അബൂബക്കർ മൗലവി; കർമനിരതനും ധീരനുമായ പണ്ഡിതൻ


വിദ്യാഭ്യാസ രംഗത്ത്  മർക്കസുദ്ദഅവയുടെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കുവഹിച്ച ആളാണ് അബൂബക്കർ മൗലവി. വിദ്യാഭ്യാസ ബോർഡിലും പാഠപുസ്തക പരിഷ്കരണത്തിലും അവസാനമായി ഖത്തീബുമാരുടെ കൂട്ടായ്മയിലും മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹമുണ്ടായിരുന്നു.

ഈ റമദാനിൽ കർമ്മനിരതനും ധീരനുമായ  ഒരു പണ്ഡിതൻ നമുക്ക് നഷ്ടപ്പെട്ടു. പുളിക്കൽ അബൂബക്കർ മൗലവിയെ കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതി വീട്ടിൽ പോയി കണ്ടിരുന്നു. അന്നായിരുന്നു കരിപ്പൂരിലെ ആദർശ പ്രചരണ സമ്മേളനം. അതിന് വരണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടായിരുന്നു. പുളിക്കലിന് സമീപം എവിടെയെങ്കിലും സമ്മേളനമോ പരിപാടിയോ ഉണ്ടെങ്കിൽ അദ്ദേഹം എന്നെ പ്രതീക്ഷിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ തന്നെ ‘ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരുന്നു’ എന്ന ആമുഖവുമായാണ് അദ്ദേഹം സംസാരം തുടങ്ങിയത്. അദ്ദേഹത്തിന് പരിപാടിക്ക് വരണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല. ഏറെ നേരം സംസാരിച്ച ശേഷമാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം അറിയുന്നത്. പിറ്റേന്ന് അവിടെ പോകണം എന്ന് കരുതിയിരിക്കെ രാത്രിയിലാണ് മരണ വാർത്ത അറിഞ്ഞത്. നാം എല്ലാവരും ഇത്തരത്തിൽ പോവേണ്ടവരാണല്ലോ; അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണല്ലോ ഇതെന്ന ബോധ്യമാണ് മനസ്സിന് സമാധാനം നൽകുന്നത്.

അബൂബക്കർ മൗലവി ഏത് രംഗത്തും വളരെ കർമ്മനിരതനായി പ്രവർത്തിക്കുന്ന ഒരാളാണ്. വെറുതെ ഇരിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമല്ല. ഏതുകാര്യം ഏറ്റെടുത്താലും അത് പരമാവധി ഭംഗിയായി നിർവഹിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. പ്രയാസപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഏറ്റെടുക്കും. അതിൽ എനിക്ക് ഓർമ്മ വരുന്നത് ഒന്നാമത് സംസ്ഥാന സമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. മുൻപ് അത്തരം വലിയ സമ്മേളനങ്ങൾ ഒന്നും നടത്തി പരിചയമില്ലാത്ത സമയത്താണ് പുളിക്കൽ വെച്ച് ആദ്യത്തെ സമ്മേളനം നടക്കുന്നത്. വിശാലമായ ഒരു വയലാണ് വേദി. പക്ഷേ അവിടെ ഒരു സ്റ്റേജ് ഉണ്ടാക്കണം. എങ്ങനെയാണ് സ്റ്റേജ് ഉണ്ടാക്കുക എന്നതിനെക്കുറിച്ചുള്ള സംസാരങ്ങൾ വന്നു. പലരും പല പ്ലാനുകൾ അവതരിപ്പിച്ചു. അപ്പോൾ അബൂബക്കർ മൗലവി ചോദിച്ചു; നിങ്ങൾക്ക് എത്ര വലുപ്പത്തിലാണ് സ്റ്റേജ് വേണ്ടത്?. വലുപ്പം പറഞ്ഞുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു; അങ്ങനെയെങ്കിൽ ആ കാര്യം ഞാൻ ഏറ്റെടുത്തു കൊള്ളാം. ഇത്ര ഇത്ര നീളമുള്ള കവുങ്ങുകൾ ലഭിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം അദ്ദേഹം കവുങ്ങുകളും മറ്റ് അവശ്യ സാധനങ്ങളും സംഘടിപ്പിക്കാൻ തുടങ്ങി. ആ സ്റ്റേജ് എല്ലാവരും പ്രതീക്ഷിച്ചതിനേക്കാൾ നന്നായി ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധിച്ചു. അങ്ങനെ ഏത് രംഗത്തും ഏറ്റെടുത്ത കാര്യം ഏറ്റവും ഭംഗിയിൽ വേഗത്തിൽ തന്നെ നിർവഹിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്.

