സൂഫി ത്വരീഖത്തുകളുടെ അപകടകരമായ വാദങ്ങളും അബദ്ധ വിശ്വാസങ്ങളും സമസ്തക്കാരിലൂടെ കേരളത്തില്‍ പ്രചരിക്കപ്പെട്ടു.
അല്ലാഹുവിന്റെ സാമീപ്യവും പ്രീതിയും സമ്പാദിക്കാനാണ് സത്യവിശ്വാസികള്‍ സദാ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടത്. ഈ ലക്ഷ്യത്തോടു കൂടി ചെയ്യുന്ന സത്കര്‍മങ്ങളാണ് ഇരുലോകത്തും സമാധാനവും വിജയവും സത്യവിശ്വാസികള്‍ക്ക് നേടിത്തരുന്നത്.
സത്യവിശ്വാസികളേ എന്ന അഭിസംബോധനയോടുകൂടി അല്ലാഹുവിന്റെ കല്‍പന ഇപ്രകാരമാണ്: ''ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, അവനിലേക്ക് സമീപന മാര്‍ഗം (അടുക്കാനുള്ള വഴി) തേടുകയും ചെയ്യുവിന്‍. അവന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവിന്‍, നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (വി.ഖു: 5:38).
മൂന്നു കാര്യങ്ങളാണ് അല്ലാഹു ഈ വചനത്തിലൂടെ വിശ്വാസികളോട് കല്‍പിക്കുന്നത്. പാരത്രിക ജീവിതവിജയത്തിന് നിദാനമായിത്തീരുന്ന ഈ മൂന്നു കാര്യങ്ങളില്‍ ആദ്യമായുള്ള കല്‍പന അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ്. തഖ്‌വ എന്നാല്‍ അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ നിര്‍വഹിക്കാനും വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമുള്ള ജാഗ്രതയാണ്.
തഖ്‌വയുള്ളവര്‍ക്ക് തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും സത്കര്‍മനിരതമായ ജീവിതം നയിക്കാനും സാധിക്കും. രണ്ടാമത്തെ കല്‍പന അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക എന്നതാണ്. അല്ലാഹുവില്‍ വിശ്വസിച്ചും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചും അവന്റെ പ്രീതിയും സാമീപ്യവും നേടുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സത്യവിശ്വാസികളോടുള്ള മൂന്നാമത്തെ കല്‍പന അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരനിരതമായ ജീവിതം നയിക്കാനാണ്. പരലോകത്ത് വിജയം നേടി അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യം സിദ്ധിക്കുന്നത് സത്യവിശ്വാസികള്‍ക്ക് മാത്രമാണ്.
ഈ ലക്ഷ്യം നേടാന്‍ ശിര്‍ക്ക് കലരാത്ത വിശ്വാസം മുറുകെപ്പിടിച്ച് സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനാണ് അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു: ''വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (18:110).
ഉപരിസൂചിത വചനങ്ങളില്‍ വ്യക്തമാക്കിയതുപോലെ അല്ലാഹുവിനു മാത്രം ആരാധനകള്‍ നിര്‍വഹിച്ചും സത്കര്‍മങ്ങള്‍ അധികരിപ്പിച്ചും അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളാണ് സത്യവിശ്വാസികള്‍ സദാ അന്വേഷിക്കേണ്ടത്. ഈ വിഷയകമായി നാം മനസ്സിലാക്കേണ്ട ഖുദ്‌സിയായ ഹദീസിന്റെ ആശയം ഇപ്രകാരമാണ്:
''എന്റെ അടിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൂടെ- ഞാന്‍ അവനോട് നിര്‍ബന്ധമാക്കിയ (ഫര്‍ദ്) കര്‍മങ്ങള്‍ പാലിക്കുന്നതിലൂടെയാണ്- എന്നോട് അടുത്തു വരുന്നത്. പിന്നീട് അവന്‍ സുന്നത്ത് (നഫ്‌ല്) ഇബാദത്തുകള്‍ ചെയ്യുന്നതിലൂടെ തുടര്‍ച്ചയായി എന്നോടടുത്തു വരും. ഒടുവില്‍ ഞാന്‍ അവനെ സ്‌നേഹിക്കുന്നവനാകും.
