ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസിനടുത്തുള്ള ബങ്കറില്‍ 1945 ഏപ്രില്‍ 30ന് പിസ്റ്റള്‍ ഉപയോഗിച്ച് തലക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ഹിറ്റ്‌ലര്‍.
നാസി ജര്‍മ്മനിയുടെ ജനനം 1933 ജനുവരി 30നാണെന്ന് പറയാറുണ്ട്. ആ ദിവസമാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചാന്‍സലറായി അധികാരമേറ്റത്. എല്ലാ വര്‍ഷവും ആഘോഷപൂര്‍വ്വം നടക്കാറുള്ള നാസി പാര്‍ട്ടിയുടെ ന്യൂറംബര്‍ഗ് റാലിയില്‍ ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചതിങ്ങനെ: ''നാസി പാര്‍ട്ടിയുടെ ഭരണം ആയിരം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും.'' [1]
അക്കാലത്ത് ഹിറ്റ്‌ലറുടെ അനുയായികള്‍ മാത്രമല്ല ശത്രുക്കള്‍ പോലും ആ പ്രഖ്യാപനം വിശ്വസിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ചയാണ്. അത്രക്ക് ശക്തവും ഭദ്രവുമായിരുന്നു നാസി പാര്‍ട്ടിയുടെ വളര്‍ച്ച. പക്ഷേ 13 വര്‍ഷവും മൂന്നു മാസവും മാത്രമായിരുന്നു നാസി ഭരണത്തിന്റെ ആയുസ്! ആയിരം വര്‍ഷങ്ങളിരിക്കട്ടെ, പതിനാലു വര്‍ഷങ്ങള്‍ തികയ്ക്കാന്‍ പോലും അതിനു സാധിച്ചില്ല. ലോകജനതയെ ഭരിക്കാന്‍ അര്‍ഹതയുള്ളത് ജര്‍മ്മന്‍ ആര്യ വംശജര്‍ക്കാണെന്നും മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരാണെന്നുമുള്ള വംശീയവാദം പ്രഖ്യാപിച്ചു കൊണ്ടാണ് നാസി ഭരണം കെട്ടിപ്പടുത്തത്. [2]
രാജ്യത്തിനകത്ത് അഭിപ്രായ വ്യത്യാസമുള്ളവരെയെല്ലാം ഉന്മൂലനം നടത്തി വിജയലഹരി മൂത്ത ഹിറ്റ്‌ലര്‍ മറ്റു രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങി. 1939 ല്‍ പോളണ്ട് ആക്രമിച്ച ഹിറ്റ്‌ലര്‍ രണ്ടാം ലോകയുദ്ധത്തിന് തുടക്കമിട്ടു. പക്ഷേ, സഖ്യരാഷ്ട്രങ്ങളുടെ തിരിച്ചടിയില്‍ 1945ല്‍ ജര്‍മ്മനിയിലെ നാസി ഭരണകൂടം തകരുകയും ചെയ്തു.
ജര്‍മ്മനിയില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ ആക്രമിക്കാന്‍ ഹിറ്റ്‌ലര്‍ അയച്ച നാസിസൈന്യങ്ങളൊന്നും തിരിച്ചെത്തിയില്ല. അവരെല്ലാം യുദ്ധമുഖങ്ങളില്‍ നാമാവശേഷമായി. ബെര്‍ലിന്‍ കീഴടക്കിയ സോവിയറ്റ് സേനയെ പ്രതിരോധിക്കാന്‍ അവശേഷിച്ച ദുര്‍ബ്ബലരായ നാസി സേനകള്‍ക്ക് സാധ്യമായതുമില്ല!
അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍ മൂന്നു മാസം ഒളിച്ചിരുന്ന ഹിറ്റ്‌ലര്‍ അടക്കമുള്ള ഏതാനും നാസി നേതാക്കള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു. ആയിരം വര്‍ഷങ്ങള്‍ നാസിപ്പാര്‍ട്ടി ഭരിക്കുമെന്ന് പ്രഖ്യാപിച്ച ഹിറ്റ്‌ലര്‍ക്ക് ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസിനടുത്തുള്ള ബങ്കറില്‍ 1945 ഏപ്രില്‍ 30ന് 7.5m Walther PP പിസ്റ്റള്‍ ഉപയോഗിച്ച് തലക്ക് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യേണ്ടതായും വന്നു!
