പ്രതിസന്ധികള്‍ കുടുംബത്തെ എങ്ങനെ കരുത്തുറ്റതാക്കുന്നു?


പരസ്പരം അറിയാനും മനസ്സിലാക്കാനും പിന്തുണയ്ക്കാനും കഴിയുമ്പോഴാണ് കുടുംബം ശക്തമാകുന്നത്.

ജീവിതത്തില്‍ എല്ലാം സാധാരണഗതിയില്‍ മുന്നോട്ടുപോകുമ്പോള്‍, ഒരു ദിവസം അപ്രതീക്ഷിതമായൊരു വാര്‍ത്ത അതിനെ പൂര്‍ണമായി മാറ്റിമറിക്കാം. രോഗം, അപകടം, കടബാധ്യത, അല്ലെങ്കില്‍ ബന്ധത്തിലെ പൊട്ടിത്തെറി. അത്തരം നിമിഷങ്ങളിലാണ് പലപ്പോഴും കുടുംബത്തിന്റെ യഥാര്‍ത്ഥ ശക്തി പരീക്ഷിക്കപ്പെടുന്നത്.

മുപ്പത്തിയഞ്ചുകാരിയായ ആയിശയുടെ ജീവിതം സന്തോഷപൂര്‍ണമായിരുന്നു. നല്ല ജോലി, സ്നേഹനിധിയായ ഭര്‍ത്താവ്, രണ്ടു കുഞ്ഞുങ്ങള്‍. പെട്ടെന്നൊരു ദിവസം, ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് അവരുടെ ലോകം കീഴ്മേല്‍ മറിച്ചിട്ടു. ഭര്‍ത്താവിന് ഗുരുതരമായ അസുഖം. ചികിത്സച്ചെലവ് ആകാശം തൊടുന്നു, ജോലി വിടേണ്ടി വന്നു, കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍. ഈ നിമിഷത്തില്‍ കുടുംബം എന്താണ് ചെയ്യേണ്ടത്?

അസീസിന്റെ കുടുംബം സാധാരണ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു. എല്ലാം സുഗമമായി നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തില്‍ വിനയായത് വീട് പണി. വായ്പയുടെ ഭാരം, കൂട്ടിച്ചേര്‍ന്ന അധിക ചെലവുകള്‍, കരാറുകാരുമായുള്ള തര്‍ക്കങ്ങള്‍, പതുക്കെ കുടുംബത്തില്‍ പിരിമുറുക്കം കയറിവന്നു. അയാള്‍ ഒന്നും മിണ്ടാതായി, ഭാര്യ അമിതമായി ആശങ്കപ്പെട്ടു. മക്കളുടെ പഠനത്തെപോലും ബാധിച്ചു തുടങ്ങി.

പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഒരു കുടുംബത്തെ മുഴുവന്‍ ഉലക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതുപോലുള്ള പ്രതിസന്ധികള്‍ മിക്ക കുടുംബങ്ങളും ചിലപ്പോള്‍ നേരിടുന്നത്.

അപകടം, സാമ്പത്തിക തകര്‍ച്ച, അപ്രതീക്ഷിതമായ രോഗം, ജോലി നഷ്ടം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, ബന്ധങ്ങളിലെ വിള്ളല്‍- ജീവിതത്തിന്റെ ഏതുഘട്ടത്തിലും നമുക്ക് പ്രതിസന്ധികളെ നേരിടേണ്ടി വരാം.

സാമ്പത്തികമോ, ശാരീരികമോ, മാനസികമോ, സാമൂഹികമോ ആയ ഈ പ്രതിസന്ധികളില്‍ ആദ്യം എത്തിച്ചേരേണ്ടുന്ന രക്ഷാസംഘം കുടുംബം തന്നെയാണ്. ഏതൊരു രൂപത്തിലും പ്രതിസന്ധികല്‍ വരാം. പക്ഷേ, ഏതുവിധേനയും അതിനെ നേരിടാനുള്ള ശക്തി കുടുംബത്തിനുണ്ട് എന്നറിയുക വളരെ പ്രധാനമാണ്.