ഞാന്‍ അവനെ സ്‌നേഹിക്കുമ്പോള്‍ അവന്‍ കേള്‍ക്കുന്ന ചെവി ഞാനാകും. അവന്‍ കാണുന്ന കണ്ണ് ഞാനാകും. അവന്‍ പിടിക്കുന്ന കൈ ഞാനാകും. അവന്‍ നടക്കുന്ന കാല്‍ ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ അവന് നല്‍കും. അവന്‍ എന്നോട് സംരക്ഷണം തേടിയാല്‍ ഞാന്‍ അവനെ സംരക്ഷിക്കും'' (സ്വഹീഹുല്‍ ബുഖാരി: 6502).
അല്ലാഹുവിന്റെ സാമീപ്യവും ഇഷ്ടവും നേടിയ വ്യക്തിയുടെ കൈയും കാലും കണ്ണും കാതും അല്ലാഹുവായി മാറും എന്ന ഹദീസിലെ പരാമര്‍ശത്തെ സമസ്തക്കാര്‍ തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാരായ മുസ്‌ലിംകളെ അല്ലാഹുവിനു സമന്മാരെ സങ്കല്‍പിക്കുന്ന ശിര്‍ക്കിലേക്ക് നയിക്കുന്ന സാഹചര്യം സമൂഹത്തില്‍ സംജാതമായി.
അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച വ്യക്തിക്ക് അല്ലാഹു കാണുന്നതുപോലെ കാണാനും കേള്‍ക്കുന്നതുപോലെ കേള്‍ക്കാനും സാധിക്കുമെന്ന ശിര്‍ക്കന്‍ വിശ്വാസമാണ് അവര്‍ പ്രചരിപ്പിച്ചത്. അതുകൊണ്ട് പാപികളായ സാധാരണ മുസ്‌ലിംകള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏക മാര്‍ഗം രൂപം തിരിഞ്ഞുകാണുന്ന തടികളാണെന്ന വിശ്വാസമായിരുന്നു സമസ്തയുടെ ഒരു വിഭാഗം തങ്ങളുടെ പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും തുറന്നുപറഞ്ഞിരുന്നത്.
'റദ്ദുല്‍ വഹാബിയ്യ' എന്ന പേരില്‍ സമസ്ത പുറത്തിറക്കിയ പുസ്തകം ഇതിന് ഉദാഹരണമാണ്. വിഗ്രഹങ്ങളും ഖബറുകളും ഒക്കെ രൂപം തിരിഞ്ഞ തടികളാണെന്ന വിശ്വാസമാണ് മക്കാ മുശ്‌രിക്കുകള്‍ വെച്ചുപുലര്‍ത്തിയിരുന്നത്. അതുകൊണ്ട് ആ വിഗ്രഹങ്ങളും ഖബറാളികളും മുഖേന അല്ലാഹുവിലേക്ക് അടുക്കാമെന്ന് അവര്‍ വിശ്വസിച്ചു.
ഈ ശിര്‍ക്കന്‍ വിശ്വാസത്തിലെ അതേ വാദഗതി തന്നെയാണ് പില്‍ക്കാലത്ത് അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്റെ മാര്‍ഗം രൂപം തിരിഞ്ഞ തടികളാണെന്ന സമസ്തക്കാരുടെ വിശ്വാസങ്ങളില്‍ നാം കാണുന്നത്.
അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്റെ മാര്‍ഗമായി അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അല്ലാഹു വ്യക്തമാക്കുന്നു:
''അറിയുക: അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമേ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച'' (വി.ഖു: 39:3).
അല്ലാഹുവിന്റെ സൃഷ്ടികളെ (അവര്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ) അല്ലാഹുവിന് സമന്മാരായി സങ്കല്‍പിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും നേര്‍ച്ച-വഴിപാടുകള്‍ അവര്‍ക്ക് അര്‍പ്പിക്കുകയും ചെയ്യുന്നത് മഹാ പാപമായ ശിര്‍ക്ക് തന്നെയാണ്.
അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്റെ രൂപവും രീതിയും വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും നാം കൃത്യമായി മനസ്സിലാക്കിയാല്‍ അല്ലാഹുവിലേക്കുള്ള അടുപ്പമുണ്ടാക്കുന്നതിന്റെ മാര്‍ഗം എന്ന പേരില്‍ അജ്ഞരായ മുസ്‌ലിംകള്‍ എത്തിപ്പെട്ട ശിര്‍ക്കന്‍ വിശ്വാസാചാരങ്ങളിലേക്ക് സമൂഹം എത്തിപ്പെടുകയില്ല എന്ന് ഉറപ്പാണ്.
അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗം ത്വരീഖത്തിന്റെ വഴിയാണെന്ന വിശ്വാസവും സമസ്തയിലെ ഒരു വിഭാഗം പ്രചരിപ്പിച്ചു. ഓരോ മുസ്‌ലിമിനും മുറബ്ബിയായ ഒരു ശൈഖ് ഉണ്ടാകണമെന്നും ആ ശൈഖിന്റെ ത്വരീഖത്തിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ സാധിക്കുന്നതെന്നും അവര്‍ വിശ്വസിച്ചു.
ഇസ്ലാം എന്നാല്‍ നാല് ഭാഗങ്ങളായി പൂര്‍ത്തീകരിക്കപ്പെടുന്ന ദീന്‍ ആണെന്നായിരുന്നു ഇക്കൂട്ടരുടെ വിശ്വാസം. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് എന്നീ നാലു ഭാഗങ്ങളാണ് അവരുടെ വിശ്വാസപ്രകാരം ദീനിനുള്ളത്.
ശരീഅത്ത് എന്നാല്‍ സാധാരണ മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായിട്ടുള്ള മതത്തിന്റെ നിയമ നിര്‍ദേശങ്ങളാണ്. എന്നാല്‍ മുറബ്ബിയായ ശൈഖിനെ അന്ധമായി പിന്‍പറ്റി മുന്നോട്ടുപോകുന്നതാണ് ത്വരീഖത്ത് വിശ്വാസം. മയ്യിത്ത് കുളിപ്പിക്കുന്നവന്റെ മുമ്പിലെ മയ്യിത്തിന്റെ അവസ്ഥ പോലെയാണ് ശൈഖിന്റെ മുമ്പില്‍ മുരീദിന്റെ അവസ്ഥ. ശൈഖ് പറയുന്നതിനോട് പൂര്‍ണമായും വഴിപ്പെട്ട് അന്ധമായി അനുകരിക്കുക മാത്രമാണ് മുരീദ് ചെയ്യേണ്ടത്.
എല്ലാ ആരാധനകള്‍ക്കും സാധാരണ രൂപത്തില്‍ നിന്ന് മാറ്റം വരുത്തി മറ്റൊരു ഉദ്ദേശ്യമോ യാഥാര്‍ഥ്യമോ ഉണ്ടെന്നു കാണുന്ന രീതിയാണ് ഹഖീഖത്ത്. ഒരാള്‍ അല്ലാഹുവിലേക്ക് എല്ലാ നിലയ്ക്കും ലയിച്ചുചേരുന്ന അവസ്ഥയാണ് മഅ്‌രിഫത്ത്. പ്രത്യക്ഷത്തില്‍ അയാള്‍ മദ്യപാനിയാണെങ്കിലും മദ്യപിച്ചു എന്നു വിചാരിച്ച് അയാളെ ചോദ്യം ചെയ്യാവതല്ല.
ഇതുപോലെ മഅ്‌രിഫത്ത് പദവിയിലെത്തിയ ഒരാള്‍ അല്ലാഹുവിന്റെ ജ്ഞാനതുല്യനായ അവസ്ഥയിലായതിനാല്‍ എന്തു ദുഷ്‌കൃത്യങ്ങള്‍ ചെയ്താലും അയാളെ ചോദ്യം ചെയ്യാനോ തിരുത്താനോ പാടില്ലെന്നായിരുന്നു വിശ്വാസം.
