മന്ത്രമുണ്ട്, നിബന്ധനയും; എന്നാല്‍ മന്ത്രവാദമോ?


മന്ത്രം അല്ലാഹുവിന്റെ നാമം കൊണ്ടും അവന്റെ വചനം കൊണ്ടും അവന്റെ വിശേഷ ഗുണം കൊണ്ടും ആയിരിക്കണം, അറബി ഭാഷയിലോ അര്‍ഥം അറിയുന്ന ഭാഷയിലോ ആയിരിക്കണം. പ്രതിഫലനം അല്ലാഹുവിന്റെ കഴിവുകൊണ്ട് മാത്രമാണ് സംഭവിച്ചത് എന്ന് വിശ്വസിക്കണം.

ബിചര്യയില്‍ പെട്ട ഒരു കാര്യമാണ് മന്ത്രം. അതിന് നബി(സ)യുടെ മാതൃകയുണ്ട്. ആയിശ(റ) പറയുന്നു: ''നബിയുടെ ജീവന്‍ പിടിച്ചെടുക്കുന്ന രോഗത്തില്‍ അദ്ദേഹം മുഅവ്വിദാത്ത് ഓതി മന്ത്രിക്കാറുണ്ടായിരുന്നു. രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി മന്ത്രിക്കുകയും പുണ്യം ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ (നബിയുടെ) കൈ കൊണ്ട് നബിയുടെ ശരീരത്തില്‍ തടവുകയും ചെയ്തിരുന്നു'' (ബുഖാരി: 5751).

മുഅവ്വിദത്താനി ഇറങ്ങിയതിനു ശേഷം എല്ലാ അപകടങ്ങള്‍ക്കും പരിഹാരമായി നബി അവ ഉപയോഗിച്ചു മാത്രമായിരുന്നു പ്രാര്‍ഥിച്ചിരുന്നത്. ആയിശ പ്രസ്താവിക്കുന്നു: ''മുഅവ്വിദത്താനി ഇറങ്ങിയപ്പോള്‍ നബി (പ്രാര്‍ഥനയ്ക്ക്) അവ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ള പ്രാര്‍ഥനാ പദങ്ങള്‍ ഒഴിവാക്കുകയും ചെയ്തു'' (തിര്‍മിദി, നസാഈ, ഇബ്‌നുമാജ).

നിബന്ധനകള്‍ വിട്ടുകൊണ്ട് മന്ത്രിപ്പിക്കല്‍ മന്ത്രവാദത്തില്‍ പെട്ടതാണ്. താഴെ വരുന്ന നിബന്ധനകള്‍ അനുസരിച്ച് മന്ത്രിപ്പിക്കാവുന്നതാണ്. ഇബ്‌നു ഹജര്‍ രേഖപ്പെടുത്തി: ''മൂന്നു നിബന്ധനകള്‍ പ്രകാരം മന്ത്രിപ്പിക്കല്‍ അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഒന്ന്: മന്ത്രം അല്ലാഹുവിന്റെ നാമം കൊണ്ടും അവന്റെ വചനം കൊണ്ടും അവന്റെ വിശേഷ ഗുണം കൊണ്ടും ആയിരിക്കല്‍.

രണ്ട്: മന്ത്രം അറബി ഭാഷയിലോ അര്‍ഥം അറിയുന്ന മറ്റു ഭാഷകളിലോ ആയിരിക്കല്‍. മൂന്ന്: മന്ത്രത്തിന്റെ പ്രതിഫലനം അല്ലാഹുവിന്റെ കഴിവുകൊണ്ട് മാത്രമാണ് സംഭവിച്ചത് എന്ന് വിശ്വസിക്കല്‍'' (ഫത്ഹുല്‍ബാരി).

മറ്റുള്ളവരെക്കൊണ്ട് മന്ത്രിപ്പിച്ച് പ്രതിഫലം വാങ്ങാം എന്നത് നബി നിരുത്സാഹപ്പെടുത്തിയ തെളിവിന് കൊള്ളാത്ത 'ശാദ്ദാ'യ രേഖകളാണ്. നബി അരുളി: ''എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ലക്ഷണം നോക്കാത്തവരും മന്ത്രിപ്പിക്കാത്തവരുമാണ്'' (ബുഖാരി, മുസ്‌ലിം).

