ഒരു സമുദായമെന്ന നിലയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ കൃത്യമായി വരച്ചുകാണിക്കും വിധമാണ് ഗുജറാത്തിലെ നഗരജീവിതത്തെ വിഭജിച്ചിരിക്കുന്നത്. ഭരണകൂടം തന്നെയാണ് ഈ വിഭജനത്തിന് ചുക്കാന്‍ പിടിക്കുന്നത്.
'എമ്പുരാന്‍' പശ്ചാത്തലാത്തില്‍ ഗുജറാത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സംഘ് പരിവാറിനെ പ്രകോപിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ വെട്ടിമാറ്റിയാല്‍ തന്നെയും ഈ സിനിമയൊരുക്കിയ ചര്‍ച്ചാ പശ്ചാത്തലമാണ് അതിന്റെ ഏറ്റവും വലിയ സംഭാവന.
2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിന് 23 വര്‍ഷങ്ങള്‍ തികയുന്ന സമയത്ത് ഉയര്‍ന്നുവന്ന പുതിയ ചര്‍ച്ചകളെ നാം അതിന്റെ ഗൗരവത്തില്‍ തന്നെ തിരിച്ചറിയണം. ശാന്തമായൊഴുകുന്ന സബര്‍മതി തീരത്ത് ഗാന്ധി സ്ഥാപിച്ച ആശ്രമത്തോടൊപ്പം ക്രൂര സ്മരണകളുമായി വംശഹത്യയെ ഓര്‍മ്മിപ്പിക്കുന്ന ഗുല്‍ബര്‍ഗ സൊസൈറ്റിയും നരോദ പാട്യയും ഇന്നും അഹമ്മദാബാദിലുണ്ട്.
കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് നാരോദ പാട്യ സന്ദര്‍ശിക്കുന്നത്. കലാപ ബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് ഐ ടി വിദ്യഭ്യാസം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ഖിസ്മത് (ഖാഇദേ മില്ലത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫോര്‍ മീഡിയ & ടെക്‌നോളജി) പദ്ധതിയുടെ ആദ്യ ഘട്ടം നാരോദ പാട്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഹമ്മദാബാദിലെത്തിയത്.
അവിടത്തെ പുതു തലമുറയുമായി സംവദിക്കാനായത് ഏറെ വിലപ്പെട്ട അനുഭവമായിരുന്നു. അതോടൊപ്പം, ഈ പദ്ധതിയുടെ നടത്തിപ്പിനായി കൂടെ നില്‍ക്കുന്നത് ഖുത്ബുദ്ദീന്‍ അന്‍സാരിയാണ് എന്നത് ആവേശം പകരുന്ന കാര്യമാണ്.
ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പര്യായമായി മാറിയ ഖുത്ബുദ്ദീന്‍ അന്‍സാരിയെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കലാപകാരികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൈന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ ചിത്രം ആര്‍ക്കാണ് മറക്കാനാവുക. കലാപത്തിന്റെ ദയനീയത ലോകം തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട് തേടിപ്പോകുന്നത് സുഹൃത്ത് സഹീദ് റൂമി പരിചയപ്പെടുത്തി തന്ന കലീം സിദ്ദീക്കിയോടൊപ്പമായിരുന്നു. ഇന്ന് കലീം ഭായ് ഏറെ അടുപ്പമുള്ള സുഹൃത്താണ്. കലീം അഹമ്മദാബാദിലെ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റും വക്കീലും എഴുത്തുകാനുമൊക്കെയുമാണ്.
നഗരത്തിരക്കിലെ ഗല്ലികളിലൂടെ ബൈക്ക് ഓടിച്ചു പോകുന്നത് സഹാസിക കൃത്യമാണ്. ഇടുങ്ങിയ ഇടവഴികളിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് അന്‍സാരിയുടെ ആ ചിത്രം തന്നെയായിരുന്നു. കലാപകാരികള്‍ ദയയുടെ തരിമ്പ് പോലും കാണിക്കാതെ അഴിഞ്ഞാടിയ ഗല്ലികളില്‍ പക്ഷെ ഖുതുബുദ്ദീന്‍ ഇന്ന് ജീവിക്കുന്നത് സാമാന്യം ഭേദപ്പെട്ട നിലയിലാണ്.

