- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
മലയാള സാഹിത്യത്തില്‍ ഇസ്‌ലാമിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഈ പ്രാതിനിധ്യം പരിതാപകരമാംവിധം കുറവായിരുന്നു.
മലയാള സാഹിത്യത്തില്‍ ഇസ്‌ലാമിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്നത് ഒരു സജീവ ചര്‍ച്ചാവിഷയമാണ്. പഴയ കാലത്ത് അതായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഈ പ്രാതിനിധ്യം പരിതാപകരമാംവിധം ന്യൂനമായിരുന്നുവെന്നതില്‍ സംശയമില്ല. പ്രസ്തുത അവസ്ഥയ്ക്ക് ഏറെയെല്ലാം മാറ്റമുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
ഇതിന്റെ കാരണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനത്തിനു പലരും മുതിരാറില്ല. സവര്‍ണ മേധാവിത്വം, വര്‍ഗീയ പക്ഷപാതിത്വം എന്നീ രീതിയിലുള്ള വികാരവിക്ഷോഭ പ്രകടനങ്ങള്‍ ഈ രംഗത്ത് ധാരാളം കേള്‍ക്കാറുണ്ട്. 1772ല്‍ മലബാര്‍ ബ്രിട്ടന്റെ ആധിപത്യത്തില്‍ വരുന്നതോടെയാണ് പൊതു സിവില്‍ സര്‍വീസിന്റെ ആരംഭം. പൊതുവിദ്യാഭ്യാസം പൊതു സിവില്‍ സര്‍വീസിന് ആവശ്യമാണ്.
ഇതിനു വേണ്ടി സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അതിന്റെ സിലബസില്‍ മാതൃഭാഷയായ മലയാളത്തിനു പ്രഥമമായ സ്ഥാനമാണുണ്ടായിരുന്നത്. ഇത്തരം വിദ്യാലയങ്ങള്‍ ആദ്യകാലത്ത് മുസ്‌ലിംകള്‍ ബഹിഷ്‌കരിച്ചതും അതിന്റെ കാരണങ്ങളും പിന്നീട് അതിനെതിരെ നവോത്ഥാന നായകര്‍ നടത്തിയ പോരാട്ടങ്ങളും ഇവിടെ പഠനവിധേയമാക്കുന്നില്ല.
ബ്രിട്ടീഷ് ആധിപത്യത്തിനു മുമ്പുള്ള നാടുവാഴി ഭരണത്തില്‍ പൊതു സിവില്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. നാടുവാഴികള്‍ ഹൈന്ദവരായതിനാല്‍ സ്വാഭാവികമായും ഉദ്യോഗസ്ഥന്മാരും ഹൈന്ദവരായിരുന്നു. ദളവ മുതല്‍ പാറോത്യാര്‍ (വില്ലേജ് ഓഫീസര്‍) വരെയുള്ളവരെല്ലാം സവര്‍ണ വിഭാഗത്തില്‍പെട്ട ഹൈന്ദവരായിരുന്നു. ചില പ്രദേശങ്ങളില്‍ ചില മുസ്‌ലിം മൂപ്പന്മാരെ നികുതിപിരിവിന് ഏല്‍പിച്ചിരുന്നുവെന്നത് മറക്കുന്നില്ല.
നാടുവാഴികളുടെ ഭരണഭാഷയും എഴുത്തുകുത്തുകളും മലയാളമായിരുന്നു, അതിനു മുമ്പ് തമിഴും. മുസ്‌ലിംകളുടെ സംസാരഭാഷ മലയാളമായിരുന്നുവെങ്കിലും മലയാള ഭാഷാഭ്യസനംകൊണ്ട് അവരുടെ ഐഹിക ജീവിതസ്ഥിതി അന്നു മെച്ചപ്പെടുമായിരുന്നില്ല. അധികാരത്തിന്റെ ഒരു തലത്തിലും അവര്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നുവല്ലോ.
പിന്നെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സംസ്‌കാരത്തിന്റെയും അറിവിന്റെയും കൈമാറ്റമാണ്. തലമുറകള്‍ തലമുറകളിലേക്ക് അവ കൈമാറുന്നു. മലയാള ഭാഷയും അതു പ്രതിനിധീകരിക്കുന്ന സംസ്‌കാരവും അത് ഉള്‍ക്കൊള്ളുന്ന വിജ്ഞാനീയങ്ങളും അതിന്റെ ഉദ്ഭവം മുതല്‍ക്കേ ഹൈന്ദവേയമാണ്.
