കണ്ണേറോ അസൂയക്കണ്ണോ? അത് സംഭവിക്കുക എങ്ങനെയാണ്!


ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതിന് വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും തള്ളിക്കളയേണ്ടതാണ്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചുവെച്ചതാണ്.

നാം അല്ലാഹുവോട് രക്ഷ തേടാറുള്ളതും അല്ലാഹുവും റസൂലും കല്‍പിച്ചതും കണ്ണേറില്‍ നിന്നു രക്ഷ തേടാനോ അതോ അസൂയക്കണ്ണില്‍ നിന്നു രക്ഷ തേടാനോ? ഖുര്‍ആനും സുന്നത്തും പറയുന്നത് അസൂയക്കണ്ണില്‍ നിന്നു രക്ഷ തേടാനാണ്. 'കണ്ണേറ്' എന്നു പറയുന്നത് 'കണ്ണുകടി' എന്നു പറഞ്ഞുവരുന്നതുപോലുള്ള ഒരു പ്രയോഗമാണ്. ഏതോ ഒരു മഹാന്‍ കണ്ണേറ് എന്നു പ്രയോഗിക്കുകയും പിന്നീട് അതെല്ലാവരും സ്വീകരിക്കുകയും ചെയ്തു എന്നതാണ് വസ്തുത.

കണ്ണേറ് എന്ന പ്രയോഗം ഖുര്‍ആനിനും സുന്നത്തിനും തൗഹീദിനും വിരുദ്ധമാണ്. കാരണങ്ങള്‍: കണ്ണുകള്‍ കൊണ്ട് എറിയാന്‍ കഴിയില്ല. രണ്ടാമതായി, കണ്ണേറു സംഭവിക്കുന്നത് എങ്ങനെയെന്ന് ഒരാള്‍ക്കും വിശദീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. അത് തീര്‍ത്തും അദൃശ്യമായ നിലയില്‍ സംഭവിക്കുന്നതാണ്.

അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്തിവെക്കാനും അവ ഇല്ലായ്മ ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ. അപ്പോള്‍ അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ സൃഷ്ടികള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണ്.

അല്ലാഹു അരുളി: ''അല്ലാഹു താങ്കള്‍ക്ക് ഒരു ദുരിതം വരുത്തിവെച്ചാല്‍ അത് നീക്കം ചെയ്യാന്‍ അവനല്ലാതെ ഒരു ശക്തിയുമില്ല. മറിച്ച്, അവന്‍ താങ്കള്‍ക്ക് ഒരു നന്മ ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹത്തെ തടുക്കുന്ന ഒരു ശക്തിയുമില്ല'' (യൂനുസ് 107).

മേല്‍ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി: ''തീര്‍ച്ചയായും (അദൃശ്യമായ നിലയില്‍) നന്മയും തിന്മയും ഉപകാരവും ഉപദ്രവവും വരുത്തിവെക്കുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന്‍ ഒരുവനാകുന്നു. അവന്റെ കര്‍മത്തില്‍ യാതൊരാള്‍ക്കും യാതൊരു പങ്കുമില്ല. അവനാണ് ആരാധനയ്ക്ക് അര്‍ഹന്‍. അവന് ഒരു പങ്കുകാരനുമില്ല'' (ഇബ്‌നു കസീര്‍ 2:434).

നബി പഠിപ്പിച്ചു: ''അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞതിനെ നല്‍കുന്ന ഒരു ശക്തിയുമില്ല'' (ബുഖാരി, മുസ്‌ലിം). മറിച്ച്, അല്ലാഹുവോട് നാം കാവലിനെ തേടുന്ന അസൂയക്കണ്ണ് അപ്രകാരമല്ല. കണ്ണേറും അസൂയക്കണ്ണും തമ്മില്‍ അജഗജാന്തരമുണ്ട്.

