രാജ്യത്ത് വസിക്കുന്ന എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യമാണ് മതസ്വാതന്ത്ര്യം
നമ്മുടെ ഭരണഘടന ഏതു വിധത്തിലാണ് അതിന്റെ നിര്‍മാതാക്കള്‍ രൂപകല്‍പന ചെയ്തിട്ടതെന്ന് നമുക്ക് അറിയാം. അതില്‍ ഒരു അനുച്ഛേദം മാത്രം എടുത്തു പരിശോധിക്കുകയാണെങ്കില്‍, അതിനെ ഭരണഘടനാ നിര്‍മാണ സമിതി ഏതു രീതിയിലാണ് ചര്‍ച്ച ചെയ്തതെന്ന് പരിശോധിക്കണം. അനുച്ഛേദം 25ലും 26ലും വളരെ വിശദമായിത്തന്നെ എഴുതിയിട്ടുള്ള മൗലികാവകാശമാണ് മതസ്വാതന്ത്ര്യം.
മതസ്വാതന്ത്ര്യം മൗലികാവകാശമാക്കണോ വേണ്ടയോ എന്ന് ഭരണഘടനാ നിര്‍മാണസഭയില്‍ ചോദ്യം വന്നപ്പോള്‍ രണ്ടു ചിന്താധാരകള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ആദ്യത്തേത് ഇന്ത്യ എന്നത് മതേതര രാജ്യമായതുകൊണ്ടുതന്നെ, പല മതങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം കൊടുക്കേണ്ടതില്ല, മറിച്ച് ഇവിടെ പാര്‍ലമെന്റ് നടപ്പാക്കുന്ന നിയമം അനുസരിച്ചാകണം മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും ജീവിക്കേണ്ടത് എന്നതായിരുന്നു.
എന്നാല്‍ മറ്റൊന്ന്, ഇന്ത്യ എന്ന മതേതര രാജ്യം നിലനില്‍ക്കുന്നത് വൈവിധ്യങ്ങളിലാണ്. ഇന്ത്യയിലെപ്പോലെ മതങ്ങളും ജാതികളുമുള്ള വേറൊരു രാജ്യവും ഈ ലോകത്തു തന്നെയില്ല. അതുകൊണ്ടുതന്നെ ഇവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ മതവും ജാതിയും അനുസരിച്ച് അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക എന്നതുതന്നെയാണ് ഇന്ത്യയുടെ മതേതരത്വം എന്നതായിരുന്നു.
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ ആശയമെന്ന് തിരിച്ചറിഞ്ഞ ഭരണഘടനാ നിര്‍മാണ സമിതി, ഇന്ത്യന്‍ സങ്കല്പത്തിലുള്ള മതേതരത്വം എന്നത് ഇവിടെ വസിക്കുന്ന എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യമാണ് മതസ്വാതന്ത്ര്യം എന്നു തീര്‍ച്ചപ്പെടുത്തിയതും, അത് കേവലം സ്വാതന്ത്ര്യമല്ല, മറിച്ച്, മൗലികാവകാശമാണെന്നു പറഞ്ഞ് ഭരണഘടനയുടെ പാര്‍ട്ട്-3ല്‍ ഉള്‍പ്പെടുത്തിയതും വളരെയധികം ചര്‍ച്ചകള്‍ക്കു ശേഷമാണ്.
പറഞ്ഞുവരുന്നത് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഏക സിവില്‍ കോഡ് ആര്‍ട്ടിക്കിള്‍ 44ല്‍ അതായത് പാര്‍ട്ട് 4ലാണ്. അന്ന് ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളുടെ ഭാഗത്തു വരണമെന്ന് ചര്‍ച്ച വന്നപ്പോള്‍ വളരെ വിശദമായ ആലോചനകള്‍ക്കു ശേഷമാണ് ഒരു തീരുമാനത്തില്‍ എത്തിയത്. അതായത് മൗലികാവകാശം എന്നത് മതസ്വാതന്ത്ര്യം ആയിരിക്കണം, അതുപോലെ ഏക സിവില്‍ കോഡ് എന്നത് പാര്‍ട്ട് 4ല്‍ ആയിരിക്കണം.
പാര്‍ട്ട് 4ലെ കാര്യങ്ങള്‍ എല്ലാം കോടതി വഴി നമുക്ക് നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. അതായത് അത്രത്തോളം പ്രാധാന്യമേ ആ കാര്യങ്ങള്‍ക്ക് ഉള്ളൂവെന്നത് വ്യക്തം. അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങളാണ് പാര്‍ട്ട് 3ല്‍. 11 വര്‍ഷമായി ഇന്ത്യയില്‍ വരുന്ന നിയമങ്ങളുടെ ഒരു ലിസ്റ്റ് എടുത്തുകഴിഞ്ഞാല്‍ അത് ഏതു രീതിയിലൊക്കെയാണ് മൗലികാവകാശമായ മതസ്വാതന്ത്ര്യം ലംഘിക്കുന്നതെന്നു മനസ്സിലാകും. ഈ നിയമങ്ങളില്‍ ഏതൊന്ന് ഏതു മതത്തിന്റെ അവകാശങ്ങളെ ഹനിച്ചാലും അത് ഭരണഘടനാവിരുദ്ധമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ രീതിയില്‍ പ്രക്ഷോഭം നയിച്ച ആളുകളാണ് നാം. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം ഇത്രത്തോളം പ്രക്ഷോഭം നയിക്കേണ്ടിവന്ന ഒന്നായത്? ഇതിന്റെ വക്താക്കള്‍ ചോദിക്കുന്നത് അഭയാര്‍ഥികള്‍ക്ക് പൗരത്വം കൊടുക്കുന്ന ഒരു നിയമത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ എതിര്‍ക്കുന്നത് എന്നാണ്. ഈ ചോദ്യത്തിന് നമുക്ക് ഉത്തരം ഉണ്ടാവുകയില്ല. അഭയാര്‍ഥികള്‍ എന്നാല്‍ അവരവരുടെ രാജ്യങ്ങളില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇന്ത്യയിലേക്ക് വരുന്ന ആളുകളാണ്. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതില്‍ നമ്മള്‍ എതിരല്ല, അവരെ നമ്മള്‍ സ്വാഗതം ചെയ്യുന്നു.
എന്നാല്‍ നമ്മുടെ നിലപാട്, അഭയാര്‍ഥികളെ അഭയാര്‍ഥികളായി കാണണം. അവരെ ഹൈന്ദവ അഭയാര്‍ഥികള്‍ എന്നോ ക്രൈസ്തവ അഭയാര്‍ഥികള്‍ എന്നോ സിഖ് അഭയാര്‍ഥികള്‍ എന്നോ പാഴ്‌സി, ജൈന, സിഖ് അഭയാര്‍ഥികള്‍ എന്നോ മുസ്‌ലിം അഭയാര്‍ഥികള്‍ എന്നോ തരംതിരിക്കാന്‍ പാടില്ല എന്നാണ്. ഇത്തരത്തില്‍ കണക്കാക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്.
മതം മാനദണ്ഡമാക്കി ഒരു നിയമം പാസാക്കിയാല്‍, അവിടെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും ശക്തമായ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിയമമായി അത് മാറു. ഒരു മതത്തെ മാത്രം മാറ്റിനിര്‍ത്തി മറ്റു മതസ്ഥരെ മുഴുവന്‍ അഭയാര്‍ഥികളാക്കുമ്പോള്‍, അവിടെ പതിയിരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇന്ത്യന്‍ ഭരണഘടന വലിച്ചെറിയുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് ആ നിയമത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നത്.
ശേഷം ഒരുപാട് നിയമങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായി. മുത്തലാഖ് നിയമം ഒരു ഉദാഹരണം. മുത്തലാഖ് ശരിയാണോ തെറ്റാണോ എന്നല്ല, മറിച്ച് മുത്തലാഖ് തെറ്റാണ് എന്ന നിയമം ഉണ്ടാക്കിയ ശേഷം മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് വിവാഹമോചനം ലഭിക്കില്ല എന്നു വരുന്നതോടൊപ്പം, അങ്ങനെ ആരെങ്കിലും വിവാഹമോചനം നടത്തിയാല്‍ അവര്‍ ജയിലിലേക്ക് പോകുമെന്നും നിയമം പറയുന്നു. അതായത് ക്രിമിനല്‍ നടപടിച്ചട്ടമായി മാറുന്നു.
മറ്റു മതവിഭാഗങ്ങളിലും ഇതുപോലുള്ള പല വിവാഹമോചന രീതികളുണ്ട്. പക്ഷേ, ആ വിവാഹമോചന രീതിയിലുള്ള നടപടിക്രമങ്ങളുടെ പേരില്‍ ഒരു മതത്തിനെതിരെയും ഇതുപോലെ ശിക്ഷാനടപടികളില്ല. അപ്പോള്‍ ഒരു സിവില്‍ നിയമത്തില്‍ പോലും ക്രിമിനല്‍ നിയമത്തിന്റെ ഒരംശം കൊണ്ടുവന്ന് ജയില്‍ശിക്ഷ കൊടുക്കുക എന്നതിലേക്ക് എത്തിയിരിക്കുന്നു. ഇവയെല്ലാം ഏതു നിയമത്തിനെതിരാണ് എന്നു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വഖഫ് നിയമം കൊണ്ടുവന്നിരിക്കുന്നത്
2013ല്‍ വഖഫ് നിയമം അടിച്ചുടച്ച് വാര്‍ത്തതാണ്. അതിനു മുമ്പ് ആ നിയമത്തിന്റെ അടിത്തറ മൂന്നു രേഖകളായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിയമിച്ച സച്ചാര്‍ കമ്മിഷന്‍ മുസ്‌ലിം സമുദായത്തിന്റെ രാജ്യത്തെ അവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ ഒരു അധ്യായം മുഴുവന്‍ വഖഫും വഖഫിന്റെ സ്വത്തുക്കളും സംബന്ധിച്ചായിരുന്നു. എങ്ങനെയാണ് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നത് എന്ന് വിശദമായി എഴുതിയിട്ടുണ്ട്. അതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു കത്ത് ചേര്‍ത്തിട്ടുണ്ട്.

പ്രസ്തുത കത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 'നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുവെച്ചിട്ടുള്ള വഖഫ് സ്വത്തുക്കള്‍ എത്രയും പെട്ടെന്ന് വഖ്ഫ് ബോര്‍ഡുകള്‍ക്ക് തിരിച്ചുകൊടുക്കണം' എന്നാണ് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് റേറ്റ് കൊടുക്കണം എന്നും.
റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത് വഖഫ് നിയമ ഭേദഗതി വേണമെന്നാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ഉണ്ടാക്കി. അവര്‍ എല്ലാ സംസ്ഥാനങ്ങളിലും പോയി സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി കണ്ടു. ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കി.പ്രസ്തുത റിപ്പോര്‍ട്ടില്‍ പുതിയ വഖഫ് നിയമത്തില്‍ എന്തെല്ലാമാണ് വേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ശേഷം ഒരു ഹൈ ലെവല്‍ കമ്മിറ്റിയും രൂപീകരിച്ചു. ഈ കമ്മിറ്റി റിപ്പോര്‍ട്ടും വഖഫ് നിയമത്തില്‍ പുതിയ കാര്യങ്ങള്‍ ആവശ്യമുണ്ടെന്ന് പറയുന്നു. ഈ മൂന്നു രേഖകളുടെ അടിസ്ഥാനത്തിലാണ് 2013ലെ വഖഫ് നിയമം വന്നത്.
ആ നിയമം പ്രാബല്യത്തിലായി മുന്നോട്ടുപോകുന്ന സമയത്താണ് 2024ല്‍ പുതിയ ഭേദഗതി നിയമം വന്നത്. മുമ്പുള്ളതില്‍ നിന്നു വിപരീതമായി ഒരു മുന്നൊരുക്കവുമില്ലാതെ, യാതൊരു രേഖകളുടെയും സഹായമില്ലാതെ, തെളിവുകളില്ലാതെ, ഇപ്പോഴുള്ള നിയമത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടോ എന്ന് ഒരു പഠനവും നടത്താതെയാണ് പുതിയ നിയമത്തിലേക്ക് വരുന്നത്. ആ നിയമം ലോക്‌സഭയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ഒരുപാട് അപാകതകളുണ്ട് എന്നു ഉപജ്ഞാതാക്കള്‍ക്കു മനസ്സിലായി. അതിനാല്‍ പെട്ടെന്നുള്ള ഒളിച്ചുചാട്ടമായിരുന്നു ജെപിസി രൂപീകരണം.
2013ല്‍ നിന്ന് വ്യത്യസ്തമായി വഖഫ് നിയമം വന്നതിനുശേഷമാണ് ജെപിസി നിലവില്‍ വന്നത്. എന്നാല്‍ ഇവിടെയും നാടകം തന്നെയാണ് അരങ്ങേറിയത്. ജെപിസിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊടുത്ത ഭേദഗതികള്‍ക്കൊന്നും ഒരു വിലയും കല്പിച്ചില്ല. മറിച്ച്, മറ്റ് ഭരണകക്ഷികള്‍ കൊടുത്ത ഭേദഗതികളെല്ലാം അംഗീകരിച്ച് റിപ്പോര്‍ട്ട് ഇപ്പോള്‍ ലോക്‌സഭയില്‍ കൊടുത്ത ശേഷം രാജ്യസഭയിലേക്കും എത്തുകയാണ്.
