മതങ്ങളുടെ സാരാംശം വര്‍ഗീയ വൈരത്തിന് മറുമരുന്ന്


  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

മനുഷ്യര്‍ക്കിടയില്‍ മൈത്രിയുണ്ടാക്കാന്‍ വന്ന പ്രവാചകന്മാരില്‍ ഒരാളും തന്റെ നാട്ടുകാരെ ശത്രുക്കളായി കണ്ടിട്ടില്ല.

ഭൂമിയുടെയും മനുഷ്യന്റെയും ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ഏകീകരണശക്തി തെളിയിച്ച ഘടകമായിരുന്നു മതം. ദൗര്‍ഭാഗ്യകരമെന്നു പറയാം, മനുഷ്യരെ തമ്മിലടിപ്പിക്കുകയും രക്തം ചിന്തുകയും പരസ്പരം കൊന്നൊടുക്കാന്‍ ആഹ്വാനം മുഴക്കുകയും ചെയ്യുന്നത് മതമാണ് എന്നാണ് ഇന്ന് പരക്കെയുള്ള ധാരണ. ഏതൊരു കാര്യത്തോടും രണ്ടുതരം സമീപനങ്ങളുണ്ടാവും. വസ്തുനിഷ്ഠമായ സമീപനവും നിഷേധാത്മക സമീപനവും. ആദ്യം പറഞ്ഞ യാഥാര്‍ഥ്യവും ശേഷം പറഞ്ഞ ധാരണയും ഈ രണ്ടുതരം സമീപനങ്ങളുടെ സൃഷ്ടിയാണ്.

മനുഷ്യരെ തമ്മില്‍ കൂട്ടിയിണക്കുന്നതിനുള്ള അടിസ്ഥാനപരമായ തത്വങ്ങള്‍ മാനവതയുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ളത് മതങ്ങളും മതപ്രവാചകന്മാരും മാത്രമാണ്. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന്റെയും സംവിധാനത്തിന്റെയും പരിപാലനത്തിന്റെയും പിന്നില്‍ അദൃശ്യവും അപരിമേയവുമായ ഒരു ശക്തിയാണുള്ളത്.

ആ ശക്തിയുടെ പരിപൂര്‍ണമായ അറിവിന്റെയും കഴിവിന്റെയും ദൃഷ്ടാന്തങ്ങളാണ് ഈ പ്രപഞ്ചത്തില്‍ നാം ദര്‍ശിക്കുന്ന അനുപമമായ താളപ്പൊരുത്തം. മനുഷ്യന്‍ അടക്കമുള്ള സര്‍വ ജീവജാലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ ഉറവിടവും ഈ മഹാ ശക്തിയാണ്. പേര് എന്തായിരിക്കട്ടെ, ഈ ശക്തിയെ അംഗീകരിക്കാത്ത മതങ്ങളുണ്ടാവില്ല. മുഴുവന്‍ മനുഷ്യരെയും ദേശങ്ങളെയും വര്‍ഗങ്ങളെയും സൃഷ്ടിച്ച ഈ മഹാ ശക്തിയെക്കുറിച്ചു തന്നെയാണ് സകല മതങ്ങളും സംസാരിക്കുന്നത്.

സത്യം ഇതാണെന്നിരിക്കെ, ഈ ആശയം പൂര്‍ണ തെളിമയോടെ മനസ്സില്‍ സൂക്ഷിക്കുന്ന യാതൊരാള്‍ക്കും തന്റെ സഹജീവിയെ വെറുക്കാനാവില്ല. നീതിയും കാരുണ്യവും അവന് തടയാനാവില്ല. വിശ്വത്തോളം വിശാലമായ ഈ കാരുണ്യപ്രവാഹത്തില്‍ എത്രത്തോളം കണ്ണി ചേരാം എന്നതിനെക്കുറിച്ച് മാത്രമാവും അവന്റെ ചിന്ത. സര്‍വ മനുഷ്യരെയും ഒരു തത്വത്തിനു കീഴില്‍ അണിനിരത്തുന്ന ഇതുപോലുള്ള മറ്റൊരു ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.

