- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
മനുഷ്യര്‍ തമ്മിലുള്ള പകയും ശത്രുതയും അജ്ഞതയും അസൂയയും കാരണം മനുഷ്യരാണ് വ്യത്യസ്ത മതങ്ങളെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
സ്രഷ്ടാവിന്റെ മതം ഏതു കാലത്തും ഒന്നുതന്നെയായിരുന്നു. അതിന്റെ പേരാണ് ഇസ്‌ലാം. അനുഷ്ഠാന കര്‍മങ്ങളില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കും മനുഷ്യന്റെ പ്രകൃതിക്കും അനുസരിച്ച് വ്യത്യാസങ്ങള്‍ കാണാമെങ്കിലും സര്‍വ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഇസ്‌ലാം മതമായിരുന്നു. 'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു' (3:19).
'(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏക സമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍' (21:92). 'നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം- അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു' (42:13), (അന്‍ബിയാഅ് 92,93, മുഅ്മിനൂന്‍ 52,53, റൂം 33, ശൂറാ 14, ജാസിയ 17, ആലുഇംറാന്‍ 85, അല്‍ബഖറ 213).
മനുഷ്യര്‍ തമ്മിലുള്ള പകയും ശത്രുതയും അവന്റെ അജ്ഞതയും അസൂയയും കാരണം മനുഷ്യരാണ് വ്യത്യസ്ത മതങ്ങളെ സൃഷ്ടിച്ചതെന്നും മുകളില്‍ സൂചിപ്പിച്ച സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണാം. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ മതത്തില്‍ നിന്നു വ്യതിചലിച്ചു പോകുമ്പോള്‍ അവരെ അവന്റെ മതത്തിലേക്ക് ക്ഷണിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്.
സ്ത്രീപുരുഷ വ്യത്യാസം പോലും ഇവിടെയില്ല: 'യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക' (16:125). '(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ഞാനും എന്നെ പിന്‍പറ്റിയവരും ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു' (12:108).
മതപ്രബോധനം എന്നതുകൊണ്ട് അടിസ്ഥാനപരമായി വിവക്ഷിക്കുന്നത് മനുഷ്യരെ നന്മയിലേക്കും സത്യത്തിലേക്കും ക്ഷണിക്കുക, അവരെ തിന്മയില്‍ നിന്നും നിഷിദ്ധങ്ങളില്‍ നിന്നും തടയുക എന്നതാണ്. മനുഷ്യര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും ഉണ്ടാക്കുക എന്നതല്ല; നിരീശ്വരവാദികള്‍ ജല്‍പിക്കുന്നതുപോലെ. ഇതു സര്‍വ മുസ്‌ലിംകളുടെയും ബാധ്യതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
'സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു' (9:71).
'അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു' (3:114). (തൗബ 67, 112 വചനങ്ങളും കാണുക).
നിര്‍ബന്ധം പാടില്ല
മനുഷ്യര്‍ക്ക് അവനെ സൃഷ്ടിച്ച രക്ഷിതാവ് തന്നെ നന്മയും തിന്മയും വ്യക്തമാക്കിക്കൊടുത്തു. അത് വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള ബുദ്ധിശക്തിയും വിവേചനശക്തിയും നല്‍കി. പരിപൂര്‍ണ സ്വാതന്ത്ര്യവും നല്‍കി. നന്മയോ തിന്മയോ ചെയ്യാന്‍ നിര്‍ബന്ധിതനായ നിലയില്‍ ഒരു മനുഷ്യനെയും അവന്‍ സൃഷ്ടിക്കുന്നില്ല.
നിര്‍ബന്ധിക്കുക എന്ന ഉദ്ദേശ്യം അവന് ഉണ്ടായിരുന്നുവെങ്കില്‍ മനുഷ്യരെയെല്ലാം ഇസ്‌ലാമില്‍ നിലകൊള്ളാന്‍ നിര്‍ബന്ധിതരായിക്കൊണ്ട് സൃഷ്ടിക്കുമായിരുന്നു. അപ്പോള്‍ ഭൂമുഖത്തു നിന്ന് മനുഷ്യര്‍ എന്ന സ്വതന്ത്ര ജീവി ഇല്ലാതാകും. ഫലത്തില്‍ മലക്കുകളായിരിക്കും അവര്‍, മനുഷ്യന്റെ ബാഹ്യരൂപം ഉണ്ടായിരുന്നാലും.
അതിനാല്‍ മതത്തില്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് പ്രവാചകന്‍മാരോടും മതപ്രബോധകരോടും വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിര്‍ദേശിക്കുന്നു. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക: 'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേയില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു' (2:256).
'പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ, അക്രമികള്‍ക്കു നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്' (18:29). 'ഇനി അവര്‍ തിരിഞ്ഞുകളയുന്നപക്ഷം നിനക്കുള്ള ബാധ്യത (കാര്യങ്ങള്‍) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു' (16:82).
