വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിന് മദ്രാസ് യൂണിവേഴ്‌സിറ്റി അംഗീകാരം ലഭിച്ച സമയത്ത് ജ്യേഷ്ഠന്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഹൈസ്‌കൂള്‍ ജോലി രാജിവെച്ച് മൗലവി ദാറുല്‍ ഉലൂമിന്റെ വൈസ് പ്രിന്‍സിപ്പലായി ചുമതലയേറ്റു.
ആദര്‍ശധീരതയുടെ പര്യായമായി ജീവിച്ച എം സി സി ഹസന്‍ മൗലവി കേരളീയ നവോത്ഥാനരംഗത്തെ ഉജ്വല പരിഷ്‌കര്‍ത്താവായിരുന്നു. അഗാധമായ പാണ്ഡിത്യവും ചങ്കുറപ്പുള്ള നിലപാടുകളും നിസ്വാര്‍ഥമായ സേവനപ്രവര്‍ത്തനങ്ങളുമായിരുന്നു മൗലവിയുടെ സവിശേഷതകള്‍.
മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പരപ്പനങ്ങാടിയിലെ പി ഒ കോമുക്കുട്ടി സാഹിബിന്റെ സഹോദരി ഉമ്മുറാബിയയുടെയും ഇളയ മകനായി 1908ലാണ് എം സി സി ഹസന്‍ മൗലവിയുടെ ജനനം.
വിഖ്യാത പണ്ഡിതരായ എം സി സി അഹ്മദ് മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ സഹോദരങ്ങളാണ്. വാഴക്കാട് ദാറുല്‍ ഉലൂം, പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറ, മണ്ണാര്‍ക്കാട് പള്ളി ദര്‍സ്, കൊടുങ്ങല്ലൂര്‍ ദര്‍സ്, കൊടിയത്തൂര്‍ ദര്‍സ് എന്നിവിടങ്ങളിലായിരുന്നു മൗലവിയുടെ പഠനം.
മണ്ണാര്‍ക്കാട് ദര്‍സില്‍ അധ്യാപനം നടത്തുന്ന കാലത്താണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിലും മറ്റും യാതൊരു പ്രയാസവും നേരിടാതിരിക്കാന്‍ ശിഷ്യന്മാരും കുടുംബവും പ്രത്യേകം ശ്രദ്ധിച്ചതിനാല്‍ പില്‍ക്കാലത്ത് പ്രമുഖ പരിഷ്‌കര്‍ത്താക്കളായി വളരാന്‍ മൂന്നു പേര്‍ക്കും സാധിച്ചു.
1937ല്‍ പട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്ന് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പരീക്ഷ ഹസന്‍ മൗലവി വിജയിച്ചു. പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ എം മൗലവി, പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരായിരുന്നു.
അഫ്ദലുല്‍ ഉലമ ബിരുദം നേടിയ ശേഷം ഏതാനും വര്‍ഷം പെരിന്തല്‍മണ്ണ, ചാവക്കാട്, പയ്യന്നൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലെ ബോര്‍ഡ് ഹൈസ്‌കൂളുകളില്‍ അറബി അധ്യാപകനായി ജോലി ചെയ്തു. അദ്ദേഹം കാസര്‍കോഡ് ഗവ. ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന സമയത്താണ് വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിന് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിച്ചത്.
ആ സമയത്ത് ജ്യേഷ്ഠന്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയായിരുന്നു കോളജ് പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഹൈസ്‌കൂളിലെ ഗവ. ജോലി രാജിവെച്ച് മൗലവി ദാറുല്‍ ഉലൂമിന്റെ വൈസ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. തുടര്‍ന്നുള്ള നാളുകളില്‍ ഇരുവരും സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി.
എന്നാല്‍ അരിക്ഷാമത്തിന്റെ കാരണം പറഞ്ഞുകൊണ്ട് ദാറുല്‍ ഉലൂം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് തിരൂരങ്ങാടി തറമ്മല്‍ പള്ളിയില്‍ നടന്നിരുന്ന താല്‍ക്കാലിക അറബിക് കോളജില്‍ ഹസന്‍ മൗലവി അധ്യാപകനായി ചേര്‍ന്നു.
പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചടുലമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഹസന്‍ മൗലവി മതപ്രബോധനരംഗത്തും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും സജീവമായി.
വൈജ്ഞാനിക വിപ്ലവമായിരുന്നു ഇതില്‍ പ്രധാനം. അതിനായി വിവിധ പ്രദേശങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കുകയും വിവിധ പഠനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അധ്യാപന മേഖലയില്‍ ഭാരിച്ച ചുമതലകള്‍ സ്വയം ഏറ്റെടുക്കുന്ന പ്രകൃതക്കാരനായിരുന്നു മൗലവി.