'സര്‍വ രാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍' എന്ന് ഉദ്‌ഘോഷിച്ചവര്‍ തൊഴിലാളികളെ സമഭാവനയോടെ കണ്ടിരിക്കാം. പക്ഷേ, അതിനപ്പുറത്തുള്ള മുതലാളിമാരെയും ഭൂപ്രഭുക്കന്മാരെയും മറ്റും സമഭാവനയുടെ പുറമ്പോക്കിലാണ് അവര്‍ കണ്ടത്. ഇത്തരം പ്രാന്തവത്കരണത്തില്‍ എവിടെയാണ് സമ്പൂര്‍ണ സമഭാവന?

എന്നാല്‍ ''മനുഷ്യരേ, നിങ്ങളെയും നിങ്ങള്‍ക്കു മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍'' (ഖുര്‍ആന്‍) എന്ന അഭിസംബോധനയില്‍ നമുക്ക് സമ്പൂര്‍ണ സമഭാവന ദര്‍ശിക്കാനാകുന്നു. ഇങ്ങനെ, ഒരേ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ജനിച്ച, ഒരു രക്ഷിതാവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ മാത്രം അനുഭവിക്കുന്ന, മനുഷ്യരെ മുഴുവന്‍ കൂട്ടിയിണക്കുന്ന അതുല്യമായ ആശയമാണ് മതം വിഭാവനം ചെയ്യുന്നത്.

അനിഷേധ്യമായ വസ്തുത ഇതാണെന്നിരിക്കെ, മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ക്കു പോലും വിശ്വമാനവികത എന്ന മഹത്തായ ആശയം പുലര്‍ത്താനാവാത്തത് എന്തുകൊണ്ടാണ്? ഇവിടെ മതമല്ല സത്യത്തില്‍ പ്രതിക്കൂട്ടില്‍. മറിച്ച്, മതത്തെ സങ്കുചിതവത്കരിച്ചവരും അതിനെ ചുരുട്ടിക്കെട്ടിയവരുമാണ്. മതത്തെ സംഘടനയായും സ്ഥാപനമായും സമുദായമായും പരിചയപ്പെടുത്തുന്നവരാണ്.

ഒരു പ്രത്യേക സമുദായത്തിലുള്ളവര്‍ മാത്രമാണ് മോക്ഷത്തിന് അര്‍ഹരെന്നും മറ്റുള്ളവരൊക്കെ അവഗണിക്കപ്പെടേണ്ടവരാണെന്നുമുള്ളതാണല്ലോ സാമുദായികതാവാദം. ഇത്തരം സാമുദായിക സങ്കുചിതത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതും ദൈവിക മതത്തിനു വിരുദ്ധമാണന്നാണ് പ്രവാചകന്മാര്‍ അഖിലം പഠിപ്പിച്ചിട്ടുള്ളത്.

ഭിന്നിച്ചുപോയ മനുഷ്യരെ കൂട്ടിയിണക്കുന്നതിനു വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്തയും (നിഷേധികള്‍ക്ക്) താക്കീതും നല്‍കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു'' (2:213).

മനുഷ്യരെ ഭിന്നിപ്പിക്കുന്ന ദുശ്ശക്തി പിശാചാണ് എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചുതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനാണ്'' (5:91). മനുഷ്യര്‍ക്കിടയില്‍ മൈത്രിയുണ്ടാക്കാന്‍ വന്ന പ്രവാചകന്മാരില്‍ ഒരാളും തന്റെ നാട്ടുകാരെ ശത്രുക്കളായി കണ്ടിട്ടില്ല.