കുടുംബ പ്രതിസന്ധി

കുടുംബ പ്രതിസന്ധി ഒരു വൈകാരിക സംഘര്‍ഷാവസ്ഥ കൂടിയാണ്. അത് കുടുംബത്തിലെ ഓരോ അംഗത്തെയും പലവിധത്തില്‍ ബാധിക്കുന്നു. അത് അവരുടെ ജീവിതരീതിയെ തന്നെ മാറ്റി മറിച്ചേക്കാം. കുടുംബം തകര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്.

ദീര്‍ഘകാല രോഗങ്ങളോ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രശ്നങ്ങളോ പോലെ അവ കാലക്രമേണ വലിയ ബാധ്യതകളിലേക്ക് തള്ളിവിട്ടേക്കാം. ഇത്തരം പ്രതിസന്ധികളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാനാവണം. പ്രയാസകാലത്ത് കുടുംബാംഗങ്ങള്‍ പരസ്പരം താങ്ങും തണലുമാവേണ്ടതിന് ഈ തിരിച്ചറിവ് അനിവാര്യമാണ്.

ആശ്രയമാകണം കുടുംബം

കുടുംബം ഒരു അംഗത്തിന്റെ രക്ഷകനാകാന്‍ ശ്രമിക്കേണ്ടതില്ല. പക്ഷേ, ഒരു നങ്കൂരമാകണം. കൊടുങ്കാറ്റില്‍ കപ്പലിനെ നിലനിര്‍ത്തുന്ന നങ്കൂരംപോലെ. വൈകാരിക സുരക്ഷിതത്വം നല്‍കുന്ന, പ്രായോഗിക സഹായം നല്‍കുന്ന, ജീവിതത്തിന്റെ തുടര്‍ച്ച കാത്തുസൂക്ഷിക്കുന്ന ഒരു ആശ്രയമാകണം.

ഒരാള്‍ മാനസികാരോഗ്യ പ്രശ്നങ്ങളോ സാമ്പത്തിക സമ്മര്‍ദമോ നേരിടുമ്പോള്‍ മുന്‍വിധിയില്ലാത്ത ബന്ധുവിന്റെ സാന്നിധ്യം ഒരു ജീവരക്ഷാവലയമാകും. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍വിധി കൂടാതെ കൂടെ നില്‍ക്കുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മാനസിക ആരോഗ്യ പ്രശ്നങ്ങളിലോ സാമ്പത്തിക പരാജയങ്ങളിലോ. '

നീ എന്തിനാണ് ഇങ്ങനെ ചെയ്തത്?' എന്നതിനേക്കാള്‍ 'ഞാനിവിടെയുണ്ട്, നമുക്കിത് ഒന്നിച്ച് കൈകാര്യം ചെയ്യാം' എന്ന് പറയാനുള്ള മനസ്സുണ്ടാകണം. എല്ലാവര്‍ക്കും സത്യസന്ധമായി വികാരങ്ങള്‍ പ്രകടിപ്പിക്കാനും പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാനും കുടുംബത്തില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടതും വളരെ പ്രധാനമാണ്.

പ്രതിസന്ധികള്‍ എങ്ങനെ നേരിടാം?

സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടം, കടബാധ്യത, വീട് നിര്‍മ്മാണത്തിലെ അനന്ത ചെലവുകള്‍ തുടങ്ങിയവ ഒരാളെ മാത്രമല്ല, അയാളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും ഗുരുതരമായി ബാധിക്കും. അത് ബന്ധങ്ങളിഷ വിള്ളലുകളുണ്ടാക്കും. പരസ്പരം കുറ്റപ്പെടുത്തല്‍, നിശബ്ദത, ഒറ്റപ്പെടല്‍ എന്നിവ സാധാരണ പ്രതികരണങ്ങളാണ്.

ആരോഗ്യകരമായ പ്രതികരണം

സാമ്പത്തിക കാര്യങ്ങള്‍ തുറന്നു സംസാരിക്കുക. പ്രായപൂര്‍ത്തിയായ എല്ലാവരും യാഥാര്‍ഥ്യങ്ങള്‍ അറിയണം. ബജറ്റ് ഒരുമിച്ച് തയ്യാറാക്കുക. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. സാമ്പത്തിക ഉപദേശം തേടുക. എല്ലാവര്‍ക്കും ചെയ്യാവുന്ന ചെറിയ സംഭാവനകള്‍ പോലും ഇവിടെ വിലപ്പെട്ടതാണ്.