'അതിനാല്‍ (നബിയേ,) താങ്കള്‍ ഉദ്‌ബോധിപ്പിക്കുക. താങ്കള്‍ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല' (88:21,22).
വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അനുയായികളോട് ചോദിക്കുന്ന ചോദ്യം സര്‍വ വര്‍ഗീയവാദികളും ശ്രദ്ധിക്കുക: 'നിന്റെ രക്ഷിതാവ് (നിര്‍ബന്ധമായി) ഉദ്ദേശിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഭൂമിയിലുള്ള സര്‍വരും വിശ്വസിക്കുമായിരുന്നു. അപ്പോള്‍ നീ മനുഷ്യരെ നിര്‍ബന്ധിക്കുകയാണോ, അവര്‍ വിശ്വാസികളാകുന്നതുവരെ?' (യൂനുസ് 99).
എത്ര മനോഹരമായൊരു ആദര്‍ശമാണ് ഖുര്‍ആന്‍ ഇവിടെ അവതരിപ്പിക്കുന്നത്! അല്ലാഹുവിന്റെ മതത്തിലേക്ക് ആര്‍ക്കും ആരെയും നിര്‍ബന്ധിച്ച് പ്രവേശിപ്പിക്കേണ്ടതില്ല, ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍. അല്ലാഹുവിന് അതിന്റെ ആവശ്യവുമില്ല. നിര്‍ബന്ധിച്ച് അനുയായികളെ ഉണ്ടാക്കുന്നതില്‍ അവനു താല്‍പര്യമുണ്ടെങ്കില്‍ ആ ജോലി നമ്മെ അവന്‍ ഏല്‍പിക്കില്ല. അവന്‍ തന്നെ മനുഷ്യരെ നിര്‍ബന്ധിതമായ നിലയ്ക്ക് മുസ്‌ലിമായി സൃഷ്ടിക്കുമായിരുന്നു.
മതപ്രബോധനം കൊണ്ട് അടിസ്ഥാനപരമായി വിവക്ഷിക്കുന്നത് മനുഷ്യരെ നന്മയിലേക്കും സത്യത്തിലേക്കും ക്ഷണിക്കുക, തിന്മയില്‍ നിന്നും നിഷിദ്ധങ്ങളില്‍ നിന്നും തടയുക എന്നതാണ്.
അപ്പോള്‍ മതപ്രബോധനം എന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍, ഖുര്‍ആനിന്റെ അനുയായികളുടെ മേല്‍ ഈ വിശ്വാസം അടിച്ചേല്‍പിക്കേണ്ടതില്ല. നിങ്ങളുടെ പാദങ്ങള്‍ക്ക് യോജിച്ച ആ കീറച്ചെരുപ്പ് നിങ്ങള്‍ ധരിച്ചുകൊള്ളുക.
മുസ്‌ലിംകള്‍ ഒരു മഹത്തായ ദൈവിക ഗ്രന്ഥത്തെ പ്രമാണമായി അംഗീകരിച്ച് ജീവിക്കുന്നവരാണ്. വികലമായ തത്വങ്ങളും വിശ്വാസങ്ങളും അവര്‍ക്ക് അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല.
മുന്‍ഗണനാ ക്രമം
മതപ്രബോധനത്തിന് വല്ല മുന്‍ഗണനാ ക്രമവും ഉണ്ടോ? ഈ മുന്‍ഗണനാ ക്രമം എല്ലാ സ്ഥലത്തും എല്ലാ സന്ദര്‍ഭത്തിലും പരിഗണിക്കേണ്ടതുണ്ടോ?
ആദ്യത്തെ ചോദ്യത്തിന് നമുക്ക് വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. മതപ്രബോധനത്തിന് പൊതുവായ നിലയ്ക്ക് മുന്‍ഗണനാ ക്രമമുണ്ട്. ഇതില്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കും സംശയമില്ല; ഉണ്ടാവുകയുമില്ല. കാരണം അവര്‍ വിശുദ്ധ ഖുര്‍ആനിനെ ഒന്നാം പ്രമാണമായി തന്നെ അംഗീകരിക്കുന്നവരാണ്, വാക്കില്‍ മാത്രമല്ല ഫലത്തിലും. ഒരു സമൂഹം ഏകദൈവവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ജീവിക്കുന്നവരാണെങ്കില്‍ ആ സമൂഹത്തെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതിന് നാം മുന്‍ഗണന നല്‍കണം. കാരണം ഈ ജീര്‍ണതയെക്കാള്‍ ഗുരുതരമായ മറ്റൊരു ജീര്‍ണതയില്ല. മനുഷ്യരെ ജീര്‍ണതയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ദൈവം നിയോഗിച്ച പ്രവാചകന്മാര്‍ എല്ലാംതന്നെ തൗഹീദിന് മുന്‍ഗണന നല്‍കിയവരാണ്. ഏതാനും ചില തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെ ഉദ്ധരിക്കാം:
- ''മലക്കുകളെ ദിവ്യസന്ദേശവുമായി അവന്റെ ഉദ്ദേശ്യമനുസരിച്ച് അവന്റെ ദാസന്മാരില്‍ അവന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അവന്‍ ഇറക്കും. (അതായത്) ഞാനല്ലാതെ തീര്‍ച്ചയായും ഒരു ഇലാഹും (ആരാധ്യനും) ഇല്ലെന്ന് നിങ്ങള്‍ മുന്നറിയിപ്പ് നല്‍കുവിന്‍ എന്ന്'' (അന്നഹ്ല്‍ 2). അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കിയതിന്റെ ഉദ്ദേശ്യം ജനങ്ങളെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കലാണെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു.