തന്നെ അവഹേളിച്ചതിന്റെയും പീഡിപ്പിച്ചതിന്റെയും പേരില്‍ ഒരു നബിയും തന്റെ സമൂഹത്തോട് പ്രതികാരം ചെയ്തിട്ടുമില്ല. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരില്‍ മുഹമ്മദ് നബി(സ) ഒരാള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് അനസ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ജീവിതവിജയത്തിന് അനിവാര്യമായി വേണ്ടതെന്താണെന്ന ഒരു സ്വഹാബിയുടെ സംശയത്തിന് നബി നല്‍കിയ ഉത്തരം 'നീ ഒരിക്കലും കോപിക്കരുത്' എന്നായിരുന്നു.

ഏത് പ്രകോപനത്തിനു മുമ്പിലും ഉലയാതെ ഈ സ്വഭാവം സ്വീകരിച്ചാല്‍ ജീവിതവിജയം നേടാമെന്ന് നബിചരിത്രം നമ്മെ പഠിപ്പിക്കുന്നു. സദ്ഗുണങ്ങളുടെ പൂര്‍ത്തീകരണമാണ് പ്രവാചക നിയോഗത്തിന്റെ മറ്റൊരു ലക്ഷ്യമെന്നും നബി പഠിപ്പിക്കുന്നു. ഈ സദ്ഗുണങ്ങളെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

''അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കാനും നന്മ ചെയ്യാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയും ദുരാചാരവും അതിക്രമവുമാണ്'' (16:90).

എതിര്‍ഭാഗത്തു നിന്നുണ്ടാകുന്ന കടുത്ത അനീതിയോടു പോലും സൗമനസ്യത്തോടെ പ്രതികരിക്കുന്നതാണ് പ്രവാചക ചര്യ. പ്രിയ പത്‌നി ആയിശ(റ)ക്കു നേരെയുണ്ടായ അപവാദ പ്രചാരണം ഇതിനുള്ള വ്യക്തമായ തെളിവാണ്. സംഭവത്തില്‍ പ്രകോപിതനായ അബൂബക്കര്‍(റ), ആരോപകരില്‍ ഒരാള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സഹായം നിര്‍ത്തിവെച്ചപ്പോള്‍ അതിനെ ഖുര്‍ആന്‍ വിലക്കുകയാണുണ്ടായത്.

നീതിയുടെ കാര്യത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ച നിലപാട് ശക്തമാണ്. ഖുര്‍ആന്റെ ആഹ്വാനം ഇതാ: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക, അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്'' (5:8).

ഈ തത്വങ്ങളില്‍ നിന്ന് അകലുമ്പോഴാണ് യഥാര്‍ഥ ദൈവിക പാതയില്‍ നിന്നും പ്രവാചകന്മാരുടെ മാര്‍ഗത്തില്‍ നിന്നും നാം വ്യതിചലിക്കുന്നത്. മതത്തിന്റെ പേരില്‍ വീറോടെ വാദിക്കുന്നവര്‍ ആത്യന്തികവും തീവ്രവാദപരവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഈ വ്യതിചലനം കൊണ്ടാണ്.

പല രാഷ്ട്രങ്ങളും വിവിധ കാരണങ്ങളാല്‍ ഇസ്‌ലാമിന്റെ പേരില്‍ തീവ്രതയും ഭീകരതയും ആരോപിക്കുന്നുണ്ട്. ഇതിന് നാഗരികവും ചരിത്രപരവുമായ കാരണങ്ങളുണ്ടാവാം. എന്നാല്‍ നിഷേധാത്മകമായ ഈ ചിന്തയെ മാറ്റിനിര്‍ത്തി ഇതിന്റെ മറുവശമായ വസ്തുനിഷ്ഠ ചിന്തയെ നമുക്ക് പരിഗണിച്ചുകൂടേ? അമുസ്‌ലിംകള്‍ ഭരിക്കുന്ന നൂറുകണക്കിന് രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക പ്രബോധനവും ആരാധനയും നടത്താനും ഇസ്‌ലാമിക ജീവിതം നയിക്കാനും ഇസ്‌ലാമിക പത്രപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ.