ശാരീരിക പ്രതിസന്ധി

ഗുരുതരമായ അസുഖം, വൈകല്യം, അപകടം - ഇവ കുടുംബത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കും. ഈ സമയം ചിലര്‍ യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കും, മറ്റു ചിലര്‍ എന്തു ചെയ്യണമെന്നറിയാതെ പിന്‍വാങ്ങും.

ആരോഗ്യകരമായ പ്രതികരണം

ചുമതലകള്‍ പങ്കിടുക. ഒരാളുടെ മേല്‍ മാത്രം എല്ലാ ഭാരവും ഏല്‍പ്പിക്കരുത്. രോഗിയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക. അവരെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുക. അവര്‍ക്ക് എടുക്കാവുന്ന തീരുമാനങ്ങളില്‍ പങ്കാളികളാക്കുക.

സ്വയം പരിപാലനം മറക്കരുത്. നിങ്ങള്‍ തളര്‍ന്നാല്‍, നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കാനാവില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

മാനസികാരോഗ്യ വെല്ലുവിളികള്‍

വിഷാദം, ഉത്കണ്ഠ, ബേണ്‍ഔട്ട് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴും പലരും മറച്ചുവെയ്ക്കുന്നു. കുടുംബത്തില്‍ ആരെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, അവരെ 'മടിയന്‍' അല്ലെങ്കില്‍ 'ബലഹീനന്‍' എന്ന് മുദ്രകുത്തുന്നത് ആപത്താണ്.

ആരോഗ്യകരമായ പ്രതികരണം
മുന്‍വിധിയില്ലാതെ കേള്‍ക്കുക, അവരുടെ വികാരങ്ങള്‍ സാധുവാണെന്ന് അംഗീകരിക്കുക. പ്രൊഫഷണല്‍ സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുക. മാനസികാരോഗ്യ ചികിത്സയെ സാധാരണവല്‍ക്കരിക്കുക. അത് ശാരീരികാരോഗ്യ ചികിത്സ പോലെ പ്രധാനമാണ് എന്നറിയുക.

ബന്ധങ്ങളിലെ മാറ്റങ്ങള്‍

വിവാഹം, വിവാഹമോചനം, മരണം - ഇവയെല്ലാം കുടുംബത്തിന്റെ ഘടനയെ മാറ്റുമെന്നതില്‍ സംശയമില്ല. പുതിയ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നത് പലപ്പോഴും പലര്‍ക്കും വെല്ലുവിളിയാണ്.

ആരോഗ്യകരമായ പ്രതികരണം

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക. ദുഃഖം, കോപം, ആശയക്കുഴപ്പം - എല്ലാം സ്വാഭാവികമാണ്.
പുതിയ ചുമതലകള്‍ പങ്കിടുക. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താതിരിക്കുക. പുതിയ ദിനചര്യകള്‍ സൃഷ്ടിക്കുക. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക. മരണ സാഹചര്യത്തില്‍, ഓര്‍മകള്‍ പങ്കിടുക. സങ്കടത്തില്‍ പങ്കുചേരുക.

പ്രായോഗിക പരിഹാരങ്ങള്‍

സുരക്ഷിത ഇടം സൃഷ്ടിക്കുക, പ്രതിസന്ധി സമയത്ത് കുടുംബത്തിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ലജ്ജയില്ലാതെ പ്രകടിപ്പിക്കാന്‍ കഴിയണം. ആഴ്ചതോറും കുടുംബ യോഗം നടത്തുക. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുക. ചുമതലകള്‍ വിവേകപൂര്‍വം പങ്കിടുക.

ഒരുമിച്ച് വിഷമങ്ങളുടെ ഭാഗമാവുക, വികാരങ്ങള്‍ പങ്കുവെക്കുക. തീരുമാനങ്ങള്‍ എപ്പോഴും ജനാധിപത്യപരമാവുക, വാക്ക് പാലിക്കുക.