മേല്‍ ഹദീസിനെ ഇബ്‌നു തൈമിയ്യ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ''നബി അവരെ പ്രശംസിച്ചത്, അവര്‍ മന്ത്രിപ്പിക്കാത്തവരാണ് എന്നാണ്. ഏതെങ്കിലും ഒരു പ്രാര്‍ഥന മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിനാണ് മന്ത്രിപ്പിക്കല്‍ എന്നു പറയുന്നത്. നബിയും അല്ലാത്തവരും സ്വയം മന്ത്രിക്കാറായിരുന്നു പതിവ്. അവരാരും തന്നെ മറ്റുള്ളവരോട് മന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലയെന്നത് നബിയില്‍ നിന്നു സഹീഹായി സ്ഥിരീകരിക്കപ്പെട്ടതാണ്'' (ഫതാവാ ഇബ്‌നി തൈമിയ്യ: 1:328).

രോഗശമനത്തിനുള്ള പ്രാര്‍ഥനയ്ക്കാണ് റുഖ്‌യ എന്നു പറയുന്നത്. അപ്രകാരമാണ് ഇബ്‌നു തൈമിയ പ്രസ്താവിച്ചത്. അമാനി മൗലവിയുടെ പ്രസ്താവനയും അപ്രകാരം തന്നെ: ''ഹദീസുകളില്‍ വന്ന മന്ത്രങ്ങള്‍ പരിശോധിച്ചാല്‍ അവയെല്ലാം കേവലം അല്ലാഹുവിനോടുള്ള പ്രാര്‍ഥനകളാണെന്ന് കാണാവുന്നതാണ്'' (അമാനി പരിഭാഷ 8: 5476)

നബിയുടെ ഒരു മന്ത്രപ്രാര്‍ഥന ശ്രദ്ധിക്കുക: ''ആയിശ പ്രസ്താവിച്ചു: നബി വല്ല മനുഷ്യനും രോഗമുണ്ടായാല്‍ വലതുകൈ കൊണ്ട് തടവി ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ജനങ്ങളുടെ രക്ഷിതാവേ, രോഗം പോക്കിത്തരേണമേ. നീ രോഗം ശിഫയാക്കേണമേ. നീയാണ് രോഗം സുഖപ്പെടുത്തുന്നവന്‍. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു രോഗവും അവശേഷിപ്പിക്കരുതേ'' (സഹീഹു മുസ്‌ലിം 7:435).

അപ്പോള്‍ രോഗം മാറാനുള്ള പ്രാര്‍ഥനയ്ക്ക് 'റുഖ്‌യ ശറഇയ്യ' എന്നു പറയേണ്ടതില്ല. മറിച്ച് 'റുഖ്‌യ' എന്നു മാത്രം പറഞ്ഞാല്‍ മതി, ആപത്ഘട്ടത്തിലുള്ള പ്രാര്‍ഥനയ്ക്ക് 'ഇസ്തിഗാസ' എന്നു പറയും പോലെ. അതിന് 'ഇസ്തിഗാസ ശറഇയ്യ' എന്നു നാം പറയാറില്ലല്ലോ. അതുപോലെ സാധാരണ സഹായതേട്ടത്തിന് 'ഇസ്തിആനത്ത്' എന്നും ശരണം തേടുന്നതിന് 'ഇസ്തിആദത്ത്' എന്നും പാപമോചനം തേടുന്നതിന് 'ഇസ്തിഗ്ഫാര്‍' എന്നും നാം പറയാറുണ്ട്.

ഇവിടെയൊന്നും ശറഇയ്യ നാം കൂട്ടിപ്പറയാറില്ലല്ലോ. അപ്പോള്‍ 'റുഖ്‌യ ശറഇയ്യ' എന്ന പ്രയോഗം തന്നെ മന്ത്രവാദികളുടേതാണ്. അഥവാ അവര്‍ ഭൗതികനേട്ടത്തിനു വേണ്ടി മന്ത്രവാദം നടത്തുന്നവരാണ്. രോഗം വന്നാല്‍ ആദ്യം ചികിത്സയാണ് വേണ്ടത്. അതായിരുന്നു നബിയുടെ ചര്യ.

നബി പറഞ്ഞതും അപ്രകാരം തന്നെ: ''നിങ്ങള്‍ ചികിത്സിക്കുക. അല്ലാഹു മരുന്ന് നിശ്ചയിക്കാതെ ഒരു രോഗവും നിശ്ചയിച്ചിട്ടില്ല'' (അഹ്മദ്). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ''അല്ലാഹു ശമനം ഇറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല'' (നസാഈ, ഇബ്‌നുമാജ, ഹാകിം).

