പ്രതീക്ഷകളത്രയും അല്ലാഹുവില്‍ മാത്രം അര്‍പ്പിക്കുന്ന, അവന്റെ പ്രീതിയും സ്വര്‍ഗവും ആഗ്രഹിക്കുന്നവരാണ് അവന്റെ ഇഷ്ടദാസര്‍.
ഞങ്ങള്‍ക്ക് സ്വര്‍ഗം വേണ്ടതില്ല, അല്ലാഹുവിനെ മതി എന്നത് സൂഫിസത്തിന്റെ ഒരു വാദമാണ്. എന്നാല്‍ അന്‍ബിയാക്കളും ഔലിയാക്കളും ശുഹദാക്കളും സ്വാലിഹുകളുമായ സദ്വൃത്തരായ അല്ലാഹുവിന്റെ ദാസന്മാര്‍ സ്വര്‍ഗം ആഗ്രഹിക്കുന്നവരും നരകത്തെ ഭയക്കുന്നവരുമാണ്.
സൂറതുസ്സജദയിലെ 15,16 വചനങ്ങളില്‍, തന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്ന ദാസന്മാര്‍ ആരാണെന്നും അവരുടെ മനോഭാവം എപ്രകാരമാണെന്നും അല്ലാഹു വിവരിക്കുന്നുണ്ട്:
''നമ്മുടെ സൂക്തങ്ങള്‍ കേള്‍പ്പിച്ച് ഉപദേശിക്കപ്പെടുമ്പോള്‍ സുജൂദില്‍ വീഴുന്നവരും തങ്ങളുടെ റബ്ബിന്റെ സ്തുതി പ്രകീര്‍ത്തിക്കുന്നവരും അഹങ്കരിക്കാത്തവരുമാണ് ആ സൂക്തങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരുടെ പാര്‍ശ്വങ്ങള്‍ നിദ്രാശയ്യകളില്‍ നിന്ന് അടര്‍ന്നുമാറുന്നു. ഭയത്തോടും പ്രതീക്ഷയോടും അവര്‍ റബ്ബിനോട് പ്രാര്‍ഥിക്കുന്നു. നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് അവര്‍ ദാനം നല്‍കുകയും ചെയ്യുന്നു.''
നിശാവേളകളില്‍ ജഡികസുഖങ്ങളാസ്വദിച്ച് വിഹരിക്കുന്നതിനു പകരം അവര്‍ തങ്ങളുടെ റബ്ബിന് ഇബാദത്ത് ചെയ്യുകയായിരിക്കും. ഭൗതികപൂജകരെപ്പോലെയോ സൂഫി ഉന്മാദം ബാധിച്ച വ്യാജന്മാരെപ്പോലെയോ പകല്‍സമയത്തെ ക്ലേശങ്ങളും പ്രയാസങ്ങളും ദൂരീകരിക്കാന്‍ നിശാവേളകളില്‍ പാട്ടും കൂത്തും മദ്യപാനവും മറ്റു വിനോദകേളികളും ആവശ്യമുള്ളവരല്ല ആ ഇഷ്ടദാസന്മാര്‍; അത്തരം കാര്യങ്ങളില്‍ അവര്‍ മുഴുകുകയുമില്ല.
പകല്‍ സമയം മുഴുവന്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ മുഴുകുകയും അതില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്വന്തം നാഥന്റെ സന്നിധിയില്‍ വന്നുനില്‍ക്കുകയുമാണ് അവരുടെ സ്വഭാവം. അവനെ ധ്യാനിച്ചുകൊണ്ട് അവര്‍ രാവുകള്‍ കഴിച്ചുകൂട്ടുന്നു. അവനോടുള്ള ഭയത്താല്‍, അവന്റെ കോപത്തിനും നരകശിക്ഷയ്ക്കും പാത്രമാകുമോ എന്ന് അവര്‍ ഭയപ്പെടുന്നു.