കര്‍മശാസ്ത്രം, വ്യാകരണ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മൗലവിയുടെ ക്ലാസുകള്‍ അത്യാകര്‍ഷകമായിരുന്നു. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവരെ നിര്‍ലോഭമായി സഹായിക്കുകയും ചെയ്തു.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹസന്‍ മൗലവി എന്നും കഠിനാധ്വാനത്തിന്റെ പ്രതീകമായാണ് ജീവിച്ചത്. സംഘത്തിന്റെ വിവിധ നവോത്ഥാന സംരംഭങ്ങളില്‍ അദ്ദേഹം മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയും ചെയ്തു.
നാദാപുരത്ത് നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദത്തില്‍ ഹസന്‍ മൗലവിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അന്ധവിശ്വാസങ്ങളെയും ചൂഷണങ്ങളെയും അചഞ്ചലമായ വിശ്വാസദൃഢതയോടെ മൗലവി നേരിട്ടു. മക്കരപ്പറമ്പില്‍ കുടുംബസമേതം താമസിച്ച കാലത്ത് നിശാ ക്ലാസുകളിലൂടെ പ്രദേശത്തും പരിസരങ്ങളിലും വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
തൂലികയിലൂടെ സുവര്‍ണമുദ്രകള്‍ പതിപ്പിച്ച വ്യക്തി കൂടിയാണ് ഹസന്‍ മൗലവി. ഇസ്‌ലാം മതത്തിന്റെ യഥാര്‍ഥ ലക്ഷ്യവും മാര്‍ഗവും ബോധ്യപ്പെടുത്തുന്ന ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അല്‍ മുര്‍ശിദ്, മാര്‍ഗദര്‍ശകന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം വിവിധ വിഷയങ്ങളില്‍ പഠനാര്‍ഹമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാര്‍ഗദര്‍ശകന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും മൗലവി സേവനമനുഷ്ഠിച്ചിരുന്നു.

കര്‍മശാസ്ത്രം, വ്യാകരണ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മൗലവിയുടെ ക്ലാസുകള്‍ അത്യാകര്‍ഷകമായിരുന്നു. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവരെ നിര്‍ലോഭമായി സഹായിക്കുകയും ചെയ്തു.
1946ല്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ബോഡി യോഗത്തില്‍ ഹസന്‍ മൗലവി നടത്തിയ ഉജ്വലമായ ഒരു പ്രഭാഷണത്തിന്റെ ഫലമായാണ് വൈജ്ഞാനിക ലോകത്തിന് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കിയ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിതമായത്.
പുളിക്കല്‍ കവാകിബുന്നയ്യിറ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ കോളജ് സ്ഥാപിക്കുന്നതില്‍ ഹസന്‍ മൗലവി വലിയ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. കവാകിബുന്നയ്യിറ സംഘം രൂപീകരിക്കുന്നതിനു പുളിക്കല്‍ പ്രദേശത്തുകാര്‍ക്ക് പ്രചോദനമായത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു.
വിജ്ഞാനത്തിന്റെ വിളക്കുമാടമായ മദീനത്തുല്‍ ഉലൂം ഹസന്‍ മൗലവിയുടെ ജീവനായിരുന്നു. ജ്യേഷ്ഠന്‍ എം സി സി അബ്ദുറഹ്മാന്‍ മൗലവിയോടൊപ്പം മദീനത്തുല്‍ ഉലൂമില്‍ ഒന്നര വര്‍ഷം ജോലി ചെയ്യാന്‍ മാത്രമേ അദ്ദേഹത്തിന് ആയുസ്സ് ലഭിച്ചുള്ളൂ.
അസുഖം മറന്നു മുഴുസമയവും അദ്ദേഹം സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ജീവിതം പൂര്‍ണമായി മാറ്റിവെച്ചു. കോളജിന്റെ സാമ്പത്തിക സമാഹരണത്തിനു വേണ്ടിയുള്ള നിരന്തരമായ യാത്രക്കിടയില്‍ ഒരിക്കല്‍ പനി ബാധിച്ചു. വിശ്രമമില്ലാത്ത ദിനരാത്രങ്ങള്‍ക്കിടയില്‍ പനി മൂര്‍ച്ഛിച്ച് ടൈഫോയ്ഡ് രോഗം പിടികൂടി.
ഇതേത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 26ന് നാല്‍പതാം വയസ്സില്‍ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹസന്‍ മൗലവി നിര്യാതനായി. മൗലവിയുടെ ആഗ്രഹപ്രകാരം മദീനത്തുല്‍ ഉലൂമിന്റെ പരിസരത്താണ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഖബറടക്കിയത്.