ജീവനോപാധിയായി ലഭിച്ച ടൈലറിംഗ് യൂണിറ്റ് വീടിന്റെ മുകള്‍ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാലങ്ങളായി നേരില്‍ കാണണമെന്ന അതിയായ കാത്തിരിപ്പിന് വിരാമമിട്ട് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. അപ്പോഴും എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ആ കൈകൂപ്പിയ ചിത്രമായിരുന്നു. 23 വര്‍ഷങ്ങള്‍ക്കിപ്പുറം ഖുതുബുദ്ദീന്‍ അന്‍സാരി എങ്ങനെ ജീവിക്കുന്നു എന്നറിയുമ്പോഴുണ്ടാകുന്ന ആശ്വാസം വലുതാണ്.
നഗര ജീവിതം
ഗുജറാത്തിലെ ഏറ്റവും വലിയ നഗരത്തിന് കാലാനുസൃതമായ വലിയ വികസനങ്ങള്‍ കൈവരുമ്പോഴും കാല്‍ നൂറ്റാണ്ടിനിടയില്‍ മുസ്ലിം ഗല്ലികളില്‍ വലിയ സാമൂഹ്യ പുരോഗതി ഉണ്ടായതായി കാണാനാവില്ല. നഗരത്തിന്റെ ഏറ്റവും മോശപ്പെട്ട ചേരികളെവിടെയാണോ അവിടെയായിരിക്കും മുസ്‌ലിംകള്‍ താമസിക്കുന്നുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന്റെയോ കോര്‍പ്പറേഷന്റെയോ വികസന ബജറ്റുകളില്‍ പരിഗണനയുടെ ഏറ്റവും കുറഞ്ഞ ശതമാനമാണ് മുസ്ലിം ഗല്ലികള്‍ക്ക് ലഭിക്കുന്നത്.
മുസ്ലിം ജനവാസത്തിന്റെ പ്രധാന ഇടങ്ങളില്‍ ഒന്നാണ് നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും തള്ളപ്പെടുന്ന സിറ്റിസണ്‍ നഗര്‍. സഹീദ് റൂമിയുടെയും കലീമിന്റെയും നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കാന്‍ കോടതി ഉത്തരവ് കിട്ടിയെങ്കിലും വര്‍ഷങ്ങള്‍ നീക്കിയാലും തീരാത്തത്രയും വലിയ പര്‍വതങ്ങള്‍ ഇവിടെയുണ്ട്.
മാലിന്യക്കൂമ്പാരങ്ങളുടെ താഴ്‌വരയില്‍ ഒരു കൈയുറ പോലും ധരിക്കാതെ പ്ലാസ്റ്റിക് കവറുകളും മറ്റും പെറുക്കിയെടുത്ത് വിറ്റു ജീവിക്കുന്ന ഗതികെട്ട കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. ഇന്നും പഴയ സുല്‍ത്താനേറ്റിന്റെ പതിനഞ്ചോളം ദര്‍വാസകള്‍ നിലനില്‍ക്കുന്ന, മുസ്ലിം പാരമ്പര്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ തന്നെ പ്രധാന പ്രൗഢികളില്‍ ഒന്നായ നഗരത്തിലെ പിന്‍തലമുറക്കാരുടെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ. രാജ്യത്തെ മറ്റേത് സാമൂഹ്യ വിഭാഗത്തേക്കാളും പിന്നില്‍ നില്‍ക്കുന്ന ജീവിതം.
ഇതിനിടയിലും മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ഒരാളാണ് ഖുതുബുദ്ദീന്‍ അന്‍സാരി. കലാപകാരികള്‍ ഏത് സമയത്തും വന്ന് ആക്രമിക്കുമെന്ന ഭയമൊന്നും ഇന്ന് അവര്‍ക്കില്ല എന്നതാണ് ഏക ആശ്വാസം. അങ്ങനെ നേരിട്ട് ഉപദ്രവിക്കാനായിട്ട് ആരും ശ്രമിക്കാറില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും സ്വൈരജീവിതം ഏറെക്കുറെ സാധ്യമായിട്ടുണ്ട്.
