സുന്നത്തില്‍ സ്ഥിരപ്പെടാത്ത നോമ്പുകള്‍


സുന്നത്തായ നോമ്പുകള്‍ എന്ന തെറ്റിദ്ധാരണയില്‍ സ്ഥിരപ്പെടാത്ത നോമ്പില്‍പെട്ടതാണ് ബറാഅത്ത് നോമ്പും ദുല്‍ഹജ്ജ് ആദ്യത്തിലെ ഒമ്പത് നോമ്പും റജബിലെ പ്രത്യേക നോമ്പുകളും.

സുന്നത്തായ നോമ്പുകള്‍ എന്ന തെറ്റിദ്ധാരണയില്‍ സ്ഥിരപ്പെടാത്ത നോമ്പ് അനുഷ്ഠിക്കുന്നവരും അതിനായി ആഹ്വാനം ചെയ്യുന്നവരും സമൂഹത്തിലുണ്ട്. അത്തരത്തില്‍പെട്ട നോമ്പുകളാണ് ബറാഅത്ത് നോമ്പും ദുല്‍ഹജ്ജ് ആദ്യത്തിലെ ഒമ്പത് നോമ്പും റജബ് മാസത്തിലെ പ്രത്യേക നോമ്പുകളും. സ്ഥിരപ്പെട്ട ഹദീസുകള്‍ ഒന്നും ഈ വിഷയത്തില്‍ നിവേദനം ചെയ്യപ്പെടുന്നില്ല.

ബറാഅത്ത് നോമ്പ്

ശഅ്ബാന്‍ 15ന് ബറാഅത്ത് നോമ്പ് എന്ന പേരില്‍ ചിലര്‍ നോമ്പ് അനുഷ്ഠിച്ചുവരാറുണ്ട്. ശഅ്ബാന്‍ മാസത്തിന്റെ പകുതിയിലെ രാത്രിയായാല്‍ നിങ്ങള്‍ ആ രാത്രി നമസ്‌കരിക്കുകയും ആ ദിവസം നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക (ഇബ്‌നുമാജ 1388) എന്നൊരു ഹദീസാണ് ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കാറുള്ളത്.

ഇബ്‌നു അബീയസ്‌റത്ത് എന്ന മനുഷ്യന്‍ ഈ ഹദീസിന്റെ പരമ്പരയില്‍ വരുന്നതിനാല്‍ ഇതിനെ ഒരു വ്യാജ ഹദീസായാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്. ഇമാം ഇബ്‌നുല്‍ ജൗസി (മൗദൂആത്ത് 2:440-445), ഇബ്‌നുല്‍ ഖയ്യിം (അല്‍മനാര്‍ ന. 174-177), ഇമാം ഇറാഖി (തഖ്‌രീജുല്‍ ഇഹ്‌യാ ന. 582) മുതലായവര്‍ ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട്.

ദുല്‍ഹജ്ജിലെ ഒമ്പത് നോമ്പുകള്‍

ദുല്‍ഹജ്ജിലെ ആദ്യ പത്തിന്റെ മഹത്വങ്ങള്‍ പറയുന്ന ഹദീസുകള്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ടെങ്കിലും, അറഫാ നോമ്പ് ഒഴികെ അവയില്‍ ഒന്നില്‍ പോലും റസൂല്‍(സ) നോമ്പ് അനുഷ്ഠിച്ചതായോ അനുഷ്ഠിക്കാന്‍ കല്‍പിച്ചതായോ പ്രസ്താവിക്കുന്നില്ല. മറ്റു ദിവസങ്ങളിലെ നോമ്പുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെല്ലാം തന്നെ ദുര്‍ബലങ്ങളാണ്.