തങ്ങളുടെ പ്രതീക്ഷകളത്രയും അവര്‍ അവനില്‍ മാത്രം അര്‍പ്പിക്കുന്നു. അവന്റെ പ്രീതിയും സ്വര്‍ഗവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. 'അവരുടെ പാര്‍ശ്വങ്ങള്‍ ശയ്യകളില്‍നിന്ന് അടര്‍ന്നുമാറുന്നു' എന്നതിന്റെ താല്പര്യം അവര്‍ നിശാവേള മുഴുവന്‍ നിദ്രയില്‍ വിനിയോഗിക്കില്ല എന്നാണ്. രാത്രിയുടെ ഒരു ഭാഗം റബ്ബിനുള്ള ആരാധനയില്‍ ചെലവഴിക്കുന്നുവെന്ന് സാരം.
ഭയമോ പ്രതീക്ഷയോ ആശയോ ആശങ്കയോ ഇല്ലാത്ത മസ്താന്മാരല്ല അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍. ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ശരിയായ ബുദ്ധിയും ബോധവുമുള്ളവരാണവര്‍. ഇക്കാര്യം ഈ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാണ്.
സ്വര്‍ഗാവകാശികളായ ഈ ദാസന്മാര്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്തുപോകാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ല എന്നതും അവരുടെ സവിശേഷതയാണ്.
പരലോകത്തെ നരകമോചനവും സ്വര്‍ഗപ്രാപ്തിയുമാണ് ഭൗതികലോകത്തെ അവരുടെ ജീവിതലക്ഷ്യം. സ്വര്‍ഗത്തില്‍ കടന്നശേഷം, 'ഇതിനൊന്നും വേണ്ടിയല്ല നമ്മള്‍ ഭൗതികലോകത്ത് കര്‍മങ്ങള്‍ ചെയ്തത്; ഇതിലൊന്നും ഞങ്ങള്‍ക്ക് വലിയ കാര്യമില്ല; ഞങ്ങള്‍ ഇതിനകത്തുനിന്ന് പുറത്തുകടക്കാനാണ് ആഗ്രഹിക്കുന്നത്' എന്നതല്ല അവരുടെ മനോഭാവം; നേരെ തിരിച്ചാണ്.
വിശുദ്ധ ഖുര്‍ആന്‍ എത്രയോ സ്ഥലങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ ആശയം മനസ്സിലാക്കാന്‍ കഴിയാതെ വഴിപിഴച്ചുപോയവരാണ് സൂഫികള്‍! സൂറതുല്‍ കഹ്ഫില്‍ അല്ലാഹു പറയുന്നു:
''എന്നാല്‍, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും. അവരതില്‍ നിത്യവാസികളാകും. അവിടെ നിന്ന് എങ്ങോട്ടെങ്കിലും മാറിപ്പോകാന്‍ അവര്‍ കാംക്ഷിക്കുന്നതല്ല'' (107,108)
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും തിരുദര്‍ശനവുമാണ് സ്വര്‍ഗത്തിലെ ഏറ്റവും വലിയ ആസ്വാദനം. ഒരാളുടെയും മനോമുകുരത്തില്‍ ഇന്നേവരെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത മറ്റു പല ആസ്വാദനങ്ങളും അവിടെയുണ്ട്. 'ഞങ്ങള്‍ക്ക് നരകമായാലും കുഴപ്പമില്ല, സ്വര്‍ഗം വേണമെന്നില്ല; ഞങ്ങള്‍ക്ക് അല്ലാഹുവിനെ മാത്രം മതി' എന്ന് വാദിക്കുന്ന സൂഫികള്‍ക്ക് മാര്‍ഗഭ്രംശം സംഭവിച്ചിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിയുടെ ഇടം സ്വര്‍ഗവും ശാപത്തിന്റെ ഇടം നരകവുമാണ്. ശരീഅത്ത് പണ്ഡിതന്മാരെക്കാളും വലിയ ആത്മീയതയും പാണ്ഡിത്യവും നടിച്ച് സൂഫികള്‍ പരാജയപ്പെടുകയാണുണ്ടായത്.