ഭാര്യ ഇവ ബ്രൗണ്‍ സയനൈഡ് കഴിച്ച് ആത്മഹത്യയില്‍ പങ്കുചേര്‍ന്നു. ഹിറ്റ്‌ലറുടെ വലംകയ്യായി പ്രവര്‍ത്തിച്ച പ്രൊപഗണ്ടാ മിനിസ്റ്റര്‍ ഡോ. ജോസഫ് ഗീബല്‍സിന്റെ ഭാര്യ മാഗ്ഡ അവരുടെ ആറ് കുട്ടികള്‍ക്ക് സയനൈഡ് ഇഞ്ചക്ഷന്‍ നല്‍കി കൊലപ്പെടുത്തി. ശേഷം ഗീബല്‍സും ഭാര്യയും ആത്മഹത്യ ചെയ്ത്, മരണത്തിലും ഹിറ്റ്‌ലറോട് വിധേയത്വം തെളിയിച്ചു.
ജര്‍മ്മനിയിലെ നിരവധി നഗരങ്ങളില്‍ നാസി പാര്‍ട്ടിക്കാര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. ബെര്‍ലിന്‍ നഗരത്തില്‍ മാത്രം ഏഴായിരത്തോളം ആത്മഹത്യകള്‍ നടന്നുവെന്നാണ് കണക്ക്! ഇവിടെ ഹിറ്റ്‌ലറുടെ ആത്മഹത്യയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഹിറ്റ്‌ലറുടെ പഴ്‌സണല്‍ ഡോക്ടറായിരുന്നു വെര്‍ണര്‍ ഹാസെ. ആത്മഹത്യക്കുള്ള ഏറ്റവും ഫലവത്തായ രീതി എന്താണെന്ന് അദ്ദേഹത്തോട് ഹിറ്റ്‌ലര്‍ നേരത്തേ ചോദിച്ചറിഞ്ഞു. 'പിസ്റ്റള്‍ ആന്റ് പോയ്‌സണ്‍' എന്നാണ് അദ്ദേഹം പറഞ്ഞതത്രെ. സയനൈഡ് കഴിച്ച് സ്വയം തലയ്ക്കു വെടിയുതിര്‍ത്താല്‍ മരണം ഉറപ്പായിരിക്കുമെന്ന്! അങ്ങനെ പഴുതടച്ച ആത്മഹത്യയിലേക്ക് നീങ്ങി.
ആത്മഹത്യക്കുള്ള ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്താന്‍ ഒരു ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ഹിറ്റ്‌ലര്‍, ജീവിതകാലത്ത് തന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ വിജയം ഉറപ്പാക്കാന്‍ സ്വതന്ത്രമനസ്സോടെ ഒരു വിദഗ്ധനെയും സമീപിക്കുകയുണ്ടായില്ല എന്നത് മറ്റൊരു വിരോധാഭാസമാണ്! രാഷ്ട്രീയ ജീവിതത്തില്‍ ഉത്തരവുകള്‍ മാത്രം നല്‍കി ശീലിച്ച ഹിറ്റ്‌ലര്‍ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് പതിച്ചു കൊണ്ടിരിക്കെ ഏററവും ഫലപ്രദമായി എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് കണ്ടെത്താനാണ് മറ്റൊരാളുടെ വിദഗ്‌ധോപദേശം തേടിയത്!
ആധുനിക കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിന്റെയും ഏറ്റവും വലിയ വംശീയ പാര്‍ട്ടിയുടേയും ഏറ്റവും ദാരുണമായ അന്ത്യത്തിന് വിശദീകരണം നല്‍കാന്‍ അരനൂറ്റാണ്ടായി ചരിത്ര ഗവേഷകര്‍ അത്യധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ജര്‍മ്മനിയിലെ നാസികളുടെ ഉയര്‍ച്ചയും തകര്‍ച്ചയും ഹിറ്റ്‌ലറിലൂടെയാണ്. വിദ്യാസമ്പന്നരും ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ മുന്നേറിയവരുമായിരുന്നു ജര്‍മ്മന്‍കാര്‍.
