ജനമനസ്സുകള്‍ കവര്‍ന്നെടുത്ത ഈസക്ക


ചുരുങ്ങിയ ശമ്പളത്തിന് ജോലിയില്‍ കയറി കഠിന പ്രയത്‌നങ്ങളിലൂടെ സ്വന്തമായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ധിഷണാശാലിയായ സംരംഭകനാണ് ഈസക്ക. അദ്ദേഹത്തിന്റെ കൈത്താങ്ങ് ലഭിച്ചവര്‍ നിരവധിയാണ്. മനുഷ്യരെ നിഷ്‌കപടമായി സ്‌നേഹിക്കാനും എല്ലാവരുടെയും സ്‌നേഹം സമ്പാദിക്കാനും സാധിച്ച അപൂര്‍വ വ്യക്തിത്വം.

ത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തീരാനഷ്ടം സമ്മാനിച്ചു കൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച (12.02.2025) നേരം പുലര്‍ന്നത്. ഖത്തറിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും കലാസാഹിത്യ കായിക വേദികളിലും നിറ സാന്നിധ്യമായിരുന്ന കെ. മുഹമ്മദ് ഈസ എന്ന ഏവരുടെയും ഈസക്ക വിട പറഞ്ഞ പ്രഭാതം.

ചുരുങ്ങിയ ശമ്പളത്തിന് ജോലിയില്‍ പ്രവേശിച്ചു വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നങ്ങളിലൂടെ സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ധിഷണാശാലിയായ ഈസക്ക സംരംഭകര്‍ക്ക് ഒരു പാഠപുസ്തകമാണ്. താന്‍ താണ്ടിയ വളര്‍ച്ചയുടെ പടവുകള്‍ ഉല്‍സാഹത്തോടെ പങ്കുവെച്ച് ജീവിതത്തില്‍ പരാജയപ്പെട്ടു നിരാശ പൂണ്ടവര്‍ക്ക് പ്രചോദനമാവാനും അദ്ദേഹം ശ്രമിക്കാറുണ്ട്.

സമൂഹത്തില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും കഴിഞ്ഞത് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. വ്യത്യസ്ത ധ്രുവങ്ങളില്‍ കഴിയുന്നവരെ സ്ഥാനവും പദവിയും നോക്കാതെ നിഷ്‌കപടമായി സ്‌നേഹിക്കാനും എല്ലാവരുടെയും സ്‌നേഹം സമ്പാദിക്കാനും സാധിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഈസക്ക.

കെ. മുഹമ്മദ് ഈസ

ബിസിനസ് ചുമതലകള്‍, യാത്രകള്‍, യോഗങ്ങള്‍ തുടങ്ങിയ തിരക്കുകള്‍ ഉണ്ടായിരിക്കെ തന്നെ അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല. ഏറ്റെടുത്ത ദൗത്യം ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കും. നല്ല പ്രവര്‍ത്തനങ്ങള്‍ ആരു സംഘടിപ്പിച്ചാലും ഈസക്ക അതുമായി സഹകരിക്കും. മതം, രാഷ്ട്രീയം, കക്ഷി, ഗ്രൂപ്പ് ഒന്നും അദ്ദേഹം നോക്കിയിരുന്നില്ല. ഓരോ കക്ഷികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈസക്ക അവരുടെ വക്താവാണ് എന്ന പ്രതീതിയാണുണ്ടാവുക. സംഘാടനത്തില്‍ ഈസക്ക മുന്നിലുണ്ടെങ്കില്‍ സഹകരിക്കാന്‍ മറ്റുള്ളവര്‍ക്ക് വലിയ താല്‍പര്യമായിരുന്നു.

ഈസക്കയുടെ ജനാസ നമസ്‌കാരത്തിന് ബുധനാഴ്ച രാത്രി അബൂഹമൂറിലേക്ക് ഒഴുകിയെത്തിയവരില്‍ ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളും സാധാരണക്കാരും സ്ത്രീകളുമുണ്ടായിരുന്നു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ എക്കാലത്തേയും അഭ്യുദയകാംക്ഷിയുമായിരുന്നു ഈസക്ക. ഖത്തര്‍ മലയാളി സമ്മേളനങ്ങള്‍, വെളിച്ചം പദ്ധതി, ഖുര്‍ആന്‍ സമ്മേളനങ്ങള്‍, മദ്‌റസാ കലാ കായിക പരിപാടികള്‍ തുടങ്ങിയവക്ക് നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ചീഫ് കോഡിനേറ്ററായിരുന്നു.

ഐ.എസ്.എമ്മിന്റെ മേല്‍നോട്ടത്തിലുള്ള പുളിക്കല്‍ എബിലിറ്റി സ്ഥാപനങ്ങളുടെ ഗുണകാംക്ഷിയും ഒരു ഘട്ടത്തില്‍ ഖത്തര്‍ ചാപ്റ്ററിന്റെ ചെയര്‍മാനുമായിരുന്നു. എബിലിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം നിലയിലും തന്റെ സ്വാധീനമുപയോഗിച്ചും ധാരാളം സഹായം നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ വര്‍ത്തമാനം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം അശ്ശര്‍ഖ് കമ്പനി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പ്രസിദ്ധീകരണം പുനരാരംഭിച്ചത് ഈസക്കയുടെ നേതൃത്വത്തിലായിരുന്നു. സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ചെലവും ജീവനക്കാരുടെ ശമ്പളവും വഹിച്ചത് ഈസക്കയുടെ കമ്പനിയായിരുന്നു.

ഖത്തർ മലയാളി സമ്മേളന സംഘാടക സമിതി ഭാരവാഹികൾക്കൊപ്പം ഈസക്ക

കെ.എം.സി.സിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും നാട്ടിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം ബന്ധം പുലര്‍ത്തി. കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്ന അദ്ദേഹം ഖത്തറിലെ വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ സംഘാടനത്തിന്റെ അമരക്കാരനായിരുന്നു. മാപ്പിളപ്പാട്ടുകളെ നെഞ്ചേറ്റുകയും സംഗീതത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഈസക്ക പ്രമുഖ ഗായകരും സംഗീതജ്ഞരുമായി ഊഷ്മള ബന്ധം സ്ഥാപിക്കുകയും ഖത്തറില്‍ പല ഇവന്റുകളും സംഘടിപ്പിക്കുകയും ചെയ്ത.

നാട്ടിലെ അവശരായ കലാകാരന്‍മാരെ ആരുമറിയാതെ സഹായിക്കുക എന്നത് ഈസക്കയുടെ പതിവായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഈസക്കയുടെ ഇഷ്ട മേഖല. ഈസക്കയുടെ കാവലും കരുതലും അനുഭവിക്കാത്ത മലയാളികള്‍ ഖത്തറില്‍ കുറവായിരിക്കും.

ഈസക്കയുടെ ജനാസ നമസ്‌കാരത്തിന് ബുധനാഴ്ച രാത്രി അബൂഹമൂറിലേക്ക് ഒഴുകിയെത്തിയവരില്‍ ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളും സാധാരണക്കാരും സ്ത്രീകളുമുണ്ടായിരുന്നു. ജന മനസ്സുകളില്‍ ഈസക്കക്കുണ്ടായിരുന്ന സ്ഥാനം വിളിച്ചോതുന്നതായിരുന്നു അഭൂതപൂര്‍വമായ ജന പങ്കാളിത്തം. സര്‍വ്വ ശക്തന്‍ സ്വര്‍ഗത്തില്‍ അര്‍ഹമായ പദവി നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.