കണ്ണേറ് തീര്‍ത്തും അഭൗതികമാണെങ്കില്‍ അസൂയക്കണ്ണ് തീര്‍ത്തും ഭൗതികമാണ്. അസൂയാലു തന്റെ എതിരാളിയെ ദ്രോഹിക്കാന്‍ വേണ്ടി പലവിധ ശ്രമങ്ങളും നടത്തും. രാത്രിയുടെ ഇരുളില്‍ അവന്റെ സമ്പത്ത് നശിപ്പിക്കാന്‍ ശ്രമം നടത്തും. ക്വട്ടേഷനെ നിയോഗിച്ച് അവനെ ആക്രമിച്ചെന്നു വരും.

പൊലീസുകാരെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് അവന്റെ മേല്‍ കേസ് ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടത്തി എന്നുവരും. ഇത്തരം അസൂയാലുക്കളുടെ ശര്‍റില്‍ നിന്നാണ് നാം അല്ലാഹുവോട് രക്ഷ തേടുന്നത്.

അസൂയാലു തന്റെ എതിരാളിയെ അസൂയ നിറഞ്ഞ കണ്ണുകളോടെ, അവനെ ഭയപ്പെടുത്തുന്ന രീതിയില്‍ നോക്കും. അല്ലാഹു അരുളി: ''സത്യനിഷേധികളില്‍ ഉദ്‌ബോധനം (ഖുര്‍ആന്‍) കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നോക്കിയിട്ട് താങ്കള്‍ ഇടറിവീഴുമാറാക്കുക തന്നെ ചെയ്യും'' (ഖലം 51).

മേല്‍ വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി: ''താങ്കളോടുള്ള കോപം കാരണം അവര്‍ താങ്കളോട് അസൂയ കാണിക്കുന്നു'' (ബുഖാരി, മുസ്‌ലിം, ഇബ്‌നു കസീര്‍ 4:409). മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ''അസൂയാലു അസൂയ കാണിക്കുമ്പോള്‍ (അതിന്റെ ശര്‍റില്‍ നിന്ന് നിന്നോട്) ഞാന്‍ രക്ഷ തേടുന്നു'' (ഫലഖ് 5).

ഈ വചനങ്ങളില്‍ കണ്ണേറ് എന്ന പ്രയോഗം കാണാനേ സാധ്യമല്ല. നബി(സ)ക്കു വേണ്ടി ജിബ്‌രീല്‍ എന്ന മലക്ക് അല്ലാഹുവോട് ശരണം തേടിയത് ഇപ്രകാരമാണ്: ''അല്ലാഹുവിന്റെ നാമത്തില്‍ താങ്കള്‍ക്കു വേണ്ടി ഞാന്‍ മന്ത്രപ്രാര്‍ഥന നടത്തുന്നു. താങ്കളെ ദ്രോഹിക്കുന്ന എല്ലാ വസ്തുക്കളില്‍ നിന്നും അസൂയാലുവിന്റെ അസൂയക്കണ്ണില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനെ തേടുന്നു'' (മുസ്‌ലിം).

മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ''നിങ്ങളുടെ എല്ലാ രോഗങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹു സുഖപ്പെടുത്തട്ടെ. എല്ലാ അസൂയാലുക്കളുടെ ശര്‍റില്‍ നിന്നും അല്ലാഹു താങ്കള്‍ക്ക് രക്ഷ നല്‍കട്ടെ'' (മുസ്‌ലിം).

വേറൊരു പ്രാര്‍ഥന ഇപ്രകാരമാണ്: ''അല്ലാഹുവിന്റെ സമ്പൂര്‍ണമായ വചനങ്ങള്‍ കൊണ്ട് എല്ലാ പിശാചുക്കളില്‍ നിന്നും വിഷജന്തുക്കളില്‍ നിന്നും എല്ലാ ആക്ഷേപാര്‍ഹമായ (അസൂയ) കണ്ണുകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു'' (ബുഖാരി 3371).

അപ്പോള്‍ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും കണ്ണേറ് എന്ന പ്രയോഗമേയില്ല. പക്ഷേ ചില ഹദീസുകള്‍ കണ്ണേറായി ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട് എന്നതാണ് വസ്തുത. അസൂയ കണ്ണിനെക്കുറിച്ച് ഏതാനും സഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്.

