ഇന്ത്യയിലെ മാധ്യമങ്ങള്‍ ഭരണകൂട ദാസ്യപ്പണിയിലാണ്


മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഭരണാധികാരി നഗ്‌നനാണെന്ന് ധീരതയോടെ വിളിച്ചുപറഞ്ഞ പത്രമാണ് ദി ടെലഗ്രാഫ്. വായനക്കാരെ ആകര്‍ഷിക്കുന്ന, കരുത്തുറ്റ തലക്കെട്ടുകള്‍ കൊണ്ട് ദ ടെലഗ്രാഫ് പത്രത്തെ ശ്രദ്ധേയമാക്കിയ മാധ്യമപ്രവര്‍ത്തകനാണ് ആര്‍ രാജഗോപാല്‍. എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവിയില്‍ നിന്ന് ഒഴിഞ്ഞ രാജഗോപാലുമായുള്ള സംഭാഷണം.

മകാലിക ഇന്ത്യയില്‍ നാലാം തൂണുകള്‍ മനുഷ്യപക്ഷത്തു നിന്നു മാറി ഭരണകൂട പ്രൊപഗണ്ടയ്ക്കനുസരിച്ചു നീങ്ങുന്നുവെന്ന ആരോപണങ്ങളും വിലയിരുത്തലുകളും ശക്തമാണ്. നേരിന്റെ പക്ഷത്ത് നില്‍ക്കാനോ അനീതിക്കെതിരെ എഴുതാനോ കരുത്തും ധൈര്യവും കാണിക്കുന്ന പത്രാധിപന്മാര്‍ വളരെ കുറവാണ്. ഭരണകൂടത്തിന്റെ നാവായി മാറാനാണ് പത്രമാധ്യമങ്ങള്‍ മത്സരിക്കുന്നത്.

2016 മുതല്‍ ദി ടെലഗ്രാഫിന്റെ സാരഥ്യം വഹിച്ചിരുന്നത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ആയിരുന്നു. മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ഈ കെട്ട കാലത്ത് അദ്ദേഹം മാതൃക കാണിക്കുകയായിരുന്നു. 1996ല്‍ കൊല്‍ക്കത്തയില്‍ ദ ടെലഗ്രാഫ് പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം ആരംഭിച്ച രാജഗോപാല്‍ വിരമിക്കാന്‍ നാലു വര്‍ഷം ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസമാണ് രാജിവെക്കുന്നത്. 2023ലാണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നു നീക്കി എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവിയില്‍ പ്രതിഷ്ഠിക്കുന്നത്.

? എഡിറ്റര്‍ അറ്റ് ലാര്‍ജിന്റെ രാജി

ദ ടെലഗ്രാഫില്‍ 2023 ഒക്ടോബറിലാണ് എഡിറ്റര്‍ അറ്റ് ലാര്‍ജായി ചുമതലയേറ്റത്. അതിനു മുമ്പ് എഡിറ്റര്‍ തസ്തികയിലായിരുന്നു. മാസത്തില്‍ ഒരുകോളമാണ് എഴുതുന്നത്. ഒരു കോളത്തിന് പരമാവധി രണ്ടോ മൂന്നോ ദിവസമാണ് വേണ്ടിവരിക. ബാക്കി മുഴുന്‍ വെറുതെയിരിക്കുകയാണ്. ഒരു വര്‍ഷം അങ്ങനെ തുടര്‍ന്നു. ഇതു ശരിയല്ലെന്ന തോന്നലിലാണ് രാജി തീരുമാനം എടുക്കുന്നത്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് ധാര്‍മികമായി ശരിയല്ലെന്ന തോന്നലിലാണ് രാജി.

2016 മുതല്‍ പത്രത്തിന്റെ എഡിറ്ററായിരുന്നു. ഒരു പത്രത്തിന്റെ ഏറ്റവും അവസാന വാക്ക് എഡിറ്ററാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍, ഇന്ത്യന്‍ നിയമപ്രകാരം എഡിറ്റര്‍ ആണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആള്‍. 2023 അവസാനമാണ് എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവിയിലേക്ക് എന്നെമാറ്റിയത്.

എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്നത് ഇംഗ്ലണ്ടില്‍ തുടങ്ങിയ ഒരു ഏര്‍പ്പാടാണ്. ഉദാഹരണത്തിന്, ഒരു സ്പോര്‍ട്സ് ലേഖകനുണ്ട്. അദ്ദേഹത്തിന് സ്പോര്‍ട്സില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അതീവ താല്‍പര്യമുണ്ട് എന്ന് കരുതുക. അദ്ദേഹം കായിക ലോകത്തെ കുറിച്ച് മാത്രമെഴുതുമ്പോള്‍ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന് ഏതു വിഷയം സംബന്ധിച്ചും എഴുതാനുള്ള ഒരു അധികാരം നല്‍കും. അതാണ് യഥാര്‍ഥത്തില്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ്. പക്ഷേ, എന്റെ കാര്യത്തില്‍ അങ്ങനെയല്ല. ദൈനംദിന വാര്‍ത്താകാര്യങ്ങളില്‍ എനിക്ക് ഒരു റോളുമുണ്ടായിരുന്നില്ല.

? ടെലഗ്രാഫിന്റെ ഒന്നാം പേജുകള്‍

ചില പത്രങ്ങളിലൊക്കെ മുതലാളിമാര്‍ നേരിട്ട് ഇടപെടുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അടുത്ത് അത്തരം സമ്മര്‍ദങ്ങള്‍ക്ക് പത്രമുതലാളിമാര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, പത്രമുതലാളിമാര്‍ അത് പറയണം എന്നില്ല. എല്ലാ പത്രങ്ങള്‍ക്കും ഫീഡ്ബാക്ക് സിസ്റ്റം എന്നൊരു സംവിധാനമുണ്ട്. എന്റെയടുത്ത് മാനേജ്മെന്റ് സൈഡില്‍ നിന്ന് 'നമ്മുടെ വായനക്കാര്‍ക്ക് ഇത് ഇഷ്ടപ്പെടുന്നില്ല, വായനക്കാര്‍ ക്ഷുഭിതരാണ്. ഇങ്ങനെ പോവുകയാണെങ്കില്‍ അവര്‍ പത്രം വാങ്ങിക്കുന്നത് നിര്‍ത്തും' എന്നിങ്ങനെ ചില ഫീഡ്ബാക്കുകളുണ്ടെന്നു പറഞ്ഞ് സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്. ഇത് നമുക്ക് കൗണ്ടര്‍ ചെയ്യാന്‍ പറ്റില്ല. ഈ ശൈലി നേരിട്ടു പറയുന്നതിനേക്കാളും അപകടകരമാണ്.

ദി ടെലഗ്രാഫിന്റെ ഒന്നാം പേജുകള്‍

ഒരു മുതലാളി നമ്മോട് നേരിട്ട് 'നാളെ തൊട്ട് അത് ചെയ്യാന്‍ പാടില്ല' എന്നു പറഞ്ഞാല്‍ നമുക്ക് ഒരു സ്റ്റാന്റ് എടുക്കാന്‍ പറ്റും. 'എനിക്കിങ്ങനെയേ പറ്റൂ' എന്നു പറയുകയോ 'എന്നെ പിരിച്ചുവിട്ടോളൂ' എന്നു പറയുകയോ ഒക്കെ ചെയ്യാം. അത്തരം ഘട്ടങ്ങളില്‍ നമ്മുടെ സ്റ്റാന്റ് ക്ലിയറാക്കാന്‍ പറ്റും. ഈ ഫീഡ്ബാക്ക് പരിപാടി കൂടുതല്‍ അപകടകരമാണ്. അവര്‍ അവരുടെ അഭിപ്രായമെന്താണെന്ന് വ്യക്തമായി പറയുന്നില്ല. ഒരു പബ്ലിഷറുടെ വ്യക്തിപരമായ അഭിപ്രായം എന്തെന്ന് എഡിറ്ററുടെ അടുത്ത് പറയാന്‍ പാടില്ല. പക്ഷേ, അവര്‍ ചില സ്റ്റഡീസ് മുന്നോട്ടുവെക്കുകയാണ് ചെയ്യുക.

