സര്‍ക്കാര്‍ ജോലിയുള്ള ആരും ഈ ഗ്രാമത്തിലില്ല. അതിന് ആവശ്യമായ ടെസ്റ്റുകളെ കുറിച്ചോ യോഗ്യതയെ കുറിച്ചോ ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും ഇല്ലത്രേ. പലര്‍ക്കും ആധാര്‍ കാര്‍ഡ് പോലും അനുവദിച്ചുകിട്ടിയിട്ടില്ല.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ തേടിയെത്തുന്നവരില്‍ ഗണ്യമായ ഒരു വിഭാഗം അസമിലെ കുഗ്രാമങ്ങളില്‍ നിന്ന് വരുന്നവരാണല്ലോ. ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തു നിന്ന് ഏറെ ദൂരം താണ്ടിയാണെങ്കിലും ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുക എന്നതിലപ്പുറം വലിയ സ്വപ്‌നങ്ങളൊന്നും ഈ അതിഥി തൊഴിലാളികള്‍ക്ക് ഉണ്ടാകില്ല.
ഈയിടെ അത്തരമൊരു അതിഥി ഗ്രാമം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായി. അസം സ്വദേശിയായ ഞങ്ങളുടെ നാട്ടിലെ ഇമാമിന്റെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു യാത്ര. കൊക്രജാര്‍ റെയില്‍വ സ്റ്റേഷനില്‍ നിന്ന് ഇമാമിന്റെ ടിന്‍ടില ഗ്രാമത്തിലേക്കുള്ള യാത്ര കേരളത്തിലെ ഏതോ ഉള്‍ഗ്രാമത്തിലേക്കുള്ള യാത്ര പോലെയാണ് തോന്നിയത്.
കേരളം പോലെ പച്ചപ്പും കൃഷിയിടങ്ങളും കുന്നും മലകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഭൂപ്രദേശം. വഴിയില്‍ അങ്ങിങ്ങായി നിറയെ കായ്ച്ചുനില്‍ക്കുന്ന ലിച്ചു (ലിച്ചി) മരങ്ങള്‍ വേറിട്ട കാഴ്ചയായിരുന്നു. പൊതുവേ സമുദ്രനിരപ്പില്‍ നിന്നധികം ഉയരമില്ലാതെ കിടക്കുന്ന ഭൂപ്രദേശമാണ് അസം.
കൂടാതെ ബറാക് നദിയുടെയും ലോകത്തെ ഏറ്റവും ജലസമ്പന്നമായ ബ്രഹ്മപുത്രയുടെയും പോഷകനദികളുടെയും സാന്നിധ്യം മൂലം ഏപ്രില്‍ കഴിഞ്ഞാല്‍ വലിയ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളാണ് അധികവും. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യ ഗ്രാമമായ ടിന്‍ടില താരതമ്യേന ഉയര്‍ന്ന ഭൂപ്രദേശമായതുകൊണ്ട് വെള്ളപ്പൊക്ക ഭീഷണി തീരെയില്ല എന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇരുനൂറില്‍ താഴെ വീടുകളുള്ള ഒരു ഗ്രാമപ്രദേശം. 60% മുസ്‌ലിംകള്‍, കൂടാതെ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളും അടുത്തടുത്തായി അസ്വാരസ്യങ്ങളില്ലാതെ കഴിയുന്നു.
വെളിച്ചം പരന്നാല്‍ പിന്നെ മുറ്റത്തും പറമ്പിലുമെല്ലാം വൈക്കോല്‍ ചിക്കലും ഉണക്കലും വളമൊരുക്കലും വേലി കെട്ടലും നിലമൊരുക്കലുമായി പണിത്തിരക്കുകളിലാണ് മുതിര്‍ന്ന അംഗങ്ങളെല്ലാം. എന്നാല്‍ യുവതലമുറ വേറെ പണി നോക്കി നാടു വിടുന്ന കാലം തുടങ്ങിക്കഴിഞ്ഞു.
സര്‍ക്കാര്‍ ജോലിയുള്ള ആരും ഈ ഗ്രാമത്തിലില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന് ആവശ്യമായ ടെസ്റ്റുകളെ കുറിച്ചോ യോഗ്യതയെ കുറിച്ചോ ഇവിടെ ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. അതുപോലെ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും ഈ ഗ്രാമത്തില്‍ ഇല്ലത്രേ. പലര്‍ക്കും ആധാര്‍ കാര്‍ഡ് പോലും അനുവദിച്ചുകിട്ടിയിട്ടില്ല.