ഹൈന്ദവ ദേവീദേവന്മാരുടെ സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും ആവിഷ്‌കാരവുമാണ് പൊതുവേ അന്നു ഭാഷയിലെ പദ്യങ്ങളും ഗദ്യങ്ങളും ലക്ഷ്യമാക്കിയത്. അതേസമയം മുസ്‌ലിംകളുടെ അന്നത്തെ വ്യവഹാര ഭാഷയായ അറബിമലയാളം അവരുടെ ഭൗതികവും മതപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എത്രയോ മതിയായിരുന്നു.
സാധാരണക്കാര്‍ അറബിമലയാളത്തിലൂടെ അവരുടെ മതാനുഷ്ഠാനമുറകളും വിശ്വാസസിദ്ധാന്തങ്ങളും ചരിത്രവും തത്വശാസ്ത്രവും സാമാന്യ ജ്ഞാനങ്ങളും ആര്‍ജിച്ചുകൊണ്ടിരുന്നു. സമുദായ നേതാക്കളായ ഉലമാക്കളും ഉമറാക്കളും അറബിമലയാളത്തിനു പുറമേ അറബി ഭാഷയും ചിലര്‍ പേര്‍ഷ്യന്‍ ഭാഷയും സ്വായത്തമാക്കിയിരുന്നു.
ലോക മുസ്‌ലിംകളുമായും ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ഭരിച്ചിരുന്ന മുഗളന്മാര്‍, ഡക്കാന്‍ സുല്‍ത്താന്മാര്‍ എന്നിവരുമായി രാഷ്ട്രീയ-സാംസ്‌കാരിക ബന്ധം സ്ഥാപിക്കാന്‍ ഈ ഭാഷാജ്ഞാനം അവരെ സഹായിച്ചു. ചുരുക്കത്തില്‍, പഴയ കാലത്ത് കോലെഴുത്തോ വട്ടെഴുത്തോ പഠിച്ചതുകൊണ്ട് ഒരു മലയാളി മുസ്‌ലിമിന് ഐഹിക നേട്ടങ്ങളോ പരലോക മോക്ഷത്തിന് ഉതകുന്ന ജ്ഞാനമോ ലഭിക്കുമായിരുന്നില്ല.
ഇതാണ് മലയാളം പഠിക്കുന്നതിന് പഴയകാല മുസ്‌ലിംകള്‍ താല്‍പര്യമെടുക്കാതിരിക്കാന്‍ കാരണം.
ബ്രിട്ടീഷുകാര്‍ സര്‍ക്കാര്‍ സര്‍വീസ് സെക്കുലര്‍ ആക്കിയപ്പോള്‍ മലയാളം പഠിക്കല്‍ ഗുണകരമായിരിക്കുമെന്നു മുസ്‌ലിംകള്‍ മനസ്സിലാക്കുകയും ആദ്യകാലത്ത് അറച്ചുകൊണ്ടും പിന്നീട് ഉത്സാഹപൂര്‍വവും അവര്‍ മുന്നോട്ടുവരുകയും ചെയ്തു. അതു മുതല്‍ മുസ്‌ലിംകളില്‍ സാഹിത്യവാസന നാമ്പെടുക്കുകയും മലയാളത്തില്‍ അവര്‍ വചിക്കുകയും രചിക്കുകയും ചെയ്തു.
മുസ്‌ലിംകളില്‍ മലയാള വായനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ അവരും അവരുടെ സംസ്‌കാരവും ജീവിതരീതിയും ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇവിടത്തെ സാഹിത്യകാരന്മാരുടെ രചനയ്ക്ക് പ്രമേയങ്ങളായി ഭവിച്ചു. മലയാള സാഹിത്യത്തില്‍ മുസ്‌ലിംകള്‍ പ്രാന്തവത്കരിക്കപ്പെട്ടതിന്റെ യഥാര്‍ഥ പശ്ചാത്തലമിതാണ്. അവഗണനാ തിയറികളെല്ലാം മിഥ്യയോ വലിയൊരളവോളം അതിശയോക്തിയോ ആണ്.
