യാത്രയായത് ഏവർക്കും പ്രിയങ്കരനായ പണ്ഡിതൻ


പ്രഭാഷണ പരമ്പരയില്‍ മിക്കപ്പോഴും തൗഹീദ് പറയാന്‍ എന്നെയും പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എം മുഹമ്മദ് മദനിയേയും സാമൂഹ്യ ബാധ്യതകളെ കുറിച്ച് സംസാരിക്കാന്‍ കെ കെയെയുമാണ് പ്രസ്ഥാനം നിയോഗിച്ചിരുന്നത്.

മ്മളെല്ലാം അല്ലാഹുവില്‍ നിന്നുള്ളവരാണ്, അല്ലാഹുവിലേക്ക് മടങ്ങേണ്ടവരുമാണ്. ഓരോരുത്തരുടെയും വേര്‍പാടില്‍ നമുക്ക് നിര്‍വഹിക്കാനുള്ളത്, 'നാഥാ ഈ വിഷമത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നീ ക്ഷമ നല്‌കേണമേ, വ്യക്തമായ പകരക്കാരനെ നല്കണമേ' എന്ന പ്രാര്‍ഥനയാണ്.

എം മുഹമ്മദ് മദനിയും കെ കെ മുഹമ്മദ് സുല്ലമിയും ഞാനും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന യൗവന കാലഘട്ടം ഓര്‍മ വരികയാണ്. ഐ എസ് എം രൂപീകരണത്തിന് ശേഷം കെ എസ് കെ തങ്ങളും അബ്ദു റസാഖ് മൗലവിയും നേതൃനിരയിലേക്ക് വന്നു. പിന്നീട് എം മുഹമ്മദ് മദനിയും കെ കെ മുഹമ്മദ് സുല്ലമിയും നേതൃ നിരയിലെത്തി. അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഊര്‍ജസ്വലമായ ആ കാലം മറക്കാനാവാത്ത ഒന്നാണ്.

അന്നത്തെ മുഖ്യ പ്രബോധന മാര്‍ഗം പ്രഭാഷണ പരമ്പരകളായിരുന്നു. അതില്‍ മിക്കപ്പോഴും തൗഹീദ് പറയാന്‍ എന്നെയും, പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എം മുഹമ്മദ് മദനിയേയും സാമൂഹ്യ ബാധ്യതകളെ കുറിച്ച് സംസാരിക്കാന്‍ കെ കെയെയുമാണ് പ്രസ്ഥാനം നിയോഗിക്കാറുണ്ടായിരുന്നത്. പ്രസ്ഥാനത്തിലെ ഞങ്ങളുടെയൊക്കെ സുവര്‍ണകാലം അത് തന്നെയായിരുന്നു.

എം മുഹമ്മദ് മദനി

എം മുഹമ്മദ് മദനി അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ അധ്യാപകനായി ജോലി ചെയ്യുകയും പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലേക്ക് വരികയും അവിടത്തെ പ്രിന്‍സിപ്പല്‍ പദവിയിലെത്തുകയും ചെയ്ത ഒരു വ്യക്തിത്വമാണ്. മദീനത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് മറക്കാവതല്ല. അദ്ദേഹം പ്രിന്‍സിപ്പലായിരുന്ന കാലത്ത് ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി ആയിരുന്നു ഞാന്‍ എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

സംഘടനയിലുണ്ടായ പിളര്‍പ്പ് ഞങ്ങളെ രണ്ടുപേരെയും രണ്ട് പക്ഷത്ത് കൊണ്ടെത്തിച്ചുവെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനോ വ്യക്തി ബന്ധത്തിനോ അത് യാതൊരു പോറലും ഏല്‍പ്പിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ വീടിനടുത്ത് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് അദ്ദേഹത്തെ ഞാന്‍ അവസാനമായി കാണുന്നത്. അന്ന് അദ്ദേഹം സംസാരിച്ചു തുടങ്ങിയത് ''നിങ്ങള്‍ കല്യാണത്തിന് വരുമ്പോള്‍ ഇവിടെയും വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു'' എന്ന് പറഞ്ഞായിരുന്നു.

ഇസ്ലാഹി പണ്ഡിത ലോകത്തെ നിഷ്‌കളങ്ക സാന്നിധ്യമായിരുന്നു അദ്ദേഹം. ആ നിഷ്‌കളങ്കതയെ ചിലര്‍ ദുരുപയോഗം ചെയ്ത് അദ്ദേഹത്തെ കബളിപ്പിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ വേര്‍പാട് തീര്‍ച്ചയായും മുജാഹിദ് പ്രസ്ഥാനത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം. അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുചേര്‍ക്കട്ടെ.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.