അവ്യക്തതക്ക് സാധ്യതയുള്ള വാക്യങ്ങളുടെ പൂര്‍ണമായ അര്‍ഥവും ഉദ്ദേശ്യവും നിര്‍ണയിക്കാന്‍ എത്രകണ്ട് പരിശ്രമിക്കുന്നുവോ അത്രകണ്ട് ആശയക്കുഴപ്പങ്ങളും വ്യാഖ്യാനസാധ്യതകളും വര്‍ധിക്കുകയേ ഉള്ളൂ.
'മുതശാബിഹാത്ത്' എന്നാല്‍ അര്‍ഥനിര്‍ണയത്തില്‍ അവ്യക്തതക്ക് സാധ്യതയുള്ള വാക്യങ്ങളാണ്. അത്തരം വാക്യങ്ങളുടെ പൂര്‍ണമായ അര്‍ഥവും ഉദ്ദേശ്യവും നിര്‍ണയിക്കാന്‍ എത്രകണ്ട് പരിശ്രമിക്കുന്നുവോ അത്രകണ്ട് ആശയക്കുഴപ്പങ്ങളും വ്യാഖ്യാനസാധ്യതകളും വര്‍ധിക്കുകയേ ഉള്ളൂ. എന്നല്ല, യാഥാര്‍ഥ്യത്തോട് അടുക്കുന്നതിന് പകരം മനുഷ്യന്‍ അതില്‍ നിന്ന് കൂടുതല്‍ അകന്നു പോവുകയും ചെയ്യും.
അതിനാല്‍, അനാവശ്യങ്ങളില്‍ തല്പരരല്ലാത്ത സത്യാന്വേഷികള്‍ 'മുതശാബിഹാത്ത്' എന്നത് ഹൃദയത്തില്‍ ഈമാനിക വെളിച്ചമുള്ളവനെയും രോഗമുള്ളവനെയും വേര്‍തിരിച്ചറിയാനുള്ള അല്ലാഹുവിന്റെ ഒരു പരീക്ഷണമാണെന്ന് മനസ്സിലാക്കുകയും, 'മുതശാബിഹാത്ത്' വഴി ലഭിക്കുന്ന യാഥാര്‍ഥ്യത്തിന്റെ മങ്ങിയ ചിത്രം കൊണ്ട് തൃപ്തിയടയുകയും, കാര്യനിര്‍വഹണത്തിന് അത്രയും മതിയെന്ന് മനസ്സിലാക്കി, തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും 'മുഹ്കമാത്തി'ല്‍ കേന്ദ്രീകരിക്കുകയും ചെയ്യും.
വിശുദ്ധഖുര്‍ആന്‍ വചനങ്ങളില്‍ മുതശാബിഹാത്തുമുണ്ടെന്ന് പറഞ്ഞ തൊട്ടുടനെ സത്യവിശ്വാസികളുടെ ഒരു പ്രാര്‍ഥനയാണ് അല്ലാഹു ഉദ്ധരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയവും ചിന്തനീയവുമാണ്. അതിപ്രകാരം: (സൂറഃ ആലുഇംറാന്‍: 8).
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
''അവര്‍ -അഗാധജ്ഞാനികള്‍- അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: നാഥാ, നീ ഞങ്ങളെ സന്മാര്‍ഗത്തിലേക്കു നയിച്ചല്ലോ; ഇനി ഞങ്ങളുടെ മനസ്സുകളെ വക്രമാക്കരുതേ, നിന്റെ ഔദാര്യത്തിന്റെ ഖജനാവില്‍നിന്നു ഞങ്ങള്‍ക്ക് കാരുണ്യം ചൊരിയേണമേ, നീ തന്നെയാണല്ലോ സാക്ഷാല്‍ അത്യുദാരന്‍''.
പുകപടലങ്ങള്‍ -മുതശാബിഹാത്ത്- ഒരു കാരണമായി കണ്ട് സന്മാര്‍ഗത്തിന്റെ വെളിച്ചം തീരെ സ്വീകരിക്കാത്തവര്‍ ഉണ്ടെന്നതു പോലെതന്നെ, ലഭിച്ചു കഴിഞ്ഞ വെളിച്ചം പുകപടലങ്ങള്‍ -മുതശാബിഹാത്ത്- കാരണം പലര്‍ക്കും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നല്‍കിയ വെളിച്ചം അവന്‍ തന്നെയാണ് നിലനിര്‍ത്തിത്തരേണ്ടതും. അവന്റെ കരുണാകടാക്ഷമില്ലാതെ വന്നാല്‍ ആ വെളിച്ചം കൈമോശം വന്നുപോകാന്‍ ഈ മുതശാബിഹാത്ത് തന്നെ ധാരാളം.

ഈ തിരിച്ചറിവ് വിവേകിയായ വിശ്വാസിക്ക് എപ്പോഴുമുണ്ടാവും. അതില്‍ നിന്നാണ് ഇങ്ങനെയൊരു പ്രാര്‍ഥന ഉത്ഭൂതമാവുന്നത്. എന്നാല്‍, അനാവശ്യങ്ങളില്‍ തല്പരരായ വക്രബുദ്ധികളാവട്ടെ, തങ്ങളുടെ ശ്രദ്ധയും സമയവും 'മുതശാബിഹാത്തി'ല്‍ ഗവേഷണം നടത്താന്‍ ചെലവഴിച്ച് സ്വയം നാശത്തിന്റെ വഴി തെരഞ്ഞെടുക്കും.
വിശുദ്ധ ഖുര്‍ആനിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാത്തവരാണ് ഈ മനുഷ്യര്‍. അഥവാ, അത് ദൈവിക ഗ്രന്ഥമാണെന്ന ഖുര്‍ആനിന്റെ വാദത്തെ അവര്‍ക്ക് ഖണ്ഡിക്കാന്‍ കഴിഞ്ഞില്ല. പിന്നെ, എങ്ങനെയാണ് ഖുര്‍ആനിക സൂക്തങ്ങളില്‍ അല്പം ചിലതിന്റെ സമ്പൂര്‍ണാശയം മനസ്സിലാവുന്നില്ല എന്ന കാരണം പറഞ്ഞ് അവര്‍ ഈ ഗ്രന്ഥത്തെ തള്ളിക്കളയുന്നത്!
മുതശാബിഹിന് ചില ഉദാഹരണങ്ങള്‍
മുതശാബിഹിന് ഒരുദാഹരണം കാണാം. നരകവുമായി ബന്ധപ്പെട്ട് സൂറഃ അല്‍മുദ്ദസ്സിറില്‍ അല്ലാഹു പറയുന്നു:
عَلَيْهَا تِسْعَةَ عَشَرَ
''പത്തൊമ്പത് പേര്‍ അതിന്മേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.''
നരകം എന്നതും അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സുവ്യക്തമായ യാഥാര്‍ഥ്യങ്ങളാണ്. അത് അസന്ദിഗ്ധമായി, സ്വഛന്ദപ്രകൃതരായ, വക്രമനസ്‌കരല്ലാത്ത ആര്‍ക്കും മനസ്സിലാവും വിധം ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, 'പത്തൊമ്പത് പേര്‍ അതിന്മേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞതില്‍ ചില അവ്യക്തതകളുണ്ട്. പക്ഷേ, ആ അവ്യക്തത ഒരിക്കലും നരകത്തെ നിഷേധിക്കാന്‍ ന്യായമാവുന്നില്ല.
എന്നാല്‍, വക്രബുദ്ധികള്‍ക്ക് അതൊരു വലിയ പരീ ക്ഷണം തന്നെയാണ്. അവര്‍ അതിന്റെ പിന്നാലെ കൂടി സത്യനിഷേധികളാവും. അതാണ് പ്രസ്തുത സൂക്തത്തിന്റെ തൊട്ടുശേഷമുള്ള സൂക്തത്തില്‍ അല്ലാഹു പറയുന്നത്:
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةًۭ ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةًۭ لِّلَّذِينَ كَفَرُوا۟
''നാം ഇങ്ങനെ നരകത്തിന്റെ കാവല്‍ക്കാരാക്കിയിട്ടുള്ളത് മലക്കുകളെയാകുന്നു. അവരുടെ ഈ എണ്ണം നിഷേധികള്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നു''.
മുതശാബിഹിന് മറ്റൊരുദാഹരണം, സ്വര്‍ഗീയാനുഭൂതികളെ കുറിച്ച സൂറഃ അല്‍ബഖറഃയിലെ പരാമര്‍ശമാണ്. ഈ സ്വര്‍ഗീയഫലങ്ങള്‍ അല്ലാഹു നമ്മെ മുമ്പ് -ഭൗതികലോകത്ത്വെച്ച്- ആസ്വദിപ്പിച്ചതാണല്ലോ എന്ന് സ്വര്‍ഗസ്ഥരായ ആളുകള്‍ പറയുമത്രെ. എന്നാല്‍, യാഥാര്‍ഥ്യം അതു തന്നെയാണ് ഇത് എന്നല്ല, പ്രത്യുത, അതിന് സമാനമായ മറ്റൊന്നാണ് ഇത് എന്നാണ്. ഏകദേശം അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഭൗതികലോകത്ത് വെച്ച് അവര്‍ക്ക് ഉപമകളിലൂടെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തതായിരുന്നു. തീരെ മനസ്സിലാക്കി കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ.
ഇവിടെ ഖുര്‍ആന്‍വചനം ഇങ്ങനെയാണ്: قالوا هذا الذي رزقنا من قبل وأتوا به متشابها
''അവര്‍ പറയും: ഇത് നമുക്ക് മുമ്പ് ഭക്ഷിപ്പിക്കപ്പെട്ട അത് തന്നെയാണല്ലൊ, എന്നാല്‍, (കാര്യം അങ്ങനെയല്ല) ഇത് പോലുള്ള ഒന്നായിരുന്നു അവര്‍ക്ക് മുമ്പ് നല്‍കപ്പെട്ടിരുന്നത്.''
ഇവിടെ അല്ലാഹു 'തശ്ബീഹ്' -സമീകരണം- നടത്തിയത് കണ്ടല്ലോ. ഇപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളും പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രസ്താവനകളും. ('ഏകദേശ യോജിപ്പുണ്ട്' എന്ന് പറയുന്ന അഹ്ലുസ്സുന്നയെ ജഡവാദികളാണ് (മുജസ്സിമുകള്‍) എന്നാരോപിക്കുന്ന അശ്അരീ കലാമികള്‍ക്ക് വ്യക്തമായ ഖണ്ഡനമാണ് ഈ സൂക്തമെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുകയാണ്).
എന്നാല്‍, ഇവിടെ സത്യനിഷേധികള്‍ പരീക്ഷണത്തിന്റെ 'കെണി'യില്‍ വീഴുമെന്നാണ് തൊട്ടുശേഷമുള്ള സൂക്തത്തില്‍ (അല്‍ബഖറഃ 26) അല്ലാഹു പറയുന്നത്:
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۘ يُضِلُّ بِهِۦ كَثِيرًۭا وَيَهْدِى بِهِۦ كَثِيرًۭا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ
''കൊതുകിനെയോ അതിനെക്കാള്‍ നിസ്സാര വസ്തുക്കളെയോ ഉപമയാക്കാന്‍ അല്ലാഹു ഒട്ടും ലജ്ജിക്കുന്നില്ല. സത്യം അംഗീകരിക്കുന്നവരാകട്ടെ, ആ ഉപമക ള്‍ കണ്ട്, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള സത്യമെന്നറിയുന്നു. നിഷേധികളോ, അവ കേള്‍ക്കുമ്പോള്‍ പറയുന്നത്, 'ഇത്തരം ഉപമകള്‍ കൊണ്ട് അല്ലാഹുവിനെന്ത് കാര്യം?' എന്നത്രെ. ഇവ്വിധം ഒരേ ഉപമയിലൂടെത്തന്നെ അല്ലാഹു പെരുത്തു പേരെ വഴികേടിലാക്കുകയും പെരുത്തു പേരെ നേര്‍വഴിയിലേക്ക് നയി ക്കുകയും ചെയ്യുന്നു.''
വിശുദ്ധവേദത്തില്‍ മുഹ്കമും മുതശാബിഹും ഉള്ളത് പോലെ പ്രാപഞ്ചിക പ്രതിഭാസങ്ങളിലും അല്ലാഹുവിന്റെ നടപടിക്രമങ്ങളിലും അത് രണ്ടിനോടും സമാനമായതുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. അഗാധജ്ഞാനികളും വക്രമനസ്‌കരും ഇവിടെയും നിലപാടുകളില്‍ വേര്‍തിരിഞ്ഞ് നില്‍ക്കും.
ഉഹ്ദ് യുദ്ധാനന്തരമാണ് ആലുഇംറാനിലെ ഈ ഏഴാം സൂക്തം അവതരിപ്പിക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്. കാരണം, ഉഹ്ദ് യുദ്ധമെന്നത് ബദ്ര്‍ യുദ്ധത്തില്‍ നിന്ന് ഭിന്നമായി സംശയരോഗികള്‍ക്ക് പിടിവള്ളി നല്‍കുന്നതാണല്ലോ. ബദ്ര്‍ യുദ്ധം ശരിക്കും സത്യാസത്യങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന ഒരു ഉരക്കല്ലായി (ഫുര്‍ഖാന്‍) പൊതുവെ എല്ലാവര്‍ക്കും അനുഭവപ്പെട്ടതാണ്.

ആള്‍ക്കൂട്ടവും ആയുധബലവുമില്ലാതെ ശക്തന്മാരായ സത്യനിഷേധികളെ സൈനികമായി തോല്പിക്കലിലൂടെ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തമായാണ് ബദ്ര്‍ വിജയം പ്രകടമായത്. അവിശ്വാസികള്‍ക്കുമേല്‍ അതൊരു ന്യായപ്രമാണം തന്നെ. എന്നാല്‍, ഉഹ്ദില്‍ 'പ്രത്യക്ഷത്തില്‍' സത്യത്തിന് മേല്‍ അസത്യം വിജയിക്കുന്നതായാണ് പലര്‍ക്കും തോന്നിയത്.
ഒരു യുദ്ധത്തിലെ വിജയപരാജയങ്ങള്‍ക്ക് നിദാനമാകുന്നത് ആസൂത്രണ മികവും ആള്‍ബലവും ആയുധ ശേഷിയും ഭൗതിക സന്നാഹങ്ങളും തന്നെയാണെന്നും, അതില്‍ ദൈവത്തിന് ഒരു പ്രത്യേക ഇടപെടലില്ലെന്നും, ദൈവികദൃഷ്ടാന്തങ്ങള്‍ എന്നൊക്കെ പറയുന്നത് വെറും അന്ധവിശ്വാസവും കെട്ടുകഥയുമാണെന്നുമുള്ള സത്യനിഷേധികളുടെയും ഭൗതികവാദികളുടെയും ജല്പനങ്ങള്‍ ശരിയാണ് എന്ന ഒരു തോന്നല്‍ പലയിടങ്ങളിലും രൂപപ്പെട്ടു.
പകല്‍വെട്ടം പോലുള്ള ബദ്ര്‍ വിജയത്തിന് ഉഹ്ദ് 'പരാജയം' എന്ന പുകപടലങ്ങള്‍ക്കിടയില്‍ മങ്ങലേറ്റു. ബദ്ര്‍ അപ്രസക്തമായി, ഉഹ്ദായി മാനദണ്ഡം എന്നൊക്കെ ചിലര്‍ മനസ്സിലാക്കി. (സത്യത്തില്‍ ഉഹ്ദിലും മുസ്ലിംകള്‍ പരാജയപ്പെട്ടിട്ടില്ല. എന്നല്ല, ഉഹ്ദില്‍ ലഭിച്ചത് പോലെ ഒരു ദൈവസഹായം പ്രവാചകന് മറ്റൊരു സ്ഥലത്തും ലഭിച്ചിട്ടില്ലെന്ന് ഖുര്‍ആന്റെ വെളിച്ചത്തില്‍ ഇബ്‌നുഅബ്ബാസ് പറഞ്ഞതായി ഇമാംഅഹ്മദ് മുസ്‌നദില്‍ സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്).
എന്നാല്‍, വളരെ അപകടകരമായ ഈ ചതിക്കുഴിയെ ഇവിടെവെച്ച് തന്നെ പരിചയപ്പെടുത്തുകയാണ് ഈ സൂക്താവതരണത്തിലൂടെ അല്ലാഹു. ഈ ചതിക്കുഴി ജീവിതവഴിയില്‍ പലയിടത്തും ഇനിയും ആവര്‍ത്തിച്ച് കാണാവുന്നതാണല്ലോ.
വേദത്തിലെ സംശയമാണോ കാരണം?
ഏതാനുംചില ദൈവികവചനങ്ങളിലെ അവ്യക്തതകള്‍ തന്നെയാണോ യഥാര്‍ഥത്തില്‍ ഇവരുടെ സന്മാര്‍ഗലബ്ധിക്കു മുമ്പില്‍ തടസ്സമാവുന്നത്? അതോ, അവര്‍ പിഴച്ചുപോവാനുള്ള യഥാര്‍ഥ കാരണം അവരുടെ ഹൃദയത്തില്‍ അടയിരിക്കുന്ന ഭൗതികഭ്രമമാണോ, മുതശാബിഹാത്തിനെ അവര്‍ ഒരു മറയായി ഉപയോഗിക്കുകയാണോ?
