വിവിധ മദ്ഹബുകള്‍ രൂപപ്പെടുന്നത് ഇങ്ങനെ


ഒരു വിഷയത്തില്‍ ഒന്നിലധികം പണ്ഡിതന്മാര്‍ ഗവേഷണം നടത്തിയാല്‍ എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപം കൊള്ളും. ആ അഭിപ്രായങ്ങള്‍ ആരുടേതാണോ അവരുടെ പേരില്‍ അത് അതറിയപ്പെടും.

സ്വഹാബികളുടെ ശിഷ്യന്മാരാണ് താബിഉകള്‍. അല്ലാഹു പ്രശംസിച്ച താബിഉകള്‍ക്കു മുന്നിലുണ്ടായിരുന്ന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തും സഹാബത്തിന്റെ ഇജ്മാഉം ഇജ്തിഹാദുമായിരുന്നു. മറ്റു പ്രമാണങ്ങള്‍ അംഗീകരിക്കുന്നവരും തള്ളിക്കളയുന്നവരുമുണ്ടായിരുന്നു.

സ്വഹാബത്തിന് വ്യത്യസ്ത അഭിപ്രായമുള്ള വിഷയങ്ങളില്‍ അവരവര്‍ക്ക് പ്രബലം എന്ന് ബോധ്യപ്പെട്ട അഭിപ്രായം അവര്‍ സ്വീകരിക്കും. അവര്‍ ആരെയും തഖ്‌ലീദ് ചെയ്യുമായിരുന്നില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ വിവിധ രീതികള്‍ സ്വീകരിക്കുന്നവരായിരുന്നു അവര്‍.

ചിലര്‍ യുക്തിദീക്ഷയില്‍ വിശാലത കൈക്കൊണ്ട് മസ്‌ലഹത്ത് (ജനനന്മ) വിലയിരുത്തി വിധി നടത്താറുണ്ടായിരുന്നു. ഇവരില്‍ പ്രമുഖര്‍ ഖലീഫ ഉമറും(റ) അലിയും(റ) അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) ആയിരുന്നു.

മറ്റു ചിലര്‍ സൂക്ഷ്മതയും ഭക്തിയും നിമിത്തം പ്രമാണങ്ങളെയും സഹാബത്തിന്റെ ഇജ്മാഇനെയും മാത്രം അവലംബിച്ചു. ഈ വിഭാഗത്തിലെ പ്രധാനികള്‍ ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു ഉമര്‍(റ), സൈദുബ്‌നു സാബിത്ത്(റ) മുതലായവരായിരുന്നു. ഈ രണ്ടു കാഴ്ചപ്പാടുകളും താബിഉകളില്‍ സ്വാധീനം നേടി.

അങ്ങനെയാണ് മദ്‌റസത്തു അഹ്‌ലുല്‍ ഹദീസ്, മദ്‌റസത്തു അഹ്‌ലുര്‍റഅ്‌യ് എന്നീ രണ്ടു ചിന്താധാരകള്‍ താബിഉകളുടെ കാലത്ത് നിലവില്‍ വന്നത്. ഈ ഘട്ടത്തില്‍ വ്യാജ ഹദീസ് നിര്‍മിക്കലും പ്രചാരണവും ഇറാഖില്‍ വ്യാപകമായിരുന്നു.

അതിനാല്‍ ഹദീസ് സ്വീകരിക്കുന്നതിന് കടുത്ത നിബന്ധനകള്‍ ഇമാം അബൂഹനീഫയെ പോലുള്ള പണ്ഡിതന്മാര്‍ സ്വീകരിച്ചു. ഈ സമീപനം കാരണം അവര്‍ക്ക് ഹദീസുകളുടെ എണ്ണം വളരെ കുറഞ്ഞു. അത് ന്യായവും യുക്തിയും തത്വവും അവലംബിച്ചു നിയമനിര്‍മാണം നടത്താന്‍ അവരെ നിര്‍ബന്ധിതരാക്കി. കൂടാതെ ഹിജാസില്‍ നിന്ന് വ്യത്യസ്തമായി ധാരാളം പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ഇറാഖുകാരുടെ പക്കല്‍ ഹദീസുകള്‍ വളരെ കുറവും.

ഈ സാഹചര്യത്തില്‍ അവര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അതോടുകൂടി ഇറാഖില്‍ ഗവേഷണാത്മകമായ കര്‍മശാസ്ത്ര വിധികള്‍ വളര്‍ന്നുവന്നു. ഈ കാലഘട്ടത്തിലെ അഭിപ്രായ ഭിന്നത ഈ രണ്ട് ചിന്താപ്രസ്ഥാനങ്ങള്‍ തമ്മിലായിരുന്നു. എന്നാല്‍ ആദര്‍ശവ്യതിയാന ആരോപണവും കാഫിറാക്കലും പരിഹസിക്കലും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

താബിഉകളുടെ ശിഷ്യന്മാരാണ് മദ്ഹബുകളുടെ ഇമാമുമാരില്‍ പലരും. ഇവര്‍ പല പ്രശ്‌നങ്ങളിലും വ്യത്യസ്ത അഭിപ്രായമുള്ളവരായിരുന്നു. ഒരു വിഷയത്തില്‍ സഹാബിമാരുടെയും താബിഉകളുടെയും വീക്ഷണങ്ങള്‍ വ്യത്യസ്തമായാല്‍ മുജ്തഹിദുകളായ ഇമാമുമാരുടെ രീതി തങ്ങളുടെ പ്രദേശത്തെ ഗുരുനാഥന്മാരുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‍കലായിരുന്നു.