ബംഗ്ലാദേശ് കുടിയേറ്റക്കാരായി കണക്കാക്കുന്നവര്‍ക്കും എന്‍.ആര്‍.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുന്നതല്ല എന്നത് ബിജെപി മുഖ്യമന്ത്രി ഹേമന്ത് ശര്‍മയുടെ കര്‍ശന നിലപാടാണ്. നാട്ടിലുള്ള യുവാക്കളില്‍ നല്ലൊരു വിഭാഗം ഡ്രൈവര്‍മാരാണത്രേ.
ഓട്ടോയും ബൈക്ക് ടാക്‌സികളും ഗ്രാമങ്ങളിലൊക്കെ ധാരാളമായി കാണാം. ഇതല്ലാതെ നാട്ടിന്‍പുറങ്ങളില്‍ ബസ്സോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ല. റോഡും സ്മാര്‍ട്ട് വൈദ്യുതിയും ആവശ്യത്തിന് ജലലഭ്യതയുമുള്ള ഗ്രാമം. എന്നാല്‍ ജീവിത നിലവാരം വെച്ചുനോക്കുമ്പോള്‍ നാട് നമ്മേക്കാള്‍ ഒരു മുപ്പത് വര്‍ഷം പിന്നിലാണെന്ന് കാണാം.
സ്‌കൂളും പള്ളിയും മദ്‌റസയുമെല്ലാം അധികവും ഇഷ്ടികയും ഷീറ്റും ഉപയോഗിച്ചു തന്നെയാണ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടെറസ് വീടുകളും വളരെ അപൂര്‍വം. മല്‍സ്യം വളര്‍ത്തുന്ന കുളവും തടാകങ്ങളും ധാരാളമായി കാണാം. കടല്‍ മല്‍സ്യം കിട്ടാത്ത നാട്ടിലെ മല്‍സ്യ സ്രോതസ്സാണ് ഇവ.

ഗ്രാമത്തില്‍ ദില്‍ബീര്‍ എന്നറിയപ്പെടുന്ന ഒരു വലിയ തടാകമുണ്ട്. ഇവിടെ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട ധാരാളം ഗ്രാമവാസികളെ കാണാം. ആഴങ്ങളില്‍ പോയി വലിയ മല്‍സ്യങ്ങളെ പിടിക്കാന്‍ ലൈസന്‍സും ടാക്‌സുമൊക്കെ ആവശ്യമാണത്രേ. വളര്‍ത്തുന്നതും അല്ലാത്തതുമായ പല തരം ശുദ്ധജല മല്‍സ്യങ്ങളെയും മല്‍സ്യ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ജീവനുള്ള മല്‍സ്യങ്ങള്‍ (സിന്താ മച്‌ലി) മാത്രമേ ചെലവാകൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
മുസ്‌ലിം സാന്നിധ്യം
അറബികളുടെ കച്ചവട യാത്രകള്‍, മുഗളന്‍മാരുടെ സ്വാധീനം, സൂഫികളുടെ വരവ്, 1947നു മുമ്പേ നടന്ന ബംഗ്ലാദേശ് കുടിയേറ്റം, ട്രൈബല്‍ വിഭാഗങ്ങളില്‍ നിന്നുള്ള മതംമാറ്റം എന്നിങ്ങനെ പല വഴിയിലാണ് ഇസ്‌ലാം അസമില്‍ പ്രവേശിച്ചത്. ബോഡോ (ബോറോ) വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനവും സംഘശക്തിയുമുള്ള ജില്ലയാണ് കൊക്രജാര്‍.
അതുകൊണ്ടുതന്നെ അസമിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ പ്രദേശവും കൊക്രജാര്‍ ആണെന്നാണ് ഗ്രാമവാസികള്‍ പലപ്പോഴായി ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ടിന്‍ടില ഉള്‍പെടുന്ന കൊക്രജാര്‍, ദൂബ്രി ഭാഗങ്ങളില്‍ ബോഡോകളുടെ ഉപജാതിയായ മെക്ക് വിഭാഗത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയ മുസ്‌ലിംകള്‍ ധാരാളമുണ്ട് എന്നാണ് ടിന്‍ടില മദ്റസയുടെ പ്രിന്‍സിപ്പല്‍ പറഞ്ഞത്.
അതുകൊണ്ടാവാം മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നും ചില ഗോത്ര സാംസ്‌കാരിക കലര്‍പ്പുകള്‍ കാണുന്നത്. ഗ്രാമത്തില്‍ പ്രാഥമിക മത-ഭൗതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്ഥാപനങ്ങളിലേക്ക് ദീര്‍ഘയാത്ര ചെയ്യണം.
ഗ്രാമത്തില്‍ ഖുര്‍ആനും അറബിയും ഇസ്‌ലാമിക ബാലപാഠങ്ങളും പഠിപ്പിക്കുന്ന ഒരു മദ്റസയുണ്ട്. മുപ്പത് കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതുകൊണ്ട് കേരളത്തിലും മറ്റും റമദാനില്‍ നടത്തുന്ന കലക്ഷന്‍ വഴി കിട്ടുന്ന പണം ഉപയോഗിച്ചാണ് മദ്റസാ നടത്തിപ്പ്.