പത്രത്തിന്റെ ഏറ്റവും വലിയ ഘടകം വായനക്കാരാണ്. വായനക്കാരില്ലെങ്കില്‍ ഒരു പത്രത്തിനും നിലനില്‍പില്ല. വളരെ ചെറിയ സാമ്പിളില്‍ വായനക്കാരുടെ അഭിപ്രായം എന്നു പറഞ്ഞ് ചില സ്റ്റഡീസ് കൊണ്ടുവരും. ഈ സാമ്പിളുകള്‍ പോലും ഫിക്സ് ചെയ്യാന്‍ പറ്റും. നമ്മുടെ റീഡേഴ്സ് എവിടെയാണുള്ളതെന്ന് ഒരു പത്രത്തിന് അറിയാന്‍ പറ്റും. ഞങ്ങള്‍ ചെയ്ത പല പേജുകളിലും നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കേരളത്തിലെ നരേന്ദ്ര മോദിക്ക് സപ്പോര്‍ട്ട് കിട്ടുന്ന ഒരു ഭാഗത്ത് പോയി സര്‍വേ നടത്തിയാല്‍ എന്തു റിസല്‍ട്ട് വരുമെന്ന് നമുക്കറിയാം. ഈ സര്‍വേയിലൊന്നും എനിക്കത്ര വിശ്വാസമില്ല. ഇതൊക്കെ നമ്മിലേക്ക് സമ്മര്‍ദം കൊണ്ടുവരാനുള്ള ടൂള്‍സ് മാത്രമാണ്. 'വായനക്കാര്‍ ക്ഷുഭിതരാണ്' എന്ന് എന്നോടും പല തവണ പറഞ്ഞിട്ടുണ്ട്.

? മോദിക്കാലത്തെ മാധ്യമപ്രവര്‍ത്തനം

മാധ്യമപ്രവര്‍ത്തനം മാറിയിട്ടില്ല. മാധ്യമങ്ങള്‍ മാറി. ഈ സര്‍ക്കാരിന് അവര്‍ക്കെതിരായി ആരും ഒന്നും പറയുന്നത് ഇഷ്ടമല്ല എന്നു തീര്‍ച്ചയാണ്. Journalism is for the governed, not for the governors എന്നു പറയാറുണ്ട്. ഭരിക്കുന്നവര്‍ക്കു വേണ്ടിയല്ല ഭരിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് നമ്മള്‍ ജേണലിസം ചെയ്യേണ്ടത്. ആ ഒരു ഫോക്കസ് നഷ്ടപ്പെടുകയാണിപ്പോള്‍.

സര്‍ക്കാര്‍ എന്തു വിചാരിക്കും എന്നു കരുതേണ്ട ആവശ്യമില്ല. പക്ഷേ, പലപ്പോഴും പത്രക്കാരും പത്രമുടമകളും എഡിറ്റര്‍മാരും ആലോചിക്കുന്നത്, സര്‍ക്കാര്‍ ഇതിനെക്കുറിച്ച് എന്തു വിചാരിക്കുമെന്നാണ്. അവര്‍ എന്തെങ്കിലും ആക്ഷനെടുത്താലോ എന്ന ഭയം ഇവരെ പിടികൂടിയിരിക്കുന്നു. അത് ഒട്ടും ആരോഗ്യകരമല്ല.

പലപ്പോഴും ഭയം മാത്രമല്ല, ഒരു സഹായ സന്നദ്ധതയാണ് പത്രങ്ങള്‍ കാണിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെ കഴിയുന്നത്ര സഹായിക്കണം എന്ന സന്നദ്ധത. വളരെ അപകടകരമാണത്. നേരത്തേ ഇങ്ങനെ അല്ലായിരുന്നു. പരസ്യം തരുന്നുണ്ട് എന്ന പേരില്‍ ചെറിയ അനുഭാവം മാത്രമായിരുന്നു ചിലപ്പോഴെങ്കിലും ഉണ്ടായിരുന്നത്. ഇന്നതല്ല, പരസ്യം കിട്ടിയില്ലെങ്കില്‍ പോലും അങ്ങോട്ട് പോയി സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണ്.

? വേട്ടയാടല്‍ ഭയവും നിലപാടുകളും

ന്യൂസ് ക്ലിക്കിനു സംഭവിച്ചത് ഇപ്പോഴല്ലേ? എന്താണീ വേട്ടയാടല്‍? കുറച്ച് കാലം ജയിലിലിടാന്‍ കഴിഞ്ഞേക്കും. സിദ്ദീഖ് കാപ്പനെ രണ്ടു വര്‍ഷം അകത്തിട്ടു. അദ്ദേഹം തിരിച്ചുവന്നില്ലേ? മറ്റു മാധ്യമങ്ങള്‍ ജയിലിനെ ഇത്ര ഭയക്കുന്നതെന്തിനാണ്? അടിയന്തരാവസ്ഥക്കാലത്ത് എത്രയോ മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഭയം നമ്മെ ഗ്രസിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ ജേണലിസത്തില്‍ പ്രശ്നമുണ്ട്.

