പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യം


  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

പ്രവാചകന്‍മാര്‍ നിര്‍ദേശിച്ച പല കാര്യങ്ങളും സമ്പ്രദായങ്ങളും അവരുടെ മരണശേഷം പണ്ഡിതന്‍മാര്‍ നല്ല ബിദ്അത്തിന്റെ അടിസ്ഥാനത്തില്‍ ദീനീപരമായ നിലയ്ക്ക് നിശ്ചയിച്ചുകൊടുത്തു.

ല്ലാഹുവില്‍ നിന്ന് അവന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പുണ്യകര്‍മങ്ങള്‍ മനുഷ്യര്‍ക്കു പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയാണ് നബിമാര്‍ നിയോഗിക്കപ്പെട്ടത്. എല്ലാ സമുദായങ്ങളിലും അവന്‍ പ്രവാചകന്‍മാരെ നിയോഗിച്ചു. പ്രസ്തുത സമുദായങ്ങള്‍ക്കെല്ലാം തന്നെ സത്കര്‍മങ്ങള്‍ വഹ്‌യ് മുഖേന അവര്‍ പഠിപ്പിച്ചുകൊടുത്തു.

എന്നാല്‍ പ്രവാചകന്‍മാര്‍ നിര്‍ദേശിച്ചുകൊടുക്കാത്ത പല കാര്യങ്ങളും സമ്പ്രദായങ്ങളും പ്രവാചകന്‍മാരുടെ മരണശേഷം പണ്ഡിതന്‍മാര്‍ നല്ല ബിദ്അത്തിന്റെ അടിസ്ഥാനത്തില്‍ ദീനീപരമായ നിലയ്ക്ക് സമുദായത്തിനു നിശ്ചയിച്ചുകൊടുക്കുകയും നല്ലതിന്റെ അടിസ്ഥാനത്തില്‍ സമുദായം സ്വയം ചെയ്യുന്ന പലതിനും അവര്‍ അനുവാദം നല്‍കുകയും ചെയ്തു. സ്രഷ്ടാവിന്റെ മതത്തിന്റെ യഥാര്‍ഥ രൂപം ഇതോടുകൂടി താറുമാറായി.

മുഹമ്മദ് നബി(സ)ക്കു ശേഷം ഈ സ്ഥിതിവിശേഷം ഇസ്‌ലാമിനു സംഭവിക്കാതിരിക്കാന്‍ വേണ്ടി അല്ലാഹു പറഞ്ഞു: 'ദൂതന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുള്ളത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്ന് അദ്ദേഹം നിങ്ങള്‍ക്കു വിരോധിച്ചുവോ അത് നിങ്ങള്‍ വെടിയുവിന്‍. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. നിശ്ചയം അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രേ' (59:7).

''ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കിയതിനെ സ്വീകരിക്കുക. അദ്ദേഹം നിരോധിച്ചതില്‍ നിന്നു വിരമിക്കുക. ഇവിടെ ഒരു ചോദ്യം ഉദ്ഭവിക്കുന്നു. അദ്ദേഹം നല്‍കുകയോ നിരോധിക്കുകയോ ചെയ്യാത്ത സംഗതികളുടെ വിധിയെന്ത്? 'കുല്ലു ബിദ്അതിന്‍ ളലാല' എന്നതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കുകയാണെങ്കില്‍ അവ നിരോധിച്ചവയുടെ ഗണത്തിലാണ് പെടുക. അങ്ങനെയെങ്കില്‍ റസൂല്‍ നല്‍കിയതിനെ സ്വീകരിക്കുക എന്നു മാത്രം പറഞ്ഞാല്‍ പോരേ?

അത് വിശദീകരിക്കണമെങ്കില്‍ നല്‍കാത്തതിനെ വര്‍ജിക്കുക എന്നും നിരോധിച്ചതിനെ വര്‍ജിക്കുക എന്നും പറയുന്നതിനര്‍ഥം നിരോധിക്കാത്തതിനെ വര്‍ജിക്കണമെന്നില്ല എന്നാണല്ലോ. നബി(സ)യുടെ കാലത്തു നിലവില്‍ വന്നിട്ടില്ലാത്ത എല്ലാ കാര്യങ്ങളും നിഷിദ്ധമാണെങ്കില്‍ ഖുര്‍ആന്‍ അങ്ങനെ പറയില്ലെന്നു സ്പഷ്ടം'' (പ്രബോധനം, 1988 മാര്‍ച്ച് 26, പേജ് 30).