ഇങ്ങനെ എപ്പോഴെങ്കിലും കിട്ടുന്ന തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനായി ഒരു സ്ഥിരം റസീവര്‍ ചുറ്റിനടന്ന് ജോലി ചെയ്യുന്നുണ്ട്. മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഇവിടെയും മദ്റസയില്‍ പോകുന്ന കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല.
നേരത്തേ സര്‍ക്കാര്‍ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലായിരുന്നു മദ്റസകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്റസകളില്‍ സയന്‍സും കണക്കും അടക്കമുള്ള പൊതുവിഷയങ്ങള്‍ കൂടി പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഇത്തരം എയ്ഡഡ് മദ്റസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ടായിരുന്നു.
എന്നാല്‍ 2021ഓടെ 600ലധികം മദ്രസകളെ പൊതുവിദ്യാലയങ്ങളാക്കി മാറ്റുകയും മറ്റെല്ലാ മദ്റസകളുടെയും എയ്ഡഡ് പദവി തടയുകയും ചെയ്ത വിവാദ ഉത്തരവിന്റെ ഫലമായി മദ്റസാ വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസം പൊതുവേ പ്രതിസന്ധിയിലാണ്. മദ്റസയില്‍ താമസിച്ച് പഠിക്കുന്നത് കൂടുതലും ദരിദ്രരായ കുട്ടികളാണ്.
അവര്‍ക്ക് ശരിയായ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതു മൂലം മദ്റസകളില്‍ പൊതുവിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരെ നിയമിക്കാനും കഴിയുന്നില്ല എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ബംഗാള്‍, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലും സമാനമായ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഈ മദ്റസാ-സ്‌കൂള്‍ ഏകീകരണ ശ്രമമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമായതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. മുന്‍ എം പി ബദ്‌റുദീന്‍ അജ്മലിന്റെ അജ്മല്‍ ഫൗണ്ടേഷന്‍, മര്‍കസുല്‍ മആരിഫ്, ഹഫ്‌സ ഫൗണ്ടേഷന്‍ തുടങ്ങി ചില സംഘടനകള്‍ വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പുരോഗതി കാണാന്‍ കഴിഞ്ഞിട്ടില്ല.
ഒരു നികാഹ് ചടങ്ങ്
ടിന്‍ടില ഗ്രാമത്തില്‍ ഞങ്ങള്‍ പങ്കെടുത്ത പ്രധാന ചടങ്ങ് ഇമാമിന്റെ വിവാഹമായിരുന്നു. കല്യാണസദ്യയൊക്കെ വളരെ ലളിതമാണ്. ബീഫ് കറിയും വീട്ടില്‍ സൂക്ഷിപ്പുള്ള അരിയുടെ ചോറുമാണ് മുഖ്യ വിഭവം. എല്ലാ ഭക്ഷണത്തോടൊപ്പവും മുളകും സവാളയും ചെറുനാരങ്ങയും നിര്‍ബന്ധമായും ഉണ്ടാകും.
സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതു മൂലം മദ്റസകളില്‍ പൊതുവിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരെ നിയമിക്കാന്‍ കഴിയുന്നില്ല. ബംഗാള്‍, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലും സമാനമായ ഭീഷണികള്‍ നിലനില്‍ക്കുന്നു.
പോത്തിനെ അറുക്കുന്ന പതിവ് ഇവിടെയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും കൃഷിക്കും പാലിനുമായി അവയെ വളര്‍ത്തുന്നുണ്ട്. പശു, കാള, ആട് മാംസങ്ങളാണ് പഥ്യം. അവ ധാരാളമായി വളര്‍ത്തപ്പെടുന്നതാവാം കാരണം. അനുമതി വാങ്ങിയാല്‍ പശുവിനെ അറുക്കാന്‍ നിയമമുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും 2021 മുതല്‍ പശുവിനെ അറുക്കുന്നത് പൂര്‍ണമായും നിരോധിക്കപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്.
പശു ഒഴികെയുള്ള മൃഗങ്ങളെ തന്നെ വളരെ കര്‍ശനമായ വ്യവസ്ഥകളോടെ മാത്രമേ അറുക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍ നിയമം അനുസരിച്ചുള്ള പരിശോധനകളൊന്നും എപ്പോഴും നടക്കാറില്ല.