സംഘടനയിൽ ഐക്യാനന്തരം വേർതിരിവ് ഉണ്ടായപ്പോഴും ഞങ്ങൾ ഒരേ നിലപാടിൽ തന്നെയായിരുന്നു. മുജാഹിദ് സംഘടനയ്ക്ക് പ്രവർത്തിക്കാൻ പുളിക്കലിൽ ഒരു ഓഫീസ് ഉണ്ടാക്കാനുള്ള പ്രവർത്തനത്തിൽ ഇടക്കിടെ എന്നെ വിളിക്കാറുണ്ടായിരുന്നു.

വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏറെ തൽപ്പരനായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയായി ഞാൻ പ്രവർത്തിക്കുന്ന കാലത്ത്, അന്ന് ഇബ്രാഹിം മൗലവി ആയിരുന്നു പ്രസിഡണ്ട്. അന്നത്തെ എക്സിക്യൂട്ടീവ് മെമ്പർമാരിൽ അബൂബക്കർ മൗലവി ഉണ്ടായിരുന്നു. ജംഇയ്യത്തിന്റെ യോഗത്തിനായി കോളേജിലേക്ക് വരുന്നതും പോകുന്നതുമെല്ലാം പലപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു.

പല കാര്യങ്ങളും ഞങ്ങൾ ഒന്നിച്ച് ചർച്ച ചെയ്യുകയും ഒന്നിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിലുടനീളം വളരെ നല്ല സൗഹൃദം സൂക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സംഘടനയിൽ പല പിളർപ്പുകൾ ഉണ്ടായപ്പോഴും ഞങ്ങൾ രണ്ടുപേരും എപ്പോഴും ഒരു ഭാഗത്തായിരുന്നു. ആ രംഗത്ത് സജീവമായി ഞങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. സംഘടനയിൽ ഐക്യാനന്തരം വേർതിരിവ് ഉണ്ടായപ്പോഴും ഞങ്ങൾ ഒരേ നിലപാടിൽ തന്നെയായിരുന്നു. മുജാഹിദ് സംഘടനയ്ക്ക് പ്രവർത്തിക്കാൻ പുളിക്കലിൽ ഒരു ഓഫീസ് ഉണ്ടാക്കാനുള്ള പ്രവർത്തനത്തിൽ ഇടക്കിടെ എന്നെ വിളിക്കാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഓഫീസ് പിന്നീട് പലരും കള്ളക്കേസ് ഉണ്ടാക്കി കൈവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം ധീരമായി മുന്നോട്ടുപോയി കേസ് നടത്തി. അതിപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ തന്നെയാണ് നിലനിൽക്കുന്നത്. ഇക്കാര്യങ്ങളൊക്കെ എപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു.

വിദ്യാഭ്യാസ രംഗത്ത്  മർക്കസുദ്ദഅവയുടെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കുവഹിച്ച ആളാണ് അബൂബക്കർ മൗലവി. വിദ്യാഭ്യാസ ബോർഡിലും പാഠപുസ്തക പരിഷ്കരണത്തിലും അവസാനമായി ഖത്തീബുമാരുടെ കൂട്ടായ്മയിലും മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹമുണ്ടായിരുന്നു. ഏറെകാലം സി ഐ ഇ ആറിന്റെ ചെയർമാനായിരുന്നു. എല്ലാ സമയത്തും സജീവമായി പ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന് വലിയ താല്പര്യമുള്ള കാര്യമാണ്. ഇക്കാര്യങ്ങളെല്ലാം ഓർത്തുകൊണ്ട് സ്വർഗ്ഗത്തിൽ ഒത്തുചേരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. അല്ലാഹുവേ നീ അദ്ദേഹത്തിന് പൊറുത്തു കൊടുക്കേണമേ. അദ്ദേഹത്തിന്റെ പദവി നിന്റെ അടുക്കൽ നീ ഉയർത്തേണമേ. നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിക്കേണമേ നാഥാ. അദ്ദേഹത്തിന്റെ കുടുംബത്തിനും സമുദായത്തിനും സമാധാനവും ശാന്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.