വിളംബരം ചെയ്യുന്നവന്‍ ആരുമാവട്ടെ; സത്യം സ്വയമേ തന്നെ സത്യമാണ്!


നമ്മുടെ തകരാറ് കൊണ്ടാണ് വല്ലവരും സത്യനിഷേധത്തില്‍ ഉറച്ച് നിന്നത് എന്ന് സങ്കല്പിച്ചാല്‍ പോലും സത്യനിഷേധത്തിന് അത് ന്യായീകരണമല്ല. നിഷേധി അതിന്റെ പേരില്‍ മാപ്പര്‍ഹിക്കുന്നുമില്ല. സത്യം സ്വയമേവ തന്നെ സത്യമാണ്.

മ്മുടെ നാട്ടിലെയും കാലത്തെയും പിഴച്ചുപോയ ആളുകളില്‍ മഹാഭൂരിപക്ഷവും സത്യപ്രബോധനം സ്വീകരിക്കാത്തവരാണ് എന്നതാണ് വാസ്തവം. എന്നാല്‍, അതിന്റെ കാരണം നമ്മുടെ ആദര്‍ശത്തിന്റെ പ്രശ്‌നമല്ല എന്നുറപ്പ്. എന്നാല്‍, നമ്മുടെ സ്വഭാവത്തിന്റെയും ജീവിതശൈലിയുടെയും പ്രബോധന രീതിയുടെയും കുഴപ്പമാണോ?

ചിലപ്പോള്‍ അങ്ങനെയാവാം, അങ്ങനെ ആയിക്കൊള്ളണമെന്നുമില്ല. നമ്മള്‍ എത്ര ഉത്തമരായാലും മര്‍ക്കടമുഷ്ടിക്കാര്‍ സത്യം സ്വീകരിക്കില്ല. നമ്മുടെ തകരാറ് കൊണ്ടാണ് വല്ലവരും സത്യനിഷേധത്തില്‍ ഉറച്ച് നിന്നത് എന്ന് സങ്കല്പിച്ചാല്‍ പോലും സത്യനിഷേധത്തിന് അത് ഒരിക്കലും ന്യായീകരണമല്ല. സത്യനിഷേധി അതിന്റെ പേരില്‍ മാപ്പര്‍ഹിക്കുന്നുമില്ല.

സത്യം സ്വയമേവ തന്നെ സത്യമാണ്, അത് വിളംബരം ചെയ്യുന്നവന്‍ ആരുമാവട്ടെ. വിഷം കുടിച്ചാല്‍ മരിച്ച് പോവുമെന്ന് പറയുന്ന ഒരു ഡോക്ടര്‍ ബോധപൂര്‍വം തന്നെ വിഷം കുടിച്ച് മരിച്ചാല്‍ ബുദ്ധിയുള്ള ഒരാള്‍ അക്കാരണം പറഞ്ഞ് വിഷം കുടിക്കാന്‍ തയ്യാറാവുമോ!

ആരെങ്കിലും ബോധപൂര്‍വം വിഷംകഴിച്ച് മരിച്ചാല്‍ അതിനര്‍ഥം അവന്‍ വിഷം കഴിച്ച് മരിക്കണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചവനാണ് എന്നാണ്. ഡോക്ടര്‍ വിഷം കഴിച്ചു എന്നത് അവന് വീണ്കിട്ടിയ ഒരു ഞൊണ്ടിന്യായം മാത്രമാണ്. അത് മറ്റുള്ളവര്‍ക്ക് വിഷം കുടിക്കാന്‍ ന്യായീകരണമാവുന്നില്ല.

നമ്മുടെ കാലത്തെ ജൂത, ക്രൈസ്തവ, ഹൈന്ദവ വിശ്വാസികളൊക്കെയും മുസ്ലിംകളാണെന്നും, സ്വര്‍ഗ്ഗാവകാശികളാണെന്നുമൊക്കെ പറയുന്ന സൂഫീ വ്യാജന്മാരും മുസ്ലിം പേരുള്ള 'സ്വതന്ത്രചിന്തകരും' ധാരാളമുള്ള കാലമാണിത്. മേല്‍പറഞ്ഞ ഞൊണ്ടിന്യായമാണ് അവരുടെ പിടിവള്ളി.

മുസ്ലിംകള്‍ ദുഷിച്ചുപോയതിനാലും അവരുടെ തെറ്റായ പ്രബോധനരീതി കാരണത്താലുമാണ് മറ്റുള്ളവര്‍ ഇസ്ലാമിലേക്ക് കടന്നുവരാത്തത് എന്ന്. അഥവാ, ഒരു അവിവേകിയായ ഡോക്ടര്‍ വിഷം കുടിക്കുന്നത് കണ്ടതിനാല്‍ എനിക്കും വിഷംകഴിക്കാം എന്ന് ചിന്തിക്കുന്ന ഒരു മണ്ടന്റെ ന്യായം!

ഇവരുടെ ജല്പനം കേട്ടാല്‍ തോന്നുക, ആധുനികകാലത്തെ മുസ്ലിംകള്‍ക്ക് മാത്രമുണ്ടായ ഒരു തകരാറാണ് സ്വഭാവദൂഷ്യമെന്നും, പൂര്‍വകാലത്ത് കഴിഞ്ഞുപോയ മുസ്ലിംകളെല്ലാം സമ്പൂര്‍ണ പാപസുരക്ഷിതരും പ്രവാചക പരിശുദ്ധി ഉള്ളവരുമായിരുന്നുവെന്നുമാണ്!

സത്യപ്രബോധനത്തിലും ജനസംസ്‌കരണത്തിലും സാമൂഹ്യപരിവര്‍ത്തനത്തിലും ഏറ്റവും മികച്ച മാതൃകകളും ഉദാഹരങ്ങളുമാണല്ലൊ അല്ലാഹുവിന്റെ പ്രവാചകന്മാര്‍. അവര്‍ക്ക് പ്രബോധനത്തിന്റെ തന്ത്രങ്ങളറിയില്ല എന്ന് വിചാരിക്കാന്‍ ഒരു നിര്‍വാഹവുമില്ല.

എന്നാല്‍, ഈ പ്രവാചകന്മാരെപ്പോലും നിഷ്‌കരുണം തള്ളിക്കളഞ്ഞവരായിരുന്നു അവരുടെ കാലത്തെ സംബോധിതരില്‍ മഹാ ഭൂരിപക്ഷവും. ചില നബിമാര്‍ പരലോകത്ത് വരുമ്പോള്‍ കൂടെ പത്താളുള്ളവരും, അഞ്ചാളുള്ളവരും, ഒരാള്‍ പോലുമില്ലാത്തവരും ഉണ്ടാവുമെന്നും നബി തിരുമേനി പറഞ്ഞ ഹദീഥ് ഇമാം ബുഖാരി (6541) ഉദ്ധരിച്ചതായി കാണാം.

ശരിയാണ്, മൂസാ നബിയെപ്പോലുള്ളവര്‍ക്ക് വലിയ ജനാവലി കൂടെയുണ്ടായിരുന്നു. അന്ത്യപ്രവാചക തിരുമേനിക്ക് കോടിക്കണക്കിന് അനുയായികളുണ്ടാകും. പക്ഷേ, അവരുടെയും മൊത്തം പ്രബോധിതരില്‍ ഭൂരിഭാഗവും സത്യനിഷേധികള്‍ തന്നെയാണ്.

സത്യത്തിന് ചുറ്റും ഉരുണ്ടുകൂടുന്ന പുകപടലം

സത്യത്തിന് ചുറ്റും ഉരുണ്ടുകൂടുന്നത് നിസ്സാരമായ പുകപടലങ്ങളാണെങ്കിലും അതിനെ വകഞ്ഞു മാറ്റാന്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചവര്‍ക്കേ സാധിക്കുകയുള്ളൂ. ഈമാനും തഖ്വയും ഉള്ളിലുള്ളവര്‍ക്ക് അത് പുല്ല് വിലയാണ്. അത്തരം ചിലന്തിവലകളെ ഖുര്‍ആനും സുന്നത്തുമാകുന്ന ആയുധം കൊണ്ട് തൗഫീഖ് നല്‍കപ്പെട്ടവര്‍ കീറിപ്പറിച്ചെറിയും.

എന്നാല്‍, ഹൃദയത്തില്‍ രോഗമുള്ളവര്‍ക്കും കാലിന് ഒടിവുള്ളവര്‍ക്കും തടഞ്ഞുവീഴാന്‍ ചിലന്തിവല തന്നെ ധാരാളം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തി പറഞ്ഞു (സൂറ: ആലു ഇംറാന്‍: 7):

هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ

(آل عمران 7)

''പ്രവാചകാ, അവനാകുന്നു താങ്കള്‍ക്ക് ഈ വേദം അവതരിപ്പിച്ചു തന്നത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്, അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്. മനസ്സുകളില്‍ കോട്ടമുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചു കൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു.

മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതെ ആരുമറിയുന്നില്ല. നേരെമറിച്ച്, ഗഹന ജ്ഞാനമുള്ളവരോ, പറയുന്നു: 'ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു തന്നെയുള്ളതാകുന്നു.' ഏതു കാര്യത്തില്‍ നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും''.

'മുഹ്കമത്താ'യ വാക്യങ്ങളെന്നാല്‍ ഭാഷ സുവ്യക്തമായതും, അര്‍ഥ നിര്‍ണയത്തില്‍ ഒരു വിധ സംശയത്തിനും പഴുതില്ലാത്തതും, ഉദ്ദേശ്യത്തിലേക്ക് വാക്കുകള്‍ വ്യക്തമായും പ്രകടമായും വഴികാണിക്കുന്നതും, ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പഴുത് നന്നെ കുറവായിട്ടുള്ളതുമായ വാക്യങ്ങളാണ്. ഗ്രന്ഥത്തിന്റെ അടിസ്ഥാനഭാഗം ഇതേ വാക്യങ്ങളത്രെ.

സത്യാന്വേഷണ തൃഷ്ണയോടെ ജീവിത സന്മാര്‍ഗം കണ്ടെത്താനായി ഖുര്‍ആനിലേക്ക് തിരിയുന്ന ഏതൊരാളുടെയും ദാഹശമനത്തിന് 'മുഹ്കമത്താ'യ വാക്യങ്ങള്‍ തന്നെയാണ് അവലംബം. സ്വാഭാവികമായും അവന്റെ ശ്രദ്ധ അതില്‍ത്തന്നെ കേന്ദ്രീകൃതമാവും. അതിനെ പ്രയോജനപ്പെടുത്തുന്നതില്‍ അവന്‍ നിരതനായിരിക്കുകയും ചെയ്യും.

'മുതശാബിഹാത്ത്' എന്നാല്‍ അര്‍ഥനിര്‍ണയത്തില്‍ അവ്യക്തതക്ക് സാധ്യതയുള്ള വാക്യങ്ങളാണ്. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യം, ഉല്പത്തി, പരിണാമം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ അറിവെങ്കിലും നല്‍കപ്പെടാതെ ജീവിതത്തിന്റെ ഒരു മാര്‍ഗം മനുഷ്യന് നിര്‍ദേശിച്ചു കൊടുക്കുക സാധ്യമല്ലെന്നത് തികച്ചും വ്യക്തമാണ്.

മനുഷ്യന് ഒന്നും തിരിയാത്ത, ഒരു തുമ്പും കിട്ടാത്ത ഒരു കാര്യം കൊണ്ട് അല്ലാഹുവോ പ്രവാചകന്മാരോ അവനെ സംബോധന ചെയ്യില്ല, അത് യുക്തിരഹിതമാണ്. എന്നാല്‍, അടിസ്ഥാനവിഷയങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേട് പറ്റാത്ത രീതിയിലുള്ള ചില അവ്യക്തതകള്‍ സ്വാഭാവികവുമാണ്.

എന്നാല്‍, മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലാത്ത, മനുഷ്യന്‍ ദര്‍ശിക്കുകയോ സ്പര്‍ശിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ക്ക് മനുഷ്യ ഭാഷയില്‍ സുനിശ്ചിത പദങ്ങള്‍ ഉണ്ടായിരിക്കയില്ലെന്നതും ഒരു പരമാര്‍ഥം മാത്രമാണ്.

അനുവാചക ഹൃദയത്തില്‍ അവയുടെ ശരിയായ ചിത്രം തെളിഞ്ഞു കാണുമാറുള്ള സുപരിചിതമായ വിവരണ രീതിയും അത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യഭാഷയില്‍ ഉണ്ടായിരിക്കുകയില്ല. ഏകദേശ ധാരണ ഉണ്ടാക്കി കൊടുക്കലേ സാധിക്കൂ, അത് മതി താനും.

അതിനാല്‍, സാക്ഷാല്‍ യാഥാര്‍ഥ്യവുമായി ഏറ്റവും കൂടുതല്‍ സാമ്യതയുള്ള ഭൗതിക വസ്തുക്കള്‍ക്ക് മനുഷ്യ ഭാഷയില്‍ ഉപയോഗിച്ചുവരാറുള്ള വാക്കുകളും വിവരണങ്ങളും തന്നെ അത്തരം കാര്യങ്ങള്‍ വിവരിക്കുന്നതിനും ഉപയോഗിക്കേണ്ടത് അനിവാര്യമായിത്തീരുന്നു.

ഇതേ നിലക്കുള്ള ഭാഷയാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. 'മുതശാബിഹാത്ത്' എന്നാല്‍ ഇതേ ഭാഷ ഉപയോഗിച്ചിട്ടുള്ള വാക്യങ്ങളാണ് ഉദ്ദേശ്യം. എന്നാല്‍, പ്രസ്തുത ഭാഷ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഫലം, പരമാവധി മനുഷ്യനെ യാഥാര്‍ഥ്യത്തിന്റെ സമീപത്തോളമെത്തിക്കുകയോ, യാഥാര്‍ഥ്യത്തിന്റെ ഒരു ഏകദേശ ചിത്രം അവന് കാണിച്ചു കൊടുക്കുകയോ മാത്രമാണ്.

മനുഷ്യനോട് അവന് ഒന്നും തിരിയാത്ത, ഒരു തുമ്പും കിട്ടാത്ത ഒരു കാര്യം കൊണ്ട് അല്ലാഹുവോ പ്രവാചകന്മാരോ സംബോധന ചെയ്യില്ല, അത് യുക്തിരഹിതമാണ്. എന്നാല്‍, അടിസ്ഥാനവിഷയങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേട് പറ്റാത്ത രീതിയിലുള്ള ചില അവ്യക്തതകള്‍ സ്വാഭാവികവുമാണ്.

ഇതാണ് അഹ്ലുസ്സുന്നയുടെ കൃത്യമായ നിലപാട്. മുഅ്തസിലികളും അശ്അരികളുമാണ് ഈ വിഷയത്തില്‍ അഹ്ലുസ്സുന്നക്ക് വിരുദ്ധമായ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുള്ളത്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.