ഇബാദത്തുകള്‍ നിര്‍വഹിക്കണമെങ്കില്‍ സ്പഷ്ടമായ തെളിവുകള്‍ നിര്‍ബന്ധമാണ്. പ്രവാചകന്‍ ഒരു സുന്നത്ത് നമസ്‌കാരം വാചികമായോ പ്രവൃത്തി കൊണ്ടോ പഠിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ നിര്‍വഹിക്കുകയും ഇല്ലെങ്കില്‍ തള്ളിക്കളയുകയും വേണം.
ചോദ്യം: ദുഹ്റിനു മുമ്പ് രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നമസ്‌കാരം ഉണ്ടല്ലോ. സ്വാഭാവികമായും ജുമുഅക്കും ഇത് ഉണ്ടാവുമല്ലോ. സമസ്തക്കാരുടെ പള്ളികളില്‍ വെള്ളിയാഴ്ച ബാങ്കിനു ശേഷം സുന്നത്ത് നമസ്‌കരിക്കാനുള്ള സമയം അനുവദിക്കാറുണ്ട്. ഇതിനു ശേഷമാണ് ഖുത്ബ ആരംഭിക്കുക. എന്നാല്‍, മുജാഹിദ് പള്ളികളില്‍ ദുഹര്‍ ബാങ്ക് കൊടുക്കുന്നതു തന്നെ ഖതീബ് മിന്‍ബറില്‍ കയറിയതിനു ശേഷമാണ്. ഇവിടെ ഈ സുന്നത്ത് നമസ്‌കരിക്കാന്‍ സമയം ലഭിക്കുന്നില്ല. ഈ നടപടി സുന്നത്ത് നമസ്‌കരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയല്ലേ.
ഉത്തരം: അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ച ഒരു നമസ്‌കാരമോ പുണ്യകര്‍മമോ നിര്‍വഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നവരല്ല നാം. മറിച്ച് അത്തരം നന്മകള്‍ക്ക് മാതൃക കാണിക്കുന്നവരും പ്രചോദനം നല്‍കുന്നവരുമാണ് യഥാര്‍ഥ മുജാഹിദുകള്‍.
വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് പള്ളിയില്‍ കയറിയാലുള്ള തഹിയ്യത്ത് നമസ്‌കാരമൊഴികെ മറ്റൊരു പ്രത്യേക സുന്നത്ത് നമസ്‌കാരവും നബി (സ) പഠിപ്പിച്ചിട്ടില്ല. ദുഹറിന് മുമ്പ് സുന്നത്ത് നമസ്‌കാരം ഉണ്ട്, അപ്പോള്‍ ജുമുഅക്ക് മുമ്പും സുന്നത്ത് നമസ്‌കാരമുണ്ടാകുമെന്ന വിധത്തിലുള്ള അനുമാനം ശരിയല്ല.
മാത്രമല്ല നമസ്‌കാരം പോലെയുള്ള ഇബാദത്തുകള്‍ ഖിയാസ് ചെയ്യാന്‍ പാടില്ല, ഖിയാസ് ചെയ്തുകൊണ്ട് നമസ്‌കാരം നിര്‍വഹിച്ചു കൂടാ. ഇബാദത്തുകള്‍ നിര്‍വഹിക്കണമെങ്കില്‍ സ്പഷ്ടമായ തെളിവുകള്‍ നിര്‍ബന്ധമാണ്.
പ്രവാചകന്‍ അങ്ങനെ ഒരു സുന്നത്ത് നമസ്‌കാരം വാചികമായോ പ്രവൃത്തി കൊണ്ടോ പഠിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ സുന്നത്ത് ആണെന്ന് മനസ്സിലാക്കുകയും ഇല്ലെങ്കില്‍ അങ്ങനെ ഒരു സുന്നത്തില്ലെന്ന് ഗ്രഹിക്കുകയുമാണ് വേണ്ടത്. ഏതൊരു ആരാധനാ കര്‍മത്തിനും കൃത്യവും വ്യക്തവും സ്ഥിരപ്പെട്ടതുമായ തെളിവ് അനിവാര്യമാണ്. ജുമുഅക്ക് മുമ്പ്, ബാങ്ക് വിളിച്ച ഉടനെ രണ്ട് റക്അത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ പഠിപ്പിക്കുന്ന ഒരൊറ്റ ഹദീസും സ്വീകാര്യമായ നിലയില്‍ വന്നിട്ടില്ല.
