ശിക്ഷണം, സംസ്‌കരണം, ശിക്ഷ; എന്തുകൊണ്ട് ക്രമാനുഗത രീതി?


ശാരീരികവും മാനസികവും വൈകാരികവും വൈജ്ഞാനികവുമായ ക്രമാനുഗതമായ വളര്‍ച്ചയാണ് ഭൂമിയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്.

നുഷ്യ സൃഷ്ടിപ്പിന്റെ ഓരോ ഘട്ടത്തിലുമുള്ള ക്രമാനുഗത വളര്‍ച്ചയിലൂടെയാണ് ഉത്തമമായ സൃഷ്ടിഘടനയിലേക്ക് മനുഷ്യന്‍ എത്തുന്നത്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവം വെളിപ്പെടുത്തുന്ന ചിന്തോദ്ദീപകമായ ദൃഷ്ടാന്തം കൂടിയാണിത്. ശാരീരികവും മാനസികവും വൈകാരികവും വൈജ്ഞാനികവുമായ ക്രമാനുഗത സ്വഭാവത്തിലുള്ള മനുഷ്യന്റെ വളര്‍ച്ചയാണ് ഭൂമിയില്‍ ഉത്തരവാദിത്തം (അമാനത്ത്) നിര്‍വഹിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്.

സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പക്വമായ മനസ്സോടെ നിയോഗം നിര്‍വഹിക്കാന്‍ ക്രമാനുഗത രീതിയിലുള്ള വളര്‍ച്ചയും ശിക്ഷണവും അവനെ പാകപ്പെടുത്തുന്നു. ഒറ്റയടിക്ക് കാര്യങ്ങള്‍ സ്വാംശീകരിക്കാനും പ്രയോഗവത്കരിക്കാനും സാധിക്കാത്തതാണ് മനുഷ്യന്റെ പ്രകൃതി.

ഓരോ കാര്യത്തിന്റെയും ചൈതന്യം ഉള്‍ക്കൊണ്ട് ജീവസ്സുറ്റ കര്‍മങ്ങള്‍ ചെയ്യാന്‍ ക്രമാനുഗത രീതിയിലുള്ള ബോധനവും ശിക്ഷണവും അനിവാര്യമാകുന്നു. അതിനാല്‍ പ്രകൃതിമതമായ ഇസ്‌ലാമിലെ നിര്‍ബന്ധ കല്‍പനകള്‍ അനുസരിച്ചും വിധിവിലക്കുകള്‍ പാലിച്ചും ജീവിക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെ അവതരണ ആരംഭഘട്ടത്തില്‍ ക്രമാനുഗതമായി ലഭിച്ച ദൈവിക മാര്‍ഗദര്‍ശനത്തിലൂടെ പ്രബോധിത സമൂഹത്തിന് സാധിച്ചു.

ഖുര്‍ആനിന്റെ അവതരണം

വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തിന്റെ ആരംഭ ഘട്ടത്തില്‍ നിലനിന്ന പ്രബോധിത സമൂഹം പരമ്പരാഗത വിശ്വാസവൈകല്യങ്ങളിലും സ്വഭാവദൂഷ്യങ്ങളിലും അഭിരമിച്ചു കഴിയുന്നവരായിരുന്നു. പാരമ്പര്യ വിശ്വാസ-ആചാരങ്ങളെയും സാമ്പ്രദായിക ദുര്‍നടപ്പുകളെയും പെട്ടെന്ന് ഉപേക്ഷിക്കുകയെന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു.

അതുകൊണ്ടുതന്നെ സത്യമതത്തിന്റെ നിയമനിര്‍ദേശങ്ങളും ശിക്ഷണ പാഠങ്ങളും ഘട്ടംഘട്ടമായി ക്രമാനുഗത രീതിയില്‍ സാംശീകരിച്ചപ്പോഴാണ് അവരില്‍ സംസ്‌കരണ പ്രക്രിയ സാധ്യമായത്. മുഹമ്മദ് നബിയുടെ നിയോഗലക്ഷ്യമായ ഇസ്‌ലാഹ് (സംസ്‌കരണം) പൂര്‍ണാര്‍ഥത്തില്‍ സമൂഹത്തില്‍ സാധ്യമാകണമെങ്കില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാനും വിധിവിലക്കുകളെ മാനിച്ചു ജീവിക്കാനും സമൂഹം മാനസികമായി പാകപ്പെടേണ്ടതുണ്ട്.