യഥാര്‍ഥ കാരണം ഭൗതികഭ്രമം തന്നെ. സമ്പത്തിനോടും സന്താനങ്ങളോടും അധികാരത്തോടുമുള്ള കൊതിയും ആര്‍ത്തിയും. പ്രവാചകനെ പിന്തുടരല്‍ വഴി അതെല്ലാം നഷ്ടപ്പെട്ടു പോവുമെന്ന ഭീതി തന്നെയാണ് ഇവരുടെ സന്മാര്‍ഗലബ്ധിക്കു തടസ്സമായത്. അല്ലാതെ വേദവചനങ്ങളിലെ സംശയങ്ങളല്ല. വിശുദ്ധഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നും, അത് തീര്‍ത്തും സത്യസന്ധമാണെന്നും അറിയുന്നവരാണ് സത്യനിഷേധികള്‍. എന്നല്ല, പല മുസ്ലിംകളേക്കാളും അക്കാര്യം നന്നായറിയുന്നവര്‍ കാഫിറുകളായിരിക്കും എന്നതാണ് വാസ്തവം!
അല്ലാഹു നല്‍കിയ വെളിച്ചം അവന്‍ തന്നെയാണ് നിലനിര്‍ത്തിത്തരേണ്ടത്. അവന്റെ കരുണാകടാക്ഷമില്ലാതെ വന്നാല്‍ ആ വെളിച്ചം കൈമോശം വന്നുപോകാന്‍ ഈ മുതശാബിഹാത്ത് തന്നെ ധാരാളം.
വളരെ നീചമാണ് എന്ന് അവര്‍ക്ക് തന്നെ അറിയുന്ന ഈ വസ്തുത മറ്റാര്‍ക്കും മനസ്സിലായിപ്പോവുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അതിനാല്‍, ഭൗതികതയോടുള്ള കടുത്ത അനുരാഗവും പ്രണയവുമെന്ന ന്യൂനത മാന്യമായി ഒളിപ്പിച്ചുവെക്കാന്‍ പറ്റിയ ഇടമാണ് സന്ദിഗ്ധ സൂക്തങ്ങള്‍. അവ്യക്തമായ ചില ആശയങ്ങളുള്‍ക്കൊള്ളുന്നതിനാല്‍ ഞങ്ങള്‍ വേദത്തില്‍ വിശ്വസിക്കാതിരിക്കുന്നത് തീര്‍ത്തും ന്യായമാണെന്ന് വരുത്തിത്തീര്‍ക്കല്‍ മാത്രമാണ് അവരുടെ ലക്ഷ്യം. പൊതുവെ എല്ലാ കുബുദ്ധികളിലും കണ്ടുവരുന്നൊരു പ്രവണത.
എന്നാല്‍ ഏതൊരു ഭൗതിക സുഖാനുഭൂതികളുടെ നഷ്ടം ഭയന്നാണോ അവര്‍ സത്യനിഷേധം തെരഞ്ഞെടുത്തത്, ആ ഭൗതികതയൊന്നും അവര്‍ക്ക് ഒരുപകാരവും ചെയ്യുന്നതല്ല. അത്തരം സുഖങ്ങളെയൊക്കെ ബലികഴിച്ചും സമ്പാദിക്കാന്‍ മാത്രം എത്രയോ ഉന്നതമാണ് പരലോകവിജയവും സുഖലോകസ്വര്‍ഗവും. ഈ ക്ഷണികമായ ഭൗതികവിഭവങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കാള്‍ എത്രയോ ഭയാനകവും കഠിന കഠോരവുമായതാണ് നരകശിക്ഷ.

ശ്രദ്ധേയമായ ഈകാര്യം അല്ലാഹു സൂറഃ ആലുഇംറാനിലെ നേരത്തെ ഉദ്ധരിച്ച സൂക്തത്തിന് ശേഷം രണ്ട് സൂക്തങ്ങള്‍ കഴിഞ്ഞ് പ്രസ്താവിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിന്റെ സമര്‍ഥന മികവിനും ആശയ പ്രകാശനസൗന്ദര്യത്തിനും സാഹിത്യ മേല്‍ക്കോയ്മക്കും മികച്ച ഉദാഹരണമാണ്:
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ
''സത്യനിഷേധികളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെതിരെ അവര്‍ക്ക് ഒരുപകാരവും ചെയ്യാന്‍ പോകുന്നില്ല. നിശ്ചയം, അവര്‍ നരകത്തിന്റെ ഇന്ധനമായിത്തീരുന്നതാണ്.''
