ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഇംഗ്ലീഷുകാരുടെ ആഗമനത്തിനു മുമ്പും ഭരണകാലത്തും ഇന്ത്യയില്‍ അറബി, പാര്‍സി ഭാഷകളിലും ഉര്‍ദു തുടങ്ങിയ മറ്റു ഭാഷകളിലും ഇസ്‌ലാമിക സാഹിത്യങ്ങള്‍ പലതും ഉണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യരുടെ ഭരണമേധാവിത്വം പൗരസ്ത്യരുടെ ജീവിതത്തിന്റെ സര്‍വ വശങ്ങളെയും സ്വാധീനിക്കുകയുണ്ടായി. പാശ്ചാത്യരുടെ ഭാഷ, വേഷം, സംസ്‌കാരം എന്നിവയെല്ലാം പൗരസ്ത്യരില്‍ വേരുറച്ചു. ആംഗലേയ ആധിപത്യത്തിന്റെ ആരംഭത്തോടെ ഇന്ത്യയിലും ഈ മാറ്റം ദൃശ്യമായിത്തുടങ്ങി. വര്‍ഷങ്ങളോളം ഇന്ത്യയിലെ ഭരണഭാഷയായിരുന്ന പാര്‍സി പുറംതള്ളപ്പെട്ടു.
ഉദ്യോഗങ്ങളിലും ഉയര്‍ന്ന സ്ഥാനങ്ങളിലും ഇംഗ്ലീഷുകാര്‍ അവരോധിക്കപ്പെട്ടു. ഇംഗ്ലീഷ് കോളജുകളില്‍ നിന്നും യൂനിവേഴ്‌സിറ്റികളില്‍ നിന്നും പുറത്തുവരുന്നവര്‍ വിദ്വാന്മാരും മാന്യന്മാരുമായി ഗണിക്കപ്പെട്ടു. ക്രമേണ വിദ്യാസമ്പന്നരെന്ന് അറിയപ്പെടുന്നവരെല്ലാം പാശ്ചാത്യ ചിന്താഗതിക്കാരായി മാറി. അടുത്ത കാലം വരെയുള്ള നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ സംക്ഷിപ്ത രൂപമാണിത്.
ഇംഗ്ലീഷുകാരുടെ ആഗമനത്തിനു മുമ്പും അവരുടെ ഭരണകാലത്തും ഇന്ത്യയില്‍ അറബി, പാര്‍സി ഭാഷകളിലും ഉര്‍ദു തുടങ്ങിയ മറ്റു ഭാഷകളിലും ഇസ്‌ലാമിക സാഹിത്യങ്ങള്‍ പലതും ഉണ്ടായിരുന്നു. എന്നാല്‍, പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടരും നിമഗ്‌നരുമായവരെ ഇസ്‌ലാമിക ചിന്താഗതിയിലേക്ക് ക്ഷണിക്കാനോ ചേര്‍ക്കാനോ പ്രസ്തുത സാഹിത്യങ്ങള്‍ക്ക് സാധിച്ചില്ലെന്നതാണ് പരമാര്‍ഥം. ചുരുക്കത്തില്‍ പാശ്ചാത്യരുടെ നിരീശ്വര വിശ്വാസാധിഷ്ഠിതവും അനിസ്‌ലാമികവുമായ സംസ്‌കാരസരണിയില്‍ നിന്ന് യഥാര്‍ഥ ഇസ്‌ലാമിലേക്ക് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ പര്യാപ്തമായ സാഹിത്യങ്ങളുടെ അഭാവം മുമ്പു മുതല്‍ക്കേ അനുഭവപ്പെട്ടുകൊണ്ടിരുന്നു എന്നും മനസ്സിലാക്കാം.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അനിസ്‌ലാമിക വേലിയേറ്റത്തിനെതിരില്‍ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്താന്‍ ഉപകരിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ അനിവാര്യമായി വന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കാലത്തിന്റെ ഈ അടിയന്തര ആവശ്യങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ മുസ്‌ലിം എഴുത്തുകാര്‍എടുക്കുകയുണ്ടായില്ല.
