- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
പ്രശ്‌നങ്ങളില്‍ ലയിക്കാത്ത, പരിഭ്രമിച്ചുപോകാത്ത, അവയെ സരളമായി കൈകാര്യം ചെയ്യുന്ന, കൊള്ളാവുന്ന ഒരു മനുഷ്യനെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.
ആധുനിക കാലഘട്ടത്തിലെ മനുഷ്യന്‍, അത് എന്തൊക്കെയാണ് എന്ന് വിശദീകരിക്കാനാവാത്ത വിധം പലതാണ്. മനുഷ്യനെ സംസ്‌കരിക്കാന്‍ മതം ആവശ്യമാണോ അല്ലയോ എന്നു നമുക്കൊന്നു ചിന്തിക്കാം. മനുഷ്യബുദ്ധിയുടെ മുമ്പില്‍ അല്ലാഹു, മതം എങ്ങനെയാണ് സ്വീകരിക്കേണ്ടത്, അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു:
''നീ നിന്റെ മുഖത്തെ ദീനിനായി നേര്‍ക്കുനേരെ, വക്രതയില്ലാതെ സമര്‍പ്പിക്കുക.'' അല്ലെങ്കില്‍ ശുദ്ധമനസ്‌കതയോടെ, അത് അല്ലാഹു മനുഷ്യനെ ഏത് പ്രകൃതിയിലാണോ സൃഷ്ടിച്ചിരിക്കുന്നത് ആ പ്രകൃതിക്ക് ഒത്തുകൊണ്ടുതന്നെ. ദീനിനോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്ന പ്രശ്‌നമേയില്ല. അതേ നിലനില്‍ക്കുന്ന മതമാവുകയുള്ളൂ.
അതായത് മനുഷ്യ ജീവിതത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ഒരു മതമേ നിലനില്‍ക്കുകയുള്ളു. ഒരുപക്ഷേ ഏതാനും ചില വ്യക്തികള്‍ക്ക് ഏതാനും ദിവസത്തേക്ക് അല്ലാഹു സൃഷ്ടിച്ച പ്രകൃതിക്ക് മാറ്റം വരുത്തി മുന്നോട്ടുപോകാന്‍ സാധിച്ചേക്കും. അതെല്ലാവര്‍ക്കും എന്നെന്നേക്കും കഴിയുന്ന ഒന്നല്ല, മതം എല്ലാവര്‍ക്കുമുള്ളതാണ്. മതം എന്നെന്നും നിലനില്‍ക്കുന്നതായിരിക്കണം. അതാണ് അല്ലാഹു പറഞ്ഞത്, ''അതേ നിലനില്‍ക്കുന്ന മതമുള്ളൂ. പക്ഷേ, മനുഷ്യരില്‍ അധിക പേരും ഇത് അറിയുന്നില്ല.''
പ്രകൃതിക്ക് അനുഗുണമല്ലാതെയുള്ള ജീവിതം നയിച്ചാല്‍ മാത്രമേ മനുഷ്യന്‍ സായൂജ്യം നേടുകയുള്ളൂ, പരലോകമോക്ഷം കരസ്ഥമാക്കുകയുള്ളൂ എന്ന വിശ്വാസം അവതരിപ്പിക്കുന്ന ചിലര്‍ മുസ്ലിംകളിലും അമുസ്ലിംകളിലുമുണ്ട്. പ്രശ്‌നസങ്കീര്‍ണമായ ജീവിതത്തില്‍ നിന്ന് അകന്നുനിന്ന് ജീവിതത്തിന്റെ സുഖഭോഗങ്ങളൊന്നും ആസ്വദിക്കാതെ കാടുകയറി ജീവിക്കണം, എങ്കിലേ സ്വര്‍ഗം ലഭിക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് സൂഫികള്‍. അവരെ ഉന്നതസ്ഥാനത്തിരുത്തി ബഹുമാനിക്കുന്ന ചില മുസ്ലിംകളുണ്ട്.