വേറൊരു ഹദീസ് ജാബിറില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ''എല്ലാ രോഗത്തിനും മരുന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത മരുന്ന് സേവിച്ചാല്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം രോഗത്തില്‍ നിന്നു മുക്തമാകും'' (മുസ്‌ലിം). രോഗം ബാധിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ചികിത്സയാണ്. മാത്രമല്ല, മന്ത്രം എന്നത് രോഗം മാറാനുള്ള പ്രാര്‍ഥനയാണ്.

ഈ ലോകത്ത് എല്ലാ കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ വിവാഹം കഴിക്കാതെ 'നാഥാ, എനിക്കൊരു സ്വാലിഹായ സന്താനത്തെ പ്രദാനം ചെയ്യേണമേ' എന്നു പ്രാര്‍ഥിക്കുന്നതില്‍ അര്‍ഥമില്ല. സന്താനങ്ങളുണ്ടാകാന്‍ അല്ലാഹു ഭൗതികലോകത്ത് ഉണ്ടാക്കിവെച്ച സിസ്റ്റം വിവാഹം കഴിക്കുകയെന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും ഇത് ബാധകമാണ്.

അല്ലാഹു അരുളി: ''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തവനാണെന്നു പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്'' (അല്‍ബഖറ 186).

ഈ ലോകത്ത് എല്ലാ കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ വിവാഹം കഴിക്കാതെ, നാഥാ, എനിക്കൊരു സ്വാലിഹായ സന്താനത്തെ പ്രദാനം ചെയ്യേണമേ എന്നു പ്രാര്‍ഥിക്കുന്നതില്‍ അര്‍ഥമില്ല.

മേല്‍ വചനത്തില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമകള്‍ക്ക് അല്ലാഹു പ്രാര്‍ഥനക്ക് ഉത്തരം നല്‍കണമെങ്കില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുകയും അവനില്‍ വിശ്വസിക്കുകയും വേണം എന്നാണ് അല്ലാഹു നിബന്ധന വെച്ചത്. എന്നാല്‍ യഥാര്‍ഥ വിശ്വാസികളല്ലാത്തവര്‍ക്ക് അല്ലാഹു റഹ്മാന്‍ (വഴിപ്പെടുന്നവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ഒരേ നിലയില്‍ ഉത്തരം ചെയ്യുന്നവന്‍) ആയതുകൊണ്ട് അവരുടെ പ്രാര്‍ഥനകളും ഇംഗിതങ്ങളും പൂര്‍ത്തീകരിച്ചുകൊടുക്കുന്നതാണ്.

അല്ലാഹു അരുളി: ''ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തു വെച്ച് അവര്‍ക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവര്‍ക്കിടയില്‍ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും ലഭിക്കാനില്ലാത്തവരാകുന്നു അക്കൂട്ടര്‍'' (ഹൂദ് 15,16).

നബി (സ) ആദ്യം നിര്‍വഹിച്ചിരുന്നത് ചികിത്സയായിരുന്നുവെന്ന് താഴെ വരുന്ന ഹദീസ് തെളിവാകുന്നു: ''അലി(റ) പ്രസ്താവിച്ചു: നബി(സ) ഒരു രാത്രിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ കൈ ഭൂമിയില്‍ വെക്കുകയും അതിന്മേല്‍ ഒരു തേള്‍ കുത്തുകയും ചെയ്തു. അപ്പോള്‍ നബി തന്റെ ചെരിപ്പെടുത്ത് അതിനെ അടിച്ചുകൊന്നു. നമസ്‌കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: തേളിനെ അല്ലാഹു ശപിക്കട്ടെ. നമസ്‌കരിക്കുന്നവനെയോ പ്രവാചകനെയോ അത് ദ്രോഹിക്കാതെ വിടുന്നില്ല. അത് മറ്റാരെയും വെറുതെ വിടുന്നില്ല.