മറ്റൊരു സംഭവമാണ് ആദ്യമായി ഓര്‍മയില്‍ വരുന്നത്. ഇബാദത്തിന് ഇത്വാഅത്ത് എന്ന അര്‍ഥമുണ്ടെങ്കില്‍ ഇത്വാഅത്ത് എന്ന് പ്രയോഗിച്ച ഏതെങ്കിലും സ്ഥലത്ത് ഇബാദത്തെന്ന പദം പ്രയോഗിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിനു പ്രസക്തിയിെല്ലന്നും ഇവ തമ്മില്‍ പര്യായപദങ്ങളാണെന്നു പറഞ്ഞാല്‍ മാത്രമേ ഈ ചോദ്യത്തിന് അവകാശമുള്ളൂ എന്നും മറ്റും ഇപ്പോള്‍ മറുപടി പറയുകയും എഴുതുകയും ചെയ്യാറുണ്ടെങ്കിലും പ്രബോധനം മാസികയില്‍ 'ഇബാദത്ത് ഇസ്‌ലാമില്‍: സംശയങ്ങളും മറുപടിയും' എന്ന ശീര്‍ഷകത്തില്‍ ദീര്‍ഘമായി എഴുതിയിരുന്ന തുടര്‍ലേഖനത്തില്‍ ഈ ചോദ്യത്തെ അംഗീകരിച്ചുകൊണ്ട് 'നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, ദൂതനെയും അനുസരിക്കുക, ശാസിക്കാന്‍ അവകാശമുള്ളവരെയും' എന്ന സൂക്തത്തിന് വ്യാഖ്യാനം നല്‍കിക്കൊണ്ട് എഴുതുന്നതു കാണുക:

''ഈ സൂക്തത്തില്‍ 'അതീഊ' എന്ന പ്രയോജക ക്രിയ രണ്ടു വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. അല്ലാഹുവെ അനുസരിക്കാന്‍ ആജ്ഞാപിച്ച അതേ അര്‍ഥത്തിലാണ് റസൂലിനെയും ഉലുല്‍അംറിനെയും അനുസരിക്കാന്‍ കല്‍പിച്ചതെങ്കില്‍ പ്രസ്തുത ആവര്‍ത്തനം നിരര്‍ഥകമായ പൗനരുക്ത്യമായേനെ. എന്നാല്‍ അല്ലാഹുവിന്റെ കലാമില്‍ അമ്മാതിരി ഭാഷാദോഷം വരാവതല്ലല്ലോ'' (പു. 29, ജൂലൈ 1968, ലക്കം 6, പേജ് 30).

യഥാര്‍ഥത്തില്‍ ഇവിടെയെല്ലാം ലേഖകന്‍മാര്‍ അല്ലാഹുവിന് ഭാഷാപ്രയോഗം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. നബി നിരോധിച്ചതിനെ വര്‍ജിക്കുക എന്നു പറയുമ്പോള്‍ നബി പ്രത്യേകം പേരെടുത്തു പറഞ്ഞു പില്‍ക്കാലത്ത് മനുഷ്യര്‍ മതത്തില്‍ നിര്‍മിക്കുന്ന സമ്പ്രദായങ്ങള്‍ വിരോധിച്ചതായി കാണുന്നില്ലെങ്കില്‍ അത് പ്രവര്‍ത്തിക്കാമെന്ന് ചില ബുദ്ധിയില്ലാത്ത മനുഷ്യര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് സൂക്തത്തിന്റെ ആദ്യഭാഗത്ത് മതം എന്ന നിലയ്ക്ക് നബി(സ) കൊണ്ടുവന്നുതന്നതു മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് അവന്‍ വ്യക്തമാക്കി.

