വുളൂവില്‍ സ്ത്രീകള്‍ ശിരോവസ്ത്രത്തിനു മേല്‍ തടവിയാല്‍ മതിയോ?


തലപ്പാവിന് ഹദീസുകളില്‍ വന്നിട്ടുള്ളത് ഇമാമ, ഖിമാര്‍ മുതലായ പദങ്ങളാണ്. ഇമാമ പരുഷന്മാര്‍ മാത്രം ഉപയോഗിക്കാറുള്ള തലപ്പാവിനാണ് പറയുന്നതെങ്കില്‍, ഖിമാര്‍ സ്ത്രീകളുടെ മുഖമക്കനയ്ക്കും പുരുഷന്മാരുടെ തട്ടത്തിനും പൊതുവെ ഉപയോഗിക്കും.

ചോദ്യം: മുഹമ്മദ് നബി (സ) വുളൂ ചെയ്യുമ്പോള്‍ തന്റെ ബൂട്ടുകളിലും തലപ്പാവിന്‍ മേലും തടവിയിരുന്നു എന്ന് ഒരു ഹദീസ് ഗ്രന്ഥത്തില്‍ കണ്ടു. സ്ത്രീകള്‍ക്ക് അവരുടെ ശിരോവസ്ത്രത്തിന് മുകളില്‍ തടവല്‍ അനുവദനീയമാണോ?

റാബിയ എ ആര്‍

ഉത്തരം: നബി (സ) വുളൂ ചെയ്ത സന്ദര്‍ഭത്തില്‍ തലയുടെ മുന്‍ഭാഗത്തും തലപ്പാവിന്മേലും രണ്ട് ഖുഫ്ഫയിന്മേലും തടവിയാതായി മുഗീറ ബിന്‍ ശുഅ്ബ (റ)വില്‍ നിന്ന് ഇമാം മുസ്‌ലിം (നം: 274) ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. തിര്‍മുദി (നം:100,101), ഇബ്‌നു മാജ: (561) നസാഈ (106) മുതലായവയില്‍ ബിലാല്‍ (റ) വില്‍ നിന്നും സമാനമായ മറ്റൊരു ഹദീസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇമാമ (الْعِمَامَةِ), ഖിമാര്‍ (الْخِمارِ) മുതലായ പദങ്ങളാണ് തലപ്പാവിന് ഹദീസുകളില്‍ വന്നിട്ടുള്ളത്. ഇമാമ എന്നത് പരുഷന്മാര്‍ മാത്രം ഉപയോഗിച്ചു വരാറുള്ള തലപ്പാവിനാണ് പറയുന്നതെങ്കില്‍, ഖിമാര്‍ എന്നത് സ്ത്രീകളുടെ മുഖമക്കനയ്ക്കും പുരുഷന്മാരുടെ തട്ടത്തിനും പൊതുവെ ഉപയോഗിക്കാവുന്ന പദമാണ്.

വുളൂവിന്റെ സന്ദര്‍ഭത്തില്‍ തലപ്പാവിന്മേല്‍ തടവിയാല്‍ മതിയാകുമെന്ന് അബൂബക്കര്‍, ഉമര്‍, അനസ് (റ) മുതലായ സ്വഹാബികളില്‍ നിന്നും ഔസായി, അഹമ്മദ്, ഇസഹാഖ് ബിന്‍ റാഹവൈഹി, വാഖീഅ് ബിന്‍ ജര്‍റാഹ് മുതലായവരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ തട്ടത്തിന്മേല്‍ തടവിയാല്‍ മതിയാകുമോ എന്ന കാര്യത്തില്‍ പണ്ഡിതമാര്‍ക്കിടയില്‍ ഭിന്നതയുണ്ട്.

ആഇശ (റ) തന്റെ മുഖമക്കനയുടെ അടിയില്‍ കൈവെച്ച് തല തുടച്ചുകൊണ്ട്, അല്ലാഹുവിന്റെ ദൂതന്‍ (സ) എന്നോട് കല്‍പ്പിച്ചത് ഇതാണ് എന്ന് പറഞ്ഞു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖമക്കന വെള്ളം കടന്നുപോകുവാന്‍ തക്ക നേര്‍ത്തതാണെങ്കിലല്ലാതെ സ്ത്രീകള്‍ അതിന്റെ മുകളില്‍ തടവിക്കൊണ്ട് വുളൂ നിര്‍വഹിക്കുന്നത് ശരിയാവുകയില്ല എന്നതാണ് ഹനഫികളും മാലിക്കികളും ശാഫിഈകളും ഉള്‍പ്പെടെയുള്ള അധിക പണ്ഡിതന്മാരുടെയും അഭിപ്രായം.

പുരുഷന്‍മാരെ പോലെ സ്ത്രീകളും വുളൂവിന് തല തടവുക എന്നത് തന്നെയാണ് ശരീഅത്ത്. എന്നാല്‍ മുഖമക്കന അഴിച്ചു മാറ്റാന്‍ പ്രയാസമുള്ള സന്ദര്‍ഭത്തില്‍ അതിന് മുകളില്‍ തടവിയാല്‍ മതി എന്ന സമീപനമാണ് നല്ലത്.

ഇമാം മാലിക് (റ) ഒരു പടികൂടി കടന്ന്, സ്ത്രീകള്‍ അപ്രകാരം ചെയ്താല്‍ അവള്‍ അവളുടെ വുളൂവും നമസ്‌കാരവും വീണ്ടും നിര്‍വഹിക്കേണ്ടതുണ്ട് എന്നുകൂടി പറയുന്നത് കാണാം. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രകാരം വുളൂവിന്റെ സന്ദര്‍ഭത്തില്‍ തല തടവുക തന്നെയാണ് പൊതുവില്‍ വേണ്ടതെന്ന് മാത്രമേ തെളിയുകയുള്ളൂ. തലപ്പാവിന്റെ മുകളില്‍ തടവുന്ന ഇളവിനെ ഇത് നിരാകരിക്കുന്നില്ല. പ്രവാചക തിരുമേനി (സ) അധികസമയത്തും തലയില്‍ തന്നെ തടവുകയാണല്ലോ ചെയ്യാറുണ്ടായിരുന്നത്.

പുരുഷന്‍മാരെ പോലെ സ്ത്രീകളും വുളൂവിന് തല തടവുക എന്നത് തന്നെയാണ് ശരീഅത്ത്. എന്നാല്‍ മുഖമക്കന അഴിച്ചു മാറ്റാന്‍ പ്രയാസമുള്ള സന്ദര്‍ഭത്തില്‍ അതിന് മുകളില്‍ തടവിയാല്‍ മതി എന്ന സമീപനമാണ് നല്ലത്. ശൈഖ് ഇബ്‌നു ബാസ് (റ)യും ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. അല്ലാഹു അഅ്ലം.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.