പിന്നീട് അല്‍പം ജലവും ഉപ്പും കൊണ്ടുവരാന്‍ കല്‍പിച്ചു. ഉപ്പ് ജലത്തില്‍ ഒഴിച്ച് തേള്‍ കുത്തിയ ഭാഗത്ത് നബി പുരട്ടാന്‍ തുടങ്ങി. പിന്നീട് മുഅവ്വിദതൈനി ഓതി പ്രാര്‍ഥിക്കുകയും ചെയ്തു'' (ബൈഹഖി). മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തി: ''സ്വയം ചികിത്സിക്കലും ചികിത്സിക്കാന്‍ കല്‍പിക്കലും നബിയുടെ ചര്യയില്‍ പെട്ടതായിരുന്നു. തന്റെ ഭാര്യമാര്‍ക്കും സഹാബിമാര്‍ക്കും രോഗം വന്നാല്‍ നബി അപ്രകാരം ചെയ്യാറുണ്ടായിരുന്നു'' (സാദുല്‍ മആദ് 4:10).

എന്നാല്‍ മന്ത്രവാദികള്‍ ചികിത്സ കൂടാതെ മന്ത്രം കൊണ്ട് മാത്രം രോഗം ശിഫയാകും എന്ന അഭിപ്രായക്കാരായിരിക്കും. അവര്‍ കാര്യങ്ങള്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്നവരുമായിരിക്കും. ഇമാം ഗസ്സാലി അക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. നബി പറഞ്ഞു: ''മന്ത്രിപ്പിക്കുന്നവരും ശരീരത്തില്‍ പച്ചകുത്തുന്നവരും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരില്‍ പെട്ടവനല്ല'' (തിര്‍മിദി).

മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ''പച്ചകുത്തുന്നവരും മന്ത്രിപ്പിക്കുന്നവരും അല്ലാഹുവില്‍ തവക്കുലാക്കിയിട്ടില്ല'' (നസാഈ, ഇഹ്‌യാ: 4:239). പിശാച് ശരീരത്തില്‍ കയറി ദ്രോഹിക്കുമെന്ന് വിശ്വസിപ്പിക്കല്‍ മന്ത്രവാദികളുടെ ഏര്‍പ്പാടാണ്. അതിന് (പിശാചിറക്കുന്നതിന്) മന്ത്രവാദികള്‍ ഇട്ട പേര് 'നുശ്‌റത്ത്' എന്നാണ്.

ഇമാം നവവി രേഖപ്പെടുത്തി: ''മന്ത്രവാദികളുടെ അടുക്കല്‍ നുശ്‌റത്ത് എന്ന പേര് അറിയപ്പെടുന്നതും പ്രസിദ്ധവുമാണ്. അത് പിശാച് ശരീരത്തില്‍ കയറി എന്ന് ഊഹിക്കപ്പെടുന്നവരുടെ ശരീരത്തില്‍ നിന്ന് (മന്ത്രം, അടി എന്നിവ മുഖേന) പിശാചിനെ ഇറക്കുന്ന ഏര്‍പ്പാടാണ്'' (ശറഹു മുസ്‌ലിം 7:426).

മന്ത്രവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനത്തില്‍ പെട്ടതാണ് സിഹ്‌റും അനുബന്ധ പ്രവര്‍ത്തനങ്ങളും. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ''ഹസന്‍ പ്രസ്താവിച്ചു: അത് (പിശാചിറക്കല്‍) സിഹ്‌റില്‍ പെട്ടതാണ്'' (ശറഹു മുസ്‌ലിം 7:426). പിശാചിറക്കല്‍ മന്ത്രവാദത്തില്‍പെട്ട പൈശാചിക പ്രവര്‍ത്തനമാണ്.

താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക: ''ജാബിര്‍ പ്രസ്താവിച്ചു: നുശ്‌റത്തിനെ (പിശാചിനെ ഇറക്കല്‍) കുറിച്ച് നബിയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം അരുളി: അത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്.' ചിലര്‍ (പിശാചിനെ ഇറക്കാന്‍) അടിക്കുന്നു. എന്നാല്‍ ചില പണ്ഡിതന്മാരുടെ പ്രവര്‍ത്തനം ദീനില്‍ തെളിവല്ല'' (മജ്മൂഉ ഫതാവാ ഇബ്‌നിബാസ്: നമ്പര്‍ 1420). അപ്പോള്‍ മന്ത്രം അനുവദനീയവും മന്ത്രവാദം ഹറാമും ബിദ്അത്തുമാണ്. എന്നാല്‍ എല്ലാ മന്ത്രവാദികളും ഏര്‍പ്പാടുകള്‍ നടത്തുന്നത് മന്ത്രത്തിന്റെ മറപിടിച്ചുകൊണ്ടാണ്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