അതുകൊണ്ടാണ് ലോക രക്ഷിതാവായ അല്ലാഹു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സംസ്‌കരണ പ്രക്രിയക്ക് ക്രമാനുഗത രീതി സ്വീകരിച്ചത് എന്നു വ്യക്തമാണ്.

പ്രവാചക പത്‌നി ആയിശ(റ) പറയുന്നു: ''ആദ്യമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ അധ്യായം വിശദീകരണ സ്വഭാവമുള്ളതായിരുന്നു. അതില്‍ സ്വര്‍ഗനരകങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. പിന്നീട് ആളുകള്‍ ഇസ്‌ലാമിലേക്ക് മടങ്ങിയപ്പോള്‍ അനുവദനീയമായതും നിഷിദ്ധമായതും ഏതൊക്കെയാണെന്ന് വ്യക്തമാക്കിത്തരുന്ന ഖുര്‍ആനിലെ വചനങ്ങളുടെ അവതരണമുണ്ടായി.

ആദ്യം അവതരിച്ച ദൈവിക വചനം മദ്യം കഴിക്കരുത് എന്ന വിലക്ക് ആയിരുന്നെങ്കില്‍ അവര്‍ പറയുമായിരുന്നു: 'ഞങ്ങള്‍ ഒരിക്കലും മദ്യം ഉപേക്ഷിക്കില്ല. വ്യഭിചരിക്കരുത് എന്ന വചനം അവതരിച്ചിരുന്നെങ്കില്‍ അവര്‍ പറയുമായിരുന്നു: 'ഞങ്ങള്‍ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കില്ല'' (സഹീഹുല്‍ ബുഖാരി, കിതാബ് ഫളാഇലുല്‍ ഖുര്‍ആന്‍ (49:93).

ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി വിശദീകരിക്കുന്നു: ''നിരര്‍ഥകവും ദോഷകരവുമായ കാര്യങ്ങളാണെങ്കില്‍ പോലും അതുമായി മനസ്സ് കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഒറ്റയടിക്ക് അത് ഉപേക്ഷിക്കുക എന്നത് ഏറെ പ്രയാസകരമാണ്. അതുകൊണ്ടാണ് അല്ലാഹു മനുഷ്യമനസ്സിന് വിശ്വാസത്തിന്റെ പ്രഭ ചൊരിഞ്ഞു നിഷിദ്ധങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ ക്രമാനുഗത രീതി സ്വീകരിച്ചത്'' (ഫത്ഹുല്‍ബാരി, ഭാഗം 6, പേജ് 40).

വിശ്വാസവിശുദ്ധിയാണ് കര്‍മങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മുന്നുപാധി. വിശ്വാസം ദൃഢപ്പെടുത്തുന്നതിനുള്ള യുക്തിഭദ്രമായ തെളിവുകളും ദൃഷ്ടാന്തങ്ങളും യഥാവിധി ഉള്‍ക്കൊള്ളുമ്പോഴാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസ്‌കരണവും മാനവിക-നൈതിക മൂല്യങ്ങളും ഒരു വ്യക്തിയെ പരിവര്‍ത്തിപ്പിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണം തന്നെ 23 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായിട്ടുള്ളത്.

വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവതീര്‍ണമായ ദൈവിക വചനങ്ങളുടെ പൊരുള്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കാനും സത്യവിശ്വാസത്തില്‍ ഊന്നിയ സംസ്‌കരണ പ്രക്രിയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കാനും യുക്തിയില്‍ അധിഷ്ഠിതമായ ദൈവിക നടപടിയുടെ ഭാഗമായിരുന്നു ഒറ്റയടിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കാതെ വിവിധ സന്ദര്‍ഭാനുസരണം ഘട്ടംഘട്ടമായി ഖുര്‍ആന്‍ അവതരിപ്പിച്ചത്.