ഇതിനു പുറമേ മതത്തില്‍ നല്ലതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ സമ്പ്രദായങ്ങളും അനുഷ്ഠാന മുറകളും നിര്‍മിക്കല്‍ നബി(സ)യുടെയും അല്ലാഹുവിന്റെയും നിരോധനത്തില്‍ ഉള്‍പ്പെട്ടതുമാണ്. വ്യഭിചരിക്കാനും കള്ള് കുടിക്കാനും പാടില്ലെന്ന് പറഞ്ഞതുപോലെ ചിലപ്പോള്‍ അതിലുപരിയായി മതത്തില്‍ പുതിയ സംഗതികള്‍ നിര്‍മിക്കുന്നതിനെ നബി(സ) നിരോധിച്ചിട്ടുണ്ട്. അഭികാമ്യമല്ലാത്തതെന്ന മതവിധിയല്ല അല്ലാഹുവും അവന്റെ ദൂതനും ഇവയ്ക്ക് നല്‍കിയിട്ടുള്ളത്.

അബൂഹുറൈറ നിവേദനം: ''കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായിക്കൊണ്ടാണ് നിങ്ങള്‍ എന്റെ അടുക്കല്‍ വരിക. നിങ്ങളില്‍ നിന്നൊരു വിഭാഗം എന്നില്‍ നിന്നു തടയപ്പെടും. അപ്പോള്‍ ഞാന്‍ പറയും: രക്ഷിതാവേ, എന്റെ സഖാക്കളില്‍ പെട്ടവരാണ് അവര്‍. അപ്പോള്‍ എന്നോട് പറയപ്പെടും: നിനക്കു ശേഷം അവര്‍ പുതുതായി നിര്‍മിച്ചതിനെക്കുറിച്ച് നിനക്ക് ജ്ഞാനമില്ല. അപ്പോള്‍ ദൂരെ, ദൂരെ, വിദൂരെ എന്റെ മതത്തെ മാറ്റിയവരെന്ന് പറഞ്ഞ് ഞാന്‍ അവരെ ഓടിക്കും'' (ബുഖാരി, മുസ്ലിം).

ജാബിര്‍(റ) നിവേദനം: ''തിരുമേനി(സ) അരുളി: കാര്യങ്ങളില്‍ ഏറ്റവും ചീത്തയായത് പുതിയ സമ്പ്രദായങ്ങളാണ്. എല്ലാ പുതിയ സംഗതികളും ദുര്‍മാര്‍ഗമാണ്. എല്ലാ ദുര്‍മാര്‍ഗവും നരകത്തിലുമാണ്'' (അന്നസാഈ). ഈ ഹദീസിനെ ലേഖകന്‍ ക്രൂരമായ നിലയ്ക്ക് വധിച്ചതിനെക്കുറിച്ച് അതിന്റെ അധ്യായത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്: ''ബിലാലുബ്‌നു ഹാരിസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും പുതിയത് നിര്‍മിച്ചാല്‍ അത് അനുഷ്ഠിക്കുന്നവന്റെ പാപഭാരം പോലുള്ളത് അത് നിര്‍മിച്ചവനുമുണ്ട്'' (തിര്‍മിദി).

ഹുറൈഫത്ത്(റ) നിവേദനം: ''തിരുമേനി(സ) അരുളി: പുതിയത് നിര്‍മിക്കുന്നവന്റെ നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും ഉംറയും സ്വീകരിക്കാന്‍ അല്ലാഹു വിസമ്മതിക്കുന്നതാണ്'' (ഇബ്‌നുമാജ). ഈ ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് ഇബ്‌നുമാജയുടെ ശറഹില്‍ പറയുന്നുണ്ട്. ഈ ആശയം ഉള്‍ക്കൊള്ളുന്ന നിലയ്ക്ക് ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

അല്ലാഹു പറഞ്ഞു: ''നിശ്ചയം, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും പല കക്ഷികളായിത്തീര്‍ക്കുകയും ചെയ്തിട്ടുള്ളവര്‍ അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. (ഒരു ബാധ്യതയും നിനക്കില്ല). അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു പിന്നീട് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധ്യപ്പെടുത്തും'' (6:159). മുസ്‌ലിം സമൂഹത്തില്‍ നല്ലതിന്റെ അടിസ്ഥാനത്തില്‍ പുതിയ സംഗതികള്‍ നിര്‍മിക്കുന്നവരെയാണ് ഈ സൂക്തത്തില്‍ പ്രധാനമായും വിവക്ഷിക്കപ്പെടുന്നതെന്ന് നബി(സ) നമുക്ക് വ്യാഖ്യാനിച്ചുതരുന്നുണ്ട് (തിര്‍മിദി, ഇബ്‌നു ജരീര്‍, ത്വബ്‌റാനി).

മറ്റൊരു ഹദീസ് കാണുക: ഉമര്‍(റ) നിവേദനം: ''നബി(സ) ആയിശയോടു പറഞ്ഞു: ആയിശാ, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും പല കക്ഷികളാവുകയും ചെയ്തുവെന്ന് അല്ലാഹു പ്രസ്താവിച്ചത് ഈ സമുദായത്തില്‍പെട്ട പുതിയതിന്റെയും ഇച്ഛയുടെയും ദുര്‍മാര്‍ഗത്തിന്റെയും ആളുകളെ ഉദ്ദേശിച്ചുകൊണ്ടാണ്. ആയിശാ, എല്ലാ പാപത്തിന്റെയും ആളുകള്‍ അവസാനം പശ്ചാത്തപിക്കുന്നതാണ്. പുതിയതിന്റെയും ഇച്ഛയുടെയും ആളുകള്‍ ഒഴികെ. അവര്‍ തൗബ ചെയ്യുകയില്ല. ഞാന്‍ അവരില്‍ നിന്ന് നിരപരാധിയാണ്. അവര്‍ എന്നില്‍ നിന്ന് അകറ്റപ്പെട്ടവരും'' (തിര്‍മിദി, ഇബ്‌നു അബീഹാതിം, ത്വബ്‌റാനി, ബൈഹഖി).

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഈ ഹദീസുകള്‍ മുഹമ്മദ് അബ്ദു ഉദ്ധരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് (തഫ്‌സീറുല്‍ മനാര്‍, വാള്യം 8, പേജ് 215). നല്ലതിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കു തോന്നുന്നത് പറയുകയും അനുഷ്ഠിക്കുകയും ചെയ്തതാണ് മുസ്‌ലിംകള്‍ ഭിന്നിക്കാനുള്ള കാരണമെന്ന് ചരിത്രം പരിശോധിക്കുന്നവര്‍ക്കു ഗ്രഹിക്കാന്‍ പ്രയാസമുണ്ടായിരിക്കുകയില്ല.

നബിയുടെ എല്ലാ പ്രവൃത്തികളിലും വാക്കുകളിലും അദ്ദേഹത്തെ അനുഗമിക്കുന്നതുവരെ ഒരാള്‍ വ്യാജവാദി തന്നെയാണ്.

നല്ലതിന്റെ അടിസ്ഥാനത്തില്‍ ഈ മതത്തില്‍ എന്തെങ്കിലും സ്വയം നിര്‍മിക്കാന്‍ മുഹമ്മദ് നബി(സ) യാതൊരു പഴുതും ഉണ്ടാക്കിയിട്ടില്ലെന്ന് നമുക്ക് വ്യക്തമാവുകയും ചെയ്തു.
അല്ലാഹു പറയുന്നു: ''ഇതാ എന്റെ പാത, ചൊവ്വായ നിലയില്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍, നിങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗം വിട്ടു ഭിന്നിപ്പിച്ചുകളയും. അതൊക്കെ നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങളോട് വസിയ്യത്ത് ചെയ്തിരിക്കുകയാണ്'' (6:158).

ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി എഴുതുന്നു: ''ഈ സൂക്തത്തിന്റെ പരിധിയില്‍ ഇസ്‌ലാം ദീനില്‍ നബി നമുക്കു കാണിച്ചുതന്ന എല്ലാ സംഗതികളും ഉള്‍പ്പെടുന്നു. അതാണ് ചൊവ്വായ മാര്‍ഗം. അതാണ് നേര്‍ക്കുനേരെയുള്ള പാത. അതിനാല്‍ നിങ്ങള്‍ അവയെ പൊതുവായ നിലയ്ക്കു മാത്രമല്ല കണിശമായ നിലയ്ക്കും പിന്തുടരുക. അതില്‍ നിന്ന് നിങ്ങള്‍ തെറ്റരുത്. അപ്പോള്‍ നിങ്ങള്‍ ദുര്‍മാര്‍ഗത്തില്‍ ആപതിക്കും'' (റാസി, വാള്യം 13, പേജ് 3).

