പെരുന്നാള്‍ ആലിംഗനങ്ങളില്‍ വിദ്വേഷത്തിന്റെ മറകള്‍ തകര്‍ന്നടിയട്ടെ


ബാപ്പയോടൊപ്പം ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ സാധിച്ചിരുന്നത് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ്.

കേരളീയ പൊതു ജീവിതത്തില്‍ അധികാര രാഷ്ട്രീയത്തിനപ്പുറം, സമൂഹത്തോട് നിരന്തരം സംവദിക്കുന്ന ബൗദ്ധിക- സാംസ്‌കാരിക സാന്നിധ്യമാണ് ഡോ. എം കെ മുനീര്‍. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ ജാഗ്രത കാണിക്കുമ്പോഴും വിയോജിപ്പുകളെ ആദരിക്കുന്ന, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ ശൈലി അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഉന്നതാധികാര സമിതി അംഗവുമായ എം കെ മുനീര്‍, പെരുന്നാളുകളിലെ ആഘോഷം, കേരളീയ സാമൂഹിക ജീവിതം എന്നിവയെ കുറിച്ചു സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം:

  • പിതാവായ സി എച്ച് മുഹമ്മദ് കോയയില്‍ നിന്ന് ഉള്‍ക്കൊണ്ട ഏറ്റവും വലിയ രാഷ്ട്രീയ പാഠം എന്താണ്. അദ്ദേഹവുമൊത്തുള്ള പെരുന്നാള്‍ ഓര്‍മകള്‍?

മക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ലഭിച്ച പിതൃവാത്സല്യവും പരിലാളനയും പറഞ്ഞു ഫലിപ്പിക്കാനാവില്ല. ഞങ്ങളുടെ വൈജ്ഞാനിക വളര്‍ച്ചയിലെ വഴികാട്ടി വാപ്പ തന്നെയാണ്. പുസ്തകങ്ങളുടെ വിശാല ലോകത്തേക്ക് ഞങ്ങളെ കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്; വായനയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നതും വാപ്പ തന്നെ.

പുസ്തകങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ആവശ്യപ്പെടുന്ന പുസ്തകങ്ങളെല്ലാം ലഭ്യമാക്കിയിരുന്നു. അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയ കെട്ടുകളായി പുസ്തകങ്ങള്‍ കൊണ്ടുവരുമായിരുന്നു.

ഉത്തരവാദിത്തമുള്ള രാഷ്ട്രീയക്കാരന്റെ വലിയ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് വാപ്പയെ പൂര്‍ണമായി ലഭിക്കുന്ന ദിവസങ്ങള്‍ വിരളമായിരുന്നു; ഒരു ദിവസം മുഴുവന്‍ ഒന്നിച്ചു ചെലവഴിക്കാന്‍ സാധിച്ചിരുന്നത് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ്. അന്ന് അതിരാവിലെ കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

ഞങ്ങള്‍ തയ്യാറായി വരുന്നതുവരെ വാപ്പ കാത്തിരിക്കും. വാപ്പയുടെ പക്കലുള്ള അത്തര്‍ ഞങ്ങളുടെ കൈകളില്‍ പുരട്ടും. അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ച് പള്ളിയിലേക്ക് പോയിരുന്ന ആ കുട്ടിക്കാലം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. വാപ്പ പുരട്ടിത്തരുന്ന 'ജന്നാത്തുല്‍ ഫിര്‍ദൗസ്' എന്ന് പേരുള്ള അത്തറും അതിരാവിലെ ഉമ്മ സ്‌നേഹത്തോടെ ഒരുക്കുന്ന പൂരിയും കോഴിക്കറിയും ചേരുമ്പോഴാണ് പെരുന്നാള്‍ അതിന്റെ പൂര്‍ണതയിലെത്തിയിരുന്നത്. പകരംവെക്കാനാവാത്ത സന്തോഷത്തിന്റെ പെരും നാള്‍!

