ഘാതകനെ പരമാവധി തൂക്കുകയറില്‍ നിന്നു മോചിപ്പിക്കാനുള്ള തീവ്രമായ ഇടപെടലിന്റെ ഭാഗമായാണ് ഇസ്‌ലാം ദിയാധനം ഏര്‍പ്പെടുത്തിയത്.
നമ്മുടെ നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും അവയ്ക്കു ലഭിക്കുന്ന ശിക്ഷകളും എത്രമാത്രം കുറ്റകൃത്യം ഇല്ലാതാക്കുന്നുണ്ട്. കൊലപാതകങ്ങള്‍ സമൂഹം അറിയാഞ്ഞിട്ടല്ല. കൊലപാതകം പോലെ സമൂഹത്തെ അത്രയും അരക്ഷിതമാക്കുകയും ഭയവിഹ്വലരാക്കുകയും ചെയ്യുന്ന മറ്റൊരു ക്രിമിനല്‍ കുറ്റവുമില്ല. അതുകൊണ്ടാണ് ശരീഅത്ത് കൊലയ്ക്ക് വധശിക്ഷ തന്നെ നിശ്ചയിച്ചിരിക്കുന്നത്.
എല്ലാ കൊലയാളികളെയും കൊന്നുകളയണമെന്ന് ശരീഅത്ത് ആവശ്യപ്പെടുന്നില്ല. ഘാതകരെ മരണത്തിനു വിധേയമാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് ശരീഅത്ത് നല്‍കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാരത്തുക വാങ്ങി പ്രതിയെ വെറുതെ വിടാം (വി.ഖു: 2:178). ഇതിനാണ് 'ദിയ' എന്നു പറയുന്നത്.
അയാളെ വെറുതെ വിടാനാണ് അവരുടെ തീരുമാനമെങ്കില്‍ അതിന് എതിരുനില്‍ക്കാന്‍ കോടതിക്ക് അവകാശമില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സുഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം 34 കോടി ദിയാധനം ആവശ്യപ്പെട്ടതും കേരളം ഒറ്റക്കെട്ടായി അത് ശേഖരിച്ച് ഏല്‍പിക്കുകയും ചെയ്തപ്പോഴാണ് മലയാളക്കരയില്‍ ദിയാധനം ചര്‍ച്ചയായത്. ഇത്തരം ശിക്ഷ കൊണ്ട് കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താമെന്ന് പറഞ്ഞവരും കാടന്‍ ഗോത്രസംസ്‌കാരമാണ് ഇസ്‌ലാം വ്യവസ്ഥ ചെയ്യുന്ന ദിയാധനമെന്ന് ആരോപിച്ചവരുമുണ്ട്.
ഘാതകനെ പരമാവധി തൂക്കുകയറില്‍ നിന്നു മോചിപ്പിക്കാനുള്ള തീവ്രമായ ഇടപെടലിന്റെ ഭാഗമായാണ് ഇസ്‌ലാം ദിയാധനം ഏര്‍പ്പെടുത്തിയത്. തെറ്റു ചെയ്തവര്‍ക്ക് മാപ്പ് നല്‍കാന്‍ വേണ്ടി ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട് (വി.ഖു: 31:33). മാപ്പ് നല്‍കുന്നത് വലിയ മഹത്വമുള്ള കാര്യമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുമുണ്ട്. എന്നാലും തങ്ങളുടെ രക്തത്തില്‍ പെട്ടവനെ അരുംകൊല ചെയ്തത് സഹിക്കാന്‍ കഴിയാത്തവരെ അത് ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്ന ഘടകമായാണ് ശരീഅത്ത് ദിയാധനത്തെ കാണുന്നത്.

കുടുംബം മാപ്പ് നല്‍കാത്ത പ്രതിയെ ഇസ്‌ലാമിക രാഷ്ട്രത്തിലെ എത്ര വലിയ പണച്ചാക്കുകള്‍ക്കും ഭരണാധികാരികള്‍ക്കും പ്രതിക്രിയയില്‍ നിന്നു മോചിപ്പിക്കാന്‍ കഴിയില്ല എന്നതും ഇസ്‌ലാമിലെ വധശിക്ഷയുടെ പ്രത്യേകതയാണ്. ഇതിന് ഉദാഹരണമാണ് 2016 ഒക്ടോബര്‍ 16ന് സുഊദിയില്‍ നടന്ന തുര്‍ക്കി ബിന്‍ അല്‍ കബീറിന്റെ വധശിക്ഷ. രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പിതൃസഹോദരന്റെ പേരമകനാണ് തുര്‍ക്കി ബിന്‍ അല്‍ കബീര്‍.
തന്റെ സുഹൃത്തായ ആദില്‍ ബിന്‍ സുലൈമാനെ നാലു വര്‍ഷം മുമ്പ് ഇയാള്‍ വെടിവെച്ചു കൊന്നതാണ് വധശിക്ഷയ്ക്ക് ആസ്പദമായ കേസ്. രാജകുടുംബത്തിന് കോടികള്‍ വാരിക്കോരി നല്‍കി അയാളെ വധശിക്ഷയില്‍ നിന്നു രക്ഷിക്കാമായിരുന്നു. പക്ഷേ, ഇരയുടെ കുടുംബം മാപ്പു നല്‍കിയില്ല. തദ്ഫലമായി അയാളെ വധശിക്ഷയ്ക്കു വിധേയനാക്കി.
തോന്നിയതുപോലെ ദിയാധനം ആവശ്യപ്പെടാനുള്ള അവകാശം കുടുംബത്തിനില്ല. ദിയാധനം നിശ്ചയിക്കുന്നതും കോടതി തന്നെയാണ്. ബോധപൂര്‍വമുള്ള വധം തന്നെയാണെന്ന് സാഹചര്യ തെളിവുകളുടെയും തലനാരിഴ പരിശോധിച്ചുകൊണ്ടുള്ള വിചാരണയിലൂടെയും കോടതിക്ക് ബോധ്യപ്പെടുകയും കുടുംബത്തെ മാപ്പ് നല്‍കാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തതിനു ശേഷവും അവര്‍ വഴങ്ങുന്നില്ലെന്ന് കണ്ടാല്‍ മാത്രമേ കോടതി ദിയാധനം പ്രഖ്യാപിക്കുകയുള്ളൂ.
ദിയാധനം കെട്ടിവയ്ക്കാന്‍ ശേഷിയില്ലാത്ത ആളാണ് പ്രതിയെങ്കില്‍ അവരെ സഹായിക്കാനുള്ള ബാധ്യതയും ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്കുണ്ട്. സുഊദി അറേബ്യയില്‍ ധാരാളം പ്രതികളെ ഭരണകൂടം സഹായിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 11ന് ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ പ്രതിയായ ബാംഗ്ലൂര്‍ സ്വദേശി സലീം പാഷയ്ക്ക് ദിയാധനമായി 6.5 ലക്ഷം സുഊദി റിയാല്‍ നല്‍കി മോചിപ്പിച്ചത് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ്.
ദിയാധനം നല്‍കാതെ രാജാവിനു പോലും നിയമത്തെ കൈയിലെടുക്കാന്‍ കഴിയില്ല എന്ന ശരീഅത്ത് നിയമത്തിന്റെ പ്രത്യേകതയും ഇതില്‍ നിന്നു വായിച്ചെടുക്കാം. ടി പി ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി ഇഞ്ചിഞ്ചായി കൊന്ന കൊടി സുനിക്ക് നിയമപാലകരുടെ അകമ്പടിയോടുകൂടി മദ്യം കഴിക്കാനും ജയിലിനകത്ത് വിശ്രമ-വിനോദ സൗകര്യങ്ങള്‍ ഒരുക്കാനും നികുതിപ്പണം ഉപയോഗിക്കുന്ന ഭരണകൂടമുള്ള കാലത്ത് ശരീഅത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.
കുറ്റവും സഹതാപവും
കുറ്റവാളിയോട് സഹതാപപൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന മോഡേണ്‍ ക്രിമിനോളജിയുടെ കണ്ടെത്തലുകളോട് ശരീഅത്ത് വിയോജിക്കുന്നുണ്ട്. കുറ്റവാളികളോടല്ല കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരോടാണ് സഹതാപം വേണ്ടതെന്ന മതത്തിന്റെ മാനവിക വീക്ഷണമാണ് അതിനു കാരണം.
ചിലരുടെ കുറ്റവാസന കൊണ്ട് മാത്രം നിരപരാധികള്‍ ദ്രോഹിക്കപ്പെടുകയാണ്. അന്യായമായി കൊല്ലപ്പെടുന്നവര്‍, അവരുടെ നിരാലംബരായ ആശ്രിതര്‍, സമ്പത്തെല്ലാം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായിത്തീര്‍ന്നവര്‍, ജീവിതപങ്കാളിയുടെ വഴിവിട്ട ലൈംഗികത കൊണ്ട് തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍... ഇതില്‍ ആരാണ് സഹതാപം അര്‍ഹിക്കുന്നത്? കുറ്റവാളികളോ അതല്ല ഇരകളോ?
മനഃസാക്ഷിയുള്ളവര്‍ വേട്ടക്കാരനോടല്ല, വേട്ടയ്ക്ക് വിധേയരാകുന്ന ഇരകളോടാണ് സഹതാപം കാണിക്കാറുള്ളത്. ആധുനിക കുറ്റാന്വേഷണ ശാസ്ത്രം വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുകയും ഇരയെ തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആന്‍ പരമപ്രാധാന്യം നല്‍കുന്നത് ഇരയുടെ സംരക്ഷണത്തിലൂടെ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനാണ്.
പൊലീസിനെയും നിയമത്തെയുമല്ല, സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തെയാണ് ഭയപ്പെടേണ്ടതെന്ന ചിന്ത മനഃപരിവര്‍ത്തനത്തിനുള്ള ഏറ്റവും നല്ല ഔഷധമാണ്.
കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളെ ശരീഅത്ത് രണ്ടായി തരം തിരിക്കുന്നുണ്ട്: പാരത്രിക ശിക്ഷയും ഭൗതിക ശിക്ഷയും. ഏതു കുറ്റകൃത്യങ്ങള്‍ക്കും സ്വകാര്യമായതാണെങ്കിലും സമൂഹത്തെ ബാധിക്കുന്നതാണെങ്കിലും പാരത്രിക ശിക്ഷ ലഭിക്കും. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ ഭൗതിക ശിക്ഷ ലഭിച്ചതാണെങ്കില്‍ പോലും സ്വീകാര്യമായ പശ്ചാത്താപം നടത്തിയിട്ടില്ലെങ്കില്‍ അയാള്‍ പരലോകത്തുവെച്ച് കടുത്ത ശിക്ഷയ്ക്ക് വിധേയനാകും.
പാരത്രിക ശിക്ഷയെക്കുറിച്ചുള്ള ബോധമാണ് മനഃപരിവര്‍ത്തനത്തിനും കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിയുന്നതിനുമുള്ള ഘടകമായി മതം കാണുന്നത്. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്ന പൗരന്മാര്‍ക്കിടയില്‍ ഈ ബോധവത്കരണം (ദഅ്‌വത്ത്) നടത്തിക്കൊണ്ടിരിക്കണമെന്നതും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച ശരീഅത്തിന്റെ ആഹ്വാനം തന്നെയാണ്.
ആധുനിക നിയമശാസ്ത്രവും ശരീഅത്തും വിയോജിക്കുന്ന ഒരു മേഖലയാണിത്. ആധുനിക നിയമശാസ്ത്രത്തില്‍ കുറ്റം ചെയ്ത ആളുകളെയാണ് മനഃപരിവര്‍ത്തനത്തിനു വേണ്ടി ജയിലറകളില്‍ ഇടുന്നതെങ്കില്‍ ശരീഅത്ത് മുഴുവന്‍ പൗരന്മാരെയും സദാ പാരത്രിക ജീവിതത്തെ ഉണര്‍ത്തിക്കൊണ്ടുള്ള ബോധവത്കരണം നടത്തിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ക്രിമിനലുകളാകാന്‍ ശ്രമിക്കുന്നവരെയാണ് മാതൃകാപരമായി ശിക്ഷിക്കുന്നത്.
പൊലീസിനെയും നിയമത്തെയുമല്ല, സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തെയാണ് ഭയപ്പെടേണ്ടതെന്ന ചിന്ത മനഃപരിവര്‍ത്തനത്തിനുള്ള ഏറ്റവും നല്ല ഔഷധം തന്നെയാണ്. കൂരിരുട്ടിന്റെ മറവില്‍ നിന്നു പോലും കുറ്റവാളികളെ പിന്തിരിപ്പിക്കാന്‍ ഈ ചിന്തയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും മൂക്കിനു താഴെ നിന്ന് ക്രൂരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ ആധുനിക നിയമങ്ങളുടെ മറവില്‍ വിലസി നടക്കുന്നത് കാണുമ്പോഴാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശരീഅത്തിന്റെ ശിക്ഷാനിയമങ്ങളും ബോധവത്കരണ തന്ത്രങ്ങളും കാലികപ്രസക്തമാകുന്നത്.
ആദ്യഭാഗം വായിക്കാന്‍: കുറ്റകൃത്യങ്ങള്‍ക്ക് ശരീഅത്ത് കടുത്ത ശിക്ഷകള്‍ നിര്‍ദേശിക്കുന്നത് എന്തുകൊണ്ടാകും?