പ്രവാചകന്മാര്‍ മനുഷ്യര്‍ തന്നെ


ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

പ്രവാചകന്‍മാര്‍ മനുഷ്യരായാല്‍ പോരാ, ചുരുങ്ങിയത് മലക്കുകളെങ്കിലുമാകണം എന്നത് എല്ലാ കാലത്തെ ബഹുദൈവാരാധകരുടെയും വാദമായിരുന്നു. ബഹുദൈവാരാധനയോട് മമതയുള്ളവരില്‍ ഈ മനോഭാവം ഇന്നും കാണാം.

എല്ലാ പ്രവാചകന്‍മാരുടെ കാലത്തും അവിശ്വാസികള്‍ പ്രവാചകന്മാരെ വിശ്വസിക്കാതിരിക്കാന്‍ കാരണമായി പ്രധാനമായും ഉന്നയിച്ചിരുന്നത്, പ്രവാചകന്‍മാര്‍ അവരെപ്പോലുള്ള മനുഷ്യരായിരുന്നു എന്നതായിരുന്നു. അവരെപ്പോലെ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും അങ്ങാടിയില്‍ കൂടി നടക്കുകയും മറ്റും ചെയ്യുന്ന ഒരു മനുഷ്യനെ ദൈവദൂതനായി അംഗീകരിക്കാന്‍ അവര്‍ തയ്യാറില്ലായിരുന്നു.

'എന്താണ് ഈ റസൂലിന്? ഭക്ഷണം കഴിക്കുകയും അങ്ങാടികളില്‍ കൂടി നടക്കുകയും ചെയ്യുന്നു!' മക്കയിലെ ബഹുദൈവാരാധകരായ അവിശ്വാസികളും ആശ്ചര്യപ്പെട്ടു. പ്രവാചകന്‍മാര്‍ മനുഷ്യരായാല്‍ പോരാ, ചുരുങ്ങിയത് മലക്കുകളെങ്കിലുമാകണം എന്നത് എല്ലാ കാലത്തെ ബഹുദൈവാരാധകന്‍മാരുടെയും വാദമായിരുന്നു.

ബഹുദൈവാരാധനയോട് മമതയുള്ളവരില്‍ ഈ മനോഭാവം ഇന്നും കാണാം. അവര്‍ക്ക് പ്രവാചകന്‍ ഒരു മനുഷ്യനായിരുന്നുവെന്ന കാര്യം ദഹിക്കുന്നില്ല. ''പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു, നിങ്ങളുടെ ആരാധ്യന്‍ ഒരേ ആരാധ്യന്‍ മാത്രമാണെന്ന്'' എന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് അവര്‍ക്ക് പിടിച്ചിട്ടില്ല.

മുഹമ്മദ് നബി(സ)ക്ക് മനുഷ്യ ശരീരവും മലക്കിന്റെ ആത്മാവുമാണെന്ന് ചിലര്‍ പറയുന്നു. പ്രവാചകന്‍ ഒരു മനുഷ്യന്‍ മാത്രമായിരുന്നു എന്നതുകൊണ്ട് തൃപ്തിപ്പെടാത്ത വല്ല പണ്ഡിതനും അങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നിട്ടുണ്ടാവാം.

അല്ലാഹുവിന്റെ ദൂതന്‍മാരോട് അവിശ്വാസികള്‍ പറഞ്ഞിരുന്നതും അതിന് അവര്‍ പറഞ്ഞിരുന്ന മറുപടിയും ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നോക്കുക: ''അവരുടെ പ്രവാചകന്‍മാര്‍ പറഞ്ഞു: അല്ലാഹുവിനെപ്പറ്റി സംശയമോ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവിനെപ്പറ്റി! നിങ്ങളുടെ പാപങ്ങള്‍ പൊറുക്കാനും നിങ്ങളെ നിശ്ചിത അവധി വരെ താമസിപ്പിക്കാനും നിങ്ങളെ അവര്‍ വിളിക്കുന്നു.

അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യരല്ലാതെ ആരുമല്ല. ഞങ്ങളുടെ പിതാക്കള്‍ ചെയ്തിരുന്ന ആരാധനകളില്‍ നിന്ന് ഞങ്ങളെ പിഴപ്പിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ നിങ്ങള്‍ വ്യക്തമായ തെളിവുകള്‍ കൊണ്ടുവരിക. അവരോട് അവരുടെ പ്രവാചകന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ തന്നെ. എങ്കിലും അല്ലാഹു അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ ഗുണം ചെയ്യുന്നു'' (14: 9-10).

ബഹുദൈവാരാധകരായ അവിശ്വാസികള്‍ അവരെപ്പോലുള്ള മനുഷ്യരാണ് പ്രവാചകന്മാര്‍ എന്നു പറഞ്ഞപ്പോള്‍ അതിനെ നിഷേധിക്കുകയല്ല പ്രവാചകന്‍ ചെയ്തത്. അതിനെ അംഗീകരിക്കുകയാണ് ചെയ്തത്. അവരെപ്പോലത്തെ സാധാരണ മനുഷ്യരാണ് തങ്ങളും. പക്ഷേ, അല്ലാഹുവിങ്കല്‍ നിന്നു ബോധനം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന വ്യത്യാസം തങ്ങള്‍ക്കുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

ഇങ്ങനെയുള്ള മനുഷ്യരെ പ്രവാചകന്‍മാരായി അംഗീകരിക്കാന്‍ അവിശ്വാസികള്‍ കൂട്ടാക്കിയില്ല. പ്രവാചകന്മാരില്‍ 'ദൈവികത്വം' വേണ്ടതായിരുന്നു എന്നാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അവര്‍ക്ക് ആരാധന അര്‍പ്പിക്കാന്‍ ഒരു ദൈവവും കൂടിയായിരുന്നു. ബഹുദൈവാരാധനാ മനഃസ്ഥിതിയുള്ള ആളുകള്‍ മരിച്ചുപോയവരും ജീവിക്കുന്നവരുമായ മഹാ വ്യക്തികള്‍ക്ക് അസാധാരണത്വവും ദൈവികത്വവും ആരോപിച്ച് അവരെ ആരാധിക്കുന്നതുപോലെ, പ്രവാചകന്മാര്‍ക്കും ദൈവികത്വം ആരോപിച്ച് അവരെ ആരാധിക്കാന്‍ വട്ടം കൂട്ടുന്നു.

പ്രവാചകന്മാര്‍ മനുഷ്യര്‍ തന്നെയായിരുന്നു എന്നു പറയുന്നത് അവര്‍ക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കാം അല്ലാഹു 'ഞാന്‍ നിങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണ്' എന്നു പ്രഖ്യാപിക്കാന്‍ എല്ലാ പ്രവാചകരോടും ആജ്ഞാപിച്ചത്! പ്രവാചകന്മാരില്‍ ദൈവികത്വം ആരോപിച്ച് അവരെ ആരാധിക്കുന്നതിനെ തടയുക എന്നത് ഈ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യമാണ്.

നൂഹ് നബി(അ) മുതല്‍ എല്ലാ പ്രവാചകന്മാരുടെ എതിരാളികളും പ്രവാചകന്മാരെ എതിര്‍ത്തത് അവര്‍ സാധാരണ മനുഷ്യരാണെന്ന കാര്യം പറഞ്ഞതുകൊണ്ടായിരുന്നു. ആ പ്രവാചകന്മാരൊന്നും തങ്ങള്‍ സാധാരണ മനുഷ്യരല്ല എന്നു പറഞ്ഞ് അതിനെ നിഷേധിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ അതിനെ അംഗീകരിക്കുകയും, തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നു പ്രസ്താവിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നു കാണാം.

''തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകില്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ അവിശ്വാസികളായ പ്രധാനികള്‍ പറഞ്ഞു: ''ഇത് നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ മേല്‍ ഉന്നത സ്ഥാനം കിട്ടാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ തീര്‍ച്ചയായും ഒരു മലക്കിനെ (റസൂലായി) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ പിതാക്കളിലൊന്നും ഇങ്ങനെ ഒരു കാര്യം നാം കേട്ടിട്ടില്ല'' (23:22,23).

നൂഹ് നബി(അ)ക്കു ശേഷം വന്ന പ്രവാചകന്‍മാരോടും ജനങ്ങള്‍ പറഞ്ഞത് ഇങ്ങനെത്തന്നെയായിരുന്നു. ''പിന്നീട് അവര്‍ക്കു ശേഷം വേറെ തലമുറയെ നാം സൃഷ്ടിച്ചു. എന്നിട്ട് അവരില്‍ നിന്നുള്ള ദൂതരെ നാം അയച്ചു. (ദൂതന്‍ പറഞ്ഞു:) അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകില്ലേ?''

നിങ്ങളെപ്പോലുള്ള മനുഷ്യനല്ല, ഇതൊരു അസാധാരണ മനുഷ്യനാണ് എന്ന് പ്രവാചകന്‍മാരാരും പറഞ്ഞില്ല, അല്ലാഹുവും പറഞ്ഞില്ല. നിങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്തത്. മക്കയിലെ ബഹുദൈവാരാധകര്‍ പ്രവാചകനോട് പലതും ആവശ്യപ്പെട്ടു, മനുഷ്യര്‍ക്ക് സാധിക്കാത്ത 'അദ്ഭുതങ്ങള്‍' പലതും ഉണ്ടാക്കിക്കൊടുക്കാന്‍.

''അവര്‍ പറഞ്ഞു: നിന്നെ വിശ്വസിക്കുകയേയില്ല, ഭൂമിയില്‍ നിന്ന് ഒരു അരുവി നീ ഞങ്ങള്‍ക്ക് പൊട്ടിയൊലിപ്പിക്കുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് ഒരു ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും തോട്ടമുണ്ടാകട്ടെ. എന്നിട്ട് അവയ്ക്കിടയില്‍ കൂടി അരുവികളെ നീ ഒഴുക്കുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിക്കുന്നപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണങ്ങളായി വീഴ്ത്തുക.

അല്ലെങ്കില്‍ അല്ലാഹുവിനെയും മലക്കുകളെയും കൂട്ടമായി നീ കൊണ്ടുവരുക. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകട്ടെ. അല്ലെങ്കില്‍ നീ ആകാശത്തിലേക്ക് കയറിപ്പോവുക. നീ കയറിയത് ഞങ്ങള്‍ വിശ്വസിക്കില്ല, ഞങ്ങള്‍ക്ക് വായിക്കാന്‍ ഒരു ഗ്രന്ഥം ഞങ്ങളുടെ മേല്‍ നീ ഇറക്കുന്നതുവരെ. പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആണോ? (17: 90-93).

തെറ്റു ചെയ്യാനുള്ള മനുഷ്യസഹജമായ ഹീനതയെ നിയന്ത്രിച്ച് പാപരഹിതമായ ഒരു മാതൃകാജീവിതം പ്രവാചകന്‍മാര്‍ കാഴ്ചവെക്കുന്നു. അവര്‍ മനുഷ്യരോട് ഉപദേശിക്കുന്നത് നൂറു ശതമാനവും അവര്‍ നടപ്പാക്കുന്നു.

പൗരാണികരായ ബഹുദൈവാരാധകരെപ്പോലെ തന്നെ മക്കയിലെ ബഹുദൈവാരാധകരും ഒരു മനുഷ്യന്‍ ദൈവദൂതനായി വരുന്നതിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്നും അങ്ങനെത്തന്നെയാണ്.

ബഹുദൈവാരാധനാ സ്വഭാവമുള്ളവര്‍ക്ക് റസൂല്‍ ഒരു മനുഷ്യനായിരുന്നുവെന്ന കാര്യം ദഹിക്കുന്നില്ല. റസൂല്‍ ഒരു മനുഷ്യനായിരുന്നു എന്നു പറഞ്ഞാല്‍, അത് മതഭ്രഷ്ട് സംഭവിക്കുന്ന ഒരു കാര്യമാണ് അവര്‍ക്ക്. അവരുടെ 'ബഹുദൈവാരാധനാ മത'ത്തില്‍ നിന്ന് ഭ്രഷ്ടാകുമായിരിക്കും.

പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നുവെച്ചാല്‍ അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ മനുഷ്യരായിരുന്നുവെന്ന് വിശ്വസിക്കണം. അവര്‍ മലക്കുകളോ അര്‍ധ മലക്കുകളോ ആയിരുന്നുവെന്നു വിശ്വസിച്ചാല്‍ അത് ഇസ്‌ലാമിക വിശ്വാസമാവുകയില്ല. പ്രവാചകന്‍ ഒരു മനുഷ്യനാണെങ്കില്‍, ഇവരും ബഹുദൈവാരാധകരെപ്പോലെ പ്രവാചകനെ അംഗീകരിക്കില്ല എന്നാണ് തോന്നുന്നത്.

മനുഷ്യര്‍ക്ക് മാതൃകയാകേണ്ട പ്രവാചകന്‍മാര്‍ മനുഷ്യര്‍ തന്നെയായിരിക്കണം എന്നാണ് അല്ലാഹു വെച്ചിട്ടുള്ളത്. സാധാരണ മനുഷ്യര്‍ക്ക് മാതൃകയാകേണ്ട പ്രവാചകന്‍ സാധാരണ മനുഷ്യന്‍ തന്നെയായിരിക്കണം. വിശപ്പും ദാഹവുമില്ലാത്ത, മനുഷ്യ വികാരമില്ലാത്ത, ലൈംഗിക ആവശ്യങ്ങളില്ലാത്ത, ഭക്ഷണപാനീയം കഴിക്കാത്ത ഒരു അസാധാരണ മനുഷ്യനെ പ്രവാചകനാക്കിയാല്‍ ആ പ്രവാചകന് മനുഷ്യര്‍ക്ക് മാതൃകയാകാന്‍ പറ്റുമോ?

സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്‍മാര്‍. അവര്‍ക്ക് സാധാരണ മനുഷ്യരെപ്പോലുള്ള കേള്‍വിയും കാഴ്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ കപടവിശ്വാസിയാണോ അല്ലേ എന്നു തിരിച്ചറിയാനുള്ള ഒരവയവവും നബിക്ക് ഉണ്ടായിരുന്നില്ല. അതിന് അല്ലാഹുവിന്റെ വഹ്‌യ് വേണ്ടിയിരുന്നു.

അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് മുഖേന അദൃശ്യകാര്യങ്ങളെപ്പറ്റി അല്ലാഹു ഉദ്ദേശിക്കുന്ന അറിവ് അവര്‍ക്ക് കിട്ടിയിരുന്നു. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ കിട്ടുന്ന ഒന്നല്ല വഹ്‌യ്. അതിന്‍മേല്‍ അവര്‍ക്ക് സ്വയം ഒരു നിയന്ത്രണവുമില്ല. മക്കയിലെ മുശ്രിക്കുകള്‍ ആവശ്യപ്പെട്ട കാര്യങ്ങളൊന്നും ചെയ്യാന്‍ മനുഷ്യന്‍ മാത്രമായിരുന്ന റസൂലിനു സാധ്യമല്ല എന്നു പ്രഖ്യാപിക്കാനാണ് അല്ലാഹു പറഞ്ഞത്. ഒരു അമാനുഷിക ദൃഷ്ടാന്തവും പ്രദര്‍ശിപ്പിക്കാനുള്ള കഴിവ് ഒരു പ്രവാചകനും സ്വന്തമായി അധീനപ്പെടുത്തുന്നില്ല.