സൂഫി ത്വരീഖത്തുകളുടെ ഇത്തരത്തിലുള്ള അപകടകരമായ വാദങ്ങളും അബദ്ധജടിലമായ വിശ്വാസങ്ങളും സമസ്തക്കാരിലൂടെ കേരളക്കരയില്‍ പ്രചരിക്കപ്പെട്ടു. വിശ്വാസപരമായും ധാര്‍മികമായും കേരളീയ മുസ്‌ലിം സമൂഹത്തെ ഇത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളും അബദ്ധ വാദങ്ങളും എത്രമാത്രം അധഃപതിപ്പിക്കുമെന്ന തിരിച്ചറിവ് സമസ്തക്കാര്‍ക്ക് അന്ന് ഉണ്ടായിരുന്നില്ല.
ഹൈദരാബാദില്‍ നിന്നോ മറ്റോ കേരളത്തിലേക്ക് വന്ന സയ്യിദ് നൂരിഷാ തങ്ങളിലൂടെയാണ് സമസ്തക്കാര്‍ ത്വരീഖത്ത് ചിന്താധാരയ്ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കിയത്. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പേരക്കുട്ടികളുടെ പരമ്പരയില്‍ പ്രധാനിയായ നൂരിഷാ തങ്ങളുടെ കൈപിടിച്ചും അതിനു കഴിഞ്ഞില്ലെങ്കില്‍ കൈപിടിച്ചവന്റെ കൈപിടിച്ചും തങ്ങള്‍ക്ക് വലിയ അപ്രമാദിത്വം കല്‍പിച്ച് നൂരിഷാ ത്വരീഖത്ത് ഏറെ പോരിശയോടെ സമസ്തക്കാര്‍ പ്രചരിപ്പിച്ചു.
സയ്യിദ് നൂരിഷാ തങ്ങളുടെ പേരിലാണ് സമസ്തയുടെ ആദ്യ വൈജ്ഞാനിക കേന്ദ്രമായ 'ജാമിഅ നൂരിയ്യ പട്ടിക്കാട്' എന്ന സ്ഥാപനം നിലവില്‍ വന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഫൈസിമാര്‍ ഈ സ്ഥാപനത്തില്‍ നിന്ന് ബിരുദമെടുത്തു പുറത്തിറങ്ങിയവരാണ്. ശൈഖുമാര്‍ക്ക് അപ്രമാദിത്വം കല്‍പിച്ച് ത്വരീഖത്ത് പ്രസ്ഥാനത്തെ പാലൂട്ടി വളര്‍ത്തിയവര്‍ക്ക് മറുപടിയായി ഒരു ദഅ്‌വാ സമ്മേളനം മലപ്പുറത്തു വെച്ച് സംഘടിപ്പിച്ചിരുന്നു.
ത്വരീഖത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് ദീനിന്റെ ശരിയായ വഴിയില്‍ സ്ഥിരതയോടെ നിലകൊള്ളുന്നതിനെയാണ്.
ഞാനും (മര്‍ഹൂം) കെ കെ മുഹമ്മദ് സുല്ലമിയും പ്രസ്തുത സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസാദര്‍ശ വിഷയങ്ങളെ പ്രമാണബദ്ധമായി ഞങ്ങള്‍ അവതരിപ്പിച്ചു. ത്വരീഖത്ത് വിശ്വാസത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ശൈഖുമാര്‍ വ്യാജവാദികളാണെന്ന സത്യം ഞങ്ങള്‍ തുറന്നു പറഞ്ഞു.
ഇതിനു മറുപടിയായി സമസ്തയുടെ അധ്യക്ഷനും ജാമിഅയുടെ ആദ്യ പ്രിന്‍സിപ്പലുമായിരുന്ന മഹദ് വ്യക്തി മലപ്പുറത്തു വന്ന് ഞങ്ങള്‍ക്കെതിരെ പ്രസംഗിച്ചു. 'കാലിനടിയിലെ ചുവപ്പ് മാറാത്ത കുട്ടികള്‍ വന്ന് ത്വരീഖത്തിന്റെ ശൈഖുമാരെ അവഹേളിക്കുന്നു' എന്നതായിരുന്നു ഞങ്ങള്‍ക്കെതിരെയുള്ള ആക്ഷേപം.