എന്നാല്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ കൃത്യമായി വരച്ചുകാണിക്കും വിധമാണ് നഗരജീവിതത്തെ വിഭജിച്ചിരിക്കുന്നത്. ഭരണകൂടം തന്നെയാണ് ഈ വിഭജനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പൂജ്യം ശതമാനം മുസ്ലിം സംവരണമുള്ള ഗുജറാത്തില്‍ സര്‍ക്കാര്‍ ജോലി അവരുടെ സ്വപ്‌നങ്ങള്‍ക്കും ഏറെ അകലെയാണ്.
സ്‌കൂളില്‍ പോകുന്നതൊക്കെ കുട്ടികള്‍ക്ക് ഇന്നും വല്ലപ്പോഴും സംഭവിക്കുന്ന ചില കാര്യങ്ങളില്‍ ഒന്ന് മാത്രം. പഠിക്കണമെന്ന് പോലും കുട്ടികളോട് പറയാനുള്ള ആത്മവിശ്വാസം നാരോദ പാട്യയിലെ രക്ഷിതാക്കള്‍ക്കില്ല.
വംശഹത്യാനന്തര തലമുറ
ഖുതുബുദ്ദീന്‍ അന്‍സാരിയുടെ മൂത്ത മകന്‍ ജിഷാന്‍ ജനിക്കുന്നത് 2002ന് ശേഷമാണ്. ജിഷാന്റെ തലമുറക്ക് ഗുജറാത്ത് വംശഹത്യ ഒരു കേട്ടു കേള്‍വിയാണ്. അവര്‍ ജനിച്ച സമയത്ത് മോദി സംസ്ഥാന മുഖ്യമന്ത്രിയാണ്. അവര്‍ക്ക് അറിവ് വെച്ച കാലം മുതല്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയും. മോദിയുടേതല്ലാത്ത ഒരു ഗുജറാത്തിനെ അവര്‍ക്കറിയില്ല.
ആ മോദിയുടെ ഗുജറാത്ത് ഇന്നും അഹമ്മദാബാദിന്റെ ഒരു പ്രത്യേക കമ്യൂണല്‍ ഭൂപടം ശ്രദ്ധാപൂര്‍വം സൂക്ഷിച്ചു വരുന്നുണ്ട്. സുല്‍ത്താന്‍ അഹ്മദ് ശാഹ് AD 1411ല്‍ സ്ഥാപിച്ച അഹമ്മദാബാദിന്റെ പേര് മാറ്റണമെന്ന് സ്വാഭാവികമായും ബിജെപി തീരുമാനിച്ചതാണ്. കര്‍ണാവതി എന്ന പേര് ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും മുമ്പ് ഏറെക്കാലം നാട്ടുഭരണം നടത്തിയിരുന്ന ഭില്‍ ആദിവാസി ഗോത്ര സമുദായക്കാര്‍ പുതിയ പേര് തങ്ങളുമായി ബന്ധപ്പെട്ടതാവണമെന്ന് അവകാശപ്പെട്ടത്തോടെ തല്ക്കാലം ആ ഉദ്യമം നിര്‍ത്തിവെക്കുകയായിരുന്നു.
ആദിവാസിയും മുസ്‌ലിമും ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരേ ഗണത്തില്‍ പെടുത്താവുന്നവയാണല്ലോ. ഇന്ന് 'മുസ്ലിം പേരിനോട് വിഭക്തിയുള്ളവര്‍ ഒരു മാറ്റത്തിനായി 'അംദാബാദ്' എന്നൊക്കെ ഉപയോഗിച്ച് വരുന്നുണ്ട്. ഉച്ചരിക്കുന്നത് മാത്രമല്ല പലയിടത്തും അത്തരം ബോര്‍ഡുകള്‍ പോലും കാണാം. ഇതിനൊക്കെയപ്പുറം ഈ നഗരത്തില്‍ ഭരണകൂടം നിലനിര്‍ത്തിപ്പോരുന്ന സോഷ്യല്‍ ഡൈനാമിക്‌സാണ് ഏറെ അപകടകരം.
