ഖുര്‍ആന്‍ പാരായണം ചെയ്താല്‍ മയ്യിത്തിന് റഹ്മത്ത് ലഭിക്കുമോ?


ഖുര്‍ആന്‍ പാരായണം ഒരു ആരാധനയാണ്. ആരാധനയുടെ കാര്യത്തില്‍ ഖിയാസ് പാടില്ല എന്നതാണ് അഹ്‌ലുസ്സുന്നയുടെ പക്ഷം.

സ്‌ലാം പൂര്‍ത്തീകരണത്തിനു ശേഷമാണ് നബി(സ) മരണപ്പെട്ടത്. അല്ലാഹു പറയുന്നു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പരിപൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെട്ടുതന്നിരിക്കുന്നു'' (മാഇദ: 3).

ശേഷം നബി(സ) പറയുന്നു: ''നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) വല്ലവനും വല്ലതും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളേണ്ടതാകുന്നു'' (ബുഖാരി).

അവിടുന്ന് പറയുന്നു: ''നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും വല്ലവനും പ്രവര്‍ത്തിക്കുന്നപക്ഷം അത് തള്ളേണ്ടതാകുന്നു'' (മുസ്‌ലിം). വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി(സ) പറഞ്ഞു: ''രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ അവശേഷിപ്പിച്ചിരിക്കുന്നു. അത് രണ്ടും മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുന്നതല്ല. അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയുമാകുന്നു അവ'' (മാലിക്, മുവത്വ).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ''എല്ലാ അനാചാരങ്ങളും വഴികേടാണ്, അത് ജനങ്ങള്‍ നല്ലതായി കണ്ടാലും ശരി'' (ബൈഹഖി). ഇമാം മാലിക് പ്രസ്താവിച്ചതായി ഇമാം ശാത്വബി രേഖപ്പെടുത്തി: ''മുന്‍ഗാമികള്‍ ആചരിച്ചിട്ടില്ലാത്ത വല്ല കര്‍മവും ഈ സമുദായത്തില്‍ വല്ലവനും നിര്‍മിച്ചുണ്ടാക്കുന്നപക്ഷം നബി(സ) പ്രബോധനത്തില്‍ വഞ്ചന കാണിച്ചുവെന്ന് തീര്‍ച്ചയായും അവന്‍ ജല്‍പിച്ചിരിക്കുന്നു.

തീര്‍ച്ചയായും അല്ലാഹു ഇപ്രകാരം അരുളിയിരിക്കുന്നു: 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു.' അതിനാല്‍ അന്ന് (ആദ്യകാലത്ത്) ദീനില്‍ പെടാത്ത കാര്യങ്ങള്‍ ഇന്നും (പില്‍ക്കാലത്തും) ദീനായിരിക്കുന്നതല്ല'' (അല്‍ഇഅ്തിസ്വാം: 1:493).

നല്ലതാണെന്ന ധാരണയില്‍ പില്‍ക്കാലത്ത് ഭൗതികമായ നേട്ടങ്ങള്‍ക്കു വേണ്ടി ദീനില്‍ നിര്‍മിച്ച ഒരു അനാചാരമാണ് മയ്യിത്തിന് റഹ്മത്ത് (ഗുണം) ലഭിക്കാന്‍ വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുകയെന്നത്. ഇപ്രകാരം നബി(സ)യോ അവിടുത്തെ സഹാബികളോ ചെയ്തതായി യാതൊരു രേഖയുമില്ല.

മയ്യിത്തിനു വേണ്ടി ഓതുകയെന്നത് ഒരു സ്വപ്‌നകഥയുടെ അടിസ്ഥാനത്തില്‍ ചെയ്തുവരുന്ന അനാചാരമാണ്. ഇമാം ലാലകാഇ കഥ ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക: ''ഒരാള്‍ തന്റെ പിതാവ് തന്നോട് ഹദ്‌യ ചോദിക്കുന്നതായി സ്വപ്‌നം കണ്ടു. അപ്പോള്‍ മകന്‍ ചോദിച്ചു: പ്രിയപ്പെട്ട പിതാവേ, ഞാന്‍ എങ്ങനെയാണ് താങ്കള്‍ക്ക് ഹദ്‌യ നല്‍കുക?