അല്ലാഹു പറയുന്നു: ''നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനിനെ പല ഭാഗങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു'' (17:106).

ഖുര്‍ആനിലെ 114 സൂറത്തുകളില്‍ 23 സൂറത്തുകള്‍ മദനി സൂറത്തുകളും 91 സൂറത്തുകള്‍ മക്കീ സൂറത്തുകളുമാണ്. ഹിജ്‌റക്കു മുമ്പ് അവതീര്‍ണമായ മക്കീ സൂറത്തുകളില്‍ വിശ്വാസകാര്യങ്ങളാണ് കൂടുതലായി വിശദീകരിക്കുന്നത്. എന്നാല്‍ ഹിജ്‌റാനന്തരം മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ മാറിയപ്പോള്‍ വിശ്വാസികളുടെ എണ്ണവും വര്‍ധിച്ചു.

അപ്പോള്‍ ആ കാലഘട്ടത്തിന് അനുസൃതമായി ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പാലിക്കേണ്ട വിധിവിലക്കുകളും ആരാധനാ അനുഷ്ഠാന സംബന്ധമായ വിവരണങ്ങളും താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞ ആയത്തുകളിലായി അല്ലാഹു പഠിപ്പിച്ചു. മക്കി, മദനി എന്നിങ്ങനെയുള്ള സൂറത്തുകളുടെ വിഭജനത്തിലും അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളുടെ വൈവിധ്യത്തിലുമൊക്കെ സമൂഹത്തെ ഉള്‍ക്കൊണ്ടുള്ള അവതരണ രീതിയാണ് സ്വീകരിച്ചതെന്ന് സുവ്യക്തമാണ്.

അനുഷ്ഠാനരംഗത്തെ കല്‍പനകള്‍

വിശ്വാസകാര്യങ്ങള്‍ (അഖീദ), ആരാധനകള്‍ (ഇബാദാത്ത്), ഇടപാടുകള്‍ (മുആമലാത്ത്) എന്നിങ്ങനെ മൂന്ന് അടിസ്ഥാനങ്ങളിലൂന്നിയ മാര്‍ഗനിര്‍ദേശങ്ങളും വിധിവിലക്കുകളുമാണ് ഇസ്‌ലാമിലുള്ളത്. സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ നേരിട്ട് ബന്ധപ്പെടുന്ന വിശ്വാസകാര്യങ്ങള്‍ക്കാണ് ഇതില്‍ പ്രഥമ സ്ഥാനമുള്ളത്. തൗഹീദ്, ആഖിറത്ത്, രിസാലത്ത് എന്നീ മൂന്നു മൗലിക വിശ്വാസവിഷയങ്ങളാണ് പ്രവാചകന്‍മാരുടെയെല്ലാം പ്രബോധനത്തിന്റെ ഊന്നല്‍.

വിശ്വാസതലത്തിലുള്ള സംസ്‌കരണത്തോടൊപ്പം സ്രഷ്ടാവിനു വേണ്ടി നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ട അനുസരണയുടെയും ഭക്തിയുടെയും പ്രകടരൂപങ്ങളായ ആരാധനകളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ഉള്‍പ്പെടുന്നു. സൃഷ്ടികള്‍ തമ്മിലുള്ള പരസ്പര ഇടപാടുകള്‍, ബന്ധങ്ങള്‍, ഇവയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് വിവാഹം, വിവാഹമോചനം, കച്ചവടം, പ്രതിക്രിയ, കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം.

ഇസ്‌ലാമിക ശരീഅത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ മൂന്ന് അടിസ്ഥാനങ്ങളും അവയുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും സമൂഹത്തിന് ഒന്നിച്ചു നല്‍കി ഒറ്റയടിക്ക് അവ കര്‍മപഥത്തില്‍ വരുത്താനുള്ള കല്‍പനകള്‍ ആയിരുന്നില്ല. മതത്തില്‍ മര്‍മപ്രധാനമായ വിശ്വാസകാര്യങ്ങള്‍ക്കായിരുന്നു പ്രഥമ ഊന്നല്‍ നല്‍കിയിരുന്നത്.