ഒരാള്‍ക്ക് എല്ലാം കൊണ്ടുനടക്കാന്‍ കഴിയില്ല. പ്രായോഗിക ജോലികള്‍ (പാചകം, ശുചീകരണം, കുട്ടികളെ കൈകാര്യം ചെയ്യല്‍) പങ്കിടുക. വൈകാരിക പിന്തുണയും ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല എന്നറിയുക.

ബാഹ്യസഹായം

കുടുംബത്തിന് വേണ്ടതെല്ലാം സ്വന്തമായി കൈകാര്യം ചെയ്യണമെന്ന നിര്‍ബന്ധം പിടിക്കരുത്. സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സാമ്പത്തിക ഉപദേഷ്ടാവ്, മത നേതാക്കള്‍ എന്നിങ്ങനെ ആവശ്യമുള്ളവരെ ആവശ്യാനുസരണം സമീപിക്കാവുന്നതും ഉപദേശ നിര്‍ദേശവും സഹായവും തേടാവുന്നതുമാണ്.

കൗണ്‍സലിംഗ്, തെറാപ്പികള്‍, ആത്മീയ മാര്‍ഗനിര്‍ദേശം - ഇവയെല്ലാം സ്വാഭാവികവല്‍ക്കരിക്കുക. പ്രതിസന്ധി സമയത്ത് ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍, പ്രദേശത്തെ കമ്മ്യൂണിറ്റി സെന്ററുകള്‍, ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സാധ്യതകള്‍ തുടങ്ങിയ ഫലപ്രദമായ സേവനങ്ങള്‍ ഉപയോഗിക്കുക.

ഒന്നിച്ചു ജീവിക്കുക

ഒരുമിച്ചുള്ള ഭക്ഷണം, പ്രാര്‍ഥന, വാരാന്ത്യ സംസാരങ്ങള്‍ തുടങ്ങിയ ശീലങ്ങള്‍ പലപ്പോഴും കുടുംബബന്ധത്തെ ഊഷ്മളമാക്കും. പ്രത്യേകിച്ച് പ്രതിസന്ധി സമയത്ത് ഈ ശീലങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

കേള്‍ക്കുക അംഗീകരിക്കുക

കേള്‍ക്കപ്പെടുക എന്നത് പലപ്പോഴും സഹായിക്കപ്പെടുന്നതിനേക്കാള്‍ ആശ്വാസകരമാവും. നമ്മള്‍ എപ്പോഴും പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നില്ല. ചിലപ്പോള്‍ വെറുതെ കൂടെ ഇരിക്കുക, കേള്‍ക്കുക, കൈപിടിക്കുക - അത്രയും മതിയാകും.

ഉദാഹരണം: നാല്‍പ്പതുകാരനായ ഇസ്ഹാഖ് ജോലി നഷ്ടപ്പെട്ടപ്പോള്‍ വീട്ടില്‍ ആരോടും പറഞ്ഞില്ല. ആഴ്ചകളോളം അദ്ദേഹം ജോലിക്ക് എന്ന വ്യാജേന പുറത്തുപോയി തിരിച്ചുവരുന്നതായി അഭിനയിച്ചു. ഒടുവില്‍ ഭാര്യ സുഹറ അത് ശ്രദ്ധിച്ചു. അവള്‍ മുന്‍വിധിയോടെ സംസാരിച്ചില്ല, കുറ്റപ്പെടുത്തിയില്ല. പകരം 'ഞാനുണ്ട് കൂടെ' എന്ന് പറഞ്ഞു വെറുതെ കൂടെയിരുന്നു. ആ ലളിതമായ അംഗീകാരം ഇസ്ഹാഖിനു പുതിയ തുടക്കത്തിന് മനഃശക്തിയും ഊര്‍ജവും നല്‍കി.

