മഖ്ദൂമിന്റെ അനുരഞ്ജന ശ്രമവും പൊന്നാനിയിലെ എതിര്‍പ്പുകളും


ഒരു നൂറ്റാണ്ടോളം നിലനിന്ന പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കത്തില്‍ കൊണ്ടോട്ടി വിഭാഗവുമായി പെട്ടെന്ന് ഒരു അനുരഞ്ജനത്തിന് മഖ്ദൂം ശ്രമിച്ചതിനെ പലരും സംശയത്തോടെയാണ് കണ്ടത്. ജനങ്ങള്‍ക്കിടയില്‍ പല ഊഹങ്ങളും സംശയങ്ങളും ഉടലെടുത്തു.

1887ല്‍ ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമിനു ശേഷം മഖ്ദൂം സ്ഥാനം അലങ്കരിച്ച പുതിയകത്ത് മുഹമ്മദ് ബാവ മുസ്‌ലിയാര്‍ സൂഫിസത്തില്‍ വലിയ തല്‍പരനായിരുന്നു.(1) ഇദ്ദേഹത്തിന്റെ കാലത്ത് കൊണ്ടോട്ടി സ്ഥാനീയനായിരുന്നത് (1887-1908) ഇശ്തിയാഖ് ഷാ രണ്ടാമനായിരുന്നു.

അക്കാലത്ത് തഖിയയിലെ ഖാദിയും കൊണ്ടോട്ടി ശൈഖിന്റെ അനുയായിയുമായിരുന്ന അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറയിലുള്ള ഫഖീറിന്റെ കേന്ദ്രത്തിലേക്ക് പൊന്നാനി മഖ്ദൂമിനെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ മഖ്ദൂം, പ്രസ്തുത കേന്ദ്രത്തില്‍ വിവാദപരമായ സുജൂദും ലഹരി ഉപയോഗവും ഉണ്ടാകാറുണ്ടോ എന്ന് അന്വേഷിച്ചു.

അത്തരം അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നും അതില്‍ നിന്നെല്ലാം അവര്‍ (കട്ടിപ്പാറ ദേശത്തുള്ള ഫഖീറിന്റെ അനുയായികള്‍) പശ്ചാത്തപിച്ചിട്ടുണ്ടെന്നും അഹമ്മദ് മുസ്‌ലിയാര്‍ മഖ്ദൂമിനെ അറിയിച്ചുവത്രേ. അതുപ്രകാരം മഖ്ദൂമും അവിടെ സന്ദര്‍ശിക്കുകയും തടിച്ചുകൂടിയ കൊണ്ടോട്ടിക്കാരായ എല്ലാവരോടും ശരീഅത്ത് പ്രകാരം ജീവിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

അനുരഞ്ജനത്തിന്റെ ഭാഗമായി മഖ്ദൂം കൊണ്ടോട്ടി ഭാഗക്കാരായ അഹമ്മദ് മുസ്‌ലിയാരെയും ഫഖീറിന്റെ സഹോദരനെയും പൊന്നാനി വലിയ മസ്ജിദില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതു പൊന്നാനി വിഭാഗക്കാര്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി.(2)

അവര്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു സംഘമെന്നും ഒത്തുതീര്‍പ്പുവിരുദ്ധ സംഘമെന്നും രണ്ടു വിഭാഗങ്ങളായി മാറി. പ്രശ്‌നം രൂക്ഷമായപ്പോള്‍ പൊന്നാനി വലിയ മസ്ജിദ് ഏതാനും ദിവസം നമസ്‌കാരം നടത്താനാകാതെ അടച്ചിടുന്നിടത്തേക്കു വരെ കാര്യങ്ങള്‍ എത്തി. മഖ്ദൂമിന്റെ അനുരഞ്ജന ശ്രമത്തെ എതിര്‍ക്കുന്നവര്‍ പൊന്നാനി വലിയ ജാറത്തിലെ തങ്ങളായിരുന്ന സയ്യിദ് അലി ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ഒരുമിച്ചു.