വിശേഷിച്ചും ഏകദൈവത്വം, പരലോകം, പ്രവാചകത്വം എന്നിവയിലുള്ള വിശ്വാസം സുദൃഢമാക്കിയാല്‍ മാത്രമേ അനുഷ്ഠാന കര്‍മങ്ങളില്‍ നിഷ്‌കര്‍ഷയുള്ളവരാകാനും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പാലിക്കേണ്ട മതനിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനും ആവുകയുള്ളൂ.

ശരീഅത്ത് നിയമങ്ങള്‍ അനുശാസിക്കപ്പെട്ട പ്രാരംഭ ദശയില്‍ അഥവാ നബിയുടെ മക്കാ ജീവിത കാലഘട്ടത്തില്‍ അവതീര്‍ണമായ സൂറത്തുകളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവ നിര്‍വഹിക്കാനുള്ള കല്‍പന കാണാന്‍ കഴിയും.

ഇവിടെ നമസ്‌കാരം എന്നതുകൊണ്ട് ഉദ്ദേശിച്ചത് അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരമോ നോമ്പ് എന്നത് റമദാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതാനുഷ്ഠാനമോ സകാത്ത് എന്നത് നിശ്ചിത പരിധി എത്തിയാല്‍ നല്‍കേണ്ട നിര്‍ബന്ധ ദാനമോ അല്ല. ഈ ആരാധനാകര്‍മങ്ങളെ കുറിച്ചുള്ള പൊതുവിലുള്ള പ്രസ്താവന മാത്രമാണ് ഇവിടെയുള്ളത്.

ആരാധനകളുടെയെല്ലാം വിധികള്‍ വിശദീകരിച്ചുകൊണ്ട് നിര്‍ബന്ധ കല്‍പന വരുന്നത് മദീനാ കാലഘട്ടത്തിലാണ്. നാം ഇന്ന് അനുഷ്ഠിക്കുന്നതുപോലെ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്‌റക്കു ശേഷമാണ്. നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടതിന് മൂന്നു ഘട്ടങ്ങളാണുള്ളത്.

ഇതില്‍ ആദ്യ ഘട്ടമായി രാത്രി നമസ്‌കാരത്തെക്കുറിച്ച് നിര്‍ബന്ധ സ്വരത്തില്‍ അല്ലാഹു പറയുന്നു: ''മൂടിപ്പുതച്ചവനേ, രാത്രി അല്‍പസമയം ഒഴികെ എഴുന്നേറ്റ് നമസ്‌കരിക്കുക. രാത്രിയുടെ പകുതി അല്ലെങ്കില്‍ അതില്‍ അല്‍പം കുറയ്ക്കുക. അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുകയും ഖുര്‍ആന്‍ സാവകാശം പാരായണം നടത്തുകയും ചെയ്യുക'' (79: 14).

ക്രമാനുഗത രീതിയില്‍ ശിക്ഷണം നല്‍കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചൈതന്യവത്തായി ആരാധനകള്‍ നിര്‍വഹിക്കാനുള്ള ആര്‍ജിച്ചെടുക്കും.

ഒരു വര്‍ഷം മുഴുവന്‍ മുസ്‌ലിംകള്‍ക്ക് രാത്രിനമസ്‌കാരം നിര്‍ബന്ധമാക്കിയെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ട കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചു. ''ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതി നമസ്‌കരിക്കുക'' എന്ന കല്‍പനയില്‍ (73:20) നമസ്‌കാര നിര്‍വഹണ വിഷയത്തില്‍ പ്രയാസ ലഘൂകരണമാണ് അല്ലാഹു ഉദ്ദേശിച്ചത്.