ലൈംഗികസുഖം എന്തെന്നറിയാതെ, ഭക്ഷണത്തിന്റെ രുചിയറിയാതെ, കുടുംബബന്ധങ്ങളിലൂടെയുള്ള സുഖ-ദുഃഖ സമ്മിശ്ര വികാരങ്ങള്‍ അനുഭവിക്കാതെ ജീവിച്ചെങ്കിലേ പരലോകസൗഖ്യം കിട്ടുകയുള്ളൂ എന്നാണ് അവരുടെ വിചാരം. അത് ഒളിച്ചോട്ടമാണ്, ഭീരുത്വമാണ്, ഇസ്ലാം അത് ഇഷ്ടപ്പെടുന്നില്ല.
ധീരതയോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. പ്രശ്‌നങ്ങളില്‍ ലയിക്കാത്ത, അവയില്‍ പരിഭ്രമിച്ചുപോകാത്ത, അവയെ സരളമായി കൈകാര്യം ചെയ്യുന്ന, കൊള്ളാവുന്ന ഒരു മനുഷ്യനെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രശ്‌നജീവിതത്തോട് ഒത്തിണങ്ങി പ്രകൃതിനിയമങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ട് ജീവിക്കാനാണ് ഇസ്ലാം കല്‍പിക്കുന്നത്.
കല്യാണം കഴിക്കണം, മനുഷ്യന്‍ ലൈംഗികേച്ഛുവാണ്. കുടുംബജീവിതം നയിക്കണം, മനുഷ്യന്‍ സാമൂഹിക ജീവിയാണ്. ഭക്ഷണം കഴിക്കണം, അത് മനുഷ്യന്റെ ആവശ്യമാണ്. പരസ്പരം ഇടപഴകി ജീവിക്കണം, കാരണം അവന്‍ വികാരങ്ങളെ ഇഷ്ടപ്പെടുന്നു. ഇങ്ങനെയെല്ലാം മനുഷ്യന്റ പ്രകൃതിയോട് യോജിക്കുന്ന മതം, അതത്രേ നിലനില്‍ക്കുന്ന മതം. പക്ഷേ, ഇക്കാര്യം മനുഷ്യരില്‍ മിക്ക പേരും മനസ്സിലാക്കുന്നില്ല.
ഒരിക്കല്‍ നബിയുടെ വീട്ടില്‍ മൂന്നു പേര്‍ വന്നു. അദ്ദേഹത്തിന്റെ ജീവിതചര്യകള്‍ കേട്ടു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പത്‌നി ആയിശ(റ)യോട് അവര്‍ ചോദിച്ചു: 'നബി രാത്രിസമയം മുഴുവനും നമസ്‌കരിക്കാറുണ്ടോ? ദിവസവും നോമ്പ് അനുഷ്ഠിക്കാറുണ്ടോ? അദ്ദേഹം ഭാര്യമാരുമായി ലൈംഗികബന്ധം പുലര്‍ത്താറുണ്ടോ?'
അപ്പോള്‍ ആയിശ (റ) പറഞ്ഞു: 'അദ്ദേഹം നമസ്‌കരിക്കാറുണ്ട്, കുറേ സമയം ഉറങ്ങാറുമുണ്ട്. ചില ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കാറുണ്ട്, ചില ദിവസങ്ങളില്‍ നോമ്പുകാരനല്ലാതെ ജീവിക്കാറുമുണ്ട്. ഭാര്യമാരുമായി ബന്ധപ്പെടാറുമുണ്ട്.' ഇതു കേട്ടപ്പോള്‍ ഇത് വളരെ കുറച്ചേയുള്ളൂ എന്ന് അവര്‍ക്ക് തോന്നി. പക്ഷേ, അവര്‍ അതിന് സമാധാനം കണ്ടെത്തി.