പിതാവ് പറഞ്ഞു: നീ ഇപ്രകാരം പറയണം: ഹേ രാജാധിരാജാ, എല്ലാറ്റിനും കഴിവുള്ളവനേ, പങ്കുകാരനില്ലാത്തവനേ, നിന്നോട് ഞാന്‍ യാചിക്കുന്നു. നീ മുഹമ്മദ് നബി(സ)ക്ക് അനുഗ്രഹം ചെയ്യണമെന്നും എന്റെ പിതാവിന് പൊറുത്തുകൊടുക്കണമെന്നും. നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. (അങ്ങനെ അപ്രകാരം മകന്‍ ചെയ്തു).

അപ്പോള്‍ പിതാവ് പറഞ്ഞു: ഇപ്പോള്‍ തീര്‍ച്ചയായും നിന്റെ ഹദ്‌യ നമുക്ക് ലഭിച്ചു'' (ഇഅ്തിഖാദു അഹ്‌ലിസ്സുനനി: 6:1227). മരണപ്പെട്ടവര്‍ക്ക് ജീവിച്ചിരിക്കുന്നവന്‍ ഹദ്‌യ എത്തിക്കുന്ന ഒരു കഥയാണ് നാം വായിച്ചത്. മറ്റൊന്ന് തെറ്റായ ഖിയാസാണ്.

ഖുര്‍ആന്‍ പാരായണം ഒരു ആരാധനയാണ്. ആരാധനയുടെ കാര്യത്തില്‍ ഖിയാസ് പാടില്ല എന്നതാണ് അഹ്‌ലുസ്സുന്നയുടെ പക്ഷം. ഇമാം അബൂശാമ പറയുന്നു: ''ജുമുഅഃയുടെ മുമ്പ് സുന്നത്ത് നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് നബി(സ)യില്‍ നിന്നു യാതൊരു രേഖയും വന്നിട്ടില്ല. നമസ്‌കാരം ചര്യയാക്കുന്ന വിഷയത്തില്‍ ഖിയാസ് (താരതമ്യം ചെയ്യല്‍) അനുവദനീയമല്ല'' (കിതാബുല്‍ ബാഇസ്: പേജ് 286).

ഇതേ പ്രകാരം ആരാധനകളില്‍ ഖിയാസ് പാടില്ലായെന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുല്‍ ഖയ്യിം സാദുല്‍ മആദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞ ഖിയാസ് ഇമാം നവവി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''ഇബ്‌നു അബ്ബാസ്(റ) പറയുന്നു:

നബി(സ) രണ്ട് ഖബറുകള്‍ക്കരികിലൂടെ നടന്നുപോയി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ ഖബ്‌റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. ഇവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുന്നത് വലിയ കുറ്റങ്ങളുടെ പേരിലല്ല. എന്നാല്‍ അതില്‍ ഒരുവന്‍ ഏഷണിയുമായി നടക്കാറുണ്ടായിരുന്നു. രണ്ടാമത്തെ വ്യക്തി മൂത്രമൊഴിക്കുമ്പോള്‍ മറ സ്വീകരിക്കാറുണ്ടായിരുന്നില്ല.

അങ്ങനെ നബി(സ) ഒരു ഈത്തപ്പന മടലിന്റെ കഷ്ണം കൊണ്ടുവരാന്‍ കല്‍പിച്ചു. പിന്നീട് അത് രണ്ടായി പിളര്‍ത്തി ഒരു ഭാഗം ഒരു ഖബറിന്മേലും മറ്റേ ഭാഗം മറ്റേ ഖബറിന്മേലും കുഴിച്ചിട്ടു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ഈ ഈത്തപ്പന മടലിന്റെ ചീളുകള്‍ ഉണങ്ങാത്ത കാലത്തോളം ഈ രണ്ടു പേര്‍ക്കും ഖബര്‍ശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചേക്കാം'' (മുസ്‌ലിം).

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: ''ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്മാര്‍ ഖബറിങ്ങല്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താക്കിയിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ ഒരു ഈത്തപ്പന മടലിന്റെ 'തസ്ബീഹ്' ഖബറിലെ ശിക്ഷ ലഘൂകരിക്കുന്നപക്ഷം ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതിനേക്കാള്‍ ലഘൂകരണം ലഭിക്കുന്നതാണ്'' (ശറഹു മുസ്‌ലിം 2:205).

രണ്ടാമതായി ഇവര്‍ മയ്യിത്തിനു വേണ്ടി ഓതാന്‍ കല്‍പിക്കുന്നത് ചില ദുര്‍ബലമായ ഹദീസുകള്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ്: ''നിങ്ങള്‍ മരണാസന്നന്റെ അടുക്കല്‍ വെച്ച് യാസീന്‍ ഓതുക'' (അബൂദാവൂദ്, ഇബ്‌നുമാജ). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി പറയുന്നു: ''ഈ ഹദീസിന്റെ പരമ്പരയില്‍ രണ്ട് അറിയപ്പെടാത്ത വ്യക്തികളുണ്ട്'' (ശറഹുല്‍ മുഹദ്ദബ് 5:111).

ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നു ഹജറില്‍ അസ്ഖലാനി തല്‍ഖീസിലും ഇമാം ദാറഖുത്‌നി നൈലുല്‍ ഔത്വാറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസിനെ സമസ്തക്കാര്‍ തെളിവാക്കാറുള്ളത് മയ്യിത്തിന്റെ അടുക്കല്‍ വെച്ച് ഓതാനാണ്. അതും ശരിയല്ല.

സാലിഹുബ്‌നു ഫൗസാന്‍ പറയുന്നു: ''മൗത്താക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരണം ആസന്നമായവരെ സംബന്ധിച്ചാണ്. എന്നാല്‍ മരണപ്പെട്ടവരുടെ മേല്‍ ഓതപ്പെടുന്നതല്ല. അത് ബിദ്അത്താണ്'' (അല്‍മുലഖസുല്‍ ഫിഖ്ഹി 1:179). ഈ വിഷയത്തില്‍ മറ്റു ചില ഹദീസുകളും വന്നിട്ടുണ്ട്:

''വല്ലവനും ഖബര്‍സ്ഥാനില്‍ കടന്ന് യാസീന്‍ ഓതുന്നപക്ഷം അവന് (ആ ഖബറില്‍ കിടക്കുന്ന വ്യക്തിക്ക്) ആ ദിവസത്തെ ശിക്ഷ ലഘൂകരിക്കപ്പെടും. ആ ഖബര്‍സ്ഥാനില്‍ മറവു ചെയ്ത വ്യക്തികളുടെ എണ്ണം നന്മകള്‍ ലഭിക്കുന്നതുമാണ്'' (സഅ്‌ലബി). ഈ ഹദീസിനെക്കുറിച്ച് നാസിറുദ്ദീന്‍ അല്‍ബാനി പറയുന്നു: ''ഈ ഹദീസ് നിര്‍മിതമാണ്'' (സില്‍സില 3:397,398).

മറ്റൊരു ഹദീസ്: ''ഒരാള്‍ ഖബര്‍സ്ഥാനില്‍ പ്രവേശിച്ച് 11 പ്രാവശ്യം സൂറത്തുല്‍ ഇഖ്‌ലാസ് ഓതി അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്‌യ (സംഭാവന) ചെയ്യുന്നപക്ഷം ആ ശ്മശാനത്തിലുള്ള എണ്ണം ആളുകളുടെ അത്ര പ്രതിഫലം (ആര്‍ക്കു വേണ്ടിയാണോ അവന്‍ ഓതിയത്) അയാള്‍ക്ക് ലഭിക്കുന്നതാണ്.''

ഈ ഹദീസിനെക്കുറിച്ച് നാസിറുദ്ദീന്‍ അല്‍ബാനി പറയുന്നു: ''ഈ ഹദീസ് നിര്‍മിതമാണെന്ന് ഇമാം സുയൂത്വി പ്രസ്താവിച്ചിരിക്കുന്നു'' (അല്‍ അഹാദീസുല്‍ മൗളൂഅ, പേജ് 144, ഫദാഇലുല്‍ ഇഖ്‌ലാസി 2:201).

ഖുര്‍ആന്‍ ഓതിക്കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവര്‍ക്കാണ്. അല്ലാഹു പറയുന്നു: ''ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക'' (അഅ്‌റാഫ് 204).

ഇക്കാര്യം സൂറത്ത് യാസീനിലും പറഞ്ഞിട്ടുണ്ട്: ''ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിനു വേണ്ടിയാണ് ഇത്'' (യാസീന്‍: 70). മരണപ്പെട്ടുപോയവര്‍ക്ക് ഓതിക്കൊടുത്തിട്ട് ഒരു കാര്യവുമില്ല. അവര്‍ കേള്‍ക്കുന്നത് മലക്കുകള്‍ അവരെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് എന്നാണ് പ്രമാണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

മയ്യിത്തിനു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ നബി(സ)യുടെ ചര്യയില്‍ പെട്ടതല്ല.