'ഒരു മുറബ്ബിയായ ശൈഖ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അതില്ലെങ്കില്‍ അവന്റെ ശൈഖ് ശൈത്വാനായിരിക്കു'മെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ശൈഖിനെ നിഷേധിക്കുന്ന മുജാഹിദുകളുടെ ശൈഖ് ശൈത്വാനാണെന്നായിരുന്നു വാദിച്ചത്.
വര്‍ഷങ്ങള്‍ക്കു ശേഷം ശൈഖിന്റെ തനിനിറം പുറത്തായപ്പോള്‍ അദ്ദേഹത്തെ സമസ്തക്കാര്‍ തല്‍സ്ഥാനത്തു നിന്ന് മാറ്റി. നൂരിഷാ ത്വരീഖത്തിന് അവര്‍ എതിരാവുകയും ചെയ്തു. പക്ഷേ, ആ ശൈഖിന്റെ പേരില്‍ അറിയപ്പെട്ട ജാമിഅത്തുന്നൂരിയ്യ എന്ന സ്ഥാപനത്തിന്റെ പേര് ഇപ്പോഴും നിലനില്‍ക്കുന്നു.
മുജാഹിദുകളുടെ ശൈഖ് ശൈത്വാനാണെന്നു പറഞ്ഞ പണ്ഡിതന്‍ തന്നെ 25 വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ ചെന്ന് നൂരിഷാ ശൈത്വാനാണെന്ന് പ്രസംഗിക്കേണ്ട ഗതികേടുണ്ടായി. ഈ കാല്‍നൂറ്റാണ്ട് കാലത്തിനിടയ്ക്ക് നൂരിഷാ ത്വരീഖത്ത് വിശ്വാസമായി സ്വീകരിച്ച് മരിച്ചുപോയവരുടെ കാര്യം ആരാണ് ഏറ്റെടുക്കുക എന്ന ചോദ്യം പ്രസക്തമാണ്.
ജാമിഅത്തുന്നൂരിയ്യ എന്ന പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിനു പിന്നിലെ ചരിത്രം ചികയുമ്പോള്‍ വ്യാജ ശൈഖുമാരുടെ പേരില്‍ ത്വരീഖത്ത് വിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തെ അപകടപ്പെടുത്തിയതിന്റെ നേര്‍ചിത്രങ്ങള്‍ നമുക്ക് കാണാതിരിക്കാനാവില്ല.
യഥാര്‍ഥത്തില്‍ ത്വരീഖത്ത് എന്ന പദത്തിന്റെ ആശയം ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കുകയാണ് വേണ്ടത്. ത്വരീഖത്ത് എന്ന അറബി പദത്തിന്റെ ഭാഷാര്‍ഥം വഴി, രീതി എന്നൊക്കെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ത്വരീഖത്ത് അഥവാ സ്വിറാത്ത് എന്നതിന്റെ വിവക്ഷ കൃത്യമായി മനസ്സിലാക്കാനാകും.
ലൗകിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടാന്‍ സ്രഷ്ടാവ് നല്‍കിയ ശരീഅത്തിലെ നിയമങ്ങള്‍ കൃത്യമായി പാലിച്ച് ഹൃദയത്തെ ശുദ്ധീകരിക്കുന്ന വഴിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സൂറത്തുല്‍ ഫാതിഹയിലെ ആറാം സൂക്തത്തില്‍ അല്ലാഹു ഇക്കാര്യം പ്രാര്‍ഥനാ രൂപത്തില്‍ പഠിപ്പിക്കുന്നു:
'ഞങ്ങളെ നേരായ വഴി (സ്വിറാത്ത്)യിലേക്ക് നയിക്കേണമേ.' പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലൂടെയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതമാതൃകയിലൂടെയും കാണിച്ചുതന്ന നേരെചൊവ്വേയുള്ള ജീവിതപാതയാണ് നാം പിന്‍പറ്റേണ്ടതെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു:
''ഇതത്രേ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്‍തുടരുക. മറ്റ് മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിച്ചു കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (വി.ഖു: 6:153).