ഭവിഷ്യത്തിനെപ്പറ്റിയുള്ള ദീര്‍ഘദൃഷ്ടിക്കുറവുകൊണ്ടോ, അതോ ഒഴുക്കിനെതിരില്‍ നീന്തേണ്ടതില്ലെന്നു കരുതിയോ എന്തോ കഴിഞ്ഞ കാലത്ത് പാശ്ചാത്യ സംസ്‌കാരത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്ന സാഹിത്യങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം എഴുത്തുകാരില്‍ നിന്ന് ഗണ്യമായി ഒന്നും ഉണ്ടായിട്ടില്ല. പാശ്ചാത്യ വിദ്യാസമ്പന്നരായ കഴിവുറ്റ സാഹിത്യകാരന്മാര്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഇല്ലാഞ്ഞിട്ടല്ല. മറ്റു കാര്യങ്ങള്‍ക്കായി തങ്ങളുടെ അദ്ഭുതകരമായ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചവര്‍ മുസ്‌ലിംകളില്‍ ഉണ്ടായിരുന്നു.

ഉന്നത ബിരുദധാരികളും അറിയപ്പെട്ട എഴുത്തുകാരും ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തം വിശ്വാസവും സംസ്‌കാരവും നാശമടയുന്നത് കാണാനോ കണ്ടിട്ട് ഗൗരവമായി എടുക്കാനോ അവരില്‍ പലര്‍ക്കും സാധിച്ചില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്. ഇംഗ്ലീഷില്‍ തന്നെ ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്തവര്‍ക്ക് ഇസ്‌ലാമിനു വേണ്ടി തങ്ങളുടെ 'ഇല്‍മും ഖലമും' ഉപയോഗിക്കാന്‍ സൗകര്യപ്പെടാതെപോയത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തിലെ ഒരു അപച്യുതിയായിപ്പോയെന്നു പറയാം.
19-ാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും പഠിച്ചവരുടെയും യോഗ്യരുടെയും ഭാഷയായി ഇംഗ്ലീഷ് ഉയര്‍ന്നു. അത് ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും ഭാഷയായി. ഇതര ഭാഷകളിലെ ഗ്രന്ഥങ്ങള്‍ എത്ര മെച്ചപ്പെട്ടതാണെങ്കിലും 'മാന്യ'ന്മാര്‍ക്ക് അതിനോട് മമത കുറഞ്ഞു. ഇംഗ്ലീഷില്‍ പ്രതിപാദിക്കുന്നതിനേ സ്വീകാര്യതയുള്ളൂ എന്നും വന്നു. ഇംഗ്ലീഷ് ബുദ്ധിജീവികളുടെ വ്യവഹാര ഭാഷയായി. ഈ ഘട്ടത്തില്‍ ഇംഗ്ലീഷില്‍ ആവശ്യമായ ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ മുസല്‍മാന്മാര്‍ ഇന്നു ലോക മുസ്‌ലിംകള്‍ക്കാകമാനം മാതൃകയാകുമായിരുന്നേനെ.
കാലത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെപോയ കഴിഞ്ഞ കാലത്തെ വിദ്യാസമ്പന്നരെ പഴിക്കുകയല്ല എന്റെ ഉദ്ദേശ്യം. എന്നാല്‍ അവരുടെ അശ്രദ്ധ മുസ്‌ലിം സംസ്‌കാരത്തിന്റെ ശ്രേയസ്സിനെ ഗണ്യമായി ബാധിച്ചുവെന്നും, അതേ നിലപാട് വര്‍ത്തമാനകാലത്തും തുടരുകയാണെങ്കില്‍ ഭാവിചരിത്രകാരന്‍ ഇന്നുള്ളവരെയും വെറുതെ വിടില്ലെന്നും ഉണര്‍ത്താനാണ് ഞാനിത് പറഞ്ഞത്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അനിസ്‌ലാമിക വേലിയേറ്റത്തിനെതിരെ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്താന്‍ ഉപകരിക്കുന്ന ആകര്‍ഷകമായ ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ അനിവാര്യമായി വന്നെങ്കിലും കാലത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ മുസ്‌ലിം എഴുത്തുകാര്‍ ഗൗരവത്തില്‍ എടുത്തില്ല.
ജസ്റ്റിസ് അമീര്‍ അലി സലാഹുദ്ദീന്‍ ഖുദാബക്ഷ്, യൂസുഫ് അലി, പിക്താള്‍, ഡോ. ഹമീദുല്ല, മുഹമ്മദ് അസദ്, മൗലവി മുഹമ്മദലി തുടങ്ങിയ പലരും ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താക്കളാണ്. ഇവരില്‍ അല്‍പം ചിലരുടെ ഗ്രന്ഥങ്ങളൊഴിച്ചാല്‍ മറ്റുള്ളത് അമുസ്‌ലിംകള്‍ക്കോ പാശ്ചാത്യ സംസ്‌കാര ഭ്രമമുള്ളവര്‍ക്കോ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ തികച്ചും ഉപകരിച്ചുവെന്നു പറഞ്ഞുകൂടാ.