- ''നിശ്ചയം, ഞാനല്ലാതെ ആരാധ്യനില്ല. അതുകൊണ്ട് എന്നെ നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് ദിവ്യസന്ദേശം നാം നല്‍കിയിട്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല'' (അന്‍ബിയാഅ് 25). ഇബ്‌നു കസീര്‍ ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതി: ''അല്ലാഹു നിയോഗിച്ച സര്‍വ നബിമാരും അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുക എന്ന തത്വത്തിലേക്കു ക്ഷണിച്ചവരാണ്'' (ഇബ്‌നുകസീര്‍ 3:235). ഏതെങ്കിലും ഒരു പ്രവാചകന്‍ ഈ സൂക്തത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകുമെന്ന് ഏതെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാതാവ് പ്രസ്താവിച്ചതായി കാണാന്‍ സാധിച്ചിട്ടില്ല.
- ''തീര്‍ച്ചയായും സര്‍വ സമുദായത്തിലും ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. അതായത് അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍, ദുര്‍മൂര്‍ത്തികളെ നിങ്ങള്‍ വര്‍ജിക്കുവിന്‍'' (അന്നഹ്ല്‍ 36).
- ആദ് സമൂഹത്തോട് ഹൂദ് നബി(അ)യും മദ്‌യന്‍കാരോട് ശുഐബ് നബി(അ)യും സമൂദുകാരോട് സ്വാലിഹ് നബി(അ)യും അതുപോലെ നൂഹ് നബി(അ)യും മൂസാ നബി(അ)യും ഇബ്‌റാഹീം നബിയും(അ) എല്ലാം തന്നെ തൗഹീദിനു മുന്‍ഗണന നല്‍കിക്കൊണ്ടാണ് മതപ്രബോധനം നടത്തിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ ഹൂദ്, അഅ്‌റാഫ്, ത്വാഹാ, അല്‍ബഖറ മുതലായ അധ്യായങ്ങളില്‍ യാതൊരു സംശയത്തിനും പഴുതില്ലാത്ത വിധം വ്യക്തമാക്കുന്നു.
- ''ഇത് (ഖുര്‍ആന്‍) ജനങ്ങള്‍ക്ക് ഒരു ഉദ്‌ബോധനമാകുന്നു. അതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്നതിനും നിശ്ചയം അവന്‍ (അല്ലാഹു) ഏക ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ അറിയുന്നതിനും ബുദ്ധിമാന്മാര്‍ ചിന്തിക്കുന്നതിനും വേണ്ടി (അവതരിപ്പിക്കപ്പെട്ടിരിക്കുന്നു)'' (ഇബ്‌റാഹീം 52). നല്ലതായ സര്‍വ സംഗതികളും മനുഷ്യര്‍ അറിയാന്‍ വേണ്ടിയാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം. വ്യഭിചാരവും മദ്യപാനവും ചൂതാട്ടവും അപകടം പിടിച്ചതാണെന്ന് മനുഷ്യര്‍ അറിയലും ഖുര്‍ആനിന്റെ അവതരണ ലക്ഷ്യമാണ്. എങ്കിലും അല്ലാഹു ഇവിടെ പറയുന്നത് ഏകദൈവവിശ്വാസം മനുഷ്യര്‍ അറിയാനും ഗ്രഹിക്കാനും വേണ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് എന്നാണ്. ബുദ്ധിജീവികള്‍ ചിന്തിക്കാന്‍ എന്ന് സൂക്തത്തിന്റെ അവസാനം പ്രസ്താവിച്ചത്, ധാരാളം തത്വങ്ങള്‍ മനുഷ്യസമൂഹത്തെ പഠിപ്പിക്കാനാണ്. അതായത് വ്യഭിചാരത്തിന്റെയും മദ്യപാനത്തിന്റെയും ചൂതാട്ടത്തിന്റെയും തിന്മകള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടില്ലെങ്കിലും ബുദ്ധിജീവികള്‍ക്ക് അവരുടെ ഭൗതികമായ അറിവിന്റെ അടിസ്ഥാനത്തില്‍ സ്വയം ഗ്രഹിക്കാന്‍ സാധിച്ചേക്കും.
(2001 ജനുവരി 19)