എന്താണ് അസൂയക്കണ്ണ്? ''അസൂയാലു അസൂയ കാണിക്കുമ്പോള്‍ അതിന്റെ ശര്‍റില്‍ നിന്നു നിന്നോട് ഞാന്‍ (കാവലിനെ) തേടുന്നു'' (ഫലഖ് 5) എന്ന വചനത്തെ പണ്ഡിതന്മാര്‍ വിശദീകരിച്ചത് ശ്രദ്ധിക്കുക. ഇമാം ശൗക്കാനിയുടെ വിശദീകരണം ഇപ്രകാരമാണ്: ''അസൂയ എന്നത് ആരോടാണോ നാം അസൂയ കാണിക്കുന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുകയെന്നതാണ്'' (ഫത്ഹുല്‍ ഖദീര്‍ 5:521).

ഇമാം ഇബ്‌നു കസീര്‍ വിശദീകരിച്ചു: ''ജിബ്‌രീല്‍ എന്ന മലക്ക് വന്നിട്ട് നബിയോട് പറഞ്ഞു: താങ്കളെ ദ്രോഹിക്കുന്ന എല്ലാ വസ്തുക്കളില്‍ നിന്നും താങ്കള്‍ക്ക് രക്ഷ ലഭിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ മന്ത്രപ്രാര്‍ഥന നടത്തുന്നു. എല്ലാ അസൂയാലുവിന്റെ കണ്ണില്‍ നിന്നും (താങ്കള്‍ക്കു വേണ്ടി) ഞാന്‍ രക്ഷ തേടുന്നു'' (ഇബ്‌നു കസീര്‍ 4:573).

ഇമാം ഖുര്‍തുബി രേഖപ്പെടുത്തി: ''അസൂയയെന്നത് ആര്‍ക്കാണോ അല്ലാഹു അനുഗ്രഹം നല്‍കിയത് അത് ഇല്ലായ്മ ചെയ്യാനുള്ള ആഗ്രഹമാണ്. അത് നിന്ദ്യവും നീചവുമാകുന്നു'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 20:177).

ജലാലൈനി തഫ്‌സീര്‍ ഇപ്രകാരമാണ്: ''അസൂയാലു അസൂയ കാണിക്കുമ്പോള്‍ അതിന്റെ ശര്‍റില്‍ നിന്നും നിന്നോട് ഞാന്‍ (കാവലിനെ) തേടുന്നു'' (ഫലഖ് 5). അഥവാ അവന്‍ അസൂയ വെളിവാക്കുകയും അവന്റെ മനസ്സ് മോഹിക്കുന്നത് അവന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുകയും ചെയ്താല്‍ അഥവാ നബിയോട് അസൂയ കാണിച്ച യഹൂദികളില്‍പെട്ട ലബീദിനെപ്പോലെ'' (ജലാലൈനി 2:693).

ഇബ്‌നു തൈമിയ്യയുടെ വിശദീകരണം: ''അസൂയ ചീത്ത മനസ്സിന്റെ ഉല്‍പാദനമാണ്. അത് ഒന്നുകില്‍ (അസൂയ നിറഞ്ഞ) നോട്ടം കൊണ്ടോ അല്ലെങ്കില്‍ അക്രമം കൊണ്ടോ സംഭവിക്കാവുന്നതാണ്. പക്ഷേ, നാക്കുകള്‍ കൊണ്ടോ കൈകള്‍ കൊണ്ടോ അസൂയാലു പ്രവര്‍ത്തിക്കുന്നതല്ല'' (മഖാഇഖു തഫ്‌സീരി 6:497).