قال الإمام ابن تيمية رحمه الله: "إن النبي صلى الله عليه وسلم لم يكن يصلي قبل الجمعة بعد الأذان شيئًا، ولا نُقل هذا عنه أحد، فإن النبي صلى الله عليه وسلم كان لا يؤذن على عهده إلا إذا قعد على المنبر. (فتاوى ابن تيمية)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റ) രേഖപ്പെടുത്തുന്നു: നിശ്ചയം ജുമുഅക്ക് മുമ്പ് ബാങ്ക് വിളിച്ച ശേഷം നബി (സ) യാതൊരു നമസ്‌കാരവും നിര്‍വഹിച്ചിരുന്നില്ല, അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊന്ന് ആരും ഉദ്ധരിച്ചിട്ടുമില്ല. തീര്‍ച്ചയായും നബി(സ)യുടെ കാലഘട്ടത്തില്‍ അദ്ദേഹം മിന്‍ബറില്‍ ഇരുന്ന ശേഷമല്ലാതെ ബാങ്ക് വിളിക്കുമായിരുന്നില്ല.
(ഫതാവ ഇബ്‌നു തൈമിയ്യ)
قال ابن حجر: (وأمَّا سُنَّة الجمعة التي قبلها فلم يثبُتْ فيها شيء). ((فتح الباري))
ശാഫി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു: എന്നാല്‍ ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്‌കാരത്തിനായി യാതൊരു തെളിവും സ്ഥിരപ്പെട്ട് വന്നിട്ടില്ല. (ഫതുഹുല്‍ ബാരി)
قال الإمام ابن القيم رحمه الله: "كان بلال إذا فرغ من أذان الجمعة أخذ النبي صلى الله عليه وسلم في الخطبة، ولم يقُمْ أحد يركع ركعتين البتة، ولم يكن الأذان إلا واحدًا. (زاد المعاد)
ഇമാം ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു: ബിലാല്‍ (റ) ജുമുഅക്ക് ബാങ്ക് വിളിച്ചു കഴിഞ്ഞാല്‍ നബി (സ) ഖുതുബ ആരംഭിക്കുമായിരുന്നു, ഒരാളും ആ സമയത്ത് രണ്ട് റക്അത്ത് നമസ്‌കരിക്കുമായിരുന്നില്ല. അന്ന് ഒരു ബാങ്ക് മാത്രമായിരുന്നു. (സാദുല്‍ മആദ്)
ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്‌കാരമില്ലെന്ന് ശൈഖ് ഇബ്‌നു ബാസും പഠിപ്പിച്ചിട്ടുണ്ട്. ആധുനികരും പൗരാണികരുമായ നിരവധി പണ്ഡിതന്മാര്‍ ഇങ്ങനെ ഒരു സുന്നത്തില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
ജുമുഅക്ക് മുമ്പ് പ്രത്യേക സുന്നത്ത് നമസ്‌കാരമില്ലെന്ന് അനവധി പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. ഇമാം ശൗക്കാനി നൈലുല്‍ ഔത്വാറില്‍ ഇമാം ഇറാഖിയുടേത് ഉള്‍പ്പെടെ ഉദ്ധരിച്ച് കൊണ്ട് അത് വ്യക്തമാക്കുന്നു. കൂടാതെ ഇമാം റഷീദ് റിദായും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സയ്യിദ് സാബിഖ് ഫിഖ്ഹു സുന്നയിലും വ്യക്തമാക്കിയിട്ടുണ്ട്.
ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്‌കാരമില്ലെന്ന് ശൈഖ് ഇബ്‌നു ബാസും പഠിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ആധുനികരും പൗരാണികരുമായ നിരവധി പണ്ഡിതന്മാര്‍ ഇങ്ങനെ ഒരു സുന്നത്തില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കിയിരിക്കുന്നു.