മയ്യിത്തിന് റഹ്മത്ത് ലഭിക്കാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ബിദ്അത്താണെന്നാണ് അഹ്‌ലുസ്സുന്നയുടെ അഭിപ്രായം. അല്ലാഹു പറയുന്നു: ''മനുഷ്യന് അവന്‍ അധ്വാനിച്ചതല്ലാതെ മറ്റൊന്നുമില്ല'' (നജ്മ്: 39).

ഇബ്‌നു കസീര്‍ വിശദീകരിക്കുന്നു: 'ഈ വചനത്തില്‍ നിന്നാണ് ഇമാം ശാഫിഈയും അദ്ദേഹത്തെ പിന്‍തുടര്‍ന്നവരും മതവിധി മനസ്സിലാക്കിയത്. തീര്‍ച്ചയായും ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് അത് മയ്യിത്തിന് ഹദ്‌യ ചെയ്താല്‍ അത് മയ്യിത്തിന് (അതിന്റെ) പ്രതിഫലം ലഭിക്കുന്നതല്ല എന്ന്'' (41:658).

ഇമാം നവവിയും അക്കാര്യം ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''ശാഫിഈ ഇമാമിന്റെ ചില അനുയായികള്‍ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അത് മയ്യിത്തിനു ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബലങ്ങളാണ്.

എന്നാല്‍ ശാഫിഈ മദ്ഹബിന്റെ പ്രമാണം 'മനുഷ്യന് അവന്‍ അധ്വാനിച്ചതല്ലാതെ ലഭിക്കുന്നതല്ല' എന്ന ഖുര്‍ആന്‍ വചനമാണ്. ലഭിക്കും എന്നു പറഞ്ഞവരുടെ പ്രമാണം പ്രാര്‍ഥനയെ താരതമ്യം ചെയ്തുകൊണ്ടുള്ളതാണ്'' (ശറഹു മുസ്‌ലിം: 1:138).

ഇപ്രകാരം ഇമാം ഖസ്തല്ലാനിയും പറഞ്ഞിട്ടുണ്ട്: ''എന്നാല്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതല്ല എന്നാണ് ശാഫിഈ ഇമാമിന്റെയും ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം'' (ഹാമിഷ് ഖസ്തല്ലാനി: 8:515).

ഈ വിഷയത്തില്‍ ഇബ്‌നുല്‍ ഖയ്യിമിന്റെ അഭിപ്രായം ശ്രദ്ധിക്കുക: ''ഖബറിങ്ങലാകട്ടെ മറ്റു വല്ല സ്ഥലത്തുവെച്ചാകട്ടെ മയ്യിത്തിനു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ നബി(സ)യുടെ ചര്യയില്‍ പെട്ടതല്ല. അതൊക്കെ വെറുക്കപ്പെട്ട അനാചാരങ്ങളില്‍ പെട്ടതാണ്'' (സാദുല്‍ മആദ്: 1:527).

ഇത് ഖുര്‍ആനിനു മാത്രമല്ല ഹദീസുകള്‍ക്കും വിരുദ്ധമാണ്. നബി(സ) പറഞ്ഞു: ''ഒരു മനുഷ്യന്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ മൂന്നു കാര്യങ്ങള്‍ ഒഴിച്ച് എല്ലാം നിശ്ചലമായി'' (മുസ്‌ലിം). ഈ മൂന്നു കാര്യത്തില്‍ ഖുര്‍ആന്‍ പാരായണം പെടുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഇമാം ഗസ്സാലി രേഖപ്പെടുത്തി: ''അപ്രകാരം പരലോകത്ത് അവന്റെ സത്കര്‍മത്തിന്റെ പ്രതിഫലമല്ലാതെ അവന് ലഭിക്കുന്നതല്ല. അവന്‍ അല്ലാഹുവോട് പറയും: 'ഞങ്ങളെ ദുന്‍യാവിലേക്ക് മടക്കേണമേ, ഞങ്ങള്‍ സത്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം.' അപ്പോള്‍ അല്ലാഹു അരുളും:

'ഇപ്പോള്‍ നിന്റെ സത്യസന്ധത നിന്റെ വാക്കില്‍ നിന്ന് നാം മനസ്സിലാക്കി. അഥവാ 'മനുഷ്യന് അവന്‍ അധ്വാനിച്ചതല്ലാതെ മറ്റൊന്നുമില്ല. അവന്റെ അധ്വാനഫലം വഴിയെ കാണിച്ചുകൊടുക്കും എന്ന യാഥാര്‍ഥ്യം'' (ഇഹ്‌യാ ഉലൂമിദ്ദീന്‍: 3:374).


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