ഇസ്രായേലിനെ മധ്യപൗരസ്ത്യദേശത്ത് കുടിയിരുത്തുക, ഇസ്‌ലാമിക രാഷ്ട്രങ്ങളെ അസ്ഥിരമാക്കാന്‍ തുനിയുക തുടങ്ങിയ മാപ്പര്‍ഹിക്കാത്ത അപരാധങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ട്. എന്നാല്‍, സമ്പന്നവും വിസ്തൃതവുമായ ഈ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് മതപ്രബോധന സ്വാതന്ത്ര്യമുണ്ട് എന്ന് നാം ഓര്‍ക്കണം. ഈ സ്വാതന്ത്ര്യം ചൂഷണം ചെയ്ത് അമേരിക്കക്കാരോട് ആരോഗ്യകരമായി സംവദിക്കാന്‍ നമുക്ക് കഴിയും.

മതങ്ങളെ പരിചയപ്പെടുത്തുന്ന 'സത്യമേവ ജയതേ' സൈറ്റ് പക്ഷേ, ഇസ്‌ലാമിനെക്കുറിച്ച് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്, ദുരുപദിഷ്ടമായ ആരോപണങ്ങളാണ്.

കിരാതമായ സാമ്രാജ്യത്വ ശക്തിയാണ് അമേരിക്ക എങ്കിലും അവിടത്തെ ജനതയില്‍ ഒരു വിഭാഗം കാര്യങ്ങളെ ഉദാരമായി വീക്ഷിക്കുന്നവരാണ്. അമേരിക്കയുടെ തിന്മകളെ തുറന്നുകാട്ടുന്ന നിരവധി കൃതികള്‍ അവിടെ പുറത്തിറങ്ങുന്നുണ്ട്. നവനാഗരികതയുടെ പുഴുക്കുത്തുകളെ നിശിതമായി വിമര്‍ശിക്കുന്ന ഫ്രിജോഫ് കാപ്രയുടെ 'ദി ടേണിങ് പോയിന്റ്' എന്ന കൃതി ഉദാഹരണം.

പ്രപഞ്ചത്തോടും ജീവജാലങ്ങളോടും മാനുഷിക മൂല്യങ്ങളോടുമെല്ലാം താളൈക്യമുള്ള ഒരു നാഗരികതയെക്കുറിച്ചുള്ള മൗലിക ചിന്ത അവിടെ ആരംഭിച്ചുകഴിഞ്ഞു. വസ്തുനിഷ്ഠ ചിന്തയുള്ള ഇസ്‌ലാമിക പ്രബോധകര്‍ക്ക് അമേരിക്കയുടെ ഈ ഗുണവശത്തെ എന്തുകൊണ്ട് മുഖവിലയ്‌ക്കെടുത്തുകൂടാ?

സംഘപരിവാരത്തിന്റെ ഉപജാപങ്ങള്‍, ബാബരി മസ്ജിദ് ധ്വംസനം, ക്ഷേത്രനിര്‍മാണ ശ്രമം, വര്‍ഗീയ കലാപങ്ങള്‍ എന്നിങ്ങനെ നിരവധി തിന്മകള്‍ ഇന്ത്യക്കെതിരെ ചൂണ്ടിക്കാണിക്കാം. മനസ്സുകളെ അസ്വസ്ഥകലുഷമാക്കുന്ന ഇത്തരം സത്യങ്ങള്‍ക്കും ഒരു മറുവശമില്ലേ?

ആയിരക്കണക്കിന് പള്ളികളും മദ്‌റസകളും സംഘടനകളും സ്ഥാപനങ്ങളും ഈ നാട്ടില്‍ സര്‍വതന്ത്ര സ്വതന്ത്രമായി നിലനില്‍ക്കുന്നു. തൗഹീദും ഇതര ഇസ്‌ലാമിക കാര്യങ്ങളും പ്രബോധനം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. അപ്രിയ സത്യങ്ങളുടെ ഇത്തരം മറുവശങ്ങളെ നമുക്ക് മറക്കാനാവുമോ?