അങ്ങനെ ഓരോ നാട്ടിലും ഓരോ പണ്ഡിതന്മാര്‍ രംഗത്തുവന്നു. അവര്‍ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക് ആ പണ്ഡിതന്മാരുടെ വീക്ഷണം അനുസരിച്ച് ഫത്‌വ നല്‍കിക്കൊണ്ടിരുന്നു. അവരുടെ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവരുടെ ശിഷ്യന്മാര്‍ക്ക് മുഖ്യ പങ്കുണ്ടായിരുന്നു. അതുപോലെ ഭരണകര്‍ത്താക്കളുടെ പിന്തുണയും ആ പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

സാമൂഹിക അസ്വസ്ഥതകളുടെ കാലഘട്ടമായിരുന്നു അത്. മുസ്‌ലിം സമൂഹം വിവിധ കക്ഷികളായി പിരിഞ്ഞു. ഓരോ കക്ഷിയും അവരവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് മുജ്തഹിദുകളായ ഇമാമുമാര്‍ രംഗത്തുവന്നത്. ശരീഅത്തിന്റെ മൂലപ്രമാണങ്ങളില്‍ വന്നിട്ടുള്ള വ്യക്തമോ വ്യംഗ്യമോ ആയ തെളിവുകളെ വ്യാഖ്യാനിച്ചു.

യുക്തിദീക്ഷയില്‍ വിശാലത കൈക്കൊണ്ട് ജനനന്മ വിലയിരുത്തി ചിലര്‍ വിധി നടത്താറുണ്ടായിരുന്നു. മറ്റു ചിലര്‍ സൂക്ഷ്മതയും ഭക്തിയും നിമിത്തം പ്രമാണങ്ങളെയും സ്വഹാബത്തിന്റെ ഇജ്മാഇനെയും മാത്രം അവലംബിച്ചു. സ്വഹാബത്ത് ആരെയും തഖ്‌ലീദ് ചെയ്യുമായിരുന്നില്ല.

അപ്പപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ഇസ്‌ലാമിക വിധി കണ്ടെത്തണം. പ്രസ്തുത വ്യാഖ്യാനം വഴി എത്തിച്ചേരുന്ന നിഗമനങ്ങളാണ് ഫിഖ്ഹീ മദ്ഹബായി രൂപം പ്രാപിക്കുന്നത്. ഒരു വിഷയത്തില്‍ ഒന്നിലധികം പണ്ഡിതന്മാര്‍ ഗവേഷണം നടത്തിയാല്‍ എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരണമെന്നില്ല. അപ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപം കൊള്ളും.

ആ അഭിപ്രായങ്ങള്‍ ആരുടേതാണോ അവരുടെ പേരില്‍ അത് അതറിയപ്പെടും. അവസാനം ആ അഭിപ്രായം അവരുടെ മദ്ഹബായി അറിയപ്പെടുന്നു. ഇങ്ങനെയാണ് വിവിധ മദ്ഹബുകള്‍ ഉടലെടുത്തത്.
ഈ കാലഘട്ടത്തില്‍ ഹദീസ് നിര്‍മാണം വളരെ ശക്തിപ്പെട്ടു. കള്ള ഹദീസുകളുടെ നിര്‍മാതാവ് തനിക്ക് അറിയാവുന്ന ശരിയായ ഹദീസുകളുടെ കൂടെ ധാരാളം വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരായി.

ഇതില്‍ വിവിധ ഉദ്ദേശ്യക്കാര്‍ ഉണ്ടായിരുന്നു. ചില നിരീശ്വരവാദികള്‍ മതത്തെ തെറ്റിദ്ധരിപ്പിക്കാനും നശിപ്പിക്കാനും വേണ്ടി കള്ള ഹദീസുകള്‍ പ്രചരിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ ഭരണാധികാരികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഹദീസുകള്‍ നിര്‍മിച്ചത്. യഹൂദികള്‍ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ഹദീസ് നിര്‍മിച്ചപ്പോള്‍ സഹൃദയരായ ചിലര്‍ നല്ല കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കാനും തെറ്റായ കാര്യങ്ങളെ വര്‍ജിക്കാനും വേണ്ടിയായിരുന്നു ഹദീസ് നിര്‍മിച്ചത്.

ചില വിദ്യാര്‍ഥികള്‍ തങ്ങളുടെ പിഴച്ച ചിന്താഗതി പ്രചരിപ്പിക്കാനും മദ്ഹബീ പക്ഷപാതികള്‍ അവരുടെ മദ്ഹബിനെ സ്ഥാപിക്കാനും മറ്റു മദ്ഹബുകളെ ഇടിച്ചുതാഴ്ത്താനും ഹദീസ് നിര്‍മിച്ചു. മറ്റ് ചിലര്‍ സഹാബിമാരുടെയും അറബി തത്വജ്ഞാനികളുടെയും വാക്കുകളെ നബിയിലേക്ക് ചേര്‍ത്തി ഹദീസാക്കാന്‍ ശ്രമം നടത്തി.

ഈ പരിതഃസ്ഥിതിയില്‍ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ വഴി കല്ലും മുള്ളും വിഷസര്‍പ്പങ്ങളും നിറഞ്ഞതായി. അതിനാല്‍ ശരിയായ ഹദീസുകള്‍ ലഭിക്കുക ആ കാലഘട്ടത്തില്‍ വളരെ പ്രയാസമായിത്തീര്‍ന്നു.