അത്രയ്ക്ക് മികച്ചതല്ലാത്ത പെരുന്നാള്‍ കുപ്പായങ്ങളിലെ വില കുറഞ്ഞ മിനുക്കങ്ങളില്‍ പോലും തിളങ്ങി നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ ഉമ്മമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. അവരുടെ കവിളുകളില്‍ ആയിരം ഈദുകള്‍ പൂത്തുനിന്നു.
കഴിഞ്ഞ വലിയ പെരുന്നാളിന് രണ്ടു നാള്‍ മുമ്പാണ് ഞങ്ങള്‍ ബഹ്‌റൈനില്‍ നിന്ന് ശ്രീനഗറില്‍ വന്നിറങ്ങിയത്. ബഹ്‌റൈനില്‍ ജനിച്ച് നാടു കാണാനിറങ്ങിയ നാലു മാസക്കാരി കുഞ്ഞു ജഹനാരയെ പൂപ്പരവതാനി വിരിച്ച് വരവേറ്റ ഇന്ത്യന്‍ ഭൂമികയാണെനിക്ക് കശ്മീര്‍.