എന്തുകൊണ്ടാണ് പുതിയ വഖഫ് നിയമത്തെ നാം ഇത്രമാത്രം എതിര്‍ക്കുന്നത്? ഇതിന്റെ അടിസ്ഥാനപരമായ വസ്തുത, വഖഫ് എന്നത് ഇസ്‌ലാമികപരമായ ഒരു തത്വമാണ് എന്നതാണ്. അതിന്റെ അടിസ്ഥാനം ഇസ്‌ലാമിക നിയമമാണ്. ദൈവത്തിലേക്ക് സമര്‍പ്പിച്ചിട്ടുള്ള ഒരു വസ്തുവിനെയാണ് നമ്മള്‍ വഖഫ് എന്നു പറയുന്നത്.
വഖ്ഫിനെ മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക-രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാഴ്ചപ്പാടോടെ, മുന്‍കരുതലോടെ നേരിടാന്‍ നാം ജാഗരൂകരാവുകയും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.
അങ്ങനെ സമര്‍പ്പിക്കപ്പെടുന്ന വസ്തു വാമൊഴിയായി നിയ്യത്തോടുകൂടി നിര്‍വഹിച്ചുകഴിഞ്ഞാല്‍ വഖഫ് ആയിക്കഴിഞ്ഞു. ഇതിനെ ഇംഗ്ലീഷില്‍ 'ഓറല്‍ വഖഫ്' എന്നു പറയുന്നു. ഇസ്‌ലാമിക നിയമത്തില്‍ 'ഓറല്‍ വഖഫ്' അംഗീകരിക്കുന്നുവെങ്കിലും പുതിയ നിയമത്തില്‍ ഇത് അംഗീകരിക്കുന്നില്ല. ഇതിനര്‍ഥം 'നിങ്ങളുടെ മതം എന്തു പറഞ്ഞാലും ഞങ്ങള്‍ അംഗീകരിക്കില്ല, ഞങ്ങളുടെ നിയമം തന്നെ പാസാക്കും' എന്നാണ്.
ഈ നിയമം മൗലികാവകാശത്തെ ലംഘിക്കുന്നു എന്ന് മറ്റൊന്നുമാലോചിക്കാതെ തന്നെ പറയാന്‍ കഴിയും. അതുതന്നെയാണ് ഈ നിയമത്തിന്റെ അടിസ്ഥാന പ്രശ്‌നവും. ഭരണഘടന നല്‍കിയിരിക്കുന്ന അവകാശമനുസരിച്ച് നമുക്ക് ഇവിടെ ജീവിക്കാനുള്ള അധികാരമുണ്ട്. മതം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന്റെ ഭാഗമായി ഇസ്‌ലാമിക തത്വത്തിന്റെ ഭാഗമായിക്കൊണ്ടുതന്നെ നമുക്ക് വിശ്വസിക്കാനുള്ള അവകാശവുമുണ്ട്.
വഖഫ് നിയ്യത്തോടു കൂടി വാമൊഴിയായി പറഞ്ഞാല്‍ തന്നെ വഖഫാകും എന്നിരിക്കെ പാര്‍ലമെന്റ് ഒരു നിയമം കൊണ്ടുവന്നിട്ട്, അത് പറ്റില്ല എന്നു പറയാനുള്ള ധാര്‍ഷ്ട്യം അവര്‍ക്ക് എവിടന്നാണ് കിട്ടിയത്? ഭരണഘടനാ നിര്‍ദേശങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമമാണ് വഖഫ് ഭേദഗതി നിയമം. ഇത്രയും നാള്‍ അംഗീകരിച്ചുവന്നിരുന്ന ഒരു ഇസ്‌ലാമിക തത്വം എടുത്തുകളയുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
500-600 വര്‍ഷം പഴക്കമുള്ള ധാരാളം വഖഫ് സ്വത്തുക്കള്‍ ഉത്തരേന്ത്യയിലുണ്ട്. അതിലൊന്നും തന്നെ ഇത്തരത്തിലുള്ള രേഖകള്‍ ഉണ്ടാവില്ല. രേഖകള്‍ക്കു പകരമായി വര്‍ഷങ്ങളായി പരിപാലിച്ചുകൊണ്ടുവരുന്ന ഒരു പള്ളിയാണ് കാണാന്‍ കഴിയുക. അതിനെ 'വഖഫ് ബൈ യൂസര്‍' എന്നു പറഞ്ഞാണ് വഖഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റാരും അത് പിന്നീട് പരിശോധിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളും 'വഖഫ് രജിസ്റ്റേഡ്' ആയ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും.