സ്വര്‍ഗം ലഭിച്ചില്ലെങ്കിലും വേണ്ടതില്ല എന്ന് പറയുന്നതിന്റെ അര്‍ഥം അല്ലാഹുവിന്റെ തിരുദര്‍ശനം തനിക്ക് ആവശ്യമില്ല എന്നാണ്. നബി തിരുമേനി നമസ്‌കാരത്തിലും പുറത്തും അല്ലാഹുവിനോട് പ്രാര്‍ഥിച്ചതും സമുദായത്തെ പഠിപ്പിച്ചതുമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം നരകമോചനവും സ്വര്‍ഗപ്രാപ്തിയുമാണ്. പ്രവാചകന്‍(സ) പറയുന്നു:
وَمَوْضِعُ سَوْطِ أَحَدِكُمْ مِنَ الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا
''നിങ്ങളില്‍ ഒരാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു ചാട്ട വെക്കാനുള്ള സ്ഥലം ലഭിക്കുന്നത് ഈ ദുന്‍യാവിനെക്കാളും അതിലുള്ള സര്‍വ വസ്തുക്കളെക്കാളും ഉത്തമമാണ്'' (സ്വഹീഹുല്‍ ബുഖാരി 2892). പ്രവാചകനെക്കാള്‍ ഔന്നത്യം നടിക്കുന്നവന് ഈ മതത്തില്‍ യാതൊരു സ്ഥാനവുമില്ല.
ഈ സമുദായത്തിലെ ഒന്നാം തലമുറ പുണ്യറസൂലിന്റെ മഹത്തായ പരിശീലനത്തിലാണ് വളര്‍ന്നുവന്നത്. മേല്‍പ്പറഞ്ഞ സൂഫികള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച സലഫുകള്‍ക്ക് ശേഷമാണ് ഇത്തരം ജീര്‍ണതകളും മാരകരോഗങ്ങളും സമുദായത്തെ ഗ്രസിക്കുന്നത്.
മദീനാപള്ളിയിലെ അഹ്‌ലുസ്സുഫ്ഫയില്‍ അംഗവും നബിക്ക്(സ) വുദൂ വരുത്താന്‍ വെള്ളം നല്‍കി സേവിച്ചിരുന്ന സ്വഹാബിയായിരുന്നു റബീഅ് ഇബ്‌നു കഅ്ബ് അല്‍ അസ്ലമി(റ). പ്രിയപ്പെട്ട സേവകന് പ്രത്യുപകാരം ചെയ്യാന്‍ ആഗ്രഹിച്ച പ്രവാചകന്‍, തനിക്കാവശ്യമുള്ളതെന്തും ചോദിക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു.
സ്വന്തമായി വീടോ കുടുംബമോ ഉപജീവനമാര്‍ഗമോ ഇല്ലാത്ത വ്യക്തിയായിരുന്നിട്ടും വിവാഹം പോലെയുള്ള യാതൊരുവിധ ഭൗതികസുഖങ്ങളും ചോദിക്കാന്‍ റബീഅ് തയ്യാറായില്ല. ഭൗതികതാല്പര്യമുള്ള സാധാരണ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐഹികസൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, ശരിയായ ഇസ്ലാമിക ധാര്‍മിക ശിക്ഷണം ലഭിച്ച അദ്ദേഹം ഉന്നതമായ ലക്ഷ്യങ്ങളാണ് മനസ്സില്‍ സൂക്ഷിച്ചത്.
അല്ലാഹു അവന് ഏറ്റവും പ്രിയപ്പെട്ടവരെയാണ് കൂടുതല്‍ പരീക്ഷിക്കുന്നത്. പരീക്ഷണങ്ങളില്‍ അവര്‍ മികച്ച വിജയം നേടുകയും ചെയ്യും.
സ്വര്‍ഗത്തില്‍ പ്രവാചകനോടൊപ്പമുള്ള ശാശ്വത സഹവാസമാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇമാം മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിനെ (ഹ.നമ്പര്‍ 489) അടിസ്ഥാനമാക്കി പ്രവാചകനോട് നേരിട്ട് സ്വര്‍ഗം ചോദിക്കുന്നു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. അല്ലാഹു തന്നെ നരകത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അങ്ങ് ശുപാര്‍ശ ചെയ്യണം എന്നാണ് ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടിലുള്ളത് (ഹ.നമ്പര്‍ 16579).
ഈ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. കാരണം നരകമോചനത്തിന് അനിവാര്യമായി ലഭിക്കുന്നതാണല്ലോ സ്വര്‍ഗപ്രവേശം. പ്രവാചകനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. സാധിക്കാത്ത സംഗതികള്‍ പ്രവാചകന്‍ ഒരിക്കലും ഏറ്റെടുക്കുകയില്ല.
