ഹിറ്റ്‌ലറുടെ ബോഡിഗാഡ് പോലും തന്നെ വധിച്ചേക്കാമെന്ന് ആശങ്കപ്പെട്ടുവെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
വോണ്‍ സൈമണ്‍ ജര്‍മ്മനിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹം കിഴക്കന്‍ബെര്‍ലിനിലെ ഒരു അപ്പാര്‍ട്ടുമെന്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കഥാപാത്രം അവിടെയാണ് താമസിക്കുന്നത്. നേരില്‍ കണ്ട് ഇന്റര്‍വ്യൂ ചെയ്യുകയാണ് ലക്ഷ്യം.
ജര്‍മ്മനിയിലെ പ്രമുഖ വാരിക 'ഡിയഷ്പീഗ' (Der SpiegeI)യുടെ ലേഖകനാണ് സൈമണ്‍. റോച്ചെസ് മിഷിനെയാണ് ഇന്റര്‍വ്യൂ ചെയ്യേണ്ടത്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ബോഡിഗാഡും ടെലിഫോണ്‍ ഓപ്പറേറ്ററുമായിരുന്നു മിഷ്! സൈമണ്‍ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്നത് 2007ല്‍. അപ്പോള്‍ മിഷിന് 90 വയസ്.
സുരക്ഷക്ക് വേണ്ടിയാണല്ലോ ബോഡി ഗാഡുകളെ നിയമിക്കാറ്. ജീവന്‍ നല്‍കിയും ബോസിനെ സംരക്ഷിക്കുകയാണ് അവരുടെ പ്രാഥമിക ഉത്തരവാദിത്തം. എന്നാല്‍ ഹിറ്റ്‌ലര്‍ക്ക് അമ്പത്താറാം വയസ്സില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നെങ്കിലും ബോഡിഗാഡ് പിന്നെയും അറുപത്തൊമ്പത് വര്‍ഷങ്ങള്‍ ജീവിച്ചു. പിന്നീട് 96ാം വയസ്സില്‍ സുഖമരണം! കാലത്തിന്റെ കണക്കു പുസ്തകം ഏതു ഗണിതശാസ്ത്രജ്ഞനാണ് വ്യാഖ്യാനിക്കാനാവുക?
മിഷും ജോഹെന്നസ് ഹെന്‍ഷലും ഹിറ്റ്‌ലറുടെ യാത്രകളില്‍ ഒപ്പമുണ്ടാകും.'' ഞങ്ങള്‍ രാവും പകലും ഹിറ്റ്‌ലറോടൊപ്പമുണ്ടാകും. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവരില്‍ ഏറ്റവും അടുത്ത് ഇടപഴകിയവര്‍ ഞങ്ങളാണ്'' ( Hitler was never without us day and night. We were the closest people who worked with him) എന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ആറു വര്‍ഷം ചാന്‍സലര്‍ ഓഫീസിലും ക്ലോംപ്ലക്‌സിലും മിഷ് ഹിറ്റ്‌ലറോടൊത്ത് താമസിച്ചു. 1945 ഏപ്രില്‍ 30ന് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുന്നതുവരെ സേവിച്ച ശേഷം മിഷ് അവിടെ നിന്നു പോന്നു. നേതാവിനെപ്പോലെ ആത്മഹത്യ ചെയ്യാനല്ല, ജീവിക്കാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം!
സയനൈഡ് കഴിച്ച ശേഷം ഹിറ്റ്‌ലര്‍ തലയിലേക്ക് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ടെലിഫോണ്‍ അറ്റന്റ് ചെയ്യുകയായിരുന്നു മിഷ്. അതിനാല്‍ ശബ്ദം കേട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ടെലിഫോണില്‍ ബോധപൂര്‍വ്വം ഉച്ചത്തില്‍ സംസാരിച്ചതാണെന്നും ബങ്കര്‍ ഒരു മരണനിലയമായി ഫീല്‍ ചെയ്യാതിരിക്കാനാണെന്നും മിഷ് പറഞ്ഞു.
