പ്രവാചകരും സച്ചരിതരും ആദര്‍ശവഴികളില്‍ ജീവിതത്തെ ക്രമപ്പെടുത്തുക വഴി തകര്‍ക്കാനാവാത്ത അകബലമാണ് നേടിയെടുത്തത്.
വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലെ നാം അഭിമുഖീകരിക്കുന്ന ഏതു പ്രതിസന്ധികള്‍ക്കു മുമ്പിലും പതറാതെ അതിജീവനം നേടിയെടുക്കാനുള്ള വഴികള്‍ ഇസ്‌ലാം ധാരാളമായി പഠിപ്പിക്കുന്നുണ്ട്. അതില്‍ സുപ്രധാനമാണ്, അല്ലാഹു കാരുണ്യവാനും ഒട്ടും അനീതി പ്രവര്‍ത്തിക്കാത്തവനും സത്യവിശ്വാസികള്‍ക്ക് ഈമാന്‍ വഴി കരുത്തു പകരുന്നവനുമാണ് എന്ന ദൃഢബോധ്യം.
പ്രവാചകരും സച്ചരിതരും പ്രസ്തുത ആദര്‍ശവഴികളില്‍ ജീവിതത്തെ ക്രമപ്പെടുത്തുക വഴി തകര്‍ക്കാനാവാത്ത അകബലമാണ് നേടിയെടുത്തത്. അതിലൂടെ ഈമാന്‍ (വിശ്വാസം) നിറഞ്ഞനുഭവിക്കാനുള്ള സദ്‌വിചാരവും മുന്നോട്ടുകുതിക്കാനുള്ള ഇച്ഛാശക്തിയും അവര്‍ക്ക് ഉണ്ടായിരുന്നു.
നംറൂദും ഫിര്‍ഔനും കിസ്‌റ, കൈസര്‍ രാജാധിപത്യങ്ങളും റോമും പേര്‍ഷ്യയും അബൂലഹബും അബൂജഹലും പൂര്‍വസൂരികളുടെ മുമ്പില്‍ അതിനിസ്സാരരായിരുന്നു. കുരിശുപടക്കാരും താര്‍ത്താരികളും ചെങ്കിസ്ഖാനും സയണിസ്റ്റ് അധിനിവേശ ശക്തികളും വിശ്വാസികളുടെ ഈമാനിനു മുമ്പില്‍ നിര്‍വീര്യരായി മാറിയത് മധ്യകാല-ആധുനിക ചരിത്രത്തില്‍ നമുക്ക് വായിക്കാനാവും.
ജീവിത പരീക്ഷണങ്ങളില്‍ നിരാശ വരിക എന്നാല്‍ സ്രഷ്ടാവിന്റെ തീരുമാനങ്ങളില്‍ അസ്വസ്ഥനാവുക എന്നതാണ്. എനിക്ക് എന്തുകൊണ്ട് ഇപ്രകാരം പരീക്ഷണങ്ങളും കടുത്ത വെല്ലുവിളികളും ബാധിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന ഒരാളില്‍ ദൈവകാരുണ്യത്തെക്കുറിച്ച് സദ്‌വിചാരം നഷ്ടപ്പെടും.
സമകാലത്തെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങളിലും തദ്ഫലമായി രൂപപ്പെടുന്ന പ്രബോധന വെല്ലുവിളികളിലും വീര്യം ചോരാതിരിക്കാനും ദൗത്യനിര്‍വഹണവഴിയില്‍ ഉജ്ജ്വലമായി മുന്നേറാനുള്ള ഊര്‍ജവും ഔന്നത്യബോധവും നാം നേടേണ്ടതും ഉപര്യുക്ത ചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്നാണ്.
അല്ലാഹു സത്യവിശ്വാസികള്‍ക്ക് പ്രദാനം ചെയ്യുന്ന ആശ്വാസങ്ങളില്‍ ഒട്ടും നിരാശയുണ്ടാവരുതെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നു: ''അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച'' (12:87). ''അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നീ ഒട്ടും നിരാശപ്പെട്ടുപോകരുത്'' (39:53). ''അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി വഴിപിഴച്ചവരല്ലാതെ ആരാണ് നിരാശപ്പെടുക?'' (15:56).
ജീവിത പരീക്ഷണങ്ങളില്‍ നിരാശ വരിക എന്നാല്‍ സ്രഷ്ടാവിന്റെ തീരുമാനങ്ങളില്‍ അസ്വസ്ഥനാവുക എന്നതാണ്. ഞങ്ങള്‍ക്ക്/ എനിക്ക് എന്തുകൊണ്ട് ഇപ്രകാരം പരീക്ഷണങ്ങളും കടുത്ത വെല്ലുവിളികളും ബാധിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന ഒരാളില്‍ ദൈവകാരുണ്യത്തെക്കുറിച്ച് സദ്‌വിചാരം നഷ്ടപ്പെടും.
