വക്കം മൗലവിയുടെ നേതൃത്വത്തിലുള്ള പ്രസാധന പൈതൃകമാണ് കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക മൂലധനം


പ്രിന്റ് മോഡേണിറ്റിയുടെ കാലത്താണ് നവോത്ഥാന ആശയങ്ങളുടെ പ്രസാരണത്തിനായി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉദയം ചെയ്തത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രം പ്രസിദ്ധീകരണങ്ങളുടെ കൂടി ചരിത്രമാണ്.

ലയാളത്തിലെ ഇസ്‌ലാമിക വായനയുടെ ചരിത്രം നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് വേരുള്ളതാണ്. അറബിയും അറബി മലയാളവുമായിരുന്നു ആദ്യകാലത്ത് മുസ്‌ലിം എഴുത്തുകാരുടെ അവലംബ ഭാഷ. ചാര്‍ ദര്‍വേസ്, കിനാവിന്റെ തഅ്ബീര്‍ പോലുള്ള കൃതികള്‍ ആ കാലത്തെ അക്ഷരപൈതൃകത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലിം പണ്ഡിതന്മാര്‍ മിക്കവരും അറബി ഭാഷയിലാണ് രചന നടത്തിയിരുന്നത്.