വള്ളത്തോളും ഇസ്‌ലാമും
മലയാള സാഹിത്യത്തിലെ ഹൈന്ദവീയതയുടെ ആധിപത്യം പൂര്‍വകാലത്ത് എത്ര പ്രബലമായിരുന്നുവെന്നതിനു തെളിവാണ് പ്രമുഖ നിരൂപകനായ പ്രൊഫ. എ പി പി നമ്പൂതിരിയുടെ അഭിപ്രായങ്ങള്‍:
''മലയാള സാഹിത്യം വളരെ അടുത്ത കാലത്ത് മാത്രമാണ് സവര്‍ണ മേധാവിത്വത്തിന്റെ പിടിയില്‍ നിന്നു വിട്ട് അവര്‍ണരുടെയും ഹൈന്ദവേതരരായ എഴുത്തുകാരുടെയും പരിലാളനകള്‍ക്ക് പാത്രമായത്. സാഹിത്യകാരന്മാര്‍ മിക്കവരും നമ്പൂതിരിമാരും തമ്പുരാക്കന്മാരും അമ്പലവാസികളും. അവര്‍ എഴുതുന്ന വിഷയങ്ങള്‍ ഒന്നുകില്‍ പച്ച ശൃംഗാരം, അല്ലെങ്കില്‍ ഭക്തിയോ വീരത്തെയോ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഹൈന്ദവ പുരാണകഥകള്‍... എന്നിവയായിരുന്നു'' (വള്ളത്തോള്‍ കവിതയിലെ മൂന്നു മുസ്‌ലിം കഥാപാത്രങ്ങള്‍, എ പി പി നമ്പൂതിരി, റൗദത്തുല്‍ ഉലൂം സുവനീര്‍ 1965, പേജ് 97).
ഈ പാരമ്പര്യത്തെ ഭേദിക്കാന്‍ ധൈര്യം കാണിച്ചത് മഹാകവി വള്ളത്തോള്‍ നാരായണ മേനോനാണ്. അദ്ദേഹത്തിന്റെ മൂന്നു ഖണ്ഡകാവ്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വവും തേജോന്മുഖതയും ഉല്ലേഖനം ചെയ്യുന്നവയാണ്. അവ 'സന്ധ്യാപ്രണാമം', 'ജാതകം തിരുത്തി', 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്നിവയാണ്.
മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കുന്ന 'ജോനകത്തരുണി'യുടെ വര്‍ണനയാണ് സന്ധ്യാ പ്രണാമത്തിന്റെ പ്രമേയം. നമസ്‌കാരത്തിലെ വിവിധ കര്‍മങ്ങള്‍ ഭക്തിപാരവശ്യത്തോടെ മുസ്‌ലിം തരുണി നിര്‍വഹിക്കുന്നത് ചേതോഹരമായ ശൈലിയില്‍ മഹാകവി ചിത്രീകരിക്കുമ്പോള്‍ അതിന്റെ വശ്യത അനുവാചകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു:
അല്‍പാല്‍പ സ്ഫുരി / താധരത്തളിരുമായ്
പാര്‍ശ്വസ്ഥലം രണ്ടിലും / പൊല്‍പാഥോരു
ഹമാലയോടു സമമാം / കൈ തൂക്കിയിട്ടാദരാല്‍.
നല്‍പാളുമുഖ / ചന്ദ്രമസ്സിനെ മരുന്‍
ക്കോണിന്നു / നേര്‍ക്കാക്കിയും
നില്‍പാണീയൊരു / ജോനകത്തരുണിയാ
ളുര്‍ജ്വായ / തോര്‍ഡാംഗിയായ്.
'ജാതകം തിരുത്തി'യെന്ന കവിത ഉമറി(റ)ന്റെ ഇസ്‌ലാം മതാശ്ലേഷത്തെ സംബന്ധിച്ചുള്ളതാണ്. ഒരു സായാഹ്നത്തില്‍ പ്രവാചകനെ വകവരുത്താന്‍ ഊരിയ വാളുമായി പുറപ്പെട്ട ഉമര്‍ വഴിയില്‍ വെച്ച് തന്റെ സഹോദരി ഫാത്വിമയും സ്യാലന്‍ സഈദും പ്രവാചകന്റെ അനുയായികളായ വിവരമറിയുന്നു. ക്രുദ്ധനായ ഉമര്‍ അവരുടെ വീട്ടിലേക്കു കുതിക്കുന്നു. ഖബ്ബാബ്(റ) ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുകയാണ് യുവതിയായ ഫാത്വിമ.
ആ മുഖത്ത് അപ്പോള്‍ കളിയാടിയിരുന്ന ശാന്തത കവി വര്‍ണിക്കുകയാണ്:
വളം മനോജന്നരുളുന്ന യൗവന-
പുളപ്പിലും ശാന്തത / പൂണ്ട് തന്മുഖം
മിളത്സു രോമാഞ്ചക / പോലെ പാളിയായ്
വിളങ്ങി വേദശ്രവണോ / ത്ഥ ഭക്തിയാല്‍.
ഉമര്‍ സ്യാലനെ ആക്രമിക്കുമ്പോള്‍ ഫാത്വിമ പ്രതിരോധിക്കുന്നു. ആ മല്‍പ്പിടിത്തത്തില്‍ ഉമറിന്റെ പ്രഹരമേറ്റു സഹോദരിയുടെ മൂര്‍ധാവില്‍ നിന്നു രക്തം പ്രവഹിക്കുന്നു. ഇത് ഉമറിനെ ഞെട്ടിച്ചു. അദ്ദേഹം പശ്ചാത്തപിക്കുന്നു. അത് അദ്ദേഹത്തിന്റെ മനഃപരിവര്‍ത്തനത്തിനും മതപരിവര്‍ത്തനത്തിനും ഇടയാക്കുന്നു. ഗദ്ഗദകണ്ഠനായ അദ്ദേഹം സഹോദരിയോട് പറയുകയാണ്:
പരം പവിത്രം തവ / ദീര്‍ഘദര്‍ശിതന്‍
ശിരസ്സുകൊയ്യുന്നതി / നുള്ള വാളിതാ
അരക്കമുല്‍പാടിതു / നിന്റെ ശോണിതോല്‍
ക്കരത്തില്‍ കഴുകുന്ന /തുണ്ടു ഞാന്‍
മൂന്നാമത്തെ ഖണ്ഡകാവ്യമായ 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' ഹുമയൂണ്‍ ചക്രവര്‍ത്തി ഒരു ഹൈന്ദവ സ്ത്രീയോടു കാണിച്ച ദയാദാക്ഷിണ്യത്തിന്റെ കഥയാണ്. അതേസമയം കവിത്രയത്തില്‍ പെട്ട ഉള്ളൂരോ കുമാരനാശാനോ മുസ്‌ലിംകളിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല; ആശാന്‍ 'ക്രൂര മുഹമ്മദനെ'ന്നു മുസ്‌ലിംകളെ അധിക്ഷേപിച്ചപ്പോളൊഴികെ. ഈ വള്ളത്തോള്‍ കവിതകള്‍ മലയാള വായനക്കാരില്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ-ക്രൈസ്തവര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചു ശരിയായ ധാരണ സൃഷ്ടിക്കാന്‍ സഹായിച്ചുവെന്നതില്‍ സംശയമില്ല. '
വക്കം മൗലവി
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ നിരവധി മുസ്‌ലിം സാഹിത്യകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ജന്മം നല്‍കി. എങ്കിലും അവര്‍ക്കിടയില്‍ കവികള്‍, കഥാകാരന്മാര്‍, നാടകകൃത്തുക്കള്‍ എന്നീ വിഭാഗത്തില്‍പെട്ട ഭാവനാത്മക സാഹിത്യകാരന്മാര്‍ വിരളമായിരുന്നു. സ്വദേശാഭിമാനി, ദീപിക, അല്‍അമീന്‍, ചന്ദ്രിക, മാപ്പിള റിവ്യൂ, പ്രഭാതം തുടങ്ങിയ പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകൃതമായത് ഈ കാലത്താണ്.