ഇന്ത്യയിലെ പ്രബുദ്ധരടക്കമുള്ള ഹൈന്ദവ ഭൂരിപക്ഷം ഇപ്പോഴും പൂര്‍ണമായി വര്‍ഗീയവത്കരിക്കപ്പെട്ടിട്ടില്ല എന്നത് ആശാവഹമാണ്. ഫാസിസ്റ്റ് ശക്തികളുടെ ഹീനമായ വര്‍ഗീയവത്കരണ ശ്രമങ്ങള്‍ക്ക് അയോധ്യയില്‍ പോലും ദയനീയ തിരിച്ചടിയാണ് നേരിട്ടത്. സാന്ത്വനിപ്പിക്കുന്ന ഇത്തരം നന്മകള്‍ കൂടി നാം വിലയിരുത്തണം.

തീവ്രവാദ പാതയില്‍ നിന്ന് സൗഹൃദത്തിന്റെയും മിതത്വത്തിന്റെയും പാതയിലേക്ക് അത് നമ്മെ വഴി നടത്തണം. 'സമാധാനം' എന്നര്‍ഥമുള്ള ഒരു മതത്തിന്റെ അനുയായികള്‍ അതിക്രമത്തിന്റെ പാത സ്വീകരിച്ചാല്‍ അത് അല്ലാഹുവിനോട് കാണിക്കുന്ന അനീതിയായിരിക്കും. മാത്രവുമല്ല ഇസ്‌ലാമിനെ ഭീകര മതമായി ചിത്രീകരിക്കാനുള്ള അവസരം അതിന്റെ ശത്രുക്കള്‍ക്ക് നല്‍കലുമായിരിക്കും.

'ഈമാന്‍' എന്ന അറബിപദത്തിന് 'ദൈവത്തില്‍ വിശ്വസിക്കല്‍' എന്നും 'നിര്‍ഭയത്വം നല്‍കല്‍' എന്നും അര്‍ഥമുണ്ട്. അപ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ സ്വന്തം ജീവിതത്തില്‍ നിര്‍ഭയത്വമുള്ളവനും സമൂഹത്തിന് നിര്‍ഭയത്വം പ്രദാനം ചെയ്യുന്നവനുമാകണം. 'ഇസ്‌ലാം' എന്ന പദത്തിന് 'ദൈവത്തിന് ജീവിതം സമര്‍പ്പിക്കല്‍' എന്നും 'സമാധാനം ഉളവാക്കല്‍' എന്നും അര്‍ഥമുണ്ട്. എങ്കില്‍ ദൈവത്തിന് ജീവിതം സമര്‍പ്പിച്ചവന്‍ സ്വന്തത്തിലും സമൂഹത്തിലും സമാധാനമുണ്ടാക്കുന്നവനാകണം.

ഇസ്‌ലാമിനു പുറത്തുള്ളവരെല്ലാം സത്യസന്ധരും നീതിയുക്തരുമാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഇസ്‌ലാമിനെ ഒളിഞ്ഞും തെളിഞ്ഞും കരിവാരിത്തേക്കാന്‍ ചിലര്‍ സജീവമായി രംഗത്തുണ്ട്. 'സത്യമേവ ജയതേ' എന്ന പേരിലൊരു വെബ്‌സൈറ്റുണ്ട് ഇന്റര്‍നെറ്റില്‍. മതങ്ങളെ പരിചയപ്പെടുത്തുന്ന ഈ സൈറ്റ് പക്ഷേ, ഇസ്‌ലാമിനെക്കുറിച്ച് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്, ദുരുപദിഷ്ടമായ ആരോപണങ്ങളാണ്.

(2002 ഏപ്രില്‍ 05)