മുനമ്പം; ഞെട്ടിക്കുന്ന ദുരൂഹതകളും മറഞ്ഞിരിക്കുന്ന ചരിത്ര വസ്തുതകളും


ഫാറൂഖ് കോളെജ് മാനേജ്മെന്റ് കമ്മിറ്റി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് മാറ്റത്തിന് തുടക്കം കുറിക്കുന്ന എല്ലാ നിയമവിരുദ്ധ നടപടികളും അരങ്ങേറിയത് സീതിസാഹിബിന്റെ മരണശേഷമാണ്. ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്താന്‍ സീതിസാഹിബ് ചുമതലപ്പെടുത്തിയിരുന്ന മാനേജിംഗ് കമ്മിറ്റി അംഗം പ്രഫ. ജലീല്‍ സാഹിബിനെ 1949 മുതല്‍ അധ്യാപകനായും 1957 മുതല്‍ പ്രിന്‍സിപ്പലായും നിയമിച്ചതും സീതിസാഹിബിന്റെ തീരുമാനം തന്നെയായിരുന്നു.

മുനമ്പം വഖഫ് ഭൂമിയുടെ ആദ്യകാല മുതവല്ലി സീതിസാഹിബിന്റെ പൗത്രന്‍ കെ എം അല്‍ത്താഫ് മുനമ്പം ജുഡീഷ്യല്‍ വഖഫ് കമ്മിഷനു മുന്നില്‍ നേരിട്ട് സമര്‍പ്പിച്ച വാദങ്ങള്‍.

ഫാറൂഖ് കോളെജിനായി വഖഫ് ചെയ്ത മുനമ്പം ഭൂമിയുടെ നാള്‍വഴികള്‍ തേടുമ്പോള്‍ കുറേ ഞെട്ടിക്കുന്ന ചരിത്ര വസ്തുതകളും ദുരൂഹതകളും പുറത്തുവരുന്നുണ്ട്. ശബാബ് വാരികയില്‍ ടി. റിയാസ് മോന്‍ എഴുതിയ പരമ്പരയോട് ചേര്‍ത്താണ് ഇതും വായിക്കേണ്ടത്. സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ച ഏകാംഗ വഖഫ് കമ്മിഷന്റെ പ്രാഥമിക ഉദ്ദേശ്യം ടേംസ് ഓഫ് റഫറന്‍സ് നമ്പര്‍ (1) പരിശോധിക്കാനും കൂടി ആയതുകൊണ്ട് ഈ വിവരങ്ങള്‍ ബഹുമാന്യനായ ജസ്റ്റിസിനോട് നേരിട്ടും സത്യപ്രസ്താവനയിലൂടെയും ഉണര്‍ത്തിയിട്ടുണ്ട്.

അന്വേഷണ കമ്മിഷന് മുന്നില്‍ ഒരു മത പ്രഭാഷകന്‍ കൂടിയായ ഫാറൂഖ് കോളെജിന്റെ അഭിഭാഷകന് വഖഫ് ഭൂമിയുടെ സ്വഭാവം മറച്ചുവെച്ച് എങ്ങനെ വാദിക്കാന്‍ സാധിച്ചു എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ക്രയവിക്രയ സ്വാതന്ത്ര്യം കണ്ടിട്ട് അദ്ദേഹത്തിന് മുന്നില്‍ ആ പ്രമാണം വന്നിരുന്നുവെങ്കില്‍ അത് വാങ്ങാന്‍ തീരുമാനമെടുക്കുമായിരുന്നോ? അതിനുള്ള ഉത്തരം സത്യസന്ധമായി അദ്ദേഹം പറഞ്ഞാല്‍ അത് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിന് മാറ്റു കൂട്ടും.

1948-61 കാലഘട്ടത്തില്‍ ഫാറൂഖ് കോളേജിനായി സിദ്ദീക്ക് സേട്ടില്‍ നിന്നു മുനമ്പം ഭൂമി സമ്പാദിച്ചതും തുടര്‍ന്നുള്ള സംഭവങ്ങളും അതിന്റെ ഭാഗമായ രേഖകള്‍ വച്ച് വിലയിരുത്തേണ്ടതാണ്. O.S. No.53/1967 12-7-1971 പറവൂര്‍ സബോര്‍ഡിനേറ്റ് കോടതി വിധിയില്‍ പരാമര്‍ശിക്കുന്ന ഫാറൂഖ് കോളെജ് തന്നെ സമര്‍പ്പിച്ച എന്‍ഡോവ്മെന്റ് പ്രോപ്പര്‍ട്ടി അക്കൗണ്ട് Ext.P63-ല്‍ നിന്നും അത് ആരംഭിക്കുന്നു. അത് എഴുതിയത് സാക്ഷാല്‍ സിദ്ദിഖ് സേട്ടാണെന്നു കോടതിയും അംഗീകരിച്ചതാണ്.

സിദ്ദിഖ് സേട്ട് തന്നെയായിരുന്നു കൈമാറിയ ഭൂമിയില്‍ തുടര്‍ന്നും പണി എടുപ്പിച്ചതും ആദായം സത്യസന്ധമായി കണക്കെഴുതി ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ കോളെജിനു നല്‍കിയിരുന്നതും എന്ന കാര്യം ആ കോടതി വിധിയില്‍ വ്യക്തമാണ്.