ഭരണകൂടത്തിന് പരമാവധി ചെയ്യാവുന്നത് ജയിലിലിടുക എന്നതാണ്. മുന്‍ഗാമികളൊക്കെ അത്തരം ജയിലുകളെ അതിജീവിച്ചിട്ടുണ്ടെങ്കില്‍ ജേണലിസ്റ്റുകള്‍ക്കും അതിജീവിക്കാന്‍ സാധ്യമല്ലേ എന്നതാണ് ചോദ്യം. എന്തിനെയാണ് ഇവര്‍ ഭയപ്പെടുന്നതെന്ന് എനിക്ക് അറിയില്ല.

? മാധ്യമപ്രവര്‍ത്തനവും ആക്ടിവിസവും

മാധ്യമപ്രവര്‍ത്തനം ഒരിക്കലും ആക്ടിവിസമോ രാഷ്ട്രീയ പ്രവര്‍ത്തനമോ ആകാന്‍ പാടില്ല. അപ്പോള്‍ ചിലരൊക്കെ ഞാന്‍ ചെയ്യുന്നത് പിന്നെയെന്താണെന്ന് ചോദിക്കാറുണ്ട്. ഞാന്‍ ചെയ്യുന്നത് ആക്ടിവിസമല്ല. പറയേണ്ട കാര്യങ്ങള്‍ എനിക്ക് അറിയാവുന്ന രീതിയില്‍ പറയുക എന്നതു മാത്രമാണ്.

ചിലര്‍ പറയുന്നതിന്റെ ടോണ്‍ വ്യത്യാസമുള്ളതാവാം. ആക്ടിവിസമെന്നത് ഒരു ഐഡിയ എടുത്ത് അതിനെ സപ്പോര്‍ട്ട് ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യുന്നതാണ്. അത് പത്രക്കാരുടെ ഫീല്‍ഡാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പലര്‍ക്കും അതിനെപ്പറ്റി മറിച്ചൊരു അഭിപ്രായമുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നമുക്ക് വഴികാണിച്ചുതരാന്‍ ആരുമില്ല. ഏറ്റവും പ്രസിദ്ധവും പരിചിതവുമായ അഞ്ചു പത്രങ്ങളെടുത്താല്‍ അവയില്‍ എത്രയെണ്ണത്തിന്റെ എഡിറ്റര്‍മാരുടെ പേരു പറയാന്‍ കഴിയും? കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ മുമ്പ് 'സ്വദേശാഭിമാനിയില്‍ ആരാണ് എഡിറ്റര്‍' എന്നു ചോദിച്ചാല്‍ ഉടനെ രാമകൃഷ്ണപിള്ള എന്നു പറയും. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അദ്ദേഹത്തെ നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ഇന്ന് നമുക്ക് നോക്കാനായി റോള്‍ മോഡല്‍സ് ഇല്ല. പത്രത്തിന്റെ എഡിറ്ററുടെ പേരു പോലും അറിയില്ല.