ഇതിന്റെ നേതൃത്വം കേരള മുസ്‌ലിം നവോത്ഥാന നായകനായ മൗലവിക്കു തന്നെ. അദ്ദേഹത്തിന്റെ പരിലാളനയില്‍ നിരവധി അനുഗൃഹീത സാഹിത്യകാരന്മാര്‍ ഉടലെടുത്തു. പ്രത്യേകിച്ചും ദക്ഷിണകേരളത്തില്‍ ഖുര്‍ആന്‍ പരിഭാഷകനായ വക്കം മുഹമ്മദ് മൈതീന്‍, മുഹമ്മദ് കണ്ണ്, മുഹമ്മദ് അബ്ദ്, മുഹമ്മദ് യൂസുഫ്. 'ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍' എന്ന കൃതിയുടെ കര്‍ത്താവായ വക്കം അബ്ദുല്‍ ഖാദിര്‍, മൗലവി മുഹമ്മദ് യൂസുഫ്, ഇടവ ജമാല്‍ തുടങ്ങിയവരാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഈ ഗണത്തില്‍ പെട്ടവര്‍.
ഹലീമാ ബീവിയുടെ മതപ്രബുദ്ധതയും പ്രതിബദ്ധതയും പ്രകടമാക്കുന്ന ലേഖനങ്ങള്‍ ആറു പതിറ്റാണ്ടു മുമ്പുതന്നെ പ്രസിദ്ധീകരിച്ചുവന്നു.
ശൈഖ് മുഹമ്മദ് അബ്ദുവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ലബനാന്‍ മുസ്‌ലിം നേതാവ് അമീര്‍ ശക്കീബ് അര്‍സലാന്റെ 'ലിമാദാ തഅഖ്ഖറല്‍ മുസ്‌ലിമൂന്‍' എന്ന അറബ് ഗ്രന്ഥം വക്കം മുഹമ്മദ് മൈതീന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അതിന്റെ പേര് 'എന്തുകൊണ്ട് മുസ്‌ലിംകള്‍ അധഃപതിച്ചു' എന്നായിരുന്നു.
വക്കം അബ്ദുശ്ശുകൂര്‍ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തിയപ്പോള്‍ അതൊരു ലോകോത്തര കൃതിയായി. യൂറോപ്പിലെ പൗരസ്ത്യ പഠനപീഠങ്ങള്‍ അതിപ്രധാനമായ സ്ഥാനമാണ് അതിനു നല്‍കിയത്. വക്കം മൗലവിയുടെ ആശയങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട പ്രതിഭാധനരായ എഴുത്തുകാരാണ് കെ എം സീതിസാഹിബും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
മലബാറില്‍ മലയാള പഠനത്തിനു പ്രചോദനം നല്‍കിയ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യന്മാരുടെ തൂലികാവിലാസവും ഈ കാലഘട്ടത്തിലെ മുസ്‌ലിം സാഹിത്യ പ്രവര്‍ത്തനം സമ്പുഷ്ടമാക്കി. കെ എം മൗലവി, ഇ കെ മൗലവി, എം സി സി അഹ്മദ് മൗലവി, എം അബ്ദുല്ലക്കുട്ടി മൗലവി, ഇ മൊയ്തു മൗലവി, പി കെ മൂസാ മൗലവി, സി എ മുഹമ്മദ് മൗലവി തുടങ്ങിയവരാണ് അവരില്‍ പ്രമുഖര്‍.
ഇവര്‍ മുഴക്കിയ നവോത്ഥാന കാഹളമേറ്റു വളര്‍ന്നവരാണ് അവരുടെ പിന്മുറക്കാരായ കെ കെ ജമാലുദ്ദീന്‍ മൗലവി, പി വി മുഹമ്മദ് മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി, സി എന്‍ അഹ്മദ് മൗലവി, മൗലവി മുഹമ്മദ് അമാനി, ടി മുഹമ്മദ് മൗലവി (കൊടിഞ്ഞി), ബിഎഎല്‍ടി വിദ്വാന്‍ ടി സി മമ്മി മുതലായവര്‍. (ലിസ്റ്റ് അപൂര്‍ണം).