അസ്ഖലാനിയുടെ വ്യാഖ്യാനം ശ്രദ്ധിക്കുക: ''അവന്റെ ലക്ഷ്യം അസൂയയും അല്ലാഹു നല്‍കിയ അനുഗ്രഹം ഇല്ലായ്മ ചെയ്യലുമാണ്'' (ഫത്ഹുല്‍ബാരി 13:116). മുഹമ്മദുബ്‌നു സുലൈമാനുല്‍ അശ്ഖറിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ''ഒരു വ്യക്തി ആരോടാണോ അസൂയ കാണിക്കുന്നത് അയാള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തെ ഇല്ലായ്മ ചെയ്യാനുള്ള പൂതിയാണ് അസൂയ'' (തഫ്‌സീറുല്‍ ഉശ്‌റില്‍ അവാഖിരി മിനല്‍ ഖുര്‍ആന്‍, പേജ് 65).

കണ്ണേറ് എന്നത് മുസ്‌ലിംകളുടെ വിശ്വാസമല്ല, അത് ഹൈന്ദവ വിശ്വാസമാണ്. നബി(സ) പറഞ്ഞു : ''വല്ലവനും വിശ്വാസാചാരങ്ങളില്‍ അന്യസമുദായത്തോട് സാദൃശ്യപ്പെട്ടു വന്നാല്‍ അവന്‍ അവരില്‍ (മതത്തില്‍) പെട്ടവനാണ്'' (അബൂദാവൂദ്).

കണ്ണേറിന് ഹിന്ദുക്കള്‍ പറയാറുള്ളത് ദൃഷ്ടിദോഷം എന്നാണ്. അതിന് അവരുടെ പക്കലുള്ള ചികിത്സ വലംപിരി ശംഖ് സൂക്ഷിച്ചുവെക്കുകയെന്നതാണ്. ഇവിടെ അന്യമതക്കാരോട് സാദൃശ്യപ്പെടുകയെന്നത് അവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരങ്ങളാണ്.

സാധാരണയായി ഒരാളുടെ നോട്ടം കൊണ്ട് മറ്റൊരാള്‍ക്ക് ഒന്നും സംഭവിക്കില്ല. ഒരാള്‍ക്കു നാശം സംഭവിക്കുന്നത് അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയതനുസരിച്ചാണ്.

ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതിന് വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും തള്ളിക്കളയേണ്ടതാണ്. ഒരു കണ്ണേറും സിഹ്‌റും ഫലിക്കുന്നതല്ല. മറിച്ചുള്ളതൊക്കെ പ്രമാണങ്ങള്‍ വ്യക്തമായി മനസ്സിലാകാത്തവരുടെ അവകാശവാദങ്ങള്‍ മാത്രമാണ്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചുവെച്ചതാണ്.

ഒരാള്‍ക്ക് ഭ്രാന്തായാല്‍ അത് സിഹ്‌റാണെന്ന് നാം പറയും. അത് ശരിയല്ല. കാരണം അല്ലാഹു അത് മുന്‍കൂട്ടി നിശ്ചയിച്ചുവെച്ചതാണ്. അല്ലാഹു അരുളി: ''ഭൂമിയിലോ നിങ്ങളുടെ ശരീരങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ'' (ഹദീദ് 22).

ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ''എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ കണക്ക് അനുസരിച്ചാകുന്നു. അവന്റെ കണക്ക് അനുസരിച്ചല്ലാതെ ഒന്നും സംഭവിക്കുന്നതല്ല. എല്ലാം അവന്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണു കൊണ്ട് ഒരു ദോഷവും സംഭവിക്കുന്നതല്ല'' (ശറഹു മുസ്‌ലിം 7:429).

ഇബ്‌നു ഹജറിന്റെ പ്രസ്താവന ഇപ്രകാരമാണ്: ''സാധാരണയായി ഒരാളുടെ നോട്ടം കൊണ്ട് മറ്റൊരാള്‍ക്ക് ഒന്നും സംഭവിക്കുന്നതല്ല. ഒരാള്‍ക്കു നാശം സംഭവിക്കുന്നത് അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയതനുസരിച്ചാണ്.

നോട്ടം കൊണ്ട് നോക്കപ്പെടുന്ന വസ്തുവില്‍ ഒന്നും സംഭവിക്കുന്നതല്ല'' (ഫത്ഹുല്‍ബാരി 13:113). ചുരുക്കത്തില്‍, കണ്ണേറ് ഫലിക്കും എന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