അഹ്ലുസ്സുന്നയുടെ പുറത്തുള്ളവരൊക്കെ അസന്ദിഗ്ധ സൂക്തങ്ങളെ അവഗണിച്ച് സന്ദിഗ്ധാശയങ്ങളുടെ പിറകെക്കൂടി പിഴച്ചുപോയവരാണ്. യഥാര്‍ഥത്തില്‍ അവരുടെ രോഗവും വക്രമനസ്‌കതയും ഭൗതികഭ്രമവുമാണ്, അല്ലാതെ പ്രമാണങ്ങളിലെ സംശയമല്ല. എങ്കിലും, അവര്‍ അടിസ്ഥാനപരമായി മുസ്ലിംകളായതിനാല്‍ അമുസ്ലിംകളെ കാണുന്നത് പോലെ നിരുപാധികം നമുക്ക് അവരെ കാണാന്‍ പാടില്ലെന്ന് മാത്രം.
പ്രവാചകതിരുമേനിയുടെ പ്രിയപത്‌നിമാരും മുഹാജിറുകളും അന്‍സ്വാറുകളും അവരെ പിന്തുടര്‍ന്നു വന്ന സഹചാരികളുമെല്ലാം സച്ചരിതരും സത്യസന്ധരും മഹത്വമുടയവരുമാണെന്ന കാര്യം നിരവധി ഖുര്‍ആന്‍, ഹദീഥ് വചനങ്ങള്‍ കൊണ്ട് ഖണ്ഡിതമായി സ്ഥിരീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ്.
എന്നാല്‍, ഈ വചനങ്ങളെയൊക്കെ തള്ളിക്കളഞ്ഞ്, അവയുടെ മഹത്വത്തില്‍ സംശയമുണ്ടാക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ചില കഥകളുടെയും സംഭവങ്ങളുടെയും - അവയധികവും ഇസ്ലാം വിരോധികള്‍ നിര്‍മിച്ചുണ്ടാക്കിയ കഥകളാണ്- നിജസ്ഥിതി അന്വേഷിച്ച് നടക്കല്‍ മാത്രം തൊഴിലാക്കിയ ഒരു വിഭാഗമാണ് ശിആക്കള്‍. അവര്‍ കുരുട്ടുബുദ്ധി കാരണം വഴി തെറ്റിപ്പോയി. പലരും തനിച്ച കുഫ്‌റിലേക്ക് മുഖം കുത്തിവീണു.
തൗഹീദിന്റെ അനിവാര്യതയും ശിര്‍ക്കിന്റെ സമ്പൂര്‍ണ നിരാകരണവും സംശയലേശമന്യെ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍, ശിര്‍ക്കന്‍ ആചാരങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ കറങ്ങി നടക്കുന്നവര്‍ക്ക് തപ്പിയെടുത്ത് കൊണ്ടുവരാന്‍ പുല്‍ക്കൊടികള്‍ കിട്ടില്ലെന്നാണോ?! 'ആ ഇമാം ഈ കിത്താബില്‍ എത്ര വ്യക്തമായാണ് പറഞ്ഞത്', 'ആ മഹാപണ്ഡിതന്‍ ഈ മഹാപണ്ഡിതന്റെ ഇന്ന സാധനം കൊണ്ട് ബറക്കത്ത് എടുത്തില്ലേ', 'അവരൊക്കെ പിഴച്ച് പോയവരാണെന്ന് പറയുന്നത് എത്ര അബദ്ധമാണ്'! ഈ വകയായിരിക്കും അവന്മാരുടെ 'പ്രമാണങ്ങള്‍'. അല്ലാഹുവിനും റസൂലിനും അബദ്ധം പറ്റി എന്ന് വന്നാലും പ്രശ്‌നമില്ല, ഇന്ന ഇമാമിന് തെറ്റ് പറ്റി എന്ന് പറയുന്നതാണ് ഇവരുടെ ദൃഷ്ടിയില്‍ ഏറ്റവും വലിയ ദുരന്തം, മാപ്പര്‍ഹിക്കാത്ത പാതകം!