മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ലൈല അബൂലൈലയുടെ സാഹിത്യ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് പെന്‍ പിന്റര്‍ പുരസ്‌കാരം. കുടിയേറ്റം, വിശ്വാസം, സ്വത്വം, പശ്ചാത്യ സമൂഹങ്ങളിലെ മുസ്ലിം സ്ത്രീ അനുഭവം തുടങ്ങിയ വിഷയങ്ങളിലാണ് ലൈലയുടെ കൂടുതല്‍ രചനകളും.
2025ലെ പെന്‍ പിന്റര്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത സുഡാന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് ലൈല അബൂലൈലയ്ക്ക്. 'ലോകത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള' എഴുത്തുകാരെ ആദരിക്കുന്ന ഇംഗ്ലീഷ് PEN ആണ് ഈ പുരസ്‌കാരം നല്‍കുന്നത്.
1921ല്‍ സ്ഥാപിതമായ PEN (Poets, Playwrights, Editors, Essayists, Novelists) ഇന്റര്‍നാഷണലിന്റെ സ്ഥാപക കേന്ദ്രമാണ് ഇംഗ്ലീഷ് PEN. ലോകത്തിലെ ആദ്യ സര്‍ക്കാരിതര മനുഷ്യാവകാശ സംഘടനകളിലൊന്നാണിത്. മാര്‍ഗരറ്റ് ബസ്ബി പ്രസിഡന്റും ഡാനിയല്‍ ഗോര്‍മാന്‍ ഡയറക്ടറും റൂത്ത് ബോര്‍ത്ത്വിക്ക് ചെയര്‍പേഴ്‌സണുമാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അബൂലൈലയുടെ സാഹിത്യ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ പുരസ്‌കാരം. കുടിയേറ്റം, വിശ്വാസം, സ്വത്വം, പാശ്ചാത്യ സമൂഹങ്ങളിലെ മുസ്ലിം സ്ത്രീകളുടെ അനുഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അബൂലൈലയുടെ രചനകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം (ജൂലൈ 9) വൈകുന്നേരം ലണ്ടനില്‍ നടന്ന ഇംഗ്ലീഷ് PEN-ന്റെ വാര്‍ഷിക വേനല്‍ക്കാല ആഘോഷത്തിലാണ് അബൂലൈലയുടെ വിജയം പ്രഖ്യാപിച്ചത്. നടന്മാരായ ഖാലിദ് അബ്ദല്ലയും അമീറ ഗസാലയും സാഹിത്യകാരന്മാരും പ്രസാധകരും സാംസ്‌കാരിക പ്രമുഖരും ഉള്‍പ്പെടെയുള്ള സദസ്സിനു മുന്നില്‍ അവരുടെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചാണ് പേര് പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ഒക്ടോബര്‍ 10ന് ബ്രിട്ടീഷ് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഔദ്യോഗികമായി സമ്മാനിക്കും. അപകടസാധ്യതകള്‍ അവഗണിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ഒരു എഴുത്തുകാരന് പ്രതിവര്‍ഷം നല്‍കുന്ന 'ധീരനായ എഴുത്തുകാരന്‍' പുരസ്‌കാര ജേതാവിനെയും ചടങ്ങില്‍ പ്രഖ്യാപിക്കും.
ലൈല അബൂലൈല
1964-ല്‍ സുഡാനിലെ ഖാര്‍ത്തൂമിലാണ് ലൈല ജനിച്ചത്. അവരുടെ പിതാവ് ഈജിപ്ഷ്യനും മാതാവ് സുഡാനിയുമായിരുന്നു. കുട്ടിക്കാലത്ത് സുഡാനിലും പിന്നീട് ബ്രിട്ടനിലും ലൈല വിദ്യാഭ്യാസം നേടി. 1980കളുടെ മധ്യത്തില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

സാഹിത്യ ലോകത്തേക്ക് കടക്കുന്നതിന് മുന്‍പ് ലൈല സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അവരുടെ ആദ്യ നോവലായ 'The Translator' 199ല്‍ പുറത്തിറങ്ങി. പ്രവാസി ജീവിതം, മതം, സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട് ഈ നോവല്‍. ഈ കൃതി ബുക്കര്‍ പ്രൈസിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 10ന് ബ്രിട്ടീഷ് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഔദ്യോഗികമായി സമ്മാനിക്കും. ആഗോള തലത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് അവരുടെ രചനകള്‍.
അബൂലൈലയുടെ കൃതികള്‍ പലപ്പോഴും വിശ്വാസം, സ്വത്വം, കുടിയേറ്റം, ലിംഗഭേദം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പടിഞ്ഞാറന്‍ ലോകത്ത് ജീവിക്കുന്ന മുസ്ലിം സ്ത്രീകളുടെ അനുഭവങ്ങളെ അബൂലൈല തന്‍മയത്വത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്നു.
അവരുടെ നോവലുകളും ചെറുകഥകളും പല ലോക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
പ്രധാന കൃതികള്‍:
1, 'The Translator' (1999)
2, 'Minaret' (2005)
3, 'Lyrics Alley' (2010) ഈ നോവലിന് 2011-ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് ലഭിച്ചു.
4, 'The Kindness of Enemies' (2015)
5, 'River Spirit' (2023)
ലൈല അബൂലൈല നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലാണ് താമസം. ആഗോള തലത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് അവരുടെ രചനകള്‍.