നബിക്ക് അത് മതി, കാരണം, അദ്ദേഹത്തിന് എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നു, എന്നാല്‍ നമുക്കത് പോരാ. അവരിലൊരാള്‍ പറഞ്ഞു: 'ഞാനെന്നും രാത്രി മുഴുവന്‍ നിന്നു നമസ്‌കരിക്കും.' രണ്ടാമന്‍ എന്നും നോമ്പനുഷ്ഠിക്കുമെന്ന് തീരുമാനമെടുത്തു. മൂന്നാമന്‍ താന്‍ വിവാഹജീവിതം നയിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു.
അവിടേക്കു കടന്നുവന്ന റസൂല്‍ (സ) ഇവരോട് ആയിശ പറഞ്ഞതുപോലെ തന്നെയാണ് തന്റെ ജീവിതമെന്ന് ഓരോന്നായെടുത്തു വിശദീകരിച്ചുകൊടുത്തു. താനാണ് ഏറ്റവും മാതൃകായോഗ്യനായ മനുഷ്യന്‍ എന്ന് ആദ്യമായി പറഞ്ഞു, ഇത്രയും കൂടി വ്യക്തമാക്കി: 'എന്റെ (ഈ) ചര്യയെ ആരെങ്കിലും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവന്‍ എന്നില്‍ പെട്ടവനല്ല.'
പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകളെ അഭിമുഖീകരിച്ച് ജീവിക്കാതെ, അതില്‍ നിന്നൊളിച്ചോടുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നര്‍ഥം. ചുരുക്കത്തില്‍, ജീവിതത്തില്‍ അനുവദനീയവും മനുഷ്യന് ആവശ്യവുമായ സുഖഭോഗങ്ങളെല്ലാം വെടിഞ്ഞെങ്കിലേ സ്വര്‍ഗം പൂകാന്‍ കഴിയൂ എന്ന വിശ്വാസം ഇസ്‌ലാമിന്റേതല്ല. ഇത്തരക്കാരെ ഭീരുക്കളായി ഇസ്‌ലാം കാണുന്നു. എന്നും നിലനില്‍ക്കുന്ന ഒരു മതത്തിന്റെ അനുയായികളായി അവരെ കാണുന്നില്ല.
മതം എല്ലാവര്‍ക്കും ഒരുമിച്ചു കൊണ്ടുനടക്കാന്‍ പറ്റിയതായിരിക്കണം എന്ന് അല്ലാഹു കല്‍പിക്കുന്നു. മനുഷ്യപ്രകൃതിക്ക് മാറ്റം വരുത്തിക്കൊണ്ടുള്ള ഒരു മതത്തിന് നിലനില്‍പില്ല. ദൃശ്യപ്രപഞ്ചത്തിന് അനുഗുണമായി മാത്രമേ മതത്തിന് നിലനില്‍പുള്ളൂ. ഈ മുഖവുരയോടെ വിഷയത്തിലേക്കു കടന്നുചെല്ലാം:
മനുഷ്യന്‍ ഒരുപാട് കഴിവുകളുള്ളവനാണ്. ഇവിടെ ഒരുപാട് ജീവികളുണ്ട്. അവയില്‍ മഹത്തായ കഴിവുകളുള്ള ഒരു ജീവിയാണ് മനുഷ്യന്‍ എന്നത്രേ മനുഷ്യ സങ്കല്‍പം. മനുഷ്യന്‍ മനുഷ്യനെപ്പറ്റി പറയുന്നത് വിവരിക്കാനാവാത്ത എന്തോ ഒരു പ്രതിഭാസമാണെന്നാണ്. മറ്റു ജീവികള്‍ എന്തു വിചാരിക്കുന്നുവെന്ന് നമുക്ക് അറിയില്ല.