അംഗീകൃത വഖഫ് രീതികളെ 2024ലെ പുതിയ നിയമം എടുത്തുകളയുന്നു. ഒരു കെട്ടിടം, സര്‍ക്കാരിന്റെ ഭൂമി കൈയേറിയതാണ് എന്ന സംശയം ഉടലെടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്ക് പരാതി കൊടുക്കുകയാണെങ്കില്‍, കലക്ടര്‍ക്ക് പ്രസ്തുത സംശയത്തിന്റെ മേല്‍ അത് പിന്നീട് വഖഫ് അല്ലാതായി മാറുന്ന രീതിയിലേക്ക് തീരുമാനങ്ങള്‍ എടുക്കാം എന്നതാണ് പുതിയ നിയമം പറയുന്നത്. ഒരു ഭൂമി ഏതു കാര്യത്തിലാണോ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, പരാതി കൊടുത്തുകഴിഞ്ഞാല്‍ അതിന്റെ അന്തിമവിധി വരുന്നതുവരെ അത് എന്തിനാണോ ഉപയോഗിച്ചുകൊണ്ടിരുന്നത് അതേ രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കണം. ശേഷം തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അന്തിമ വിധി.
എന്നാല്‍ പുതിയ നിയമത്തില്‍, ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ ആ സംശയത്തില്‍ കഴമ്പുണ്ട് എന്ന് കലക്ടര്‍ക്ക് തോന്നിയാല്‍ അത് വഖഫ് അല്ലാതായി മാറുന്നു. അത് പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ സ്വത്തായി. ഇതിന്റെ തെളിവുശേഖരണവും മറ്റും വര്‍ഷങ്ങള്‍ എടുക്കുന്നു എന്നതും മറ്റൊരു വശമാണ്.
ഈ പുതിയ നിയമത്തിനു പിന്നിലെ അജണ്ടകള്‍ വളരെ കൃത്യമാണ്. നമുക്ക് അറിയാം ഇന്ത്യയിലുടനീളം ധാരാളം വഖഫ് ഭൂമിയുണ്ട്. മുസ്‌ലിംകള്‍ മറ്റു മതസ്ഥരുടെ സ്വത്തുക്കള്‍ പിരിച്ചെടുക്കാന്‍ വഖഫ് ഒരു ഉപാധിയായി കാണുന്നു എന്നതാണ് ഒരു പ്രചാരണം. മുനമ്പത്തു പോലും അത്തരത്തിലുള്ള പ്രചാരണമാണ് നടത്തിയത്.
വഖഫ് എന്നത് ഒരു ഭീകര നിയമം എന്ന നിലയ്ക്ക് ചിത്രീകരിക്കപ്പെടുമ്പോള്‍, എന്താണ് യഥാര്‍ഥ വഖഫ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പുതിയ നിയമപ്രകാരം പോര്‍ട്ടലില്‍ മൂന്നു കാര്യങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ വഖഫ് ആയി 1. ആധാരം, 2. വാഖിഫ്, 3. വഖഫ് ചെയ്ത തിയ്യതി. ഇത്തരത്തില്‍ മറ്റുള്ളവരുടെ ഉള്ളില്‍ ഭീതി നിറച്ചുകൊണ്ട് ഈ നിയമത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് ആദ്യം നിര്‍ത്തേണ്ടത്.
ഇതിന്റെ പിന്നിലെ പ്രധാന അജണ്ട രാഷ്ട്രീയം തന്നെയാണ്. അതുപോലെ സാമ്പത്തിക താല്പര്യങ്ങളും പിന്നിലുണ്ട്. പല മുസ്‌ലിം സ്ഥാപനങ്ങളും വഖഫ് ഭൂമിയിലുണ്ട്. ഇവ നഷ്ടപ്പെടുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ വലിയ സാമ്പത്തിക- സാമൂഹിക തകര്‍ച്ചയും എതിരാളികള്‍ ലക്ഷ്യം വെക്കുന്നു. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ തര്‍ക്കങ്ങള്‍ സുവ്യക്തമായ കാഴ്ചപ്പാടോടെ, മുന്‍കരുതലോടുകൂടി നേരിടാന്‍ നാം ഓരോരുത്തരും ജാഗരൂകരാവുകയും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.
ലേഖനാവിഷ്‌കാരം: നജ ഫാത്തിമ