  • സമൂഹത്തില്‍ ബോധപൂര്‍വം ധ്രുവീകരണം സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത്, പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ക്ക് എങ്ങനെയൊക്കെ പ്രതിരോധം രൂപപ്പെടുത്താനാകും?

സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ പോലും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന തരത്തിലാണ്. മനുഷ്യര്‍ അദൃശ്യമായ വിഭജനരേഖകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന 'ഗെറ്റോ'കളെ അഥവാ സമുദായങ്ങള്‍ ഒറ്റ തിരിഞ്ഞുള്ള വാസസ്ഥലങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്.

മുസ്‌ലിംകള്‍ ഒരു ഭാഗത്തും ഹിന്ദുക്കള്‍ മറ്റൊരു ഭാഗത്തുമായി പാര്‍ശ്വവത്കരിക്കപ്പെടുന്ന ഇത്തരം ഗെറ്റോകള്‍ ഉത്തരേന്ത്യയുടെ സാമൂഹിക ദുരവസ്ഥയാണ്. നിര്‍ഭാഗ്യവശാല്‍ കേരളവും സാവധാനം അത്തരം അവസ്ഥയിലേക്ക് മാറിപ്പോകുന്നുണ്ടോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ഓരോ മതവിഭാഗത്തിന്റെയും ആഘോഷങ്ങള്‍ അവരിലേക്ക് മാത്രം ചുരുങ്ങുന്നു.

പെരുന്നാള്‍ എന്നത് മുസ്‌ലിംകള്‍ മാത്രം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കൂട്ടു കൂടുകയും ചെയ്യുന്ന ആഘോഷമായി മാറാന്‍ പാടില്ല. നമ്മുടെ അയല്‍വാസികള്‍ ഏത് മതസ്ഥരായാലും അവരെക്കൂടി നമ്മുടെ സന്തോഷത്തിലേക്ക് ക്ഷണിക്കുന്നതില്‍ എന്താണ് പ്രശ്‌നം?

ഇതര മതസ്ഥരായ പല സുഹൃത്തുക്കളും മുന്‍കാലങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ അയല്‍പക്കത്തെ മുസ്‌ലിം വീടുകളില്‍നിന്ന് ഭക്ഷണപ്പൊതികള്‍ വന്നിരുന്ന കാലത്തെക്കുറിച്ച് വാചാലരാകാറുണ്ട്. യഥാര്‍ഥത്തില്‍ പെരുന്നാളുകള്‍ മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതിഫലനങ്ങളായി മാറണം. പ്രത്യേകിച്ച് ബലിപെരുന്നാള്‍.

ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിശ്വാസികള്‍ മക്കയിലും അറഫയിലും മദീനയിലുമായി പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന വേളയില്‍ നാം നമ്മുടെ അയല്‍ക്കാരെക്കൂടി ചേര്‍ത്തുപിടിക്കുമ്പോള്‍ ആ ആഘോഷം അര്‍ഥപൂര്‍ണമാകുന്നു. അവരുടെ പ്രാര്‍ഥനകള്‍ മുഴുവന്‍ സമൂഹത്തിനും ഗുണകരമായിത്തീരും. അതിനാല്‍, പെരുന്നാളുകള്‍ വിശാലമായ മതസൗഹാര്‍ദത്തിന്റെ ദിനങ്ങളായിക്കൂടി മാറേണ്ടതുണ്ട്.

  • ബലിപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന ആശയമാണ് 'ത്യാഗം.' ഏതു കാലത്തും മനുഷ്യനെ/ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ ആ ആശയത്തിന് എന്തുമാത്രം പ്രാധാന്യമുണ്ട്.

ബലിപെരുന്നാള്‍ മഹാ ത്യാഗത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ഇബ്‌റാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും സ്മരിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് അവര്‍ സഹിച്ച അതിരുകളില്ലാത്ത ത്യാഗത്തിന്റെ ചരിത്രമാണ്.