മനുഷ്യന്‍ മനുഷ്യനെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുന്നത്, ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചുകൊണ്ട്, അവയെ കഴിയുന്നത്ര ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന 'മാസ്റ്റര്‍ ആനിമല്‍' എന്നത്രേ. ജീവികളില്‍ അതുല്യപ്രഭാവന്‍. ജന്തുസഹജമായ ആവശ്യങ്ങള്‍ക്കു പുറമേ ജീവിതത്തിന്റെ വികാസ പരിണാമ ഗുപ്തികളില്‍ ഉണ്ടായ മാനസിക പരിണാമ തലച്ചോറു വളര്‍ച്ചയ്ക്ക് അനുസൃതമായി ജീവിതത്തിന്റെ ആഗ്രഹങ്ങള്‍ ഉണ്ടാവുകയും അതു പരിഹരിക്കുകയും ചെയ്യുന്ന 'സൂപ്പര്‍ ആനിമല്‍' എന്നുകൂടി അവനെ പരിചയപ്പെടുത്തുന്നു. ഒരദ്ഭുത പ്രതിഭാസമെന്ന് സാരം.
ഒരു സാധാരണ ജീവിയല്ല അവന്‍. ആകാശങ്ങളുടെ ഉന്നതങ്ങളിലേക്ക് ചെന്നെത്താം അവന്. ഇവിടെ നിന്നുകൊണ്ടുതന്നെ അവിടത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാം. ലോകത്തിന്റെ ഏതു മൂലയില്‍ വെച്ച് നടക്കുന്ന സംഭവങ്ങളും അവന്‍ ഇരിക്കുന്നേടത്തു വെച്ചുതന്നെ മനസ്സിലാക്കാം. ആഴിയുടെ അഗാധതലത്തിലേക്ക് ഊളിയിട്ട് ഇറങ്ങിച്ചെല്ലാം. അപ്പോള്‍ മനുഷ്യന്‍ ഒരദ്ഭുത ജന്തുവാണ്, മഹാശക്തന്‍, അതുല്യപ്രഭാവന്‍. മനുഷ്യനെ സംബന്ധിച്ച വിശദീകരണത്തിന്റെ ഒരു വശം മാത്രമാണിത്.
എന്നാല്‍ അവന്‍ ആരാണെന്നും അവന്റെ ലക്ഷ്യമെന്തെന്നും ശരിക്ക് അന്വേഷിക്കുമ്പോള്‍ ശക്തന്‍, ഉന്നതന്‍, സൂപ്പര്‍ ആനിമല്‍, മാസ്റ്റര്‍ ആനിമല്‍ എന്നതൊക്കെ മാറി; പുഴുവിനെപ്പോലെ, കഴുതയെപ്പോലെ, ചെള്ളിനെപ്പോലെ ഒക്കെയായിട്ടാണ് ജീവിതലക്ഷ്യം കണ്ടെത്തുന്നത്. ഇത് രസകരമായിരിക്കുന്നു.
പക്ഷേ, ഇതിലേതെങ്കിലും ഒരു ജന്തുവിനോട് മനുഷ്യനെ താരതമ്യപ്പെടുത്തിയാല്‍ കഴുതയെപ്പോലെയാണ് നീ എന്നു പറഞ്ഞുപോയാല്‍ അവന് അങ്ങേയറ്റത്തെ പ്രതിഷേധമുണ്ടാകുന്നു. അതോടൊപ്പം കഴുതയുടെയും പുഴുവിന്റെയും ജീവിതലക്ഷ്യമേ മനുഷ്യനുമുള്ളൂ എന്നു പറയുമ്പോള്‍ അവന്‍ അത് അംഗീകരിക്കുന്നു.
ഒരു ഉദാഹരണം: ജന്തുക്കള്‍ക്ക് ജീവിതത്തില്‍ നാലു ലക്ഷ്യങ്ങളുണ്ട്. ഭക്ഷണസൗകര്യം, പാര്‍പ്പിടം, ശത്രുക്കളില്‍ നിന്നു രക്ഷ നേടല്‍, ജനനപ്രക്രിയ എന്നിവയാണവ. എന്നാല്‍ ഈ വിഷയയങ്ങളില്‍ മനുഷ്യനേക്കാള്‍ എത്രയോ മികച്ചവയാണ് മറ്റു പല ജന്തുക്കളും. മനുഷ്യന് സ്വന്തമായി വീടുണ്ടാക്കാന്‍ കഴിയാറില്ല.