ജേണലിസത്തിന്റെ സുവര്‍ണ കാലഘട്ടം എന്നത് 20ാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമാണ്. അതില്‍ തന്നെ മുഖ്യമായത് വാഷിങ്ടണ്‍ പോസ്റ്റിന്റെ കാലഘട്ടമാണ്. അന്ന് അതിന്റെ എഡിറ്റര്‍, നേരത്തേ പറഞ്ഞ ബെഞ്ചമിന്‍ ബ്രാഡ്ലി ആയിരുന്നു. അദ്ദേഹം കെന്നഡിയുടെ അടുത്ത സുഹൃത്തായിരുന്നു. കെന്നഡി ആദ്യം നിക്സനെ തോല്‍പിക്കുന്നുണ്ട്. പിന്നീട് നിക്സന്‍ അധികാരത്തിലെത്തിയപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് പതിവായി നിക്സനെതിരെ എഴുതി. ബെഞ്ചമിന്‍ ബ്രാഡ്ലി കെന്നഡിയുടെ സുഹൃത്തായതുകൊണ്ട് വ്യക്തിപരമായി നിക്സനോടുള്ള വിരോധമാണ് ഈ എഴുതിത്തീര്‍ക്കുന്നത് എന്നൊരു ആരോപണം ഉയര്‍ന്നിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ടെഡ് കെന്നഡി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് ബെന്‍ ബ്രാഡ്ലിയുടെ ഒരു ഇന്റര്‍വ്യൂ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തോട് 'ആരു പ്രസിഡന്റാകുമെന്നാണ് താങ്കള്‍ കരുതുന്നത്' എന്നു ചോദിക്കപ്പെട്ടു. അദ്ദേഹം അന്നു പറഞ്ഞ മറുപടി 'ആരു ശ്രദ്ധിക്കുന്നു അത്? അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അയാള്‍ പ്രസിഡന്റാകുമ്പോള്‍ എന്തു ചെയ്തു എന്നു നോക്കലാണ് എന്റെ ജോലി' എന്നായിരുന്നു.

അതുതന്നെയാണ് എനിക്കും പറയാനുള്ളത്. നരേന്ദ്ര മോദി വിമര്‍ശിക്കപ്പെടുന്നു എന്നതിനര്‍ഥം ആ വ്യക്തി വിമര്‍ശിക്കപ്പെടുന്നു എന്നതല്ല, അദ്ദേഹം ചെയ്യേണ്ട പണി ചെയ്യുന്നുണ്ടോ എന്നു നോക്കിയുള്ള വിമര്‍ശനമാണ്. ആര് ആ പദവിയിലിരുന്നാലും ആ വിമര്‍ശനങ്ങളുണ്ടാവണം. അതാണ് ഒരു ജേണലിസ്റ്റിന്റെ കടമ. അതിനെ ആക്ടിവിസമെന്നോ രാഷ്ട്രീയമെന്നോ വിളിച്ചാലും കുഴപ്പമില്ല. യഥാര്‍ഥത്തില്‍ ജേണലിസമാണത് എന്നാണ് ഞാന്‍ പറയുക.

അദ്ദേഹത്തെ എതിര്‍ക്കുന്നതുകൊണ്ട് മറ്റൊരാള്‍ പ്രധാനമന്ത്രിയാവണം എന്നു ഞാന്‍ പറയുന്നില്ല. ഇദ്ദേഹം ചെയ്യുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടുകയാണ്. ഭരിക്കപ്പെടുന്നവരുടെ ശബ്ദമാവുക എന്നതാണ് ഒരു ജേണലിസ്റ്റിന്റെ ജോലി, ഭരിക്കുന്നവര്‍ക്കു വേണ്ടിയല്ല. അത് ആക്ടിവിസമാണെങ്കില്‍ ആക്ടിവിസമായിക്കോട്ടെ.

? ഭരണകൂട നിയന്ത്രണങ്ങള്‍

നിയമവ്യവസ്ഥ ശക്തമായി നിലനില്‍ക്കുവോളം അതിനെക്കുറിച്ച് നാം ടെന്‍ഷനടിക്കേണ്ട. പുതിയൊരു ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ അയാളുടെ പൊളിറ്റിക്കല്‍ ബാക്ഗ്രൗണ്ട് അന്വേഷിച്ചിട്ടേ ഈ സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂ. തുടക്കക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാകും.

മീഡിയവണ്ണിന് നേരത്തെ സംഭവിച്ചത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. ഒരു കാരണവും കാണിക്കാതെയാണ് ലൈസന്‍സ് പുതുക്കല്‍ തടഞ്ഞുവെച്ചത്. അതിന്റെ പ്രസന്നമായ മറ്റൊരു വശം സുപ്രീം കോടതി ആ നീക്കത്തെ തടഞ്ഞു എന്നതാണ്. അത് പ്രതീക്ഷ നല്‍കുന്നു. സര്‍ക്കാരിനേക്കാളും എനിക്ക് ഭയം വായനക്കാരെയും പ്രേക്ഷകരെയുമാണ്. അവരില്ലെങ്കില്‍ പിന്നെ ഈ ചെയ്യുന്നതിലൊന്നും ഒരു കാര്യവുമില്ലല്ലോ. അതാണ് ഞാന്‍ വലിയൊരു ഭീഷണിയായി കാണുന്നത്.