ശുപാര്‍ശ ചെയ്യല്‍ അവിടുത്തെ കഴിവില്‍പ്പെട്ട കാര്യമായതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ അത് ചോദിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. ഹദീസുകളിലെ പദങ്ങളില്‍ മാത്രം ശിര്‍ക്കിന് ന്യായീകരണം കണ്ടെത്തുന്ന ആധുനിക സൂഫികളുടെ വാദം തികച്ചും അര്‍ഥശൂന്യവും പാഴ്‌വേലയുമാണ്.
ഭൗതികമായി മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് പ്രവാചകന്‍ വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചിട്ടും റബീഅ് തന്റെ ആദ്യത്തെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി തീര്‍ച്ചയായും ശുപാര്‍ശ ചെയ്യാമെന്ന് ഉറപ്പുനല്‍കിയ പ്രവാചകന്‍ കൂടുതല്‍ സുജൂദ് ചെയ്തുകൊണ്ട് തന്നെ സഹായിക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു.
മറ്റൊരു സംഭവം ഇങ്ങനെ: ബദ്ര്‍ യുദ്ധവേളയില്‍ വിശപ്പടക്കാനായി ഈത്തപ്പഴം കയ്യില്‍ കരുതിയിരുന്ന ഉമൈര്‍ ഇബ്‌നുല്‍ ഹുമാം(റ) എന്ന അന്‍സ്വാരിയായ സ്വഹാബിയുടെ ചരിത്രം ഏറെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്ക് ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗം ലഭിക്കുമെന്ന നബിതിരുമേനിയുടെ പ്രഖ്യാപനം കേട്ട അദ്ദേഹം ആ സദ്‌വാര്‍ത്ത ചോദിച്ചുറപ്പിച്ചു.
'ഈ കാരയ്ക്ക തിന്നുതീരുന്നതുവരെയുള്ള ജീവിതം തീര്‍ത്തും ദീര്‍ഘിച്ച ജീവിതം തന്നെ' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, കയ്യിലുള്ള ഈത്തപ്പഴം താഴെയിട്ടു അദ്ദേഹം ശത്രുനിരയിലേക്ക് സന്തോഷപൂര്‍വം കുതിക്കുകയും അവിടെ ധീരമായി പോരാടി വീരമൃത്യു വരിക്കുകയും ചെയ്തു (സ്വഹീഹു മുസ്ലിം: 1901).
ഒരിക്കല്‍ പ്രവേശിച്ചാല്‍ പിന്നീട് പുറന്തള്ളപ്പെടാത്ത, ശാശ്വതവും അമൂല്യവുമായ ആ സ്വര്‍ഗവും അതിലെ ഉന്നത പദവികളും കേവലം വിശ്വാസിയാണെന്ന അവകാശവാദം കൊണ്ടുമാത്രം നിഷ്പ്രയാസം കരസ്ഥമാക്കാമെന്നത് തികഞ്ഞ അവിവേകമാണ്. അല്ലാഹു അമൂല്യമായ അനുഗ്രഹങ്ങള്‍ അത്ര നിസ്സാരമായി ആര്‍ക്കും നല്‍കുകയില്ല.
പരലോകത്തെ പദവികള്‍ നിര്‍ണയിക്കുന്നതിന് മുമ്പ് ഭൗതികലോകത്തുവെച്ചുതന്നെ അവന്‍ മനുഷ്യരെ വിവിധ പരീക്ഷണങ്ങളിലൂടെ വേര്‍തിരിച്ചറിയുന്നു. വിശ്വസിച്ചു എന്ന് അവകാശപ്പെടുന്നവരെപ്പോലും അല്ലാഹു കടുത്ത അഗ്‌നിപരീക്ഷകള്‍ക്ക് വിധേയരാക്കും.