സുഖലോലുപതയെ പ്രണയിക്കുന്ന ആധുനിക മനുഷ്യര്‍ ത്യാഗത്തെയോ കഠിനാധ്വാനത്തെയോ ഗൗരവത്തോടെ കാണാറില്ല. ജീവിതത്തില്‍ നാം എത്രമാത്രം ത്യാഗം സഹിക്കുന്നുണ്ടെന്നത് ചിന്തനീയമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം താല്പര്യങ്ങളെ ത്യജിക്കുമ്പോള്‍ മാത്രമാണ് മനുഷ്യജന്മം പൂര്‍ണത പ്രാപിക്കുന്നത്; ഇതാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന അടിസ്ഥാന പാഠം.

വ്യക്തിപരമായ താല്പര്യങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുമ്പോള്‍ മനുഷ്യന്‍ സ്വാര്‍ഥനാകുന്നു; മറ്റുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമ്പോള്‍ അവന്‍ യഥാര്‍ഥ ത്യാഗിയാകുന്നു.

ഇസ്‌ലാം സ്വാര്‍ഥതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല, മറിച്ച് ത്യാഗത്തെയാണ് മഹത്വവത്കരിക്കുന്നത്.

സമൂഹത്തിന് വേണ്ടി ജീവിതത്തില്‍ കുറച്ചെങ്കിലും സമര്‍പ്പിക്കുമ്പോഴാണ് ത്യാഗത്തിന് അര്‍ഥം ലഭിക്കുക. പ്രവാസജീവിതത്തെക്കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളത്, പ്രവാസത്തിന്റെ പര്യായം തന്നെ 'ത്യാഗം' ആണെന്നാണ്.

ത്യാഗസന്നദ്ധതയിലൂടെ പൂര്‍ണനാകുമ്പോഴേ ഇതര ജീവികളില്‍നിന്ന് വ്യതിരിക്തമായി അവനെ 'മനുഷ്യന്‍' എന്ന് വിശേഷിപ്പിക്കാനാകൂ.

സ്വന്തം സഹോദരിമാരുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കുടുംബത്തിന്റെ മറ്റ് ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി നാടും വീടും വിട്ടുപോകാന്‍ തീരുമാനിച്ചവരാണ് പ്രവാസികള്‍. വര്‍ഷങ്ങളുടെ കണക്കുകൂട്ടലുകളുമായി വിദൂരതയിലേക്ക് പോകുന്ന അവരുടെ പ്രവാസജീവിതം കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കൊപ്പം നീണ്ടുപോകുന്നു.

യൗവനമത്രയും മണലാരണ്യത്തില്‍ ഹോമിച്ച്, ഒടുവില്‍ രോഗിയായി വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുടെ ആശ്രയത്തില്‍ ജീവിക്കേണ്ടിവരുന്ന ഗതികേടിലാണ് പലരും. ഇതിനെ നമുക്കു ത്യാഗം എന്ന് വിളിക്കാം.

ത്യാഗത്തിന്റെ വിശാലമായ അര്‍ഥ തലങ്ങളെയാണ് ബലിപെരുന്നാള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ത്യാഗസന്നദ്ധതയിലൂടെ പൂര്‍ണനാകുമ്പോഴേ അവനെ ഇതര ജീവികളില്‍നിന്ന് വ്യതിരിക്തമായി 'മനുഷ്യന്‍' എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കൂ.

  • വായനാശീലവും ഗവേഷണ താല്പര്യവുമുള്ള ഒരാളെന്ന നിലയില്‍, വൈജ്ഞാനിക പശ്ചാത്തലം താങ്കളുടെ നയരൂപീകരണങ്ങളെയും രാഷ്ട്രീയ തീരുമാനങ്ങളെയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ബൗദ്ധികമായി കാലത്തോടൊപ്പം നടക്കാന്‍ എന്നെ എന്നും സഹായിച്ചത് വായനയാണ്. ആദ്യകാലങ്ങളില്‍ സര്‍ഗാത്മക സാഹിത്യത്തോട് (Fiction) ആയിരുന്നു കൂടുതല്‍ താല്പര്യമെങ്കില്‍, പിന്നീട് അത് വൈജ്ഞാനിക സാഹിത്യത്തിലേക്ക് മാറി. അറിവ് നിരന്തരം പുതുക്കാന്‍ വായന അനിവാര്യമാണ്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇപ്പോള്‍ കൂടുതലായി വായിക്കുന്നത്.