? ന്യൂനപക്ഷ വേട്ടയും പ്രതിരോധവും

ആത്യന്തികമായി നമ്മുടെ അവസാന പ്രതീക്ഷ കോടതി തന്നെയാണ്. പക്ഷേ, പലപ്പോഴും നമ്മുടെ നിയമ സംവിധാനത്തിനകത്ത് സമയം ഒരുപാട് എടുക്കും. ഇത് ഒരു റെഡി ആന്‍സറുള്ള പ്രതിവിധിയല്ല. പനി വരുമ്പോള്‍ ഇന്ന മരുന്ന് എന്നപോലെ കരുതാനാവില്ല.
സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്ന സമയം അവിടെ യാതൊരു ക്രൈമും നടന്നിട്ടില്ല. അദ്ദേഹം വാര്‍ത്ത കവര്‍ ചെയ്യാന്‍ വേണ്ടി പോയതാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ട് പിഎഫ്ഐ സപ്പോര്‍ട്ടേഴ്സ് ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടാണ് അറസ്റ്റ് നടന്നത്.

ആ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ചില പത്രക്കാര്‍ ഉള്‍പ്പെടെ പല ആളുകളും ഒരു നരേറ്റീവ് ഉണ്ടാക്കിയെടുത്തു. സിദ്ദീഖ് കാപ്പനല്ല രാജഗോപാല്‍ എന്ന ഒരാളാണ് പോയിരുന്നതെങ്കില്‍, രാജഗോപാലിനെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് വലിയ പ്രശ്നമായി ഉയര്‍ന്നേനെ. ഒരുവേള അറസ്റ്റ് ചെയ്യുമോ എന്നുപോലും എനിക്ക് സംശയമുണ്ട്. അത് തീര്‍ച്ചയായും ഒരു മതപ്രശ്നം തന്നെയാണ്.

നരേന്ദ്ര മോദി വിമര്‍ശിക്കപ്പെടുന്നു എന്നതിനര്‍ഥം ആ വ്യക്തി വിമര്‍ശിക്കപ്പെടുന്നു എന്നല്ല, അദ്ദേഹം ചെയ്യേണ്ട പണി ചെയ്യുന്നുണ്ടോ എന്നു നോക്കിയുള്ള വിമര്‍ശനമാണ്. ആര് ആ പദവിയിലിരുന്നാലും വിമര്‍ശനങ്ങളുണ്ടാവണം. അതാണ് ഒരു ജേണലിസ്റ്റിന്റെ കടമ.

ഇന്ത്യന്‍ മീഡിയകള്‍ ന്യൂനപക്ഷങ്ങളെ ശരിക്ക് കവര്‍ ചെയ്യാറില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് കവര്‍ ചെയ്യുന്നത്. നെഗറ്റീവ് കവറേജുകളാണ് കൂടുതലും. അതിന്റെ പ്രധാന കാരണം നമ്മുടെ ന്യൂസ് റൂമുകളില്‍ ഇപ്പോഴും ഹിന്ദു അപ്പര്‍ ക്ലാസ് ആധിപത്യമാണ് എന്നതാണ്. നിങ്ങള്‍ എടുത്തുനോക്കൂ, ടെലഗ്രാഫ് എന്ന പത്രം ഒരിക്കലും വര്‍ഗീയമായ ഒരു സംഗതി പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ പറ്റില്ല. സെക്യുലറായ ഉടമകള്‍ തന്നെയാണ്. അവിടെ പോലും ഒരു ശതമാനം പോലും മുസ്ലിം ജേണലിസ്റ്റുകളില്ല. മാനേജ്മെന്റ് സൈഡിലും വളരെ കുറവാണ്. എത്ര ദലിതരുണ്ടെന്നു ചോദിച്ചാലും വളരെ കുറവായിരിക്കും.

നമ്മുടെ ന്യൂസ് റൂമുകള്‍ മാറേണ്ടിയിരിക്കുന്നു. പ്രൈവറ്റ് സെക്ടറിലും സംവരണം കൊണ്ടുവരുകയും ഈ പ്രശ്നം പരിഹരിക്കുകയും വേണം. ഞാന്‍ സംവരണത്തെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന ഒരാളാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. സംവരണം തന്നെയാണ് ഒരു ഓപ്ഷന്‍. അത് മാറാതെ ന്യൂസ് റൂമുകള്‍ നന്നാവില്ല.