തെറ്റു ചെയ്യാനുള്ള മനുഷ്യസഹജമായ ഹീനതയെ നിയന്ത്രിച്ച് പാപരഹിതമായ ഒരു മാതൃകാജീവിതം പ്രവാചകന്‍മാര്‍ കാഴ്ചവെക്കുന്നു. അവര്‍ മനുഷ്യരോട് ഉപദേശിക്കുന്നത് നൂറു ശതമാനവും അവര്‍ നടപ്പാക്കുന്നു.

അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവ ഉണ്ടാകുന്നു. അദൃശ്യ കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും ഒരു ദൃഷ്ടാന്തവും കാണിക്കാനുള്ള കഴിവും തങ്ങള്‍ക്കില്ലെന്നും എല്ലാ പ്രവാചകന്മാരും പ്രഖ്യാപിച്ച കാര്യമാണ്.

എന്നാല്‍ മനുഷ്യര്‍ക്ക് മാതൃകയാകേണ്ട പ്രവാചകന്മാരില്‍ നിന്നു തെറ്റുകളും കുറ്റങ്ങളും ഉണ്ടാകില്ല. മലക്കുകളെപ്പോലെ തെറ്റു ചെയ്യാന്‍ കഴിവില്ലാത്ത നിലയില്‍ സൃഷ്ടിക്കപ്പെട്ടവരല്ല പ്രവാചകന്‍മാര്‍.

തെറ്റു ചെയ്യാനുള്ള മനുഷ്യസഹജമായ ഹീനതയെ നിയന്ത്രിച്ച് പാപരഹിതമായ ഒരു മാതൃകാജീവിതം അവര്‍ കാഴ്ചവെക്കുന്നു. അവര്‍ മനുഷ്യരോട് ഉപദേശിക്കുന്നത് നൂറു ശതമാനവും അവര്‍ നടപ്പാക്കുന്നു. സാധാരണ മനുഷ്യപ്രകൃതിക്ക് അനുയോജ്യമായ വികാരങ്ങളും വിചാരങ്ങളുമെല്ലാമുള്ള മനുഷ്യരായ പ്രവാചകന്‍മാര്‍ അവരുടെ വിചാരവികാരങ്ങളെ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയും ഭയഭക്തിയും പരലോക ചിന്തയും മൂലം നിയന്ത്രിച്ച് പാപരഹിതമായ മാതൃകാജീവിതം നയിക്കുന്നു. ഇതാണ് അവരെ മലക്കുകളേക്കാള്‍ ഉന്നതരാക്കുന്നത്.

മലക്കുകളെപ്പറ്റി അല്ലാഹു പറയുന്നത് ''അല്ലാഹു അവരോട് കല്‍പിച്ചത് അവര്‍ ലംഘിക്കുകയില്ല. അവരോട് കല്‍പിക്കപ്പെട്ടത് അവര്‍ പ്രവര്‍ത്തിക്കുന്നു'' എന്നാണ്. അത് അവരുടെ പ്രകൃതിയാണ്. എന്നാല്‍ മനുഷ്യര്‍ കല്‍പിക്കപ്പെട്ടത് ലംഘിക്കാനും അനുസരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ലംഘിക്കാനുള്ള പ്രേരണകള്‍ പല ഭാഗത്തു നിന്നും ഉണ്ടായിട്ടും അവയെയെല്ലാം പരാജയപ്പെടുത്തി, പാപരഹിതമായ മാതൃകാജീവിതം നയിക്കാന്‍ മനുഷ്യരായ പ്രവാചകന്‍മാര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു സാധിക്കുന്നു. അവരില്‍ നിസ്സാരമായ വല്ല പാളിച്ചയുമുണ്ടായാല്‍ അല്ലാഹു വഹ്യ് മുഖേന അവരെ ബോധവാന്മാരാക്കുകയും ശാസിക്കുകയും ചെയ്തുകൊണ്ട് നേര്‍മാര്‍ഗത്തില്‍ നിന്ന് അണു അളവോളം പിഴക്കാതെ ഉറപ്പിച്ചുനിര്‍ത്തുന്നു.

(1988 ഫെബ്രുവരി 12)