സ്വര്‍ഗം എന്നത് ഒരൊറ്റ പദവിയല്ല; അതിന് നൂറ് പദവികളുണ്ടെന്നും ഓരോ പദവികള്‍ക്കുമിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ള അത്രയും വലിയ അന്തരമുണ്ടെന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അതിരറ്റ യുക്തിജ്ഞനാണ് (ഹകീം). അവന്റെ തീരുമാനങ്ങള്‍ ആ യുക്തിജ്ഞാനത്തിലധിഷ്ഠിതമായി മാത്രമേ നടക്കുകയുള്ളൂ.
വിശ്വസിച്ചു എന്ന് പറഞ്ഞതുകൊണ്ടുമാത്രം കടുത്ത പരീക്ഷണങ്ങളില്ലാതെ മനുഷ്യരെ വെറുതെ വിടുമെന്ന് ആരും ധരിക്കരുതെന്നും മുന്‍ഗാമികളെപ്പോലെ കഷ്ടപ്പാടുകളും കൊടിയ ദുരിതങ്ങളും അനുഭവിക്കാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അന്‍കബൂത് 2, അല്‍ബഖറ 214, ആലുഇംറാന്‍ 142).
മുര്‍ജിഉകള്‍ വ്യാമോഹിക്കുന്നതുപോലെ കേവലം ഹൃദയത്തിലുള്ള വിശ്വാസംകൊണ്ടോ വെറുതെ വിശ്വസിച്ചു എന്ന് പറയുന്നതുകൊണ്ടുമാത്രമോ സുഖമായി ഉറങ്ങാന്‍ കഴിയുന്ന ഒരു പൂമെത്തയല്ല ദീനിന്റെ മാര്‍ഗം.
ദീന്‍ അനുസരിച്ച് ജീവിക്കാനായി പരിശ്രമിക്കുകയും അതിന് പ്രതിബന്ധമാകുന്ന കാര്യങ്ങളെ തടയാന്‍ ശാരീരികവും മാനസികവുമായ മുഴുവന്‍ കഴിവുകളും വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസ പ്രഖ്യാപനത്തിന്റെ യഥാര്‍ഥ താത്പര്യം. അപ്രകാരം കര്‍മനിരതരാകുന്നവരാണ് ദീനിന്റെ യഥാര്‍ഥ വാഹകര്‍.
അവര്‍ക്കാണ് ഉന്നതമായ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്നത്. ഈ വലിയ പരീക്ഷണങ്ങളില്‍ വിജയികളും പരാജിതരുമുണ്ടാകും. ദരിദ്രരും പീഡിതരും മാത്രമാണ് വിജയിക്കുകയെന്നോ വലിയ സമ്പത്തും അധികാരമുള്ളവരും പരാജിതരാകുമെന്നോ കരുതുന്നത് അബദ്ധമാണ്. പ്രതിസന്ധികളെ അതിജീവിച്ചു വിജയം വരിക്കുന്ന സമ്പന്നരുണ്ടാകാം.
അക്രമികളുടെ ഉപരോധത്തിലും കടുത്ത വിപത്തുകളിലും പെട്ടു ദയനീയമായി പരാജയപ്പെടുന്നവരുമുണ്ടാകാം. അതുപോലെ, യുദ്ധഭൂമിയില്‍ ശത്രുക്കളോട് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന എല്ലാവരും വിജയികളാകണമെന്നുമില്ല. ഖൈബര്‍ യുദ്ധത്തില്‍ മുസ്ലിം പക്ഷത്തുനിന്ന് ധീരമായി പോരാടി മരിച്ച ഒരാള്‍ പരാജിതനാണെന്ന് നബി(സ) അറിയിച്ചത് സ്വഹീഹുല്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.
അല്ലാഹു അവന് ഏറ്റവും പ്രിയപ്പെട്ടവരെയാണ് കൂടുതല്‍ പരീക്ഷിക്കുന്നത്. പരീക്ഷണങ്ങളില്‍ അവര്‍ മികച്ച വിജയം നേടുകയും ചെയ്യും. ഭൂലോകത്ത് മുഹമ്മദ് നബിയെയും തുടര്‍ന്ന് ഇബ്റാഹീം, മൂസാ നബി(അ)മാരെയുമാണ് അല്ലാഹു ഏറ്റവുമധികം പരീക്ഷിച്ചത്. പരലോകത്ത് അവര്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളും ഈ ക്രമത്തില്‍ത്തന്നെയാണ്.