തൊട്ടടുത്ത രാഷ്ട്രമായ ഓസ്ട്രിയയില്‍ നിന്ന് കുടിയേറിയ, പ്രത്യക്ഷത്തില്‍ പ്രസംഗശേഷി മാത്രം കൈമുതലാക്കിയ ഒരു വംശീയവാദിക്ക് എങ്ങനെ വിദ്യാസമ്പന്നരായ ജര്‍മ്മന്‍കാരെ ഏതാനും വര്‍ഷം കൊണ്ട് സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നത് ചരിത്രകാരന്മാരെ കുഴക്കുന്ന ചോദ്യമാണ്. എന്തുകൊണ്ട്, എങ്ങനെ ഇതൊക്കെ സംഭവിച്ചു എന്ന് വിശദീകരിക്കണമെങ്കില്‍ നാസി പാര്‍ട്ടിയുടെ ഉത്ഭവവും വളര്‍ച്ചയും തകര്‍ച്ചയും വിശദമായി മാത്രമല്ല സൂക്ഷ്മമായും പഠിക്കേണ്ടതുണ്ട്.
രണ്ട് വിധത്തില്‍ ഈ പ്രശ്‌നത്തെ സമീപിക്കാം. വളരെ ലളിതമായും ഗവേഷണാത്മകമായും. 'വാളെടുത്തവന്‍ വാളാലെ' എന്ന ലളിതമായ പഴഞ്ചൊല്ലിലൂടെ ഹിറ്റ്‌ലറുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും വിശദീകരിക്കാനാവും. ഇത്തരം പഴംചൊല്ലുകള്‍ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനെയാണ് ഗവേഷണം എന്നു പറയുന്നത്.
അതിന്റെ വിശദാംശങ്ങളും സങ്കീര്‍ണതകളും മനസ്സിലാകണമെങ്കില്‍ ആഴത്തിലുള്ള ഗവേഷണം തന്നെ വേണ്ടിവരും. മാത്രമല്ല നാസി വംശീയവാദികള്‍ ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയതിന്റെ മൂലകാരണങ്ങളും ലോകമെമ്പാടുമുള്ള വംശ-വര്‍ണ്ണവാദികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലവും ഗ്രഹിക്കണമെങ്കില്‍ ഫാഷിസത്തെക്കുറിച്ചുള്ള ഇന്നത്തെ വാചാടോപങ്ങളില്‍ അഭിരമിച്ചാല്‍ പോരാ.
നാസി വംശീയതയുടെ ഭീകതയനുഭവിച്ച ഏവരും ഒറ്റവാക്കില്‍ ഹിറ്റ്‌ലറും മറ്റു നാസി നേതാക്കളും മനുഷ്യ രൂപത്തിലുള്ള പിശാചുക്കളായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.
നാസി വംശീയതയുടെ ഭീകതയനുഭവിച്ച ഏവരും ഒറ്റവാക്കില്‍ ഹിറ്റ്‌ലറും മറ്റു നാസി നേതാക്കളും മനുഷ്യ രൂപത്തിലുള്ള പിശാചുക്കളായിരുന്നുവെന്ന് പറഞ്ഞതായി കാണാം. പ്രത്യേകിച്ച് ഹോളോകോസ്റ്റിന്റെ ഇരകളും നാസി പട്ടാളത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചവരുമെല്ലാം. എന്നാല്‍ ഇതില്‍ നിന്ന്, ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് എങ്ങനെയെന്നോ ജര്‍മ്മന്‍കാരില്‍ ബഹുഭൂരിപക്ഷത്തേയും വശത്താക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നോ മനസ്സിലാക്കുക സാധ്യമല്ല.
എന്നു തന്നെയല്ല ഇത്തരം ഒറ്റമൂലി വാക് പ്രയോഗങ്ങള്‍ നാസീതന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് സാമൂഹികശാസ്ത്രപരമായി മനസ്സിലാക്കുന്നതിന് തടസ്സമായെന്നും വരാം. ഹിറ്റ്‌ലറെക്കുറിച്ചുള്ള ഏറ്റവും ആധികാരിക കൃതികളിലൊന്നിന്റെ കര്‍ത്താവായ പ്രൊഫ. ഇയാന്‍ കെര്‍ ഷോ രണ്ടാം വോള്യത്തിന്റെ ആമുഖം തുടങ്ങുന്നത് ഈ പ്രശ്‌നം സൂചിപ്പിച്ചു കൊണ്ടാണ്. തൊട്ടടുത്ത രാജ്യമായ ഓസ്ട്രിയയില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിയതു കൊണ്ടാകാം ഹിറ്റ്‌ലറെ പുറം രാഷ്ട്രീയക്കാരന്‍ (political outsider ) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ജനങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളെയാണ് ഡെമ ഗോഗ് എന്നു വിശേഷിപ്പിക്കുന്നത്. പ്രചണ്ഡമായ പ്രചാരണങ്ങള്‍ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നയാളെ പ്രൊപ്പഗാണ്ടിസ്റ്റ് എന്നും പറയും. ഒരു ഡെമഗോഗും പ്രൊപഗാണ്ടിസ്സും എന്നതിനപ്പുറം മറ്റു പ്രത്യേക കഴിവുകളൊന്നുമില്ലാത്ത ഒരു പുറം രാജ്യക്കാരന്‍ ദേശീയവാദത്തിന്റെ ലേബലില്‍ ജര്‍മ്മന്‍കാരെപ്പോലെ വളരെ സംസ്‌കാര സമ്പന്നരും സാമ്പത്തികമായി വികസിച്ചവരുമായ ജനതയെ സ്വാധീനിച്ച് നേതൃത്വം കയ്യടക്കിയതെങ്ങനെ എന്നത് ഇന്നും പല ഗവേഷരെയും കുഴക്കുന്ന ചോദ്യമാണ്.