അല്ലാഹു പറയുന്നു: ''അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് ഒരു പരീക്ഷണം ബാധിക്കുന്നതോ വേദനയുള്ള ശിക്ഷ അവരെ ബാധിക്കുന്നതോ ഭയപ്പെടണം'' (നൂര്‍ 63). ഇമാം നവവി എഴുതുന്നു: ''ഒരുവനെ സ്വീകരിക്കുമ്പോള്‍ മുതുക് കുനിയുന്നതു വെറുക്കപ്പെട്ടതാണ്. അറിവും ശ്രേഷ്ഠതയും മറ്റുള്ള നന്മകളുമുള്ള ധാരാളം വ്യക്തികള്‍ അപ്രകാരം ചെയ്യുന്നത് നിന്നെ ഒരിക്കലും വഞ്ചനയില്‍ ഉള്‍പ്പെടുത്തരുത്. കാരണം അനുഗമിക്കല്‍ നബിയെ മാത്രമാണ്.

അല്ലാഹു പറഞ്ഞു: (നബി നിങ്ങള്‍ക്കു കൊണ്ടുവന്നതു സ്വീകരിക്കുക. നിങ്ങളോടു നിരോധിച്ചതിനെ വര്‍ജിക്കുകയും ചെയ്യുക). അവന്‍ പറഞ്ഞു: അദ്ദേഹത്തിന്റെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് ഒരു പരീക്ഷണം ബാധിക്കുകയോ വേദനയുറ്റ ശിക്ഷ അവരെ ബാധിക്കുന്നതോ ഭയപ്പെടണം).

അല്ലാഹു നിര്‍ദേശിച്ചു: ''പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും'' (ആലുഇംറാന്‍ 31). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നു കസീര്‍ എഴുതുന്നു: ''മുഹമ്മദ് നബിയുടെ മാര്‍ഗം സ്വീകരിക്കാതെ അല്ലാഹുവിനോടു സ്‌നേഹമുണ്ടെന്നു പറയുന്ന വ്യക്തികള്‍ വ്യാജവാദികളാണെന്ന് ഈ സൂക്തം വിധിക്കുന്നു.

അവന്‍ നബിയുടെ എല്ലാ പ്രവൃത്തികളിലും വാക്കുകളിലും അദ്ദേഹത്തെ അനുഗമിക്കുന്നതുവരെ വ്യാജവാദി തന്നെയാണ്. സഹീഹായ ഹദീസില്‍ നബിയില്‍ നിന്നു സ്ഥിരപ്പെട്ടതുപോലെ നിശ്ചയം അവിടന്നു പറഞ്ഞു: ആരെങ്കിലും എന്റെ നിര്‍ദേശമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതു വര്‍ജിക്കേണ്ടതാണ്'' (വാള്യം 1, പേജ് 358).

ബൈളാവി എഴുതുന്നു: ''അനുസരിക്കുക എന്നതാണ് സ്‌നേഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. നബിയുടെ ആരാധനകളില്‍ നബിയെ പിന്തുടരല്‍ അനുസരണം നിര്‍ബന്ധമാക്കുകയും ചെയ്യുന്നു'' (ബൈളാവി, വാള്യം 1, പേജ് 135).

അല്ലാഹു പ്രഖ്യാപിക്കുന്നു: ''ഇന്നു നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു'' (അല്‍മാഇദ). പ്രസിദ്ധ ഖുര്‍ആന്‍ വ്യഖ്യാതാവായ ഇബ്‌നു ജരീര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നത് വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക:

''അല്ലാഹു പറയുന്നു: എന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ എന്റെ ദൂതനിലൂടെ നിങ്ങളുടെ മതത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സംഗതികളും ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതിനാല്‍ ഇനി വര്‍ധനവില്ല'' (ഇബ്‌നു ജരീര്‍ 4:51).

(1988 ഏപ്രില്‍ 29)