മുസ്ലിം വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെടാതെ പോവുന്നു. മലപ്പുറത്ത് ഉണ്ടായിട്ടുള്ളത് അഭൂതപൂര്‍വമായ വിദ്യാഭ്യാസ വിപ്ലവമാണ്. എന്നാല്‍ അത് വേണ്ട രീതിയില്‍ മാധ്യമങ്ങള്‍ കവര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് മലപ്പുറത്ത് വിദ്യാഭ്യാസ കാര്യത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ കേരളത്തിനു പുറത്തുള്ളവര്‍ക്ക് അറിയില്ല. അത് ജേണലിസത്തിന്റെ പരാജയം തന്നെയാണ്. മുസ്ലിം വിഭാഗത്തെക്കുറിച്ച് നെഗറ്റീവ് സ്റ്റോറികള്‍ മാത്രം കണ്ട് രൂപപ്പെടുന്ന പൊതുബോധത്തെ കൃത്യമായി കൈകാര്യം ചെയ്യണമെങ്കില്‍ ന്യൂസ് റൂമുകള്‍ മാറേണ്ടതുണ്ട്.

? സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും

നമ്മളൊക്കെ സാമൂഹ്യജീവികളാണ് എന്നതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ സ്വാധീനം വന്നുചേരാം. നമ്മളൊരു പക്വമായ സമൂഹമല്ലാത്തതിന്റെ പ്രശ്നമുണ്ട്. രണ്ട് ഇകണോമിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മൂന്ന് അഭിപ്രായം വരുമെന്നു പറയാറുണ്ട്. അതൊരു നല്ല കാര്യമാണ്. പക്ഷേ, ആ അഭിപ്രായത്തോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങള്‍.

കളമശ്ശേരി സ്ഫോടനം തന്നെ നോക്കൂ. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ തന്നെയാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹം അങ്ങനെയായിരുന്നു. അതിന് അപവാദങ്ങളുണ്ട്. ബിജെപി നേതൃത്വമുണ്ട്, ജൂതന്മാരും നിങ്ങളും തമ്മിലെന്തു ബന്ധം എന്നാരായുന്ന റിപ്പോര്‍ട്ടറുണ്ട്. എങ്കിലും പൊതുവെ മാധ്യമങ്ങള്‍ നന്നായി തന്നെയാണ് അത് കൈകാര്യം ചെയ്തത്.

സോഷ്യല്‍ മീഡിയയെ ആക്ഷേപിക്കുന്ന നേരത്ത് ആത്യന്തികമായി ജനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനൊക്കില്ല. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാണുമ്പോഴേക്ക് വാളെടുത്തു തുടങ്ങാന്‍ പാടില്ലല്ലോ. സാമൂഹിക മാധ്യമങ്ങളെ പഴിക്കാമെങ്കിലും ആത്യന്തികമായി സമൂഹത്തിനു തന്നെയാണ് ഉത്തരവാദിത്തം.

? കേരളവും മതസൗഹാര്‍ദവും

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ചിലര്‍ മനഃപൂര്‍വം മതവിദ്വേഷത്തിനു പഴുതുകള്‍ തിരയുന്നുണ്ട്. അത് പാടില്ലാത്തതാണ്. യഥാര്‍ഥ മതസൗഹാര്‍ദം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം നാം നല്‍കണം. അത് അടിച്ചമര്‍ത്തിയിട്ട് കാര്യമില്ല. ജനങ്ങള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളുമെന്നതാണ് പ്രധാനം.

നിരുത്തരവാദപരമായ വല്ല പരാമര്‍ശവും കാണുമ്പോഴേക്ക് ചാടിക്കയറി ഇടപെടരുത്. രാഷ്ട്രീയ നേതൃത്വം ജനങ്ങളെ ബോധവത്കരിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കരുത്. സോഷ്യല്‍ മീഡിയ ഒരു ചന്ത പോലെയാണ്. ആര്‍ക്കും എന്തും പറഞ്ഞ് പോകാന്‍ കഴിയുന്ന ഇടം. അവിടെ എങ്ങനെ പെരുമാറണം എന്നു പഠിക്കണം.

(ശബാബ് 2023 നവംബർ 17 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തെ ആസ്പദമാക്കി തയ്യാറാക്കിയത്)