മുസ്‌ലിം പ്രദേശം, ഹിന്ദു പ്രദേശം
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വരെ മോദിയെ എത്തിക്കുന്നതില്‍ ഗുജറാത്ത് കലാപത്തിന് വലിയ പങ്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അഹമ്മദാബാദ് നഗരത്തില്‍ വര്‍ഗീയ ചേരിതിരിവ് നിലനിര്‍ത്തേണ്ടത് ഇന്നും സംഘ് രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. ഏതാണ് മുസ്ലിം പ്രദേശം, ഹിന്ദു പ്രദേശം എന്നൊക്കെ തിരിച്ചറിയപ്പെടണമെന്ന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും തീരുമാനിച്ചിരിക്കുകയാണ്.
നിങ്ങള്‍ക്ക് ഈ നഗരത്തില്‍ ജീവിച്ചു പോരുന്നതിനു പ്രശ്‌നങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് എവിടെയും സഞ്ചരിക്കാം, നിങ്ങള്‍ക്ക് ഏത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാം എന്നതിലൊന്നും പ്രശ്‌നങ്ങളില്ലെങ്കിലും ദൃശ്യമായ ചില അതിര്‍വരമ്പുകള്‍ നിങ്ങളുടെ മുമ്പില്‍ തടസ്സങ്ങളായി വരും. സാധാരണ മനുഷ്യരുടെ മനസ്സുകളില്‍ അതിര്‍വരമ്പുകള്‍ ഒന്നുമില്ലെങ്കിലും ഒരു ഹിന്ദുവും മുസല്‍മാനും ഒരു പരിധിക്കപ്പുറം ഇടപഴകുന്നത് തടയാന്‍ വേണ്ട കാര്യങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ചെയ്തുവെച്ചിട്ടുണ്ട്.
ഗുജറാത്തിലെ ഏറ്റവും വലിയ നഗരത്തിന് കാലാനുസൃതമായ വലിയ വികസനങ്ങള്‍ കൈവരുമ്പോഴും നഗരത്തിന്റെ ഏറ്റവും മോശപ്പെട്ട ചേരികളെവിടെയാണോ അവിടെയായിരിക്കും മുസ്‌ലിംകള്‍ താമസിക്കുന്നുണ്ടാവുക.
മുസ്‌ലിംകള്‍ വസിക്കുന്ന പ്രദേശങ്ങളും അതോടനുബന്ധിച്ച ഗല്ലികളും അവസാനിക്കുന്നതും, ഒരു ഹിന്ദു പ്രദേശത്തേക്ക് പ്രവേശിക്കുന്നതും എപ്പോഴാണെന്ന് നഗരത്തിലൂടെ യാത്ര ചെയ്താല്‍ നമുക്ക് വേഗത്തില്‍ ബോധ്യപ്പെടും. ഈ വേര്‍തിരിവ് പരിപാലിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് സംഘ്പരിവാര്‍ കാണിക്കുന്നത്.
നേരിട്ടറിഞ്ഞ ഒരനുഭവം: ഒരിക്കല്‍ സുഹൃത്ത് കലീം ഭായിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വരുന്ന വഴിയില്‍ വെച്ചാണ് കണ്ടുമുട്ടിയത്. സാധാരണക്കാരായ ഏതൊരു മനുഷ്യന്റെയും പ്രശ്‌നങ്ങളില്‍ ഇടപെട്ട് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു ആക്റ്റിവിസ്റ്റാണ് കലീം സിദ്ദീഖി. കലീമിന്റെ സുഹൃത്ത് ഒരു പുതിയ ഷോപ്പ് തുടങ്ങുന്നു. അത് മുസ്ലിം ഏരിയയില്‍ നിന്ന് കുറച്ചു വിട്ട് ഹിന്ദു ഏരിയയോട് ചേര്‍ന്നാണ്.
ദേശസീമ ലംഘിക്കപ്പെട്ടെന്ന് തോന്നിയാല്‍ സംഘ്പരിവാറിന്റെ ഇടപെടല്‍ ഉണ്ടാകും. ബജ്രംഗ്ദള്‍ ഉടന്‍ പരാതിയുമായി പൊലീസിലെത്തി. പതിനഞ്ചോളം പേര്‍ ഒപ്പിട്ടിട്ടുണ്ട്. ഏതെങ്കിലും നിയമം ലംഘിച്ചു എന്ന് പറഞ്ഞല്ല പരാതി. പകരം, ഇതൊരു സെന്‍സിറ്റീവ് പ്രദേശമാണെന്നും ഇവിടെയൊരു മുസ്ലിം കട ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതി. ഇനിയാണ് പോലീസിന്റെ റോള്‍.