പ്രസ്തുത ചരിത്രസംഭവത്തെക്കുറിച്ച് പൊന്നാനിയുടെ ചരിത്രകാരനായിരുന്ന പ്രൊഫ. കെ വി അബ്ദുറഹ്മാന്‍ സാഹിബ് എഴുതിയത് ഇങ്ങനെ: ''1887 മുതല്‍ 1908 വരെ മഖ്ദൂം ആയിരുന്ന മുഹമ്മദ് എന്ന ചെറിയ ബാവ മുസ്‌ലിയാരുടെ കാലത്ത് അദ്ദേഹവും പൊന്നാനി വലിയ ജാറത്തിലെ തങ്ങന്മാരും തമ്മില്‍ നടന്ന വാശിയേറിയ മത്സരം ജുമുഅത്ത് പള്ളിയെയും ബാധിക്കുകയുണ്ടായി.

വലിയ ജാറത്തിലെ വലിയ തങ്ങള്‍ (കാരണവര്‍) ആയിരുന്ന സയ്യിദ് അലി ഇമ്പിച്ചിക്കോയ തങ്ങളെ മഖ്ദൂമിനെതിരായി കുറേ നാട്ടുപ്രമാണിമാരും സഹായിച്ചിരുന്നു. പള്ളി കൈയേറ്റവും അടികലശലും മറ്റും നടന്നതിനെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് ഹിജ്‌റ 1313 റമദാന്‍ അന്ത്യത്തില്‍ (1896 മാര്‍ച്ച്) കുറച്ചു ദിവസം പള്ളി പൂട്ടിയിട്ട് സായുധ പോലീസിനെ കാവല്‍ നിര്‍ത്തിയിരുന്നു.''(3)

കൈത്തര്‍ക്ക ഒത്തുതീര്‍പ്പുവിരുദ്ധ വിഭാഗം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ജുമുഅഃ ബഹിഷ്‌കരിക്കുകയും മറ്റൊരു ജുമുഅഃ നടത്തുകയും ചെയ്തു. രണ്ടാം ജുമുഅഃയെ മണലില്‍ സൈനുദ്ദീന്‍ മുസ്ലിയാര്‍ (സൈനുദ്ദീന്‍ റംലി, മരണം: ഹി. 1309) അടക്കമുള്ള ഉലമാക്കള്‍ ചോദ്യം ചെയ്തു. രണ്ടാം ജുമുഅഃക്ക് അനുകൂലമായും പ്രതികൂലമായും ഫത്‌വകള്‍ വന്നു. സൈനുദ്ദീന്‍ മുസ്‌ലിയാരുടെ തദ്‌വിഷയകമായ ഫത്‌വ ബുസ്താനുല്‍ ഫതാവിയ്യയിലുണ്ട്.

ഒരു നൂറ്റാണ്ടോളം നിലനിന്ന പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കത്തില്‍ കൊണ്ടോട്ടി വിഭാഗവുമായി പെട്ടെന്ന് ഒരു അനുരഞ്ജനത്തിന് മഖ്ദൂം ശ്രമിച്ചതിനെ പലരും സംശയത്തോടെയാണ് കണ്ടത്. നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പല ഊഹങ്ങളും സംശയങ്ങളും ഉടലെടുത്തു.

കൊണ്ടോട്ടി പഴയങ്ങാടിയിലും പരിസരത്തും താമസിച്ചിരുന്ന പൊന്നാനി ഭാഗക്കാരായ ചോല മൊയ്തീന്‍, അത്തിക്കാവില്‍ മൊയ്തു, ചക്കിപ്പറമ്പില്‍ അലിമോയിന്‍ ഹാജി, പുത്തന്‍വീട്ടില്‍ മൊയ്തു, കുന്നുമ്മല്‍ കോലിയേരി കുഞ്ഞമ്മദ് കുട്ടി, ചെറുശ്ശേരി മമ്മദാലി തുടങ്ങിയ ആറു പേര്‍ തങ്ങളുടെ സംശയങ്ങള്‍ തപാല്‍ മാര്‍ഗം മഖ്ദൂമിന് കത്തെഴുതി ചോദിച്ചു.

കൂടാതെ കൊണ്ടോട്ടി സ്വദേശി യറത്ത് ആലിക്കുട്ടി എന്നയാളും ഒമ്പതു പേരും കൈത്തര്‍ക്ക സംബന്ധമായി മഖ്ദൂമിന് ചോദ്യങ്ങള്‍ എഴുതി അയച്ചിരുന്നു. ഇതിനെല്ലാം മഖ്ദൂം നല്‍കിയ മറുപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബുസ്താനുല്‍ ഫതാവിയ്യ, ത്വരീഖുല്‍ മുസ്തഖീം എന്ന പേരില്‍ ഒരു ഫത്‌വാ ഗ്രന്ഥം (ഹി. 1308, എ.ഡി. 1890) മുടിക്കല്‍ ഹൈദ്രോസ് കുട്ടി മുസ്‌ലിയാര്‍ പ്രസിദ്ധം ചെയ്തു.

കട്ടിപ്പാറയിലുള്ള കൊണ്ടോട്ടി ശൈഖിന്റെ കേന്ദ്രത്തില്‍ ചെന്ന മഖ്ദൂം ഫഖീറിന്റെ അനുയായികളോട് സുജൂദ് പോലുള്ള തെറ്റായ നടപടികള്‍ നിര്‍ത്തലാക്കാന്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സംഭവം കൊണ്ടോട്ടി കൈക്കാരുടെ ഇടയില്‍ പ്രചരിച്ചത് മറ്റൊരു രൂപത്തിലായിരുന്നു.

ബുസ്താനുല്‍ ഫതാവിയ്യ എന്ന ഗ്രന്ഥം

കാലങ്ങളായി പൊന്നാനി വിഭാഗം തങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ ദുഷ്പ്രചാരണങ്ങളും നിര്‍ത്തലാക്കി തങ്ങളുമായി സഹകരിക്കാന്‍ പൊന്നാനിയിലെ മഖ്ദൂം തന്നെ നേരിട്ട് വന്നുവെന്ന രൂപത്തിലാണ് കൊണ്ടോട്ടി ഫഖീറിന്റെ അനുയായികള്‍ പറഞ്ഞുനടന്നത്. ഒത്തുതീര്‍പ്പ് വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ തിരൂരങ്ങാടിയുടെ അയല്‍പ്രദേശങ്ങളായ പെരുവള്ളൂര്‍, കേര്‍നെല്ലൂര്‍, ബെള്ളക്കര, കണ്ണമംഗലം തുടങ്ങിയ പ്രദേശത്തെ ഖതീബുമാര്‍ എട്ടു ചോദ്യങ്ങള്‍ ഉന്നയിച്ച് മഖ്ദൂമിന് കത്തെഴുതി.

അതിനെല്ലാം മഖ്ദൂം മറുപടി എഴുതി അയക്കുന്നുണ്ട്. പ്രസ്തുത വിശദീകരണത്തില്‍ കൊണ്ടോട്ടി വിഭാഗവുമായുള്ള ഒത്തുതീര്‍പ്പിന് മഖ്ദൂം പുതിയകത്ത് മുഹമ്മദ് ബാവ മുസ്‌ലിയാര്‍ നിരത്തുന്ന വിശദീകരണങ്ങളില്‍ നിന്നുതന്നെ ഉദ്ധരിക്കാം:

''എങ്കിലും അവരോ (കൊണ്ടോട്ടി വിഭാഗം) മറ്റോ ഞമ്മളെ ശറഫാക്കപ്പെട്ട ദീനിനോട് മത്സരിക്കാതെ ദീനില്‍ പറയപ്പെട്ടത് യെല്ലാം അനുസരിച്ചി പറഞ്ഞി തസ്ലീമാക്കിയാല്‍ അവരെ ഞമ്മള്‍ അണച്ചികൂട്ടി ചേര്‍ത്തുബെക്കുന്നത് യെല്ലാ കാര്യം കൊണ്ടും ഞമ്മളെ അളവില്‍ വാജിബാകുന്നു.''(4)

കൊണ്ടോട്ടി ഫഖീര്‍ താന്‍ ആരോടും സുജൂദ് ചെയ്യിക്കുന്നില്ലെന്നും ലഹരി പുകക്കുന്നില്ലെന്നും പറഞ്ഞാല്‍ അത് വിശ്വസിക്കാമെന്നാണ് മഖ്ദൂം വിശദീകരിച്ചത്. പടക്കളത്തില്‍ സഹാബത്തിനാല്‍ കൊല ചെയ്യപ്പെട്ട ഇബ്‌നു മുര്‍ദാസിന്റെ ചരിത്രം ഇതിനായി മഖ്ദൂം ഉദാഹരിക്കുന്നുണ്ട്.

നബി (സ) നടപടിയെ ചോദ്യം ചെയ്യുന്നത് ചരിത്രത്തിലുണ്ടല്ലോ. 'ഞാന്‍ മുസ്‌ലിമായിരിക്കുന്നു എന്നു പറഞ്ഞ അവന്‍ (ഇബ്‌നു മുര്‍ദാസ്) കള്ളം പറയുന്നവനും, അവന്‍ പറഞ്ഞത് സമ്മതിക്കാതെ കൊന്നുകളഞ്ഞ നിങ്ങള്‍ സത്യസന്ധരുമാണെന്ന് വിചാരിക്കുന്നുണ്ടോ' എന്ന് പ്രവാചകന്‍ അവരോടു ചോദിച്ചു.

കൊണ്ടോട്ടി വിഭാഗത്തിനെതിരായി കാലങ്ങളായി പൊന്നാനി വിഭാഗം തുടര്‍ന്നുവന്നിരുന്ന നിലപാടു തന്നെ തുടരണമെന്നായിരുന്നു 'റദ്ദുല്‍ ബുസ്താന്‍' എന്ന കൃതിയുടെ പ്രമേയം. പൊന്നാനി മഖ്ദൂം കമ്മുക്കുട്ടി മുസ്‌ലിയാരുടെ മകന്‍ പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാരാണ് ഈ കൃതി രചിച്ചത്.

അതോടെ ഇനി ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്നു പറഞ്ഞ് പൊറുക്കലിനെ തേടുന്നുണ്ട് സഹാബികള്‍. ഈ ചരിത്രം പോലെത്തന്നെ തങ്ങളെല്ലാം അനാചാരങ്ങളില്‍ നിന്നു മുക്തരായെന്നു പറയുന്നവരെ ആക്ഷേപിക്കാന്‍ പാടില്ല എന്നാണ് മഖ്ദൂം അഭിപ്രായപ്പെട്ടത്. (5)

ഹി. 1308 (ക്രി. 1890) ശവ്വാല്‍ മാസം ഇശ്തിയാഖ് ഷാ പൊന്നാനി മഖ്ദൂം തങ്ങള്‍ക്ക് കത്തെഴുതി. അതില്‍ കൊണ്ടോട്ടി ശൈഖ് തങ്ങള്‍ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിക്കുന്നുണ്ട്.

കത്തില്‍ നിന്ന് അല്പം: ''ഞമ്മളെ മുരീദന്മാര്‍ക്ക് കൈകൊടുത്ത് താബിആയതിന്റെ ചേഷം ഞമ്മക്ക് സുജൂദ് ചെയ്‌വാനും കള്ളും കഞ്ചാവും പെരുമാറുവാനും മറ്റും ശറഇല്‍ മുന്‍കിറത്തായ ചില എണ്ണങ്ങളെ കൊണ്ട് മുരീദന്മാരോട് നമ്മള്‍ ഏകി കല്‍പ്പിക്കും എന്നും മറ്റും മഖ്ദൂം പറഞ്ഞപ്പോള്‍, ഈ വക മുന്‍കിറാത്തായ എണ്ണങ്ങളില്‍ ഒന്നുകൊണ്ടും അവരോട് ഏകയും ചെയ്യുകയും ഉണ്ടായിട്ടു ഇല്ലയെന്നും അറിവ് ഇല്ലാത്തെ ആമീങ്ങളായ മുരീദന്മാരില്‍ വല്ലവരും മുന്‍പ് ഇത് പ്രകാരം ചെയ്തുവന്നിട്ടുണ്ടെങ്കിലും ആയത് എല്ലാം ശറഇന്ന് വിരോധമാകുന്നു എന്ന് എല്ലാ ആമീങ്ങളും അറിയിവു കിട്ടിയിരിക്കയാല്‍ ആ വക എണ്ണങ്ങള്‍ ഒന്നിനെയും അവര്‍ ചെയ്യല്‍ ഇല്ല എന്നും ഇതു കൂടാതെ മുരീതന്മാരില്‍ നിന്ന് ആരോ ഇപ്പള്‍ മേല്‍ എഴുതിയ ബണ്ണം കള്ളോ മറ്റോ പെരുമാറുന്നുണ്ടെങ്കില്‍ അത് പ്രകാരം കളവ് ചെയ്യുന്നതും പലിശ മുതല്‍ എടുക്കുന്നതും ബിലമായി പുടിച്ച് പറ്റുന്നതും അവരാതിക്കുന്നതും മറ്റും ശറഇല്‍ വിരോധം ആയ ഏറിയ കാര്യങ്ങളെ ചില ദുര്‍നടപ്പുകാര്‍ ചെയ്തുവരും പ്രകാരം അല്ലാതെ ശൈഖിന്റെ അറിവുമ്മേല്‍ ശറഇന്നു വിരോധമായ ബകവൊന്നും ചെയ്യുന്നത് അല്ല.''(6)

തങ്ങള്‍ക്കെതിരായി ആക്ഷേപകര്‍ പറയുന്ന ചില കാര്യങ്ങള്‍ മുമ്പ് നിലനിന്നിരുന്നെന്നും, ഇപ്പോള്‍ മുരീദന്മാര്‍ അത്തരം തെറ്റുകളില്‍ നിന്ന് മടങ്ങിയിട്ടുണ്ടെന്നുമാണ് ഇശ്തിയാഖ് ഷാ കത്തില്‍ പറയുന്നത്. എന്നാല്‍ ഫഖീറിന്റെ ഇത്തരം വിശദീകരണങ്ങളെയെല്ലാം 'ഹയാതുദ്ദീന്‍ വ മമാത്തുല്‍ മുആനിദീന്‍' എന്ന റദ്ദുല്‍ ബുസ്താനില്‍ അക്കമിട്ട് ഖണ്ഡിക്കുന്നുണ്ട്.

ഇശ്തിയാഖ് ഷായുടെ കത്തില്‍ താനും അനുയായികളും തെറ്റില്‍ നിന്ന് മടങ്ങിയെന്നോ, തങ്ങളുടെ പൂര്‍വികന്മാര്‍ നടന്ന ത്വരീഖത്തിനാല്‍ രിദ്ദത്തിന്റെ (മതത്തില്‍ നിന്ന് പുറത്തു പോകല്‍) കാരണം തെറ്റാണെന്നോ എഴുതിയിട്ടില്ല എന്നും, തങ്ങളുടെ ത്വരീഖത്ത് ഇസ്‌ലാമിലെ മുഖ്യമായ ത്വരീഖത്താണെന്നും പ്രസ്തുത കത്തില്‍ ഇശ്തിയാഖ് ഷാ അഭിപ്രായപ്പെട്ടതിനെ മഖ്ദൂമിന്റെ എതിര്‍വാദക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.(7)

ഹയാത്തുദ്ദീന്‍ അഥവാ റദ്ദുല്‍ ബുസ്താന്‍

കൊണ്ടോട്ടി വിഭാഗത്തിനെതിരായി കാലങ്ങളായി പൊന്നാനി വിഭാഗം തുടര്‍ന്നുവന്നിരുന്ന നിലപാടു തന്നെ തുടരണമെന്നായിരുന്നു 'റദ്ദുല്‍ ബുസ്താന്‍' എന്ന കൃതിയുടെ പ്രമേയം. പൊന്നാനി മഖ്ദൂം കമ്മുക്കുട്ടി മുസ്‌ലിയാരുടെ മകന്‍ പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാരാണ് പ്രസ്തുത കൃതി രചിച്ചത്.

കൊണ്ടോട്ടി ഫഖീര്‍ യഥാര്‍ഥ ഇസ്‌ലാമിലേക്ക് മടങ്ങിയിട്ടുണ്ടെങ്കില്‍ അയാളുടെ പൂര്‍വികന്മാരുടെ നടപടികളെല്ലാം തെറ്റായിരുന്നു എന്ന് തുറന്നുപറഞ്ഞ് മുര്‍ത്തദ്ദിന്റെ (മതനിഷേധി) വാചകങ്ങളെല്ലാം ചൊല്ലി ശരിയായ ഇസ്‌ലാമിലേക്ക് ഞാന്‍ മടങ്ങിയിരിക്കുന്നു എന്ന് ഫഖീര്‍ പ്രഖ്യാപിക്കുകയും, തന്റെ മുരീദന്മാരെല്ലാം അപ്രകാരം മടങ്ങേണ്ടതാണെന്ന് കത്തില്‍ പരസ്യപ്പെടുത്തേണ്ടതുമായിരുന്നു എന്ന് പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാര്‍ പ്രസ്താവിക്കുന്നുണ്ട്.(8)

ഹയാത്തുദ്ദീന്‍ വ മമാത്തുല്‍ മുആനിദീന്‍
എന്ന റദ്ദുല്‍ബുസ്താന്‍, (ഫോട്ടോ കടപ്പാട്:ഒ സി സകരിയ്യ)

300ഓളം പേജുള്ള സുദീര്‍ഘമായ ഒരു ഫത്‌വാ ഗ്രന്ഥമാണ് 'ഹയാത്തുദ്ദീന്‍ വ മമാത്തുല്‍ മുആനിദീന്‍' എന്ന കൃതി. ഈ കൃതി രചിക്കാനുള്ള കാരണം പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാര്‍ രണ്ടു പുറങ്ങളിലായി പ്രസ്താവിക്കുന്നുണ്ട്. മക്ക, മദീന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിശ്രുതരായ മതപണ്ഡിതന്മാര്‍ റാഫിളികളില്‍ പെട്ട മതപരിത്യാഗികളാണ് കൊണ്ടോട്ടി വിഭാഗമെന്ന് വിധിച്ചിരിക്കെ, അവരെ ശരിയായ വഴിയിലേക്ക് വഴിനടത്തി എന്നും അവര്‍ യഥാര്‍ഥ അഹ്‌ലുസ്സുന്നികളാണെന്നും ചിലര്‍ തെറ്റായി വിശ്വസിച്ച് പ്രചരിപ്പിക്കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു.(9)

'ബുസ്താനു ഫതാവിയ്യ'യിലെ ഓരോ അധ്യായങ്ങളെയും പ്രത്യേകമായെടുത്ത് അഹമ്മദ് മുസ്‌ലിയാര്‍ ഖണ്ഡിക്കുന്നുണ്ട്. 38ഓളം പൂര്‍വികരായ മതപണ്ഡിതരുടെ ഫത്‌വകള്‍ റദ്ദുല്‍ ബുസ്താനില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ തന്നെ കേരളീയരായ ശൈഖ് മുഹമ്മദ് ജിഫ്രി, അഹ്മദ് മഖ്ദൂം, സൈനുദ്ദീന്‍ മഖ്ദൂം, വലിയ ബാവ മുസ്‌ലിയാര്‍, മഖ്ദൂം കമ്മുട്ടി മുസ്‌ലിയാര്‍, പുറത്തീല്‍ മുഹമ്മദ് ശൈഖ്, ഔക്കോയ മുസ്‌ലിയാര്‍ (പരപ്പനങ്ങാടി), മുഹ്‌യുദ്ദീന്‍ ഖാദി (കോഴിക്കോട്) തുടങ്ങിയവരുടെ കൊണ്ടോട്ടി വിഭാഗത്തിനെതിരെയുള്ള കിതാബുകളും നിലപാടുകളും പരിചയപ്പെടുത്തുന്നുമുണ്ട്.

മഖ്ദൂം കുടുംബാംഗമായ പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാരുടെ കൃതി വായിച്ച് സമ്മതപത്രം എഴുതിയവര്‍ ഇവരാണ്:

കോയമ്മറകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ലിയാര്‍ (കോഴിക്കോട്), 2. പൊന്നാനി ജുമുഅത്ത് പള്ളിയില്‍ മുദരിസായിരുന്ന ചെമ്മനാട്ട് കുഞ്ഞമ്മു മുസ്‌ലിയാര്‍, 3. കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാര്‍, 4. പൊന്നാനി മഖ്ദൂം പുതിയകത്ത് അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ മകന്‍ ബെട്ടന്‍വീട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍, 5. ചെമ്മനൂര്‍ വലിയവളപ്പില്‍ ശൈഖ് അഹമ്മദ് മുസ്‌ലിയാര്‍, 6. പൊന്നാനി മഖ്ദൂം പുതിയകത്ത് കമ്മുട്ടി മുസ്‌ലിയാരുടെ മകന്‍ കൊണ്ടോട്ടി ഖാദി പുത്തന്‍വീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ (രചയിതാവിന്റെ സഹോദരന്‍).

മലപ്പുറം ഖാദി ഒറ്റകത്ത് ഓടക്കല്‍ കുഞ്ഞഹമ്മദ് ഖാദി, 8. മുഹമ്മദ് ബിന്‍ അലി ഖാദി (കോഴിക്കോട്), 9. ഖാദി മുല്ലക്കോയ തങ്ങള്‍ (കോഴിക്കോട്).

പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാരുടെ ഹയാത്തുദ്ദീന്‍ എന്ന കൃതിക്ക് കാര്യമായ ഖണ്ഡനം എഴുതാന്‍ കൊണ്ടോട്ടി ഭാഗത്തുനിന്ന് ആരും തയ്യാറായതായി കാണുന്നില്ല.

(അവസാനിക്കുന്നില്ല)

കുറിപ്പുകള്‍

  1. മഖ്ദൂമും പൊന്നാനിയും, എഡിറ്റര്‍: ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രസാ: പൊന്നാനി ജുമുഅഃ മസ്ജിദ് കമ്മിറ്റി 2010, പേജ് 145-147.
  2. മാപ്പിള മലബാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി. പ്രസാ: ഐപിബി കോഴിക്കോട്, 2005, പേജ് 144.
  3. മാപ്പിള ചരിത്രശകലങ്ങള്‍, പ്രൊഫ. കെ വി അബ്ദുറഹ്മാന്‍, പ്രസാ: മുസ്‌ലിം സര്‍വീസ് സൊസൈറ്റി പൊന്നാനി, 1998, പേജ് 49, 50.
  4. ബുസ്താനുല്‍ ഫതാവിയ്യ, പ്രസാ: പൊന്നാനി അംശം ബെള്ളീരി, കക്കാട്ടിരിക്കകത്ത് അബ്ദുല്‍ ഖാദറിന്റെ അച്ചടിശാലയില്‍ വെച്ച് മുടിക്കല്‍ ഹൈദ്രോസ് കുട്ടി മുസ്‌ലിയാര്‍ ഹി. 1308ല്‍ പ്രസിദ്ധം ചെയ്തത്, പേജ് 12, 13.
  5. അതേ പുസ്തകം, പേജ് 13, 14.
  6. ഇശ്തിയാഖ് ഷായുടെ കത്തിന്റെ പകര്‍പ്പ് കാണുക: ബുസ്താനുല്‍ ഫതാവിയ്യ പേജ് 39-42.
  7. ഹയാത്തുദ്ദീന്‍ വ മമാത്തുല്‍ മുആനിദീന്‍, പുത്തന്‍വീട്ടില്‍ അഹമ്മദ് മുസ്‌ലിയാര്‍ പൊന്നാനി, പ്രസാധനം: ഹി. 1308 ജമാദുല്‍ ആഖിറിന് തിങ്കളാഴ്ച പൊന്നാനി പാതാരിഅകത്ത് കുഞ്ഞഹമ്മദ് കുട്ടിയുടെ പാണ്ടികശാലയില്‍ വെച്ച് തലശ്ശേരിക്കാരന്‍ കാരക്കല്‍ സയ്യിദ് അലി മള്ഹറുല്‍ മുഹിമ്മാത്ത് അച്ചുമ്മല്‍ വെച്ച് അച്ചടിച്ചത്, പേജ് 59, 60
  8. അതേ പുസ്തകം, പേജ് 60.
  9. അതേ പുസ്തകം, പേജ് 2, 3.

ഇവിടെ വായിക്കാം:

വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കത്തിന്റെ നാള്‍വഴികള്‍

ഫത്‌വകളും ചോദ്യങ്ങളും വിശദീകരണങ്ങളും; കൈത്തര്‍ക്കം രൂക്ഷമാകുന്നു