ഈ ആയത്തിന്റെ അവതരണത്തിനു ശേഷം രാത്രിനമസ്‌കാരം നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ടതില്ലെന്നും ഓരോരുത്തരുടെയും സൗകര്യവും സാധ്യതയും അനുസരിച്ച് നിര്‍വഹിക്കാം എന്നുള്ള നിര്‍ദേശം വരുന്നത്. രണ്ടാം ഘട്ടം എന്ന നിലയ്ക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ഈ രണ്ടു റക്അത്ത് നമസ്‌കാരമായിരുന്നു കല്‍പിക്കപ്പെട്ടിരുന്നത്. മൂന്നാം ഘട്ടത്തിലാണ് ഇസ്‌റാഅ് രാത്രിയില്‍ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്.

ആയിശ(റ) നിവേദനം: ''യാത്രക്കാരന്റെയും നാട്ടിലുള്ളവന്റെയും നമസ്‌കാരം രണ്ട് റക്അത്തായിരുന്നു. നബി തിരുമേനി മദീനയില്‍ താമസിച്ചപ്പോള്‍ നാട്ടിലുള്ളവന്റെ നമസ്‌കാരത്തില്‍ രണ്ടു റക്അത്ത് വര്‍ധിപ്പിക്കപ്പെട്ടു. പ്രഭാത നമസ്‌കാരത്തില്‍ ദീര്‍ഘമായി പാരായണം ചെയ്യേണ്ടതിനാല്‍ രണ്ട് റക്അത്തായി നിലനിര്‍ത്തി. മഗ്‌രിബ് നമസ്‌കാരം പകലിന്റെ ഒടുവില്‍ ഒറ്റയായി നിര്‍വഹിക്കപ്പെടുകയും ചെയ്തു. റമദാനിലെ നോമ്പും സകാത്തുല്‍ ഫിത്‌റും ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് നിര്‍ബന്ധമാക്കിയത്. നബി മദീനയില്‍ ചെന്നപ്പോള്‍ എല്ലാ മാസത്തിലെയും മൂന്നു ദിവസവും ആശുറാ നോമ്പും അനുഷ്ഠിക്കാറുണ്ടായിരുന്നു.''

വിശുദ്ധ ഖുര്‍ആനിലെ (2:183-185) ആയത്തുകള്‍ അവതരിച്ചതോടുകൂടി റമദാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടു. അതിനു ശേഷമാണ് സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ഒരാളുടെ കൈവശം മിച്ചമുള്ളത് ചെലവഴിക്കാനുള്ള കല്‍പനയായിരുന്നു. സൂറത്തുല്‍ ബഖറയിലെ 219 വചന പ്രകാരം നിശ്ചിത വരുമാനപരിധി വെച്ച് നിര്‍ബന്ധ ദാനമായി നല്‍കണമെന്ന കല്‍പനയായിരുന്നില്ല.

സകാത്ത് എന്ന നിര്‍ബന്ധ ദാനം നല്‍കണമെന്ന കല്‍പന വരുന്നത് ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ്. സൂറത്ത് തൗബയിലെ 103-ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുക'' (9:103).

ഹിജ്‌റ ആറാം വര്‍ഷത്തില്‍ നബി സഹാബികളുടെ കൂടെ ഉംറ നിര്‍വഹിക്കാനായി ഉദ്ദേശിച്ച് യാത്ര പുറപ്പെട്ടു. എങ്കിലും ബഹുദൈവ വിശ്വാസികള്‍ അവരെ തടഞ്ഞു. അടുത്ത വര്‍ഷത്തിലാണ് പിന്നീട് ഉംറ നിര്‍വഹിക്കുന്നത്. ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ് ഹജ്ജും ഉംറയും നിര്‍ബന്ധമാക്കപ്പെടുന്നത്. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍ബന്ധമായി നിര്‍വഹിക്കുന്നതിനുള്ള കല്‍പന വരുന്നത് വിശ്വാസികള്‍ വിശ്വാസപരമായി പാകപ്പെട്ടതിനു ശേഷമാണ്.

ക്രമാനുഗത രീതിയില്‍ അവര്‍ക്ക് ശിക്ഷണം നല്‍കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചൈതന്യവത്തായി ആരാധനകള്‍ നിര്‍വഹിക്കാനുള്ള മാനസിക പക്വത നേടിയെടുക്കാനും സാധിക്കുന്നു. (അവസാനിച്ചിട്ടില്ല)