നൂറു കൊല്ലം ജീവിക്കുന്ന മനുഷ്യന് സ്വന്തമായി ഭക്ഷണം തേടാന്‍ ചുരുങ്ങിയത് പത്തുപതിനഞ്ച് വയസ്സെങ്കിലും കഴിയണം. ഒരു കാക്കക്ക് അതിന് നാലു മാസം മതി.
മരപ്പണി, കല്‍പ്പണി, കോണ്‍ക്രീറ്റ്, പെയിന്റിങ് എന്നിവയ്‌ക്കൊക്കെ വ്യത്യസ്ത വ്യക്തികള്‍ വേണം. എന്നാല്‍ ഒരു തേനീച്ചക്കൂട് നോക്കൂ. അത് തന്റെ വീട് സ്വന്തമുണ്ടാക്കുന്നു. ഉറുമ്പുകളും പക്ഷികളും അതേപോലെ മറ്റു ചില ജീവികളും ഉണ്ടാക്കുന്ന വീടു കണ്ടാല്‍ എന്‍ജിനീയര്‍മാര്‍ നാണിച്ചുപോകും. ഒരു പെണ്ണു സംവിധാനിക്കുന്ന ഒരു തേനീച്ചക്കൂടു കണ്ടാല്‍ മനുഷ്യന്‍ അദ്ഭുതപ്പെടും.
ഒരു നൂറു കൊല്ലം ജീവിക്കുന്ന മനുഷ്യന് സ്വന്തമായി ഭക്ഷണം തേടാന്‍ ചുരുങ്ങിയത് പത്തുപതിനഞ്ച് വയസ്സെങ്കിലും കഴിയണം. അത്രതന്നെ ജീവിക്കുന്ന ഒരു കാക്കക്ക് അതിന് നാലു മാസം മതി, 200ലേറെ വര്‍ഷം ജീവിക്കുന്ന ഒരാമയ്ക്ക് അതിന് ആറു മാസമെടുത്താല്‍ മതി. ഒരു മനുഷ്യക്കുഞ്ഞിന്ന് സ്വന്തമായി അമ്മയുടെ മുല കുടിക്കാന്‍ സാധ്യമല്ല, അമ്മയുടെ സഹായം അനിവാര്യമാണ്, ദുര്‍ബലനാണവന്‍.
ഒരാട്ടിന്‍കുട്ടിക്ക് അതിന്റെ തള്ളയുടെ അടുത്ത് ചെന്ന് മുല ചപ്പാന്‍ കഴിയുന്നു. ഭക്ഷണം തേടുക, സംഭരിക്കുക, കാര്‍ഡില്ലാതെത്തന്നെ റേഷനിങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു തേനീച്ചക്കൂട്ടിലോ ഉറുമ്പിന്‍കൂട്ടിലോ കാണുന്നത്, മനുഷ്യനേക്കാള്‍ എത്രയോ മികച്ചുനില്‍ക്കുന്നു അവയെന്നു തെളിയിക്കുന്നു.
ഈ രംഗത്ത് മനുഷ്യന്‍ പ്രഗല്‍ഭനാണോ? ഒരു മനുഷ്യനോട് അവന്റെ തൂക്കത്തിന്റെ രണ്ടിരട്ടി ഭക്ഷണം കൊണ്ടുപോയി കഴിക്കാന്‍ പറഞ്ഞാല്‍, ഒരു നടയ്ക്ക് അത് വഹിക്കാന്‍ പോലും അവനും കഴിയില്ല. എന്നാല്‍ ഒരു ഉറുമ്പാകട്ടെ അതിന്റെ ഭാരത്തിന്റെ 64 ഇരട്ടി ഭാരം വഹിക്കും. 50 കിലോ തൂക്കമുള്ള ഒരു മനുഷ്യന്റെ തലയില്‍ ക്വിന്റല്‍ തൂക്കമുള്ള ഒന്നു വെച്ചുകൊടുത്താല്‍ എന്തായിരിക്കും അവസ്ഥ?
(1983 ഏപ്രില്‍ 17)