ഒരു ഹദീസ് ഇപ്രകാരമാണ്: ഹുനൈദ് ബിന്‍ ഖാലിദ് തന്റെ ഭാര്യയില്‍ നിന്നു, അവര്‍ പ്രവാചക പത്‌നിമാരില്‍ ഒരാള്‍ പറഞ്ഞതായും നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ ദുല്‍ഹജ്ജിലെ ആദ്യ ഒമ്പത് ദിവസങ്ങളും ആശൂറാഉം എല്ലാ മാസത്തിലെയും മൂന്നു ദിവസങ്ങളും മാസത്തിലെ ആദ്യ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു (അബൂദാവൂദ് 2437, അഹ്മദ് 21829).

യുദ്ധം നിഷിദ്ധമായ മാസത്തിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മൂന്ന് ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ എഴുനൂറ് വര്‍ഷത്തെ ആരാധനയുടെ പ്രതിഫലം നല്‍കപ്പെടും എന്നത് അടിസ്ഥാനമില്ലാത്ത വാറോലയാണ്.

ഈ ഹദീസ് ളഈഫാണെന്ന് ജമാലുദ്ദീന്‍ അല്‍ സൈലഇ പറയുന്നു (നസ്ബുറായ 2:180). ശൈഖ് അര്‍നഊത്വ് മുസ്‌നദ് അഹ്മദിന്റെ പരിശോധനയില്‍ ഈ ഹദീസിന് ഇള്ത്വിറാബ് (മാറിമറിയല്‍) സംഭവിച്ചതിനാല്‍ ളഈഫാണെന്ന് സമര്‍ഥിക്കുന്നു.

മറ്റൊരു ഹദീസ് ഇപ്രകാരം: ഹഫ്‌സ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പ്, പത്ത് ദിവസത്തെ (നോമ്പ്), എല്ലാ മാസത്തെയും മൂന്നു ദിവസത്തെ നോമ്പ്, പ്രഭാതത്തിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരം (അഹ്മദ് 26459, അല്‍കുബ്‌റ, നസാഈ 2724). ഈ ഹദീസും ദുര്‍ബലമായതാണ്. അബൂഇസ്ഹാഖ് അല്‍ അശ്ജഈ എന്നൊരു അജ്ഞാതനായ റാവി ഈ ഹദീസിന്റെ പരമ്പരയിലുണ്ട്. ശൈഖ് അല്‍ബാനി പോലും ഈ നിവേദനം ളഈഫാണെന്ന് പറയുന്നു (ഇര്‍വാഉല്‍ ഖലീല്‍, 4:111 ന. 954).

കൂടാതെ, റസൂല്‍(സ) ദുല്‍ഹജ്ജിലെ ആദ്യത്തെ ഒമ്പതു ദിവസവും നോമ്പെടുത്തിരുന്നില്ല എന്നതിന് സ്ഥിരപ്പെട്ട ഹദീസിന്റെ പിന്തുണയുമുണ്ട്. ആയിശ(റ) പറയുന്നു: റസൂലിനെ (ദുല്‍ഹജ്ജിന്റെ ആദ്യെത്ത) പത്തില്‍ നോമ്പ് നോറ്റതായി ഞാന്‍ കണ്ടിട്ടില്ല (മുസ്‌ലിം 2010).

റജബിലെ നോമ്പ്

(യുദ്ധം) നിഷിദ്ധമായ മാസത്തിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മൂന്ന് ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവന് എഴുനൂറ് വര്‍ഷത്തെ ആരാധനയുടെ പ്രതിഫലം നല്‍കുന്നതാണ് (ഇബ്‌നു അസാകീര്‍) എന്നൊരു നിവേദനം ഉദ്ധരിക്കപ്പെടുന്നത് കാണാം.

യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാറോലയാണിത്. അതുപോലെത്തന്നെ റജബിന്റെ ആദ്യ ദിവസവും ഏഴാം ദിവസവും നോമ്പ് അനുഷ്ഠിക്കുന്നതിനും യാതൊരു തെളിവിന്റെയും പിന്‍ബലമില്ല.

തുടർന്ന് വായിക്കാൻ: സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന സുന്നത്ത് നോമ്പുകള്‍


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.