കൊണ്ടോട്ടി ഫഖീറിന്റെ ത്വരീഖത്ത് ശിയാ ആചാരങ്ങളാണെന്ന് വ്യക്തമാക്കി 19-ാം നൂറ്റാണ്ടില്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഉള്‍പ്പെടെ 22 മതപണ്ഡിതര്‍ വിധികള്‍ നല്‍കിയത് അവരുടെ ഫത്‌വകളുടെ സമാഹാരത്തിലുണ്ട്.
കൈത്തര്‍ക്കം മൂലമുണ്ടായ ചേരിതിരിവ് കൊണ്ടോട്ടിയിലും പൊന്നാനിയിലുമുള്ള മുസ്‌ലിംകളില്‍ വിവിധ തരത്തിലുള്ള വിഭാഗീയതകള്‍ രൂക്ഷമാക്കി. സാമൂഹിക ബഹിഷ്‌കരണം, വിവാഹബന്ധം വേര്‍പെടുത്തല്‍ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലൊന്നാകെ പ്രത്യാഘാതങ്ങള്‍ കടന്നുവന്നു.
മഖ്ദൂം പുതിയകത്ത് മുഹമ്മദ് ബാവ മുസ്‌ലിയാരുടെ ഒത്തുതീര്‍പ്പ് അംഗീകരിക്കാത്ത ഒരു വിഭാഗം പണ്ഡിതന്മാര്‍ പൊന്നാനിയില്‍ മറ്റൊരു ജുമുഅഃ തുടങ്ങിയിരുന്നതിനെ കുറിച്ച് നേരത്തെ പരാമര്‍ശിച്ചിരുന്നു. പൂര്‍വികര്‍ ഒന്നടങ്കം മുര്‍ത്തദ്ദ് (മതപരിത്യാഗി) എന്ന് തീര്‍ത്തുപറഞ്ഞ കൊണ്ടോട്ടി ഫഖീറുമായി ഒരു അനുരഞ്ജനത്തിന് ശ്രമിച്ചത് പൊന്നാനി പണ്ഡിതന്മാരില്‍ ഒരു വിഭാഗം അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു.
പുതുതായി തുടങ്ങിയ ജുമുഅഃ അസാധുവാണെന്ന് ഒരു കൂട്ടരും സാധുവാണെന്ന് മറ്റൊരു കൂട്ടരും വാദിച്ചു. ജനങ്ങള്‍ക്കിടയില്‍ സംശയം ഉടലെടുത്തു. 1890 ഒക്ടോബറില്‍ (ഹി. 1308, മുഹര്‍റം) പൊന്നാനി പുത്തന്‍വീട്ടില്‍ ഇബ്‌റാഹീംകുട്ടി ഹാജി 12 ചോദ്യങ്ങള്‍ എഴുതി മണലില്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് (മരണം: ഹി. 1309) കൊടുത്തു.
പുതുതായി തുടങ്ങിയ ജുമുഅഃ സഹീഹോ ബാത്വിലോ, പൂര്‍വികന്മാര്‍ റാഫിളി എന്നും മുര്‍ത്തദ്ദ് എന്നും പ്രഖ്യാപിച്ച ഒരു വിഭാഗത്തെ അനുരഞ്ജനത്തിനു വേണ്ടി പൊന്നാനി വലിയ പള്ളിയില്‍ കയറ്റിയത് ശരിയോ തെറ്റോ തുടങ്ങിയവയൊക്കെയായിരുന്നു ചോദ്യങ്ങള്‍.(1) മണലില്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മഖ്ദൂമിന്റെ നിലപാടിന് അനുകൂലമായി മറുപടി എഴുതി. പ്രസ്തുത ഫത്‌വയെ മറുവിഭാഗം ചോദ്യം ചെയ്തു. സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ഫത്‌വയെ പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാര്‍ ഖണ്ഡിച്ചു.
അദ്ദേഹം എഴുതി: ''പൊന്നാനിയില്‍ ഈ ജുമുഅക്ക് (പുതിയ ജുമുഅഃക്ക്) കൂടുന്നവര്‍ യെല്ലാം ഇവിടത്തെ മര്യാദിക്കാരായ പെറമാണികളും അവരവരുടെ ജമ്മസ്ഥലത്തു തന്നെ പാര്‍ക്കുന്നവരും ഹില്ലിന്റെയും അഖദിന്റേയും (സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍) അഹലുകാരില്‍ ബെച്ച് നല്ലെ ആദിലായ മരിയാദക്കാരനും പൊന്നാനി മിക്കതും അവര്‍ക്ക് ജെമ്മവും അവരെ വകയുമായിട്ടാണ് ഉള്ളത്.
യെന്ന് മാത്രമല്ല ഇല്‍മിലും അദാലത്തിലും മികച്ചവരും ഇയാളെ (മഖ്ദൂം പുതിയകത്ത് അഹമ്മദ് ബാവ മുസ്‌ലിയാര്‍) തോന്നിയാസനത്തിനി ഭയപ്പെടാത്തവരും കഴിഞ്ഞ ഉലമാക്കന്മാരെ കുരിത്തം പോലെ നില്‍ക്കുന്നവരും...''(2) ആണെന്ന് പ്രസ്തുത കൃതിയില്‍ പ്രസ്താവിച്ചു.
പൊന്നാനി മഖ്ദൂം കുടുംബത്തില്‍ പെട്ടവരില്‍ തന്നെ കൊണ്ടോട്ടി വിഭാഗവുമായിയുള്ള അനുരഞ്ജന ശ്രമത്തെ അംഗീകരിക്കാത്തവരില്‍ കൗടിയമ്മാക്കാന്റകത്ത് അബ്ദുല്ലക്കുട്ടി മുസ്‌ലിയാരും ഉള്‍പ്പെടുന്നു.(3) അദ്ദേഹം രണ്ടാം ജുമുഅഃയെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു. രണ്ടാം ജുമുഅഃക്ക് സാധുത തേടിക്കൊണ്ട് മക്കയിലെ ശാഫിഈ മദ്ഹബിലെ മുഫ്തിയായിരുന്ന മുഹമ്മദ് സഈദിന് അയച്ച കത്തിന്റെയും ജവാബിന്റെ (മറുപടി) തര്‍ജമയുമടക്കം 'ഹാദാ ഫത്‌വ മുഫ്തി ശാഫിഈയ്യ' എന്ന ഒരു ഫത്‌വ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.(4)

കൊണ്ടോട്ടി വിഭാഗത്തെ ന്യായീകരിക്കുന്ന പ്രസ്തുത ഫത്‌വയുടെ പരിഭാഷകന്റെ പേര് അതില്‍ പരാമര്‍ശിച്ചിട്ടില്ല. പകരം പ്രസാധകന്റെ പേര് മാത്രമാണ് കാണുന്നത്. തര്‍ജമക്കാരന്‍ ആരെന്നറിയാത്ത ആ ഫത്‌വ കൊണ്ടോട്ടിയില്‍ നിന്നാണ് അച്ചടിക്കപ്പെട്ടിട്ടുള്ളത്.
മജ്മൂഅത്തുല്‍ ഫതാവാ
കൊണ്ടോട്ടി ഫഖീറിന്റെ ത്വരീഖത്ത് ശിയാ ആചാരങ്ങളാണെന്ന് വ്യക്തമാക്കി 19-ാം നൂറ്റാണ്ടില്‍ 22 മതപണ്ഡിതര്‍ വിധികള്‍ നല്‍കിയത് അവരുടെ ഫത്‌വകളുടെ സമാഹാരത്തിലുണ്ട്.(5) പ്രസ്തുത ഫത്‌വകള്‍ എഴുതിയ പണ്ഡിതരുടെ പേരുകള്‍:
- മമ്പുറം സയ്യിദ് അലവി തങ്ങള്‍, 2. ബൈത്താന്‍ മുഹമ്മദ് മുസ്‌ലിയാര്‍ (പയ്യനാട്), 3. കരിമ്പനക്കല്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 4. മൗലാനാ അഹ്മദ് മഖ്ദൂം തങ്ങള്‍, 5. മൗലാനാ മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ പാണക്കാട്, 6. ഓടക്കല്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 7. സഈദ് മുസ്‌ലിയാര്‍ (കാസര്‍കോട്), 8. മരക്കാരകത്ത് ഔക്കോയ മുസ്‌ലിയാര്‍ (പരപ്പനങ്ങാടി), 9. ചാലിലകത്ത് ഖുസയ്യ് ഹാജി (തിരൂരങ്ങാടി), 10. പുറത്തിയില്‍ മുഹമ്മദ് ശൈഖ് തങ്ങള്‍ (കണ്ണൂര്‍), 11. പൊന്നാനി പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ലിയാര്‍, 12. കോഴിക്കോട് ഖാദി മുഹിയുദ്ദീന്‍, 13. കോഴിക്കോട് ഹവാനിവീട്ടില്‍ കുഞ്ഞാമുട്ടി മുസ്‌ലിയാര്‍, 14. നാദാപുരത്ത് അഹമ്മദ് മുസ്‌ലിയാര്‍, 15. ബെയ്ത്താന്‍ അഹമ്മദ് മുസ്‌ലിയാര്‍, 16. തിരൂരങ്ങാടി ഖാദി പുതിയകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, 17. തളങ്ങരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, 18. കില്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞി ഖാസി (കോഴിക്കോട്), 19. പഞ്ഞിക്കടവത്ത് സയ്യിദ് അബ്ദുല്ല മുസ്‌ലിയാര്‍, 20. പാടൂര്‍ സ്വദേശിയായിരുന്ന മുഹമ്മദ് ഫഖ്‌റുദ്ദീന്‍ ബുഖാരി എന്ന കോയക്കുട്ടി തങ്ങള്‍ (വൈത്തുല്യം കൃതിയുടെ കര്‍ത്താവ്), 21. തിരൂരങ്ങാടി അറക്കല്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, 22. വെളിയങ്കോട് ഉമര്‍ ഖാസി.(6)
ഇവിടെ പേര് നല്‍കപ്പെട്ടവരില്‍ പലരുടെയും ഫത്‌വകളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്.(7)
ബ്രിട്ടീഷ് ഭരണകാല ചരിത്രത്തില്‍
1855ല്‍ മാപ്പിള പോരാളികളാല്‍ വധിക്കപ്പെട്ട, ബ്രിട്ടീഷ് മലബാറിലെ കലക്ടറും മജിസ്‌ട്രേറ്റുമായിരുന്ന എച്ച് വി കനോലിയുടെ(8) ഘാതകരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. കൊണ്ടോട്ടിക്കടുത്ത എടവണ്ണപ്പാറയില്‍ വെച്ച് ''കൊണ്ടോട്ടി തങ്ങളുടെ കാര്യസ്ഥന്റെ നേതൃത്വത്തില്‍ 300 സായുധരായ അനുയായികള്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചിരുന്നു. തങ്ങളുടെ ആത്മാര്‍ഥമായ സഹകരണം ഉണ്ടായിരുന്നില്ലെങ്കില്‍ അവരെ അത്ര എളുപ്പം കീഴടക്കുവാന്‍ സാധിക്കുമായിരുന്നില്ല'' എന്നാണ് സി കോലറ്റ്, സെക്രട്ടറി ടി പൈക്രോഫ്റ്റിന് എഴുതുന്നത് (C. Collet to T. Pycroft dt. 21st September 1855).
ഈ സേവനം കണക്കിലെടുത്ത് കൊണ്ടോട്ടി തങ്ങള്‍ക്ക് ഭംഗിയേറിയൊരു പല്ലക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നത് മദ്രാസ് ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നു.(9)
19, 20 നൂറ്റാണ്ടുകളിലെ ഔദ്യോഗിക രേഖകളില്‍ പൊന്നാനി ഭാഗത്തെ മുസ്‌ലിംകളെ സുന്നി മുസ്‌ലിംകളെന്നും, കൊണ്ടോട്ടി ഭാഗത്തെ മുസ്‌ലിംകളെ ശിയാ മുസ്‌ലിംകളെന്നും വിശേഷിപ്പിച്ചിരുന്നതായി കാണാം. വില്യം ലോഗന്‍ എഴുതുന്നു: ''മുസ്ലിംകളില്‍ അധികവും സുന്നി വിശ്വാസികളാണ്. അതായത് പൊന്നാനി തങ്ങളുടെ അനുയായികള്‍. മുസ്‌ലിം മതവിശ്വാസത്തിന്റെ അടിസ്ഥാന വിഭാഗമാണിത്.
19, 20 നൂറ്റാണ്ടുകളിലെ ഔദ്യോഗിക രേഖകളില്‍ പൊന്നാനി ഭാഗത്തെ മുസ്‌ലിംകളെ സുന്നി മുസ്‌ലിംകളെന്നും, കൊണ്ടോട്ടി ഭാഗത്തെ മുസ്‌ലിംകളെ ശിയാ മുസ്‌ലിംകളെന്നും വിശേഷിപ്പിച്ചിരുന്നതായി കാണാം.
18-ാം നൂറ്റാണ്ടിലോ മറ്റോ മലയാളി മാപ്പിളമാര്‍ക്കിടയില്‍ പേര്‍ഷ്യക്കാരനായ ഒരു മുഹമ്മദിന്റെ ആഗമനത്തോടെ മതപരമായ ചേരിതിരിവുണ്ടായി. കൊണ്ടോട്ടി തങ്ങളെയും അനുയായികളെയും ശിയാക്കള്‍ എന്ന് പൊന്നാനി തങ്ങളും അനുയായികളും വിളിച്ചുവന്നു.''(10)
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ ഡെപ്യൂട്ടി കലക്ടറായിരുന്ന സി ഗോപാലന്‍ എഴുതുന്നു: ''മാപ്പിളമാര്‍ രണ്ടു വിഭാഗമായി വിഭജിക്കപ്പെട്ടു. സുന്നി എന്ന വിഭാഗക്കാര്‍ക്ക് പൊന്നാനി മഖ്ദൂം തങ്ങളും, ശിയാ എന്നവര്‍ക്കു കൊണ്ടുവെട്ടി തങ്ങളും പ്രധാനികളായിരുന്നു. മലയാളത്തില്‍ അധികവും സുന്നി ഗോത്രക്കാരാകുന്നു ഉള്ളത്.''(11)

1871ലെ സെന്‍സസ് അനുസരിച്ച് മലബാറിലെ മാപ്പിള ജനസംഖ്യയില്‍ 14.1% ശിയാക്കളാണ്. കൊണ്ടോട്ടി പക്ഷത്തെ സൂചിപ്പിക്കാനാണ് ശിയാ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.(12)
(അവസാനിക്കുന്നില്ല)
റഫറന്‍സ്
- അല്‍ ബുസ്താനുല്‍ ഫതാവിയ്യ, പേജ് 67
- ഹയാത്തുദ്ദീന്‍ വ മമാത്തുല്‍ മുആനിദീന്‍, പേജ് 105
- മഖ്ദൂം അഹ്മദ് എന്ന വലിയ ബാവ മുസ്‌ലിയാരുടെ പുത്രന്‍. (മരണം 1931).
- ഫത്‌വ മുഫ്തി ശാഫിഇയ്യ. ഹി. 1309 റബീഉല്‍ അവ്വല്‍ (1891 ഡിസംബര്‍) കൊണ്ടോട്ടി നഗരത്തില്‍ കൊയപ്പത്തൊടി അധികാരിയുടെ 177-ാം നമ്പര്‍ പാണ്ടികശാലയില്‍ വെച്ച് അടങ്ങാപ്പുറത്ത് ഉലുവാന്‍ മൊയ്തീന്റെ സ്വന്തം ചെലവിന്മേല്‍ അരയാല്‍പുറത്ത് പക്കി മമ്പഉല്‍ ഉലൂം അച്ചുകൂടത്തില്‍ അച്ചടിച്ചത്.
- വളരെ പ്രാചീനമായ ഈ കൈയെഴുത്തു ഫത്‌വ മാപ്പിള ചരിത്ര ഗവേഷകനായിരുന്ന കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ (മരണം 2005) സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചുവരുന്നുണ്ട്.
- ഉമര്‍ ഖാളി: ജീവചരിത്രവും കൃതികളും, പ്രസാ: വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി, 5-ാം പതിപ്പ്, 2012, പേജ് 84, 85.
- മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, 5-ാം പതിപ്പ്, 2023, പേജ് 205-210.
- മമ്പുറം തങ്ങളുടെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ അറേബ്യയിലേക്ക് നാടുകടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു എച്ച് വി കനോലി. പ്രസ്തുത സംഭവത്തിന്റെ പ്രതികാര നടപടിയായാണ് കനോലി മാപ്പിള പോരാളികളാല്‍ കൊല ചെയ്യപ്പെട്ടത്.
- കേരള മുസ്‌ലിം ഡയറക്ടറി, ഡോ. സി കെ കരീം, വാള്യം 1, പ്രസാധനം 1997, പേജ് 394, 437.
- മലബാര്‍ മാന്വല്‍, വില്യം ലോഗന്‍, പരിഭാഷ: ടി വി കൃഷ്ണന്‍, പ്രസാ: മാതൃഭൂമി, 1997, പേജ് 22.
- മലയാളത്തിലെ മാപ്പിളമാര്‍, ദിവാന്‍ ബഹദൂര്‍ സി ഗോപാലന്‍ നായര്‍ എഴുതി പ്രസിദ്ധീകരിച്ചത്, മംഗലാപുരം, 1917, പേജ് 63.
- T.L. Strange to Secretary, Judicial, 25 Sept. 1852, Madras Judicial Proceedings, No. 483, 23 Aug. 1853, p. 4595. ഉദ്ധരണം: കൊണ്ടോട്ടി: ചരിത്രം, സംസ്‌കാരം, ഡോ. കെ കെ അബ്ദുല്‍ സത്താര്‍, പേജ് 109.