ബഷീറിന്റെ സംഭാവന
വൈക്കം മുഹമ്മദ് ബഷീറാണ് ആദ്യത്തെ പൊതുധാരാ സര്‍ഗാത്മക മുസ്‌ലിം സാഹിത്യകാരന്‍. ബഷീര്‍ സാഹിത്യം നവോത്ഥാന പ്രബോധനമാണെന്നോ മതജാഗരണാഹ്വാനമാണെന്നോ അവകാശപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ പല കൃതികളിലും നവോത്ഥാനത്തിന്റെയും മുസ്‌ലിം സമൂഹത്തിലെ ജീര്‍ണതക്കെതിരെയുള്ള സമരാഹ്വാനത്തിന്റെയും ബീജങ്ങളുണ്ട്. അത് ചിലപ്പോള്‍ പരോക്ഷവും ചിലപ്പോള്‍ പ്രത്യക്ഷവുമാണ്.
'ബാല്യകാലസഖി'യിലും 'ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' എന്നതിലും സാമൂഹിക ജീര്‍ണതക്കെതിരെയുള്ള പോരാട്ടം ശക്തമായി നിലനിന്നിരുന്നു. 'ബാല്യകാലസഖി'യിലെ കഥാപാത്രങ്ങളായ മജീദും സുഹ്‌റയും മിഴിവും വ്യക്തിത്വവും മുസ്‌ലിം നാമസംസ്‌കൃതിയുടെ ചാരുത വിളംബരം ചെയ്യുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്.
മുമ്പത്തെ നോവലുകളില്‍ മുസ്‌ലിംകളുടെ റോള്‍ കോമാളിയുടെയോ പിശുക്കനും പച്ചപ്പരമാര്‍ഥിയുമായ മുതലാളിയുടെയോ കൃഷിക്കാരന്റെയോ ആയിരുന്നു. 'ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' എന്ന കഥയിലെ നിസാര്‍ അഹ്മദിന്റെ പാത്രസൃഷ്ടി അദ്ദേഹത്തെ ഒരു നവോത്ഥാന നായകനാക്കുന്ന വിധമാണ് ബഷീര്‍ നിര്‍വഹിച്ചിരിക്കുന്നത്.
'മാന്ത്രികപ്പൂച്ച'യിലൂടെ മഹാനായ ഈ കഥാകാരന്‍ അന്ധവിശ്വാസത്തെയും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഇടയില്‍ നിലനില്‍ക്കുന്ന ദുരഭിമാനത്തെയും വര്‍ഗീയ ചിന്തയെയും കണക്കിനു പരിഹസിച്ചിരിക്കുന്നു. മൊയ്തു പടിയത്ത്, യു എ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയ കഥാകൃത്തുക്കളും ഉജ്ജ്വല സാഹിത്യകാരന്മാരായി ഗണിക്കപ്പെടാവുന്നവരാണ്.
കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ 'ഹിയാലിലകത്ത് സൈനബ'യും 'ഖിള്ര്‍ നബിയെ കണ്ട നഫീസ'യും അന്ധവിശ്വാസത്തിനെതിരെയുള്ള സ്‌ഫോടന ദ്രവ്യങ്ങളാണെങ്കിലും അവ അറബിമലയാളത്തിലായത് അവയുടെ സംവേദനക്ഷമത പരിമിതമാക്കി. ചരിത്രകാരന്മാരായ ഡോ. സി കെ കരീമും പി എ സെയ്തു മുഹമ്മദും കെ കെ മുഹമ്മദ് അബ്ദുല്‍ കരീമും പി കെ മുഹമ്മദ് കുഞ്ഞിയും മുസ്‌ലിംകള്‍ക്ക് അവരുടെ സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാക്കി. അവരോടൊപ്പം ഒ അബു സാഹിബുമുണ്ട്.
വമ്പത്തീ നീയാണ് പെണ്ണ്
പി എന്‍ എം ആലിക്കോയയുടെ 'വമ്പത്തീ നീയാണ് പെണ്ണ്' എന്ന നാടകം സമ്പൂര്‍ണമായും ഇസ്‌ലാമിക ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് രചിക്കപ്പെട്ടതാണ്. മുത്ത്വലാഖും ചടങ്ങു നില്‍ക്കലുമാണ് അതിന്റെ പ്രമേയം. ഈ ഹീനകൃത്യങ്ങള്‍ക്കെതിരെ മുസ്‌ലിം മനഃസാക്ഷിയെ ദീപ്തമാക്കിയതില്‍ ഈ നാടകം വഹിച്ച പങ്ക് അദ്വിതീയമാണ്.