ഒടുവില്‍ അവര്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുന്നതിനും ഹിറ്റ്‌ലര്‍ എന്ന ഒരൊറ്റയാളാണ് കാരണക്കാരന്‍ എന്നത് അതിലേറെ വിശദീകരണം അര്‍ഹിക്കുന്ന മറ്റൊരു വസ്തുതയാണ്. സാമൂഹിക മനശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയും സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റേയും മീഡിയയുടേയും നവീനമായ സങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള വിശകലനങ്ങളിലേക്കും പോളിസി രൂപീകരണത്തിലേക്കും നയിക്കും വിധമുള്ള ഗവേഷണങ്ങള്‍ ആവശ്യപ്പെടുന്ന ഒരു വിഷയമാണിത്. അതിന് സഹായകമായ ചില വിവരങ്ങളും വിശകലനങ്ങളും തുടര്‍ന്ന് സൂചിപ്പിച്ചിട്ടുണ്ട്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം സഖ്യരാഷ്ട്രങ്ങളുടെ കൈവശമെത്തിയ ലക്ഷക്കണക്കിന് ജര്‍മ്മന്‍ രേഖകളിലും മറ്റു രാഷ്ട്രങ്ങളിലെ ലോകയുദ്ധസംബന്ധമായ അസംഖ്യം ഡോക്യുമെന്റുകളിലും ഇപ്പോഴും ഗവേഷകര്‍ സൂക്ഷ്മായ അന്വേഷണങ്ങള്‍ തുടരുകയാണ്. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ജര്‍മ്മനിയില്‍ നാസി പാര്‍ട്ടിയുടെ വളര്‍ച്ചക്കും തകര്‍ച്ചക്കും കാരണക്കാരന്‍ മുഖ്യമായും ഹിറ്റ്‌ലറായിരുന്നു.
ഹിറ്റ്‌ലറുടേയും നാസി പാര്‍ട്ടിയുടേയും അടിസ്ഥാന പ്രമാണം വംശീയതയും നശീകരണവും അധികാര ലഹരിയും വിദ്വേഷവുമായിരുന്നു. പ്രഗല്‍ഭരായ നിരവധി സഹയാത്രികര്‍ ഒപ്പമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടേയും രാഷ്ട്രത്തിന്റേയും നിയന്ത്രണം പൂര്‍ണമായും ഹിറ്റ്‌ലറുടെ കരങ്ങളിലായിരുന്നു എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. എന്നു മാത്രമല്ല, ഫ്യൂറര്‍ തെറ്റുപറ്റാത്ത നേതാവാണ് എന്നത് നാസി പാര്‍ട്ടിയുടെ അടിസ്ഥാന തത്വമാണ്! ഈ തത്വത്തിന്റെ ആചാര്യനും ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത വ്യക്തിയും ഫ്യൂറര്‍ ആയ ഹിറ്റ്‌ലര്‍ തന്നെ! സ്വാഭാവികമായും വളര്‍ച്ചയുടെ മാത്രമല്ല തകര്‍ച്ചയുടേയും ഉത്തരവാദിത്തം ആ കരങ്ങളില്‍ തന്നെയാവും സ്വാഭാവികമായും എത്തുന്നത്. (അവസാനിച്ചിട്ടില്ല)
കുറിപ്പുകള്‍:
1.Proclamation of September 5, 1934 at Nuremberg. സെപ്തമ്പര്‍ 5ന് ബെര്‍ലിനില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഈ പ്രഖ്യാപനം തൊട്ടടുത്ത ദിവസം, സെപ്തമ്പര്‍ 6ന് New York Times ദിനപത്രം ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്രത്തിന്റെ ലേഖകന്‍ ബെര്‍ലിനില്‍ നിന്നും നല്‍കിയ വാര്‍ത്തയാണിത്. Hitler predicts no revolution in the next thousand years എന്നാണ് ശീര്‍ഷകം. ചരിത്ര പുസ്തകങ്ങള്‍ വായിച്ച ഹിറ്റ്‌ലര്‍ ആയിരം വര്‍ഷങ്ങള്‍ നിലനിന്ന റോമന്‍ സാമ്രാജ്യത്തെയും ഇമ്പീരിയല്‍ ജര്‍മ്മനിയെയും പറ്റി മനസ്സിലാക്കി. പല സാമ്രാജ്യങ്ങളും ആയിരം വര്‍ഷങ്ങള്‍ നിലനിന്നതായി കണ്ടു. ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ആയിരം വര്‍ഷങ്ങള്‍ നാസി പാര്‍ട്ടി ഭരിക്കുമെന്ന് വ്യാമോഹിക്കുകയായിരുന്നു. അധികാര മോഹിയും കലഹപ്രിയനുമായി ചെറുപ്പത്തിലേ വളര്‍ന്ന ഒരാള്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നെപ്പോളിയനോ ബിസ്മാര്‍ക്കോ ആകണമെന്ന് ആശിച്ചു പോയത് സ്വാഭാവികമാണല്ലോ.