പരിഷ്‌കൃതലോകത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ പര്യാപ്തമായ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ ആവശ്യകത മേല്‍ പ്രസ്താവിച്ചവരുടെ പ്രസിദ്ധീകരണങ്ങള്‍ കൊണ്ടും ശരിക്ക് പരിഹരിക്കപ്പെടുകയുണ്ടായില്ല.
ജസ്റ്റിസ് അമീര്‍ അലിയുടെ Spirit of Islam എന്ന ഗ്രന്ഥം ഇംഗ്ലീഷുകാരുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷയ്ക്കും നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും യൂസുഫലിക്കു വേറെയും ചില ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അവയൊന്നും ഖുര്‍ആന്‍ പരിഭാഷയോളം ശ്രദ്ധേയമല്ല.

സ്വതവേ ഇംഗ്ലീഷുകാരനായ പിക്താള്‍ ഇംഗ്ലീഷില്‍ അത്യാകര്‍ഷകമായ ഒരു ശൈലിയുടെ ഉടമയും നല്ല ഒരു സാഹിത്യകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷ ഇംഗ്ലീഷുകാരില്‍ നല്ല മതിപ്പുളവാക്കി. തന്നെ ഖുര്‍ആന്‍ പരിഭാഷ ചെയ്യാന്‍ പ്രേരിപ്പിച്ച കാര്യത്തെപ്പറ്റി പിക്താള്‍ ഒരിക്കല്‍ മൗലാനാ സയ്യിദ് സുലൈമാന്‍ നദ്‌വിക്ക് ഇങ്ങനെ എഴുതുകയുണ്ടായി:
''മുഹമ്മദലിയുടെ പരിഭാഷ ഇംഗ്ലീഷുകാരില്‍ വലിയ മതിപ്പ് ഉളവാക്കിക്കണ്ടില്ല. അതുകൊണ്ട് ആകര്‍ഷകമായ ഒരു ശൈലിയില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.'' പിക്താളിന്റെ ഭാഷ ഇംഗ്ലീഷുകാര്‍ക്ക് ഹൃദ്യമാണെന്നതില്‍ സംശയമില്ല. ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടിരുന്ന ഇസ്‌ലാമിക് കള്‍ചറല്‍ മാഗസിനിലും പിക്താള്‍ ഇസ്‌ലാമിക ലേഖനങ്ങള്‍ എഴുതിയിരുന്നു. യൂറോപ്യര്‍ക്കിടയില്‍ ഖുദാബക്ഷ് എന്ന പേരില്‍ അറിയപ്പെടുന്ന സലാഹുദ്ദീന്‍ ഖുദാബക്ഷ് ഇംഗ്ലീഷിലെ ഒരു ആധികാരിക എഴുത്തുകാരനാണ്.
യൂറോപ്പിലെ പല ഗ്രന്ഥകാരന്മാരും ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ ഉദ്ധരണികള്‍ ഉപയോഗിച്ചിട്ടുണ്ട്. ജര്‍മന്‍ ഭാഷാപണ്ഡിതനായ ഇദ്ദേഹം പല ജര്‍മന്‍ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഖുദാബക്ഷിന്റെ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെല്ലാം ഫിഖ്ഹില്‍ പരിമിതമായിരുന്നു. ഡോ. ഹമീദുല്ലാ സാഹിബിന്റെ Introduction to Islam സത്യാന്വേഷികള്‍ക്ക് ഒരുത്തമ ഗ്രന്ഥമാണ്. ഇദ്ദേഹം ഫ്രഞ്ച് ഭാഷയിലേക്ക് ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയെന്ന ബഹുമതി കൂടി നേടിയിട്ടുണ്ട്.
മുഹമ്മദ് അസദിന്റെ Islam at the Cross Roads എന്ന ഗ്രന്ഥം ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ പറ്റിയ ഒന്നാണ്. പിഴച്ച പാശ്ചാത്യന്‍ ചിന്താഗതികളെയും സമ്പ്രദായങ്ങളെയും സയുക്തം ഖണ്ഡിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം. അസദിന്റെ അനുപമസുന്ദരമായ പ്രതിപാദനരീതി ആരെയും ആകര്‍ഷിക്കാതിരിക്കില്ല. ഖ്വാജാ കമാലുദ്ദീന്റെ ഇംഗ്ലീഷ് ലേഖനങ്ങള്‍ പ്രത്യേക വീക്ഷണഗതിയുള്ളവയായിരുന്നെങ്കിലും ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ഒരതിരോളം ഉപകരിച്ചിട്ടുണ്ട്.