മേശപ്പുറത്ത് തല ചെരിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഹിറ്റ്‌ലറെ കാണുന്നു. തൊട്ടടുത്ത് സോഫയില്‍ കാല്‍മുട്ട് നെഞ്ചോടു ചേര്‍ത്ത് ഭാര്യ ഇവാ ബ്രൗണിനെയും.
എന്നാല്‍ ഫോണ്‍ കോള്‍ കഴിഞ്ഞ് എത്തിയപ്പോള്‍ ആരോ ഇങ്ങനെ ഷൗട്ട് ചെയ്യുന്നത് കേട്ടു, ''അത് സംഭവിച്ചുവെന്നാണ് തോന്നുന്നത്!'' മറ്റുള്ളവര്‍ വെടിയൊച്ച കേട്ടിരിക്കാം. ഹിറ്റ്‌ലറുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളായ മാര്‍ട്ടിന്‍ ബോര്‍മാന്‍ എല്ലാവരോടും നിശബ്ദരാകാന്‍ ആവശ്യപ്പെട്ടു. ശേഷം ഹിറ്റ്‌ലറുടെ മുറി തുറക്കാന്‍ പറഞ്ഞു. മിഷും ഹിറ്റ്‌ലറുടെ മുറിയിലേക്ക് ചെന്നു.
മേശപ്പുറത്ത് തല ചെരിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഹിറ്റ്‌ലറെ കാണുന്നു. തൊട്ടടുത്ത് സോഫയില്‍ കാല്‍മുട്ട് നെഞ്ചോടു ചേര്‍ത്ത് തല ഹിറ്റ്‌ലറുടെ നേര്‍ക്ക് തിരിഞ്ഞ് മരിച്ച നിലയില്‍ ഭാര്യ ഇവാ ബ്രൗണിനെയും. വൈറ്റ് കോളര്‍ ഫ്രില്ലുള്ള ഡാര്‍ക്ക് ബ്ലൂ ഡ്രസ്സ് ധരിച്ച ബ്രൗണ്‍. ആ രംഗം ഒരിക്കലും മറക്കില്ലെന്ന് മിഷ് പറയുന്നത് കേള്‍ക്കുമ്പോള്‍ (മിഷുമായുള്ള ഇന്റര്‍വ്യൂവിന്റെ പല വീഡിയോകള്‍ കണ്ടിരുന്നു) 1945ല്‍ ബങ്കറിലെത്തിയ ഫീലിങ്ങുണ്ടാവും.
പിന്നീടവര്‍ ഹിറ്റ്‌ലറുടെ മൃതദേഹം പൊതിഞ്ഞ് എന്റെ മുന്നിലൂടെയാണ് കൊണ്ടുപോയതെന്ന് മിഷ് പറയുന്നു.'' മുകളിലോട്ട് വരൂ, അവര്‍ ബോസിനെ കത്തിക്കാന്‍ കൊണ്ടുപോകുന്നു'' എന്ന് ആരോ പറയുന്നുണ്ടായിരുന്നു. അവിടെ ഗസ്റ്റപ്പോയിലെ മ്യുള്ളറെ കണ്ടു. അങ്ങനെ പുറത്ത് കാണാറുള്ള ഒരാളല്ല അദ്ദേഹം. അതുകൊണ്ട് താനങ്ങോട്ട് പോയില്ലെന്ന് മിഷ് പറഞ്ഞു.
അവിടെ നിന്നാല്‍ അവസാന സാക്ഷികളെന്ന നിലയില്‍ നമ്മളും വധിക്കപ്പെടാമെന്ന് മിഷ് മെക്കാനിക്കായ ഹെന്‍ഷലിനോട് അടക്കം പറഞ്ഞു കൊണ്ട് മാറിക്കളഞ്ഞു. മനുഷ്യത്വത്തിന്റെ അംശം പോലുമില്ലാത്ത അതിഭീകര സംഘമായിരുന്നു നാസി പാര്‍ട്ടിയെന്ന് മിഷിന്റെ ഈ ഭയാശങ്കതന്നെ തെളിയിക്കുന്നുണ്ട്. ഹിറ്റ്‌ലറുടെ ശവശരീരം അവസാനമായി കണ്ടവരെ ഒരു പക്ഷേ വധിച്ചു കളയാന്‍ സാധ്യതയുണ്ടെന്ന് ഹിറ്റ്‌ലറുടെ ബോഡിഗാഡായ മിഷ് പോലും ആശങ്കപ്പെടുന്ന അവസ്ഥ സങ്കല്‍പ്പിച്ചു നോക്കൂ!
ഇതാണ് നാസിസംഘത്തിന്റേയും അവരില്‍ നിന്നു ആവേശം ഉള്‍ക്കൊണ്ട് രൂപീകൃതമായ എല്ലാ സംഘങ്ങളുടേയും പാര്‍ട്ടികള്‍ച്ചര്‍! ഹിറ്റ്‌ലറുടെ ബോഡിഗാഡ് പോലും തന്നെ വധിച്ചേക്കാമെന്ന് ആശങ്കപ്പെട്ടുവെങ്കില്‍ മറ്റു ജര്‍മ്മന്‍ പൗരന്മാരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
(അവസാനിച്ചിട്ടില്ല)
കുറിപ്പുകള്‍:
- Der Spiegel , 2007 July 30. പിന്നെയും ആറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്. ബോഡി ഗാഡായി ജോലി ചെയ്യുമ്പോള്‍ മിഷിന്റെ പ്രായം 27.
ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത The Guardian, Associated Press News, BBC News, New York Times, Los Angeles Times തുടങ്ങി പ്രമുഖ പത്രങ്ങളിലും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുകളിലും 2013 Sept. 6ന് വന്നു. ഇന്ത്യയിലെ The Hindu Newspaper ലും അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് കാണാം.
Misch, Rochus , Hitler's Last Witness: The Memoirs of Hitler's Bodyguard. London: 2014, Frontline Books-Skyhorse Publishing, Inc.
ഹിറ്റ്‌ലറുടെ അവസാന നാളുകളെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്ന കൃതികള്‍: Felton, Mark (2014). Guarding Hitler: The Secret World of the Führer, London: Pen and Sword.
Joachimsthaler, Anton (1999) The Last Days of Hitler: The Legends - The Evidence - The Truth. London : Brockhampton Press.
The Death of Adolf Hitler, Unknown Documents from Soviet Archives by Lev Bezymenskl, Harcourt, Brace & World.
ബി.ബി.സി ലേഖകന്‍ റോസെന്‍ ബെര്‍ഗ് മിഷിന്റെ മകളെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. കൗതുകകരമായ പല വിവരങ്ങളും അവര്‍ പറയുകയുണ്ടായി.
Rosenberg, Steve interviews Mish's daughter Brigitta Jacob-Engelken (My father was Hitler's bodyguard, BBC News, 4 September 2009). ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ഹിറ്റ്‌ലറുടെ ബോഡിഗാഡിന്റെ ഭാര്യ, അതായത് ബ്രിഗിറ്റയുടെ അമ്മ ജൂത സ്ത്രീയായിരുന്നുവെന്ന് മകള്‍ തുറന്നു പറയുന്നു. തന്റെ അമ്മൂമ്മയാണ് ഇക്കാര്യം പറഞ്ഞതെന്നും ഇക്കാര്യം രഹസ്യമാക്കി വെക്കണമെന്നും അമ്മ അതറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടി അമ്മൂമ്മ പറഞ്ഞതായി അവര്‍ വ്യക്തമാക്കുന്നു. മിഷിന്റെ മകള്‍ ഹീബ്രു പഠിക്കുകയും ഇസ്രയേലിലെ ഒരു കിബുട്ട്‌സില്‍ താമസിക്കുകയും ജര്‍മ്മനിയില്‍ തിരിച്ചെത്തുകയും ചെയ്തു. അവര്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നു.
ആദ്യഭാഗം: ആധുനിക ലോകത്തെ വലിയ രാഷ്ട്രീയ നേതാവിന്റെ ദാരുണമായ അന്ത്യം; അഥവാ ഹിറ്റ്‌ലറുടെ ആത്മഹത്യ