നികാഹ് ചടങ്ങുകള്‍ നമ്മെ സംബന്ധിച്ചിടത്തോളം വിചിത്രമായി തോന്നാം. പുതിയാപ്ല ഇറങ്ങി കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു ചെറുസംഘം വരന്റെ സംഘത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തുന്ന രസകരമായ ഒരു സംഭവം കാണാനിടയായി. പുതിയ കല്യാണക്കാരോട് 'മുഹബ്ബത്ത് പണം' ആവശ്യപ്പെടുന്ന സമ്പ്രദായമാണത്രേ ഇത്.

വരന്‍ വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍, ചെരിപ്പ്, മഹ്ര്‍ തുടങ്ങിയവ സദസ്സില്‍ വെച്ചുതന്നെ പരസ്യമായി വധുവിന്റെ വീട്ടുകാര്‍ക്ക് കൈമാറുന്ന ചടങ്ങാണ് ആദ്യം കാണാന്‍ കഴിഞ്ഞത്. കൂടാതെ കല്യാണച്ചെലവ് വിഹിതം, വിവാഹ രജിസ്‌ട്രേഷന്‍ ഫീസ്, വധുവിനെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിക്കുന്ന ഖാദിമീങ്ങള്‍ക്കുള്ള തുക തുടങ്ങി എല്ലാം വധുവിന്റെ വീട്ടുകാര്‍ സദസ്സില്‍ വെച്ചുതന്നെ കണക്കു പറഞ്ഞ് വാങ്ങുന്നു.
തുടര്‍ന്ന് നടക്കുന്നതാണ് നികാഹ്. അസമീസ് ഭാഷയില്‍ എഴുതിയ ഒരു കരാര്‍ വായിച്ച ശേഷം ഒപ്പിട്ടു കൈമാറുന്നതോടെ നികാഹ് ചടങ്ങ് കഴിയും. സദസ്സില്‍ ഗവണ്‍മെന്റ് വക്കീലിന്റെ സാന്നിധ്യവുമുണ്ടാവും. നാലായിരമോ അയ്യായിരമോ ഒക്കെ ഗവണ്‍മെന്റ് രജിസ്‌ട്രേഷന്‍ ഫീ കൊടുക്കണമത്രേ. ഇതെല്ലാം വരന്റെ ബാധ്യതയാണ്. പൊതുവേ ഹനഫീ സമ്പ്രദായമാണ് ഇവര്‍ പിന്തുടരുന്നത്.
ബീഫ് കറിയും ചോറും അടങ്ങിയ ലളിതമായ ഭക്ഷണമാണ് വധൂഗൃഹത്തിലെയും വിരുന്ന്. ഏകദേശം നൂറില്‍ താഴെ പേര്‍ പങ്കെടുത്ത ലളിതമായ ചടങ്ങുകള്‍. ഞങ്ങള്‍ കേരളത്തില്‍ നിന്നു വന്നവര്‍ക്ക് എല്ലാ സ്ഥലത്തും പ്രത്യേക പരിഗണന തന്നെയാണ് ലഭിച്ചത്. പണ്ട് അറബികള്‍ കേരളത്തില്‍ വന്നാല്‍ നമ്മള്‍ കാണിക്കുന്ന ഉപചാരങ്ങളും ആദരവും ഓര്‍ത്തുപോയി.
രാത്രി 12 മണിയോടെ നടന്ന നികാഹ് ചടങ്ങുകള്‍ക്കു ശേഷം ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ പുലര്‍ച്ചെ 3 മണിയായിരുന്നു. 3:10നാണ് സുബ്ഹി ബാങ്ക്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഏകദേശം 4:30ന് സൂര്യനുദിക്കും.
മതചിട്ടകളില്‍ പൊതുവേ സ്ത്രീകളും യുവാക്കളും പിന്നിലാണെന്നാണ് ഗ്രാമ ജീവിതം ഞങ്ങളോടു പറഞ്ഞത്. ജുമുഅഃക്കു മാത്രം പള്ളിയില്‍ പോകുന്നവരാണ് അധികവും. ജുമുഅഃക്കു മുമ്പ് അസമീസ് ഭാഷയില്‍ ഒരു പ്രസംഗം ഉണ്ടാവും. ശേഷം ഇമാം മിംബറില്‍ ഇരുന്ന് അറബിയില്‍ ഏതാനും ഖുര്‍ആന്‍ വചനങ്ങളും പ്രാര്‍ഥനയും നടത്തുന്നതാണ് ജുമുഅഃയുടെ രീതി.
ജനങ്ങളുടെ ഭാഷ അസമീസാണെങ്കിലും ഭൂരിഭാഗം ജനങ്ങളും ബംഗ്ലയും സംസാരിക്കും. പൊതുവേ സിറ്റികളിലും പുറത്തുമൊക്കെ ജോലി ചെയ്തു പരിചയമുള്ളവര്‍ക്ക് ഹിന്ദിയും വഴങ്ങും.