യുവല്‍ നോഹ് ഹരാരിയുടെ കൃതികളും, ഭൗതിക വായനയും ഡിജിറ്റല്‍ വായനയും ഡീപ് റീഡിംഗും (Deep Readin) തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്ന മരിയാന്‍ വോള്‍ഫിന്റെ 'പ്രൗസ്റ്റ് ആന്‍ഡ് ദി സ്‌ക്വിഡ്' (Proust and the Squid) പോലെയുള്ള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ കാലത്തും നാം തിരഞ്ഞെടുക്കുന്ന ഇത്തരം വായനകളാണ് കര്‍മമണ്ഡലങ്ങളില്‍ ആവശ്യമായ നവീകരണം കൊണ്ടുവരാന്‍ സഹായിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും എന്റെ ഏറ്റവും വലിയ കരുത്ത് വായനയാണ്. മന്ത്രിയായിരുന്ന കാലയളവില്‍, വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാന്‍ വായന കൂടുതല്‍ വിപുലമാക്കിയിരുന്നു.

അടിസ്ഥാനപരമായി ഒരു മെഡിക്കല്‍ ഡോക്ടറായ ഞാന്‍ ആദ്യം കൈകാര്യം ചെയ്തത് പൊതുമരാമത്ത് വകുപ്പായിരുന്നു. ആ കാലയളവില്‍ റോഡ്, പാലം നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി എഞ്ചിനീയറിംഗ് പുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചു പഠിച്ചിരുന്നു.

ഇതേ കാലയളവില്‍ സാമൂഹികനീതി വകുപ്പിന്റെ ചുമതലയും ഞാന്‍ വഹിച്ചിരുന്നു. കേരളത്തിന് വേണ്ടി ഒരു പോഷകാഹാര നയം (Nutrition Policy) രൂപീകരിക്കുന്ന സമയത്ത് എനിക്ക് ഏറ്റവും വലിയ വഴികാട്ടിയായത് ഹര്‍ഷ് മന്ദര്‍ എഴുതിയ ആഷ് ഇന്‍ ദ ബെല്ലി (Ash in the Belly) എന്ന പുസ്തകമാണ്. അന്ന് ഹര്‍ഷ് മന്ദറുമായി നേരിട്ട് ആശയവിനിമയം നടത്തുകയും അദ്ദേഹത്തിന്റെ കൂടി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് സംസ്ഥാനത്തിന്റെ പോഷകാഹാര നയം രൂപീകരിച്ചത്.

മന്ത്രിയായിരിക്കെ ഞാന്‍ മുന്നോട്ടുവെച്ച 'എക്‌സ്പ്രസ്സ് വേ' എന്ന ആശയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ അതൊരു അതിവേഗ പാത ആയിരുന്നു. ഇന്ന് കാണുന്ന ആക്‌സസ് കണ്‍ട്രോള്‍ റോഡുകളുടെ പൂര്‍ണരൂപമായിരുന്നില്ല അതെങ്കിലും, അന്ന് വിഭാവനം ചെയ്ത ആ പദ്ധതി ഇന്നും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന വാര്‍ഷിക ജേര്‍ണലുകളിലെ ലേഖനങ്ങളാണ് അത്തരമൊരു ആശയത്തിലേക്ക് എന്നെ നയിച്ചത്. അപകട നിരക്ക് കുറയ്ക്കാന്‍ ഗതാഗതം പൂര്‍ണമായും ഇരുദിശകളിലായിരിക്കണം എന്ന ശാസ്ത്രീയ അവബോധം രൂപപ്പെട്ടതും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകളുടെ വായനയിലൂടെയാണ്.