാം പകുതിയാണ് അവര്‍ തുടങ്ങിയത്.
1961 സപ്തംബറില്‍ സൂറത്തുന്നംല് വരെ പൂര്‍ത്തിയായപ്പോഴേക്കും പി കെ മൂസ മൗലവി അനാരോഗ്യം കാരണം ഈ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങി. 1962 സപ്തംബര്‍ 28നു സൂറത്തുന്നാസ് ഉള്‍പ്പെടെ രണ്ടാം പകുതിയുടെ എഴുത്ത് പൂര്‍ത്തിയാക്കി. രണ്ടാം പകുതി ആറു വാള്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്.
ആദ്യ വാള്യം 1963ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള വാള്യങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് അച്ചടിച്ചത്. ആദ്യത്തെ നാല് വാള്യങ്ങള്‍ കെ പി ബ്രദേഴ്സും സാമ്പത്തികമായി അവര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ പിന്നീടുള്ള രണ്ട് വാള്യങ്ങള്‍ കൊച്ചിയിലെ മുജാഹിദീന്‍ ട്രസ്റ്റുമാണ് പുറത്തിറക്കിയത്. 1974ലാണ് ആറാം വാള്യം പുറത്തിറങ്ങിയത്.
ഇക്കാലത്ത് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത് പ്രധാനമായും കെ എം മൗലവിയുടെ മകന്‍ ശൈഖ് അബ്ദുസ്സമദ് അല്‍കാതിബും എം സഅ്ദുദ്ദീന്‍ മൗലവിയും ആയിരുന്നു. അനാരോഗ്യം കാരണം എടവണ്ണ അലവി മൗലവിക്കും പിന്നീട് ഈ ദൗത്യത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.
അവശേഷിച്ച ഒന്നാം പകുതി സൂറത്തുല്‍ ഫാതിഹ മുതല്‍ ഇസ്‌റാഅ് വരെയുള്ള ഭാഗം അമാനി മൗലവി ഒറ്റയ്ക്കാണ് പൂര്‍ത്തിയാക്കിയത്. 1975 സപ്തംബര്‍ 14ന് ആരംഭിച്ച എഴുത്ത് 1977 സപ്തംബര്‍ 27നു പൂര്‍ത്തിയായി. സൗകര്യങ്ങള്‍ വളരെ പരിമിതമായ വാണിയമ്പലത്തെ സ്വന്തം വീട്ടിലും വാണിയമ്പലം അങ്ങാടിയിലെ പീടികമുറിയിലുമായിരുന്നു ഇതിനായി മൗലവി സമയം ചെലവഴിച്ചത്.
മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ബെഞ്ചില്‍ ചുവരും ചാരിയിരുന്ന് വളരെ പ്രയാസപ്പെട്ടായിരുന്നു പരിഭാഷാ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ഇതിനിടയില്‍ കെ പി മുഹമ്മദ് മൗലവിക്ക് വായിച്ചുകേള്‍പ്പിക്കാന്‍ അരീക്കോട്ടും വളവന്നൂരിലും അദ്ദേഹം പോകുമായിരുന്നു.
സൗകര്യങ്ങള്‍ വളരെ പരിമിതമായ വാണിയമ്പലത്തെ വീട്ടിലെ ഇടുങ്ങിയ മുറിയിലും അങ്ങാടിയിലെ കടമുറിയിലുമിരുന്നായിരുന്നു അമാനി മൗലവി പരിഭാഷ എഴുതിയത്. കെ പി മുഹമ്മദ് മൗലവിക്ക് വായിച്ചുകേള്‍പ്പിക്കാന്‍ അരീക്കോട്ടും വളവന്നൂരിലും പോകുമായിരുന്നു.
1977 സപ്തംബറില്‍ എഴുത്ത് പൂര്‍ത്തിയായെങ്കിലും അച്ചടിക്കാന്‍ പ്രസാധകര്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതി പ്രിന്റ് ചെയ്ത കെ പി ബ്രദേഴ്‌സും കൊച്ചി മുജാഹിദീന്‍ ട്രസ്റ്റുമെല്ലാം സാമ്പത്തികമായി തളര്‍ന്നിരുന്നു. അമാനി മൗലവി എം കെ ഹാജിയെ സമീപിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീനുമായി പ്രസിദ്ധീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി കെ പി മുഹമ്മദ് മൗലവിയുമായി ബന്ധപ്പെടാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

തുടര്‍ന്ന് കെഎന്‍എമ്മിനു കീഴില്‍ ആറു വാള്യങ്ങളിലായി ക്രമീകരിച്ച ഒന്നാം പകുതിയുടെ ഒന്നാം വാള്യം 1979ല്‍ പ്രസിദ്ധീകൃതമായി. ആറാം വാള്യം 1985ലാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം പകുതിയുടെ ആറു വാള്യങ്ങളും രണ്ടാം പകുതിയുടെ ആറു വാള്യങ്ങളും ചേര്‍ത്ത് 1987 മെയ് 12ന് വലിയ നാല് വാള്യങ്ങളാക്കി പുനഃപ്രസിദ്ധീകരിച്ചു.
പരിഷ്‌കരിച്ച പതിപ്പ് എട്ടു വാള്യങ്ങളിലായാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. വിഖ്യാതമായ ഈ ഖുര്‍ആന്‍ പരിഭാഷ തേടി നിരവധി വായനക്കാര്‍ ഇപ്പോഴുമെത്തുന്നു. ഹൃദ്യമായ രചനാശൈലിയായിരുന്നു അമാനി മൗലവിയുടേത്. മറ്റു നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നു.
ഇസ്‌ലാമിക ജീവിതം, ഇസ്‌ലാമും പൗരധര്‍മവും, ഇസ്‌ലാമിക ചരിത്രപാഠങ്ങള്‍, വിധിയും മനുഷ്യനും, നമ്മുടെ നബി, ബൈബിളിന്റെ വിശ്വസനീയത, ഡോ. മുസ്തഫ സ്വിബാഇ രചിച്ച നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും (വിവര്‍ത്തനം), മുതലിടപാടുകളും നബിവാക്യങ്ങളും, ഇമാം ശാഫിഈയുടെ യാത്ര, നൂഹ് നബിയുടെ കപ്പല്‍, ഇസ്‌ലാം ചരിത്ര ഭൂപടങ്ങള്‍ തുടങ്ങിയ കൃതികളും അമാനി മൗലവിയുടെ ശ്രദ്ധേയ രചനകളാണ്.
1987 നവംബര്‍ രണ്ടിന് പുലര്‍ച്ചെ 4 മണിക്ക് മുഹമ്മദ് അമാനി മൗലവി നിര്യാതനായി. വാണിയമ്പലം മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് മൗലവിയുടെ ജനാസ സംസ്‌കരിച്ചത്.