ശരീഅത്ത് അനുശാസിക്കുന്ന നിയമ നിര്‍ദേശങ്ങള്‍ പാലിച്ച് നേരായ പാതയില്‍ ചരിക്കുന്നതിലൂടെ ഐഹിക ജീവിതത്തില്‍ മനസ്സിന്റെ സംസ്‌കരണവും പാരത്രിക ജീവിതത്തില്‍ ആത്യന്തിക വിജയവും നേടാന്‍ സാധിക്കുന്നു.
അല്ലാഹു പറയുന്നു: ''ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (വി.ഖു: 91:9,10). ത്വരീഖത്ത് എന്ന പദം നേരിട്ട് സൂറത്ത് ജിന്നിലെ 16-ാമത്തെ ആയത്തില്‍ പരാമര്‍ശവിധേയമായിട്ടുണ്ട്: ''ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്'' (വി.ഖു: 72:16).
ഇവിടെ ത്വരീഖത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് ദീനിന്റെ ശരിയായ വഴിയില്‍ സ്ഥിരതയോടെ നിലകൊള്ളുന്നതിനെയാണ്. വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബിയും സച്ചരിതരായ സഹാബികളും കാണിച്ചുതന്ന ജീവിതമാര്‍ഗമാണ് ത്വരീഖത്തായി നാം പിന്‍പറ്റേണ്ടത് എന്ന് ഹദീസുകളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നു.
നബിയുടെയും സഹാബികളുടെയും കാലത്ത് ത്വരീഖത്ത് എന്നത് പ്രത്യേക ആത്മീയ ഗ്രൂപ്പിന്റെ പേരായിരുന്നില്ല ഇസ്‌ലാമിക ചരിത്രത്തില്‍ എന്ന് വ്യക്തമാകുന്നു. നബി(സ) പറഞ്ഞു: ''നിങ്ങള്‍ എന്റെ ചര്യയെയും സന്മാര്‍ഗികളും സച്ചരിതരുമായി എനിക്കു ശേഷം വന്ന പിന്‍ഗാമികളുടെ ചര്യയെയും മുറുകെ പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് അവ കടിച്ചു പിടിക്കുക'' (അബൂദാവൂദ് 4607).
ഈയൊരു അര്‍ഥമാണ് ത്വരീഖത്ത് കൊണ്ട് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് സൂഫികള്‍ അല്ലാഹുവിലേക്കുള്ള ആത്മീയ യാത്രയുടെ ക്രമബദ്ധമായ വഴിയെന്ന അര്‍ഥത്തില്‍ ത്വരീഖത്തിനെ നിര്‍വചിച്ചു. അല്ലാഹുവിനോടുള്ള അടുപ്പം ലക്ഷ്യമാക്കി ത്വരീഖത്തിന്റെ പേരില്‍ നടത്തുന്ന ആത്മീയ പരിശീലന രീതികള്‍ അജ്ഞരായ മുസ്‌ലിംകളെ ഇസ്‌ലാമിന്റെ നേര്‍വഴിയില്‍ നിന്ന് ബഹുദൂരം വ്യതിചലിപ്പിച്ചു.
നേരെചൊവ്വേയുള്ള സത്യദീനിന്റെ യഥാര്‍ഥ വഴിയെ അവഗണിച്ചപ്പോള്‍ മുസ്‌ലിം സമുദായം ശിര്‍ക്കിലും കുഫ്‌റിലും തളച്ചിടപ്പെട്ട് ആഭ്യന്തര ശിഥിലീകരണത്തിന്റെ അപകടവഴിയില്‍ എത്തുകയും ചെയ്തു.
തയ്യാറാക്കിയത്: ഡോ. സി കെ റജീഷ്