അസന്തുലിതവും നിരാശ ബാധിച്ച മനസ്സുമായിരിക്കും അവന്റെ ചിന്തയെയും ജീവിതയാത്രയെയും നയിക്കുന്നത്. നിരാശ ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് ക്രിയാത്മകതയും സര്‍ഗാത്മകതയും പ്രതീക്ഷിക്കേണ്ടതില്ല. തികഞ്ഞ മ്ലാനതയില്‍ രൂപപ്പെട്ട, ഏത് പ്രതിസന്ധികളിലും വീണുടഞ്ഞുപോകുന്ന പ്രകൃതം. നൈരാശ്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു.

മനസ്സിന്റെ ശക്തിദൗര്‍ബല്യവും വിശ്വാസത്തിന്റെ കരുത്തില്ലായ്മയും വഴി ദൈവനിഷേധ ചിന്തകളിലേക്കും, പരിഹാരങ്ങള്‍ തേടി ആത്മീയതയുടെ ചൂഷണാലയങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നതിനുവരെ കാരണമായിത്തീരും. പരമകാരുണികനും ദയാനിധിയുമായ സ്രഷ്ടാവിന്റെ തീരുമാനങ്ങളിലൂടെയുള്ള ശുഭചിന്തയല്ല ചുറ്റുപാടുകളില്‍ നിന്ന് അവനെ വിളിക്കുന്നത്. മറിച്ച് മനഃസമാധാനത്തിന്റെ ചൂഷണമാര്‍ഗങ്ങളും ഒറ്റമൂലി പരിഹാരങ്ങളുമാണ്.
തനിക്കും കുടുംബത്തിനും സമൂഹത്തിനും ആത്യന്തികമായി ഗുണകരമല്ലാത്ത ഒന്നും നാഥന്റെ തീരുമാനത്തിന്റെ ഫലമായി സംഭവിക്കില്ലെന്ന ശക്തമായ മതബോധ്യം കൊണ്ട് മാത്രമേ സത്യവിശ്വാസികള്‍ക്ക് അതിജീവനം നേടാനാവുകയുള്ളൂ.
ഏതു ചെറിയ പുല്‍ക്കൊടിയിലും ആശ്വാസവും അവലംബവും തേടുന്ന ദുര്‍ബല മനസ്സിനെയാണല്ലോ ആത്മീയ ചൂഷകര്‍ വലയെറിഞ്ഞു പിടിക്കുന്നത്. പൈശാചിക ദുര്‍ബോധനങ്ങള്‍ ഇത്തരം കപട ആശ്വാസകേന്ദ്രങ്ങളിലേക്കായിരിക്കും വിളിക്കുക. അവിടെയാണല്ലോ പിശാചിന്റെ വിജയം.
അടിമകളോട് ആര്‍ദ്രമായി പെരുമാറുന്നവനായ (3:30) അല്ലാഹു നീതിമാനാണ്. ഒട്ടും അനീതിയില്ലാത്ത ക്രമീകരണങ്ങളും തീരുമാനങ്ങളും മാത്രമേ അവനില്‍ നിന്നുണ്ടാവുകയുള്ളൂ (10:44).
നമ്മുടെ പരിമിതമായ അറിവിലും ബുദ്ധിയിലും തന്നെ ബാധിച്ച പരീക്ഷണങ്ങളുടെ ലക്ഷ്യവും യുക്തിയും തിരിച്ചറിയാനാവില്ല. സത്യസന്ധമായ ഈമാന്‍ ഒരു വ്യക്തിയെ പഠിപ്പിക്കുന്ന യാഥാര്‍ഥ്യമാണിത്. തനിക്കും കുടുംബത്തിനും സമൂഹത്തിനും ആത്യന്തികമായി ഗുണകരമല്ലാത്ത ഒന്നും നാഥന്റെ തീരുമാനത്തിന്റെ ഫലമായി സംഭവിക്കില്ലെന്ന ശക്തമായ മതബോധ്യം കൊണ്ട് മാത്രമേ സത്യവിശ്വാസികള്‍ക്ക് അതിജീവനം നേടാനാവുകയുള്ളൂ.
ചരിത്രം നല്‍കുന്ന പാഠവും അതാണല്ലോ. ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (9:51).
''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'' (57:22,23).
സത്യവിശ്വാസിയുടെ ജീവിതത്തെ ഏതു ഘട്ടങ്ങളിലും സ്രഷ്ടാവിനെക്കുറിച്ച സദ്‌വിചാരം വഴി രചനാത്മകമാക്കി നിര്‍ത്തുന്നതിന് ഉപര്യുക്ത വചനം ശക്തി പകരുന്നു. അവന് എല്ലാ കാര്യത്തിനും മതിയായ ഒരു വചനമാണിതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് (ത്വബ്‌രി).