30-09-1975ലെ A.S.No.600/1971 വിധിയില്‍ ഹൈക്കോടതിയും അദ്ദേഹത്തിന്റെ വഖഫ് ചെയ്യാനുള്ള ഉദാര മനസ്‌കതയെ പ്രകീര്‍ത്തിച്ചിരുന്നു. ട്രയല്‍ കോടതിയുടെ കണ്ടെത്തലുകള്‍ ടി ഹൈക്കോടതി ഉത്തരവില്‍ ശരിവെയ്ക്കുമ്പോള്‍, സത്താര്‍ സേട്ടിന്റെ മുന്‍ ആധാരവും, റവന്യൂ രേഖകളും കുറ്റമറ്റതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കോടതി നിയമിച്ച കമ്മിഷന്റെ കണ്ടെത്തലുകള്‍ അന്നത്തെ സര്‍ക്കാര്‍ റീസര്‍വേ അനുസരിച്ചാണെന്നും അംഗീകരിച്ചു. (Paras 9 to 11).

ഫാറൂഖ് കോളെജിന്റെ പിറവി

ഫാറൂഖ് കോളെജ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച ത്യാഗിവര്യന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റി നിര്‍ബന്ധമാക്കിയ 4.34,000 രൂപയുടെ എന്‍ഡോവ്മെന്റ് ആസ്തി രണ്ടു കൊല്ലത്തിനുള്ളില്‍ തികയ്ക്കാന്‍ അവര്‍ ഓടിനടന്നതിനും തുടര്‍ന്നുള്ള ചില സംഭവ വികാസങ്ങള്‍ക്കും അന്നത്തെ സമുദായ ജിഹ്വയായ 'ചന്ദ്രിക' പത്രത്തിന്റെ താളുകള്‍ തന്നെയാണ് സാക്ഷി. സി എച്ച് മുഹമ്മദ് കോയ 'ചന്ദ്രികയില്‍ പിറന്ന കലാലയം' എന്ന ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ: (ലേഖനം ഫാറൂഖ് കോളെജിന്റെ 40-ാം വാര്‍ഷിക സുവനീറില്‍ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്).

'ഫാറൂഖ് കോളേജിനെ സംബന്ധിച്ച് ഒരാവേശം സമുദായമധ്യത്തില്‍ പരത്തുന്നതിനും കോളേജിനു ലഭിച്ച സംഭാവനകള്‍ക്ക് പ്രസിദ്ധീകരണം നല്കുക വഴി കൂടുതല്‍ ഉദാരതയ്ക്ക് പ്രചോദനം നല്കുന്നതിനും 'ചന്ദ്രിക' വഹിച്ച പങ്ക് ആ പത്രത്തിലെ ഒരു പ്രവര്‍ത്തകനായിരുന്ന ഞാന്‍ അഭിമാനപൂര്‍വം സ്മരിക്കുന്നു. കുറെക്കാലം ചന്ദ്രികയുടെ താളുകളിലാണ് കോളേജ് ജീവിച്ചത്. സമുദായം പൊതുവെ ആവേശം കാണിച്ചെങ്കിലും സാമ്പത്തികമായ ബാലാരിഷ്ടതകള്‍ സ്ഥാപനം മുതലേ കോളേജിനെ ഞെക്കിഞെരുക്കിക്കൊണ്ടിരുന്നു.'

1950ല്‍ ചന്ദ്രികയില്‍ 'ഫാറൂക്ക് കോളേജ് ഫണ്ടിലേക്ക് കൊച്ചിയില്‍ നിന്നു സംഭാവന' എന്നൊരു വാര്‍ത്ത വന്നു. ''മട്ടാഞ്ചേരി: ജൂണ്‍ 5- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡണ്ട് ജ: മുഹമ്മദ് ഇസ്മായില്‍ സാഹിബ് എം എല്‍ എ, കെ എം സീതിസാഹിബ് എം എല്‍ എ, ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി ഫാറൂക്ക് കോളേജിന്റെ ഫണ്ട് ശേഖരണത്തിന് ഊര്‍ജിത പരിശ്രമം നടത്തിവരുന്നു. പരേതനായ ഖാന്‍സാഹിബ് ഇസ്മായില്‍ ഹാജി ഈസാ സേട്ടുവിന്റെ എസ്റ്റേറ്റു വകയായി പരേതന്റെ വന്ദ്യമാതാവ് 25000 ക സംഭാവന ചെയ്തിരിക്കുന്നു.

ഖാന്‍ സാഹിബ് കരിക്കുളത്ത് ഏ കെ അലികുഞ്ഞി സാഹിബ് 5000 കയും, മി. ഇബ്രാഹിം മുഹമ്മദ് ഹാഷിം സേട്ടു 1000 കയും സംഭാവന ചെയ്തിരിക്കുന്നു. മെ: എം സിദ്ദീഖ് സേട്ടു, ഹാജി ഈസാ, ഹാജി അബ്ദുസ്സത്താര്‍ സേട്ടു, ടി കെ പരിക്കുട്ടി സാഹിബ്, എ ബി കൊച്ചുണ്ണി സാഹിബ് എന്നീ മാന്യന്മാരെയും നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. അവരില്‍ നിന്നും ഒരു നല്ല തുക ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ജൂണ്‍ 10നുമുമ്പ് രണ്ട് ലക്ഷം രൂപ പിരിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് അവര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.'' എന്നതായിരുന്നു ആ വാര്‍ത്തയുടെ ഉള്ളടക്കം.

ഫാറൂഖ് കോളേജ്

സീതിസാഹിബ്, അന്നത്തെ മദ്രാസിