ഒട്ടോമാന്‍ സമുദ്രസേനാ നായകന്മാരില്‍ പ്രധാനികളായ നാവികരെ കുറിച്ചുള്ള ചരിത്ര പരമ്പര തുടങ്ങുന്നു.
ഒട്ടോമാന്‍ സമുദ്രസേനാ നായകന്മാരില്‍ ഏറെ പ്രധാനിയാണ് അറൂജ് ബര്‍ബറോസ. ബാബാ അറൂജ്, അറൂജ് റയീസ് തുടങ്ങിയ പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു. 1470-ല്‍ ജനിച്ച് 1518-ല്‍ വീരമൃത്യു വരിച്ച ഇദ്ദേഹം, വടക്കേ ആഫ്രിക്ക ഉള്‍പ്പെടെ മധ്യധരണ്യാഴിയില്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ സൈനിക വിജയങ്ങളില്‍ മഹത്തായ സംഭാവന നല്‍കിയ, ലോക നാവികചരിത്രത്തില്‍ തന്നെ പേര് കൊത്തിവെക്കപ്പെട്ട പടയാളിയാണ്.
യൂറോപ്യന്മാര്‍ അദ്ദേഹത്തെ 'ബാര്‍ബറോസ' ( ഇറ്റാലിയന്‍ ഭാഷയില്‍ ചുവന്ന താടിയുള്ളവന്‍) എന്നു വിളിച്ചു. ഈ പേര് അദ്ദേഹത്തിന്റെ താടി നിറത്തേക്കാള്‍, ലക്ഷക്കണക്കിന് അന്ദലൂസിയന്‍ മുസ്‌ലിംകളെ ഹത്യകളില്‍ നിന്ന് രക്ഷപ്പെടുത്തി വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൊണ്ടുപോയ മാനുഷിക ദൗത്യത്തോടും പശ്ചാത്യ മധ്യധരണ്യാഴിയിലെ അദ്ദേഹത്തിന്റെ അമിതപ്രശസ്തിയോടും ബന്ധപ്പെട്ടതാണ്. ആദ്യം ബാബാ അറൂജ് എന്നും പിന്നീട് ബാര്‍ബറോസ എന്നും അദ്ദേഹം വിളിക്കപ്പെട്ടു.
അറൂജ് സമുദ്രയോദ്ധാക്കളുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. നാലു സഹോദരന്മാരില്‍ രണ്ടാമനായിരുന്നു ആദ്ദേഹം. മൂത്തയാള്‍ ഇസ്ഹാഖ്, അറൂജിന് ശേഷം ഇല്‍യാസ്, പിന്നെ ചെറുപ്പക്കാരനായ ഖൈറുദ്ദീന്‍. എല്ലാവരും മധ്യധരണ്യാഴിയില്‍ വ്യാപാരവും കടല്‍പ്പോരുകളും നടത്തിയിട്ടുണ്ട്. റോഡ്‌സ് ദ്വീപിലെ സെന്റ് ജോണ്‍ (Knights of St. John) ശൂരന്മാരുടെ കള്ളക്കപ്പല്‍ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയവരാണ് ഇവര്‍.
വടക്കേ ആഫ്രിക്കയില്‍ ഒട്ടോമന്‍ സൈന്യത്തിന്റെ മുന്നണിയില്‍ നിന്ന് അദ്ദേഹം നേടിയ പ്രധാന വിജയങ്ങളില്‍ 'ബെജായ' (Bejaia) കോട്ടയും 'ജിജല്‍' (Jijel) തുറമുഖവും ഉള്‍പ്പെടുന്നു. അല്‍ജീരിയ (Algeria) ഭരണം ഏറ്റെടുത്ത് നിരവധി പട്ടണങ്ങള്‍ ഏകീകരിച്ച അദ്ദേഹം, 1518-ല്‍ സ്‌പെയിന്‍ സേനക്കെതിരെ ടെലിംസന്‍ (Tlemcen) നഗരത്തെ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു. തല വെട്ടിക്കളഞ്ഞ്, സ്പാനിഷുകാര്‍ മൃതദേഹം പല നഗരങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച് അവസാനം കൊര്‍ദോവയിലെ സെന്റ് ജെറോം (Saint Jerome) ദേവാലയത്തില്‍ അടക്കം ചെയ്തു.
പ്രിന്‍സ് കര്‍ക്കൂദ് (Prince Korkud) എന്ന ഒട്ടോമന്‍ രാജകുമാരന്റെ നിധിപാലകനായ ബിയാലെ ബേയ് (Biale Bey) അറൂജിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഒരു കപ്പല്‍ നഷ്ടപ്പെട്ട അറൂജിന്, പുതിയ കപ്പല്‍ ഒരുക്കാന്‍ വേണ്ടി അദ്ദേഹം പ്രിന്‍സിനോടു അഭ്യര്‍ഥിച്ചു. പ്രിന്‍സ് കര്‍ക്കൂദ് അഭ്യര്‍ഥന സ്വീകരിക്കുകയും ഇസ്മിര്‍ (Izmir) ഖാദിയോട് ആവശ്യമായ രൂപകല്പനയില്‍ കപ്പല്‍ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍, നന്ദി പറയാനായി പോകുന്ന വഴിയില്‍, കര്‍ക്കൂദിന്റെ സഹോദരനായ സലീം ഒന്നാമന്‍ (Selim I) സിംഹാസനമേറിയെന്ന വാര്‍ത്ത അറിഞ്ഞു. സഹോദരന്മാരുടെ വൈരത്താല്‍, മൂത്ത സഹോദരന്‍ ഇസ്ഹാഖ്, അറൂജിനെ സുരക്ഷിതമായി അലക്‌സാണ്ട്രിയയിലേക്ക് പോകാന്‍ ഉപദേശിച്ചു.
അലക്‌സാണ്ട്രിയയില്‍ നിന്ന്, കര്‍ക്കൂദ് ഒരുക്കിയ കപ്പലില്‍ സമുദ്രയാത്രക്ക് സലീം ഒന്നാമന്റെ അനുമതി നേടി. അദ്ദേഹം സൈപ്രസിന് (Cyprus) സമീപത്തുള്ള വെനീഷ്യന്‍ (Venetian) കപ്പലുകള്‍ പിടിച്ചെടുത്ത്, തുനീഷ്യയിലെ ജര്‍ബ (Djerba) ദ്വീപിലേക്ക് പോയി. പിന്നീട് അലക്‌സാണ്ട്രിയയിലേക്ക് തന്നെ മടങ്ങി. സമ്പാദിച്ച ഗണ്യമായ യുദ്ധവിജയങ്ങള്‍ സുല്‍ത്താന് സമ്മാനമായി അയച്ചു.
അറൂജ് സ്‌പെയിനുകാര്‍ക്ക് വരുത്തിവെച്ച നഷ്ടങ്ങള്‍ അവരെ പ്രകോപിപ്പിച്ചു. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്ന് ബീജായ വരെയുള്ള മേഖലയില്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് കടല്‍യുദ്ധം നടത്തി. ഒരു ആക്രമണത്തില്‍ ഇടതു കൈ നഷ്ടമായെങ്കിലും, അറൂജ് പിന്‍വാങ്ങിയില്ല. അദ്ദേഹം അന്ദലൂസിലേക്ക് തന്നെ പോയി.
ഗ്രനാഡയിലെ (Granada) ഇന്‍ക്വിസിഷന്‍ (Inquisition) പീഡനങ്ങളില്‍ നിന്നും മുസ്‌ലിംകളെയും യഹൂദരെയും രക്ഷിക്കാന്‍ ശ്രമിച്ചു. ''മൊറിസ്‌കോസ്'' (Moriscos) എന്നു വിളിപ്പെട്ട ഇവരെ ഒട്ടോമാന്‍ നാവികസേന അല്‍ജീരിയ, തുനീഷ്യ, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇത് ബര്‍ബറോസ സഹോദരന്മാരെ അന്ദലൂസിലെ ജനങ്ങളുടെ ഹൃദയത്തില്‍ നായകരാക്കി.
സ്‌പെയിന്‍ ഭരണത്തിലുള്ള ബെജായയിലെ മുസ്‌ലിംകള്‍ അറൂജിനെയും തന്റെ സഹോദരന്‍ ഖൈറിനെയും സഹായത്തിനായി വിളിച്ചു. ''നമ്മുടെ കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനോ നമസ്‌കാരം നിര്‍വഹിക്കാനോ കഴിയുന്നില്ല, ദയവായി ഞങ്ങളെ രക്ഷിക്കൂ'' എന്നായിരുന്നു അവരുടെ അപേക്ഷ. അറൂജ് ഉടന്‍ തന്നെ കപ്പല്‍പ്പടയുമായി പുറപ്പെട്ടു.
തുനീഷ്യയില്‍ നിന്നു ബിരി റെയ്‌സ് (Piri Reis) സേന ഒപ്പം കൂടി, പുറമെ സെലീം ഒന്നാമന്റെ സഹായവും ലഭിച്ചു. 10 വലിയ കപ്പലുകളും 150 പീരങ്കിയും 2000-ത്തിലധികം സൈനികരും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ പട, മൂന്നര മണിക്കൂറിനുള്ളില്‍ സ്‌പെയിന്‍ സേനയുടെ പകുതിയെ തോല്‍പ്പിച്ചു. എന്നാല്‍ കോട്ട തുറക്കാനായില്ല. തന്ത്രപ്രധാന ഇടമായ ജിജല്‍ പിടിച്ചെടുത്തു. അതോടെ സ്‌പെയിന്‍ സേനയ്ക്ക് പുറത്ത് വരേണ്ടി വന്നു. തുടര്‍ പോരാട്ടത്തില്‍ ബര്‍ബറോസ ഭൂരിഭാഗം സ്പാനിഷ് കപ്പലുകള്‍ പിടിച്ചെടുത്തു.
വീരസേനാനിയായും സമുദ്രത്തില്‍ അധ്വാനിച്ച മഹാ യോദ്ധാവായും, കാലത്തിന്റെ യുദ്ധനിയമങ്ങള്‍ പാലിച്ചവനായും ചരിത്രത്തിലെ നാഴികകല്ലായും ജീവിച്ച നാവികനാണ് അറുജ്.
1516-ല്‍ അല്‍ജീരിയന്‍ ജനങ്ങള്‍ സ്‌പെയിനുകാരില്‍ നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ അറൂജിനെ ക്ഷണിച്ചു. വിജയം കണ്ടാല്‍ അല്‍ജീരിയ ഒട്ടോമാന്‍ സാമ്രാജ്യത്തില്‍ ചേരണമെന്ന് നിബന്ധന വെച്ചു. സ്‌പെയിന്‍ സേനയെയും അവരുടെ കൂട്ടാളിയായ തുനീഷ്യന്‍ ഭരണാധികാരി സലിം അല്‍-തൂമിയെയും അദ്ദേഹം നിഷ്പ്രയാസം പരാജയപ്പെടുത്തി. ഇതോടെ, അറൂജ് പുതിയ ഭരണസംവിധാനം കൊണ്ടുവന്നു. രണ്ട് പ്രവിശ്യകളായി വിഭജിച്ച്, പടിഞ്ഞാറന്‍ പ്രവിശ്യ (അള്‍ജിയേഴ്‌സ്) നേരിട്ട് അദ്ദേഹവും, കിഴക്കന്‍ പ്രവിശ്യ (ഡെലിസ്) സഹോദരന്‍ ഖൈറുദ്ദീനും നിയന്ത്രിച്ചു.
ഫ്രഞ്ച് ചരിത്രകാരന്‍ ജോസഫ് ഫ്രാന്‍സ്വാ മിഷോ (Joseph Francois Michaud) Histoire de l'Afrique du Nord എന്ന കൃതിയില്‍ എഴുതുന്നു: ''അറൂജും ഖൈറുദ്ദീനും സാധാരണ മനുഷ്യരുടെ ധൈര്യത്തെക്കാള്‍ ഏറെ ധീരത കാണിച്ച അസാധാരണ രാഷ്ട്രീയബുദ്ധിയുള്ള വ്യക്തികളാണ്.'' ചരിത്രകാരന്‍ ഡി ഗ്രാമോണ്‍ (De Grammont) 'L'Algérie sous la domination turque എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ''അറൂജ് ഒരു 'കടല്‍ കള്ളന്‍' മാത്രമാണെന്ന അഭിപ്രായം തെറ്റാണ്. അദ്ദേഹം മുസ്‌ലിംകളുടെ വീരസേനാനിയായും സമുദ്രത്തില്‍ അധ്വാനിച്ച മഹാ യോദ്ധാവായും, കാലത്തിന്റെ യുദ്ധനിയമങ്ങള്‍ പാലിച്ചവനായും ചരിത്രത്തിലെ ഒരു നാഴികകല്ലായും ജീവിച്ചവനാണ്.''
1518-ല്‍ ടെലിംസന്‍ സ്‌പെയിനുകാര്‍ വളഞ്ഞപ്പോള്‍ അറൂജ് കീഴടങ്ങാതെ പോരാടി വീണു. അദ്ദേഹത്തിന്റെ ശൗര്യത്തെ ആദരിച്ചുകൊണ്ട് തുര്‍ക്കി നാവികസേന മൂന്ന് വലിയ സബ്മറൈനുകള്‍ക്ക് 'TCG Oruc Reis' എന്നാണ് പേര് നല്‍കിയത്. അനവധി കപ്പലുകളും അദ്ദേഹത്തിന്റെ പേരില്‍ ഇന്നും അറിയപ്പെടുന്നുണ്ട്.