കെ ടി മുഹമ്മദിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകം ഒരു പരിധി വരെ നവോത്ഥാന പ്രക്രിയക്ക് സഹായകമായിട്ടുണ്ട്. വിദ്വാന്‍ ടി സി മമ്മി സാഹിബ് രചിച്ച 'അബ്ദുറസാഖ്' എന്ന നാടകം വിദ്യാഭ്യാസ ശത്രുക്കളോടുള്ള സമരപ്രഖ്യാപനമാണ്.
ഉബൈദും ബാപ്പുവും
മുസ്‌ലിം കേരളത്തിന്റെ പുസ്തകാലയമായ ടി ഉബൈദ് സാഹിബിന്റെ കാവ്യപ്രതിഭ ഇസ്‌ലാമിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും ആ കവിതകളിലെ ഊടും പാവുമാണ്. പുന്നയൂര്‍ക്കുളം ബാപ്പുവിന്റെ കവിതാ തല്ലജങ്ങള്‍ നവോത്ഥാന പ്രക്രിയയെ ത്വരിതപ്പെടുത്തി.
പി ടി അബ്ദുറഹ്മാന്‍ പ്രതിഭാശാലിയായ കവിയാണ്. ഗാനഗന്ധര്‍വന്മാരായ മെഹര്‍ (എസ് കെ എസ് ജലീല്‍) 'ആമിനക്കുട്ടി'യിലൂടെയും എസ് എ ജമീല്‍ കത്തുപാട്ടുകളിലൂടെയും നവോത്ഥാന കണങ്ങള്‍ പൊഴിച്ചുകൊണ്ടിരുന്നു.
ഹലീമാ ബീവി
മുസ്‌ലിം നവോത്ഥാന പ്രക്രിയയില്‍ വനിതകളും താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും പങ്കുവഹിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ ഹലീമാ ബീവിയുടെ മതപ്രബുദ്ധതയും പ്രതിബദ്ധതയും പ്രകടമാക്കുന്ന ലേഖനങ്ങള്‍ ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പത്രമാസികകളില്‍ സ്ഥലം പിടിച്ചിരുന്നു.
പ്രൊഫ. നബീസ ഉമ്മാള്‍, ഫാത്തിമ റഹ്മാന്‍, ഫാത്തിമ ഗഫൂര്‍, ഖമറുന്നിസ അന്‍വര്‍ എന്നിവര്‍ ഈ രംഗത്ത് മുദ്രപതിപ്പിച്ച വനിതാ നേതാക്കളാണ്. ബി എം സുഹ്‌റ തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും സാമൂഹിക ബാധ്യതയും പിറന്ന സമുദായത്തോടുള്ള കടപ്പാടും കൃത്യമായും വൃത്തിയായും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
മുഹമ്മദ് അമാനി മൗലവി, സി എന്‍ അഹ്മദ് മൗലവി, കെ ഉമര്‍ മൗലവി, മുട്ടാണിശ്ശേരില്‍ എം കോയാക്കുട്ടി മൗലവി തുടങ്ങിയ മണ്‍മറഞ്ഞ പണ്ഡിതന്മാരുടെ ഖുര്‍ആന്‍ ഭാഷ്യങ്ങള്‍ നവജാഗരണത്തിന് ഇടയാക്കിയിട്ടുണ്ടെന്നതും പ്രസ്താവ്യമാണ്. വാണിദാസ് എളയാവൂര്‍ നടത്തിയ ഖുര്‍ആന്റെ മൊഴിമാറ്റവും നവോത്ഥാന സാഹിത്യത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്.
സര്‍ഗാത്മക സാഹിത്യകാരന്മാരുടെ പ്രഥമ ശ്രേണിയിലാണ് പ്രമുഖ കവി യൂസഫലി കേച്ചേരിയും നോവലിസ്റ്റ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയുമെങ്കിലും ഈ പ്രകരണത്തില്‍ അവര്‍ക്കൊരിടം നല്‍കാന്‍ കഴിയാത്തത് മലയാള സാഹിത്യത്തിലുള്ള എന്റെ പരിമിതമായ അറിവു കൊണ്ടായിരിക്കാം, അല്ലെങ്കില്‍ അവരുടെ രചനയുടെ പ്രത്യേകത കൊണ്ടാകാം.
(2006 ജൂണ്‍ 2)