കുടുംബം പ്രതിസന്ധിയിലാകുമ്പോള്‍

ചിലപ്പോള്‍ പ്രതിസന്ധി ഒരാളുടേതു മാത്രമാകില്ല, അത് മുഴുവന്‍ കുടുംബത്തിന്റേതുമാവാം. വീട് നിര്‍മാണത്തിലെ നീണ്ട സമ്മര്‍ദമാകാം, കുടുംബനാഥന്റെ മരണമാകാം, പാരമ്പര്യ സ്വത്തിലെ തര്‍ക്കങ്ങളാകാം- ഇവയെല്ലാം കൂട്ടായ പ്രതിസന്ധികളാണ്.

ഇത്തരം സമയങ്ങളില്‍ ഒരുമിച്ച് വിഷമങ്ങളുടെ ഭാഗമാവുക, വികാരങ്ങള്‍ പങ്കുവെക്കുക. തീരുമാനങ്ങള്‍ എപ്പോഴും ജനാധിപത്യപരമായി എടുക്കുക, വാക്ക് പാലിക്കുക.

പഴയ വഴക്കുകളും പരിഭവങ്ങളും മാറ്റിവെക്കുക, ഇപ്പോഴത്തെ പ്രശ്‌നത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. വിശ്വാസം വീണ്ടെടുക്കാന്‍ മതിയായ സമയമെടുക്കുക.

ചെറിയ വിജയങ്ങള്‍ ആഘോഷിക്കുക

പ്രതിസന്ധി സമയത്ത് എല്ലാം നമുക്ക് ഇരുണ്ടതായി തോന്നാം. എന്നിരുന്നാലും കുടുംബത്തിലെ ചെറിയ ചെറിയ വിജയങ്ങള്‍ പോലും ശ്രദ്ധിക്കുക. നേട്ടങ്ങള്‍ അംഗീകരിക്കുക, ആഘോഷിക്കുക. അവ പ്രചോദനം നല്‍കും. പ്രതിസന്ധിയില്‍ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം എന്നിവ അവഗണിക്കപ്പെടും. എന്നാല്‍ ഇവ വളരെ പ്രധാനമാണ് എന്നറിയുക.

പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുക

പ്രതിസന്ധി വരുന്നതിനു മുന്‍പ് തന്നെ പദ്ധതി തയ്യാറാക്കുക. അടിയന്തര ഫണ്ട് സ്വരൂപിക്കുക (കുറഞ്ഞത് ആറു മാസത്തെ ചെലവ്). പ്രധാന രേഖകള്‍ (ഇന്‍ഷുറന്‍സ്, ബാങ്ക് വിവരങ്ങള്‍) സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക. അടിയന്തര ഘട്ടത്തില്‍ വിളിക്കാവുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി വെക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക.

കുടുംബത്തിന്റെ യഥാര്‍ഥ മൂല്യം സന്തോഷ നിമിഷങ്ങളില്‍ മാത്രം പ്രകടമാകുന്നില്ല. വേദനയും പ്രതിസന്ധിയും എങ്ങനെ നേരിടുന്നു എന്നതു കൂടി പരിഗണിച്ചാണ് കുടുംബത്തിന്റെ കെട്ടുറപ്പ് ബോധ്യപ്പെടുക.

പരസ്പരം മനസ്സിലാക്കാനും പിന്തുണയ്ക്കാനും കഴിയുമ്പോഴാണ് കുടുംബം ശക്തമാകുന്നത്. ഇന്ന് അനുഭവിക്കുന്ന വേദന നാളെയുടെ ശക്തിയാകട്ടെ, കാരണം ഇതും കടന്നുപോകും. നിങ്ങള്‍ ഒറ്റയ്ക്കല്ല; കുടുംബത്തിലെ സ്നേഹവും സഹാനുഭൂതിയും എന്നും നിങ്ങളെ ചുറ്റിയിരിക്കും. അതിനായി ഒന്നും പ്രതീക്ഷിക്കാതെ, കുടുംബത്തിലെ ഓരോരുത്തരെയും സ്നേഹത്തോടെ പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുക, അതാണ് കുടുംബത്തിന്റെ യഥാര്‍ഥ സൗന്ദര്യം.

Email: AnwarKarakkadan@gmail.com


അന്‍വര്‍ കാരക്കാടന്‍ CEO: OXYPROMPT GLOBAL, Professional Social Worker, Child Adolescent and Relationship Counsellor