2.നാസി വംശീയ വാദത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ടെന്നല്ലാതെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഈ കൃതിയില്‍ സാധ്യമായിട്ടില്ല. അതിനാല്‍ അതെപ്പറ്റി കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ചില കൃതികള്‍ സൂചിപ്പിക്കാം:
Ehrenreich, Eric. 2007 The Nazi Ancestral Proof: Genealogy, Racial Science, and the Final Solution. Bloomington, IN: Indiana University Press.
Poliakov, Leon. 1974. Aryan Myth: A History of Racist and Nationalist Ideas in Europe. New York, NY: Basic Books.
Biddiss, Michael D. 1970. Father of Racist Ideology: The Social and Political Thought of Count Gobineau. New York: Weybright and Talley.
Weiss-Wendt, Anton (2010), Eradicating Differences: The Treatment of Minorities in Nazi-Dominated Europe, Cambridge Scholars Publishing.
Robert Proctor (1988). Racial Hygiene: Medicine Under the Nazis. Harvard University Press.
Burleigh, Michael; Wippermann, Wolfgang (1991). The Racial State: Germany 1933-1945. Cambridge and New York: Cambridge University Press.
Hutton, Christopher (2005). Race and the Third Reich: Linguistics, Racial Anthropology and Genetics in the Dialectic of Volk. Cambridge and New York: Cambridge University Press.
Weindling, Paul. Health, Race and German Politics between National Unification and Nazism, 1870-1945. Cambridge University Press, 1989).
3.Ian Kershaw , Hitler 1889-1936: Hubris , Vol: 1 (London, 1998), Hitler 1936-1945: Nemesis, Vol: 2, (London, 2000).
പ്രൊഫ: കെര്‍ഷോയുടെ മററു ചില കൃതികള്‍: Popular Opinion and Political Dissent in the Third Reich. Bavaria, 1933-45 (Oxford, 1983, rev. 2002).
The Nazi Dictatorship. Problems and Perspectives of Interpretation (London, 1985, 4th ed., 2000).
The 'Hitler Myth'. Image and Reality in the Third Reich (Oxford, 1987, rev. 2001).
Weimar : Why did German Democracy Fail? (ed.) (London, 1990).
Hitler: A Profile in Power (London, 1991, rev. 2001).
Stalinism and Nazism: Dictatorships in Comparison (ed. with Moshe Lewin) (Cambridge, 1997).
Making Friends with Hitler: Lord Londonderry and the British Road to War (London, 2004).
Death in the Bunker (Penguin Books, 2005).
Fateful Choices: Ten Decisions That Changed the World, 1940-1941 (London, 2007).
Hitler, the Germans and the Final Solution (Yale University Press , 2008)