തന്റെ പ്രത്യേക ചിന്താഗതിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് സ്വതന്ത്ര വ്യാഖ്യാനത്തോടു കൂടിയുള്ള മുഹമ്മദലിയുടെ ഖുര്‍ആന്‍ പരിഭാഷ വിമര്‍ശനവിധേയമാണെങ്കിലും ഇസ്‌ലാമിനെ പൊതുവേ മനസ്സിലാക്കാന്‍ ഉപകരിച്ചിട്ടുണ്ട്.
ഖുര്‍ആനിന്റെ ഇംഗ്ലീഷ് തര്‍ജമയുടെയും വ്യാഖ്യാനത്തിന്റെയും കാര്യത്തില്‍ മൗലാനാ അബ്ദുല്‍ മജീദ് ദര്‍യാബാദിയുടെ തഫ്‌സീര്‍ മാജിദി വിലപ്പെട്ട ഒരു ഗ്രന്ഥമാണ്. അല്‍പം ചിലരുടെ പേരുകള്‍ പറഞ്ഞു എന്നല്ലാതെ വേറെയും പല പ്രമുഖരും ഇംഗ്ലീഷില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
എന്നാല്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രകാരം ഇസ്‌ലാമിനെ ഒന്നായി മനസ്സിലാക്കാനും അനിസ്‌ലാമിക ചിന്താഗതിയില്‍ നിന്ന് ഇസ്‌ലാമിക വീക്ഷണത്തിന്റെ സവിശേഷത ഉയര്‍ത്തിക്കാണിക്കാനും ഉതകുന്ന ഗ്രന്ഥങ്ങള്‍ വളരെ വിരളമായിരുന്നു. ഡോ. ഇഖ്ബാലിന്റെ 'മദ്രാസ് പ്രസംഗം' ഉന്നതമായ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ്.
സാധാരണക്കാര്‍ക്ക് വേഗം ദഹിക്കാന്‍ സാധിക്കാത്തതും വിദ്യാസമ്പന്നര്‍ക്ക് ചിന്തനീയവുമായ ഈ ഗ്രന്ഥം ഇസ്‌ലാമിക് ഫിലോസഫിയെ പരിചയപ്പെടാന്‍ പര്യാപ്തമാണ്. Religion of Islam ഒറ്റ നോട്ടത്തില്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു ഗ്രന്ഥമാണ്.
ആധുനിക യുഗത്തില്‍ ബുദ്ധിജീവികള്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ നദ്‌വത്തുല്‍ ഉലമയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ഇംഗ്ലീഷ് സാഹിത്യങ്ങള്‍ വളരെ നല്ല പങ്കുവഹിച്ചിട്ടുണ്ട്. സി എന്‍ അഹ്മദ് മൗലവിയുടെ 'ഇസ്ലാമിലെ സാമ്പത്തിക പദ്ധതി'യുടെ ഇംഗ്ലീഷ് വിവര്‍ത്തനം സാമ്പത്തിക ശാസ്ത്രരംഗത്ത് വിലപ്പെട്ട ഒരു മുതല്‍ക്കൂട്ടാണ്.
അദ്ദേഹത്തിന്റെ തന്നെ 'ഇസ്‌ലാം ഒരു സമഗ്ര പഠന'ത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ ഗ്രഹിക്കാന്‍ സഹായകമായിരിക്കും. ഇംഗ്ലീഷിന്റെ മഹനീയതക്ക് മങ്ങലേല്‍ക്കാത്ത ഇക്കാലത്തും ഇസ്‌ലാമിക സാഹിത്യങ്ങള്‍ വിശിഷ്യാ ഇസ്‌ലാമിനെതിരില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കുന്ന സാഹിത്യങ്ങള്‍ ധാരാളം പുറത്തുവരേണ്ടതായിട്ടുണ്ട്. ഭാഗ്യവശാല്‍ ഇന്ന് അതിനു കഴിവുള്ള പലരും നമ്മുടെ സമുദായത്തിലുണ്ട്.
അവര്‍ ഈ വഴിക്ക് ചിന്തിക്കുമെങ്കില്‍ അത് നമുക്ക് വലിയൊരു നേട്ടമായിരിക്കും. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരുന്ന Board of Islamic Publications ഇംഗ്ലീഷില്‍ ഏതാനും നല്ല പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
(1980 ഫെബ്രുവരി 17)