പോലീസ് പുതിയ കടക്കാരനെ വിളിപ്പിക്കുന്നു. വളരെ ലളിതമായി നിര്‍ദേശം നല്‍കുന്നു; കട അവിടുന്ന് മാറ്റിയേക്കൂ, നമ്മളായിട്ട് ഒരു പ്രശ്‌നത്തിന് നില്‍ക്കണോ? എത്ര ജാഗ്രതയോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ അതിര്‍ത്തികള്‍ സംരക്ഷിച്ചു പോരുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഒരു രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പരമാവധി കൂടിച്ചേരലുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം ഭരണകൂടം കലാപത്തിന്റെ പുകയും പൊടി പൊടലങ്ങളും കാല്‍നൂറ്റാണ്ടിനിപ്പുറവും കാത്തുസൂക്ഷിക്കുന്നതിനായി പണിയെടുക്കുന്നു. ഇതില്‍ ഇനി മറ്റു ചില കളികള്‍ കൂടെയുണ്ട്.
വിഷയം സംസാരിച്ചു കഴിഞ്ഞ് കലീമിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് അടുത്ത ഫോണ്‍ കോള്‍ വരുന്നത്. ഒരു മധ്യസ്ഥന്റേതാണ് ഫോണ്‍കോള്‍. രണ്ടു ലക്ഷം രൂപം ബജ്രംഗ്ദളിന് നല്‍കിയാല്‍ പരാതി അവസാനിപ്പിക്കാം എന്നാണ് ഓഫര്‍. വിശ്വസിക്കുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിനോട് പോലും ഇവര്‍ക്ക് കൂറില്ലല്ലോ എന്നാണ് ഞാന്‍ ആ സമയത്ത് ആലോചിച്ചത്. ഹിന്ദു-മുസ്ലിം വിഭജനം വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സംഘ്, ദള്‍ പ്രവര്‍ത്തകര്‍ പോലും അറിയുന്നുണ്ടാവില്ല ഈ മധ്യസ്ഥക്കളി. ചുരുക്കത്തില്‍ ഇവര്‍ക്കിത് കച്ചവടമാണ്. ഈ കച്ചവടത്തിന്റെ ലാഭമാണ് ഈ നാടിനെ വിഭജിച്ച് നിര്‍ത്തുന്നത്.
വെറുപ്പിനെ അകറ്റണം
ആളുകളുടെ മനസ്സുകള്‍ ഒന്നായിപ്പോകരുതേ എന്ന് മനമുരുകി പ്രാര്‍ഥിക്കുന്ന ഒരു പൈശാചിക പ്രത്യയശാസ്ത്രമാണ് നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്നത്. അഹമ്മദാബാദ് മോഡലിന്റെ വ്യാപകമായ സാധ്യതകള്‍ തേടുന്ന ഗവേഷണങ്ങളാണ് ഇന്ന് കേരളത്തില്‍ വരെ നടന്നു കൊണ്ടിരിക്കുന്നത്. മലപ്പുറത്തെ സൗഹാര്‍ദ്ദത്തെ പോലും വിഭജിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം.

മോദി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് നാളുകള്‍ക്കുള്ളില്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് വംശഹത്യക്ക് കളമൊരുക്കിയത്. അതിന്റെ തുടര്‍ സാധ്യതകള്‍ രാജ്യത്തിന്റെ പല ഭാഗത്തും സംഘ്പരിവാര്‍ പരീക്ഷിക്കുന്നുണ്ട്. മതേതരമായി ഇന്ത്യക്കാര്‍ ഒന്നിക്കുന്നിടത്ത് ബിജെപിക്ക് ഒരു പ്രസക്തിയുമില്ല എന്ന് അവര്‍ക്കറിയാം.
മാനവ സൗഹാര്‍ദത്തിന്റെ മറുമരുന്ന് കൊണ്ടല്ലാതെ ഒരു മുന്നണി സംവിധാനത്തിനും ഈ വെറുപ്പിനെ തടുക്കാനാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ള മതേതര ശക്തികള്‍ സൗഹൃദത്തിൻ്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണം.