കൊണ്ടോട്ടി- പൊന്നാനി കൈത്തര്‍ക്കത്തിന്റെ ഗതി പറയുന്ന പാട്ടുകൃതികള്‍


കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം മലബാറിന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒരു ചരിത്രരേഖയാണ് മുണ്ടമ്പ്ര ഉണ്ണിമമ്മദ് രചിച്ച കൊടികേറ്റം എന്ന പാട്ടുകൃതി.

കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം മലബാറിന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒരു ചരിത്രരേഖയാണ് മുണ്ടമ്പ്ര ഉണ്ണിമമ്മദ് (1865-1930) രചിച്ച 'കൊടികേറ്റം' എന്ന പാട്ടുകൃതി. 1917ല്‍ കൊണ്ടോട്ടി ശൈഖിന്റെ അനുകൂലികള്‍ അരീക്കോട് കൊടി കയറ്റാന്‍ ശ്രമിച്ചതിനെ അരീക്കോട്ടുകാര്‍ എതിര്‍ത്തതിന്റെ പേരില്‍ നടന്ന കോലാഹലങ്ങളാണ് കൊടികേറ്റം എന്ന കാവ്യരചനയ്ക്ക് ആധാരം.

മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ കൊടികേറ്റം പുസ്തകം

പാരമ്പര്യമായി പൊന്നാനി മഖ്ദൂം വിഭാഗത്തെ പിന്‍പറ്റുന്ന അരീക്കോട്ടുകാര്‍ക്ക് കൊണ്ടോട്ടി ശൈഖിനെയും അനുയായികളെയും ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അരീക്കോട്ട് പൗരപ്രധാനിയും ഗ്രാമീണ കോടതിയിലെ ജഡ്ജിയും നാട്ടുമധ്യസ്ഥനുമായിരുന്ന മുണ്ടമ്പ്ര ഉണ്ണിമമ്മദ് കൊണ്ടോട്ടി ഫഖീറിനെ അംഗീകരിക്കാത്ത അരീക്കോട്ടുകാര്‍ക്കൊപ്പമായിരുന്നു.

ആദ്യത്തെ കൊണ്ടോട്ടി ഫഖീര്‍ മുഹമ്മദ് ഷാ ആദ്യമായി മലബാറില്‍ വന്നത് പാലക്കാട് വഴി അരീക്കോട്ടായിരുന്നു.(1) അക്കാലത്തുതന്നെ അരീക്കോട്ട് അദ്ദേഹം ഒരു തക്കിയ സ്ഥാപിച്ചിരുന്നു.(2) അദ്ദേഹത്തിന്റെ ചിന്താസരണിയുടെ സ്മാരകമാണ് തക്കിയ എന്നറിയപ്പെടുന്ന എടുപ്പ്.

കൊല്ലവര്‍ഷം 1090(1915)ല്‍ സ്ഥാനീയനായിരുന്ന കൊണ്ടോട്ടി തങ്ങളുടെ രണ്ടു മക്കളില്‍ മൂത്ത പുത്രന്‍ അബ്ദുറഹ്മാനായിരുന്നു അരീക്കോട്ടെ അക്കാലത്തെ സ്ഥാനീയന്‍. അദ്ദേഹത്തിന്റെ അനുയായികളും അരീക്കോട്ടുകാരും തമ്മില്‍ ആദ്യം തൊട്ടേ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.(3)

കൊടിയും ചെണ്ടമേളങ്ങളുമായി കൊണ്ടോട്ടിയില്‍ നിന്ന് അക്കൊല്ലത്തെ നേര്‍ച്ചക്ക് പുറപ്പെട്ട തങ്ങന്മാരുടെ സംഘത്തെ അരീക്കോട്ടെ അന്നത്തെ മുഴുവന്‍ ചെറുപ്പക്കാരും ചേര്‍ന്നു തടയാന്‍ ശ്രമിച്ചു. അരീക്കോട്ട് വലിയ ജുമുഅത്ത് പള്ളിയുടെ മുമ്പിലൂടെ ചെണ്ട കൊട്ടി നേര്‍ച്ചക്കുള്ള വരവ് (ജാഥ) കടന്നുപോകാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അരീക്കോട്ടുകാര്‍ പ്രതിജ്ഞയെടുത്തിരുന്നു.

ആയുധസന്നാഹങ്ങളോടെ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഇരുകൂട്ടരെയും പിന്തിരിപ്പിക്കാന്‍ അന്നത്തെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്മാരും തുക്ക്ടി സായിപ്പും (ഇന്നത്തെ ആര്‍ഡിഒ) സ്ഥലത്തെത്തി. അരീക്കോട്ടുള്ള താഴത്തങ്ങാടി ജുമുഅത്തു പള്ളിയുടെ മുമ്പിലൂടെ ചെണ്ട കൊട്ടി എഴുന്നള്ളത്ത് നടത്തിക്കൊണ്ട് പുഴക്കരയിലുള്ള ഒരു ഖബറിടത്തില്‍ നേര്‍ച്ചക്ക് കൊടി കയറ്റുമെന്ന് കൊണ്ടോട്ടി തങ്ങന്മാരും അനുയായികളും പറഞ്ഞിരുന്നു. അതിനെ അരീക്കോട്ടുകാര്‍ എതിര്‍ത്തു.

എന്തു വന്നാലും ചെണ്ട മുട്ടി കൊടി കയറ്റുക തന്നെ ചെയ്യുമെന്ന് കൊണ്ടോട്ടി പക്ഷക്കാര്‍. എതിര്‍ക്കുമെന്ന് അരീക്കോട്ടുകാര്‍. അരീക്കോട്ടുകാര്‍ എന്തിനും തയ്യാറായി നിന്നു. അരീക്കോടിനടുത്തുള്ള പുത്തലത്തേക്കു നീങ്ങിയ കൊണ്ടോട്ടിപക്ഷക്കാരെ തിരിച്ചോടിക്കുക എന്ന തീരുമാനത്തോടെ സര്‍വ സന്നാഹങ്ങളുമായി ആളുകള്‍ നീങ്ങാന്‍ തുടങ്ങി.

ചെണ്ടമുട്ട്, കുഴല്‍വിളി, അറബനമുട്ട് തുടങ്ങിയ വാദ്യഘോഷങ്ങളോടെ പള്ളിക്കു മുന്നിലൂടെ നീങ്ങാന്‍ തുനിഞ്ഞ കൊണ്ടോട്ടിക്കാരുടെ ജാഥയെ മുണ്ടമ്പ്ര ഇങ്ങനെ വര്‍ണിക്കുന്നു:
ഇശല്‍: മുഹാജിറെണ്ട
കാത്തുനിന്നിടുന്നതിന്നു
ചാടി രണ്ടു പേരുമാ
കാട്ടില്‍വീട്ടില്‍ കുട്ടിയും
അബുവും ഹാജിയാരുമാ
എത്തടുത്തെ സര്‍ക്കിളോ
ടുരത്തപേക്ഷയാലുമാ
നാങ്കള്‍ വാര്‍ത്ത ബാര്‍ത്തിയം
നിറുത്തിടുന്നതിര്‍ത്തിയാം.(4)

പള്ളിയിലെ ഖാദിയായിരുന്ന കുഞ്ഞാലസ്സന്‍ മുസ്‌ലിയാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുഞ്ഞാലസ്സന്‍ മുസ്‌ലിയാര്‍ അരീക്കോട്ടെ അന്നത്തെ പ്രധാന മുദരിസും പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാരെ തുണക്കു കൂട്ടി തുക്ക്ടി സായിപ്പിനെ ചെന്നു കണ്ടു.(5)

അരീക്കോട് താഴത്തങ്ങാടി ജുമുഅത്ത് പള്ളി

''പള്ളിയുടെ മുമ്പിലൂടെ ചെണ്ട മുട്ടി പോകാന്‍ പാടില്ലെന്ന് നിങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ'' എന്നാണ് സായിപ്പ് അവരോട് ചോദിച്ചത്. മരക്കാരുട്ടി മുസ്‌ലിയാര്‍ മറുപടി പറഞ്ഞു: ''പള്ളി എന്നു പറഞ്ഞാല്‍ എല്ലാ സമയവും പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും ദിക്‌റ്-ദുആകളും നടക്കുന്ന സ്ഥലമാണ്. അതിനു തടസ്സം വരുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. അതിന് അവര്‍ സമ്മതിക്കുകയുമില്ല.'' ഇതിന് ഉപോദ്ബലകമായി സൂറതുല്‍ബഖറയിലെ 144-ാമത്തെ സൂക്തങ്ങളാണ് അവര്‍ ഉദ്ധരിച്ചത്.(6)

കൊണ്ടോട്ടിക്കാര്‍ പുത്തലത്തെത്തി. ജില്ലാ പൊലീസ് അധികാരികള്‍ കൊണ്ടോട്ടിയില്‍ നിന്നെത്തിയ ജാഥയെ തിരിച്ചയച്ചു. അങ്ങനെ കൊടികയറ്റം അരീക്കോട്ടുകാരുടെ വിജയേതിഹാസമായി. ഇരുവിഭാഗത്തെയും സംഘട്ടന സന്നാഹങ്ങള്‍, കൊണ്ടോട്ടിപക്ഷക്കാരുടെ യാത്ര, സ്ഥലവര്‍ണന, കാഴ്ചക്കാരുടെ സൂക്ഷ്മ സ്വഭാവവര്‍ണന, വ്യക്തിചിത്രങ്ങള്‍ എന്നിവ അതീവ ചാരുതയോടെ കൊടികേറ്റം എന്ന കാവ്യത്തില്‍ മുണ്ടമ്പ്ര ഉണ്ണിമമ്മദ് വര്‍ണിക്കുന്നുണ്ട്.

അക്കാലത്ത് കൊണ്ടോട്ടി ശൈഖിന് സ്വാധീനം ഉണ്ടായിരുന്ന സ്ഥലങ്ങളെ കുറിച്ച് ഉണ്ണിമമ്മദ് കാവ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കട്ടിപ്പാറ, വെള്ളേരി, വെള്ളാട്ടറ, മുള്ളിയാക്കുറിശി, തൃപ്പനച്ചി, വടശ്ശേരി, ചെങ്ങര, കിഴിശ്ശേരി, പാലക്കാട്, തൂവ്വക്കാട്, കടുങ്ങല്ലൂര്, മൊറയൂര്, ഓമാനൂര്, വിളയില്‍ പറപ്പൂര്, എളയൂര്, എളക്കൂറ്, പറമണ്ണാട്ട്, കുഴിമണ്ണ, ആമയൂര്, കാവനൂര്, ചെമ്മറക്കാട്ടൂര്‍, ഇരുവേറ്റി തുടങ്ങിയ സ്ഥലങ്ങള്‍ അവയില്‍ ചിലതാണ്.

മാപ്പിള കവി മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ കൊടികേറ്റം കാവ്യത്തിന്റെ കൈയ്യെഴുത്ത് പ്രതി

പൊന്നാനി-കൊണ്ടോട്ടി കൈത്തര്‍ക്കം അക്കാലത്തെ സമൂഹത്തില്‍ സൃഷ്ടിച്ച അകലം എത്രയാണെന്ന് പഠിക്കാന്‍ മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ കൊടികേറ്റം എന്ന കാവ്യം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും.

കൊണ്ടോട്ടിയിലെ പാട്ടുകൃതികള്‍

ശീഈ സ്വാധീനങ്ങളോ ഉള്ളടക്കങ്ങളോ അവരുടെ തന്നെ പുണ്യപുരുഷന്മാരുടെയോ ചരിത്രങ്ങളും കഥകളും പറയുന്ന ധാരാളം അറബിമലയാള കൃതികള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിനു മുമ്പുമായി അറബിമലയാള സാഹിത്യത്തില്‍ ധാരാളം അച്ചടിച്ച് ഇറങ്ങിയിട്ടുണ്ട്. അവയില്‍ ഏറക്കുറേ ഇറങ്ങിയത് കൊണ്ടോട്ടി ഫഖീറിനെ അംഗീകരിക്കുന്നവരുടെ ഭാഗത്തുനിന്നാണ്.

ചില കൃതികള്‍ ഇവിടെ പരിചയപ്പെടുത്താം: 1. വ്യസനമാല: ഇമാം അലിയും ആയിശയും മുആവിയയും നടത്തിയ ജമല്‍ യുദ്ധം, സ്വിഫ്ഫീന്‍ യുദ്ധം എന്നിവയെ സംബന്ധിച്ചുള്ള വിവരണം. മുസ്‌ലിയാരകത്ത് കുഞ്ഞുട്ടി മുസ്‌ലിയാര്‍ (സൈനുദ്ദീന്‍ മുസ്‌ലിയാര്‍). 2. റദ്ദു ശിആ എന്ന പാട്ട് (ഫാത്തിമയും അബൂബക്കര്‍ സിദ്ദീഖും തമ്മിലുള്ള പിണക്കത്തെ കുറിച്ച് പറയുന്ന പാട്ട്), മുസ്‌ലിയാരകത്ത് അഹമ്മദ് മുസ്‌ലിയാര്‍.

കൊണ്ടോട്ടി വിഭാഗക്കാര്‍ കൊട്ടിപ്പാട്ടുമായി പുത്തലത്തെത്തി. ജില്ലാ പൊലീസ് അധികാരികള്‍ കൊണ്ടോട്ടിയില്‍ നിന്നെത്തിയ ജാഥയെ തിരിച്ചയച്ചു. അങ്ങനെ കൊടികയറ്റം അരീക്കോട്ടുകാരുടെ വിജയേതിഹാസമായി.

ഇതു കൂടാതെ നടുത്തോപ്പില്‍ അബ്ദുല്ല എഴുതിയ പക്ഷിപ്പാട്ട്, കൈതക്കര സി എ ഹസ്സന്‍കുട്ടിയുടെ 'കുറത്തിപ്പാട്ട്', കെ ടി മുഹമ്മദ് തിരൂരങ്ങാടിയുടെ 'കുപ്പിപ്പാട്ട്' തുടങ്ങിയ രചനകളെല്ലാം ശീഈ പശ്ചാത്തലമുള്ള രചനകളാണ്. എന്നാല്‍ ഈ മൂന്നു രചനകള്‍ക്കും കൊണ്ടോട്ടിയുമായി വല്ല വേരുകളും ഉള്ളതായി അറിയില്ല. ഇക്കൂട്ടത്തില്‍ കൊണ്ടോട്ടിയില്‍ വിവിധ കാലങ്ങളില്‍ സ്ഥാനീയരായിരുന്ന ശൈഖുമാരെ കുറിച്ചു ധാരാളം പാട്ടുകളും മൗലിദുകളും ഇറങ്ങിയിട്ടുണ്ട്.

അബ്ദുല്‍ അസീസ് മഖ്ദൂം എഴുതിയ 'മുഹമ്മദ് ഷാ മൗലിദ്' (1308 റജബ് 8 ബുധന്‍/ 1891 ഫെബ്രുവരി 17), തക്കിയേക്കല്‍ ഖാദി മുസ്‌ലിയാരകത്ത് അഹമ്മദ് മുസ്‌ലിയാരുടെ മകന്‍ മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ രചിച്ച 'മറാഹീമുല്ലിസാനീ ഫീ മനാഖിബ് മുഹമ്മദ് ഷാ അസ്സാനി' എന്ന നേര്‍ച്ചപ്പാട്ട് (1329 റബീഉല്‍ അവ്വല്‍ മാസം 1911 മാര്‍ച്ച് 2ന്), മോയിന്‍കുട്ടി വൈദ്യരുടെ 'കറാമത്ത് മാല', കുണ്ടുകാവില്‍ മൂസക്കുട്ടി മൊല്ല എഴുതിയ 'സര്‍ഗുരു കശഫ് മാല' (മുഹമ്മദ് ഷാ കീര്‍ത്തനം), തോട്ടോളി മുഹമ്മദ് എഴുതിയ ശൈഖ് മുഹമ്മദ് ഷാ മദ്ഹ് ഗാനം തുടങ്ങിയവയെല്ലാം അവയില്‍ പെട്ടതാണ്.

മലബാറിലെ നേര്‍ച്ചകളെ കുറിച്ച് പഠനം നടത്തിയ പ്രസിദ്ധ ഗവേഷകന്‍ ഡോ. എം ഗംഗാധരന്റെ പ്രസ്താവന ഈ ലേഖന പരമ്പരയോടു ചേര്‍ത്തുവയ്ക്കുന്നത് ഉചിതമായിരിക്കും:

''പേര്‍ഷ്യന്‍ അംശങ്ങള്‍ കൊണ്ടോട്ടിയിലെത്തുന്ന ഏതു സന്ദര്‍ശകനും ഏറെ സ്പഷ്ടമാണ്. ഏറ്റവും പ്രത്യക്ഷമായ അടയാളം മുഹമ്മദ് ഷാ ഒന്നാമന്റെ ശവകുടീരം തന്നെ. ദര്‍ഗ എന്ന പേര്‍ഷ്യന്‍ പേരില്‍ കൊണ്ടോട്ടിയില്‍ അറിയപ്പെടുന്ന ഈ ശവകുടീരം വടക്കന്‍ കേരളത്തില്‍ കാണാവുന്ന ഏക ഉത്തരേന്ത്യന്‍ മുസ്‌ലിം വാസ്തുശില്‍പരൂപമാണ്. അബ്ദുറഹ്മാന്‍ തങ്ങളുടെ വീട് അദ്ദേഹത്തിന്റെ പിതാമഹനാണ് നിര്‍മിച്ചത്.

'ആഷിയാന' എന്ന പേര്‍ഷ്യന്‍ പേരാണ് ആ വീടിന്റേത്. ആ വീട്ടില്‍, പ്രത്യേകിച്ചും അതിന്റെ ജനാലകളില്‍ പല പേര്‍ഷ്യന്‍ അലങ്കാര ചിഹ്നങ്ങളുമുണ്ട്. കൊണ്ടോട്ടി തങ്ങന്മാരുടെ പഴയ തലമുറയ്ക്ക് പേര്‍ഷ്യന്‍ അറിയാമായിരുന്നു. അബ്ദുറഹ്മാന്‍ തങ്ങളുടെ കുടുംബത്തില്‍ ധാരാളം പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികളുണ്ട്.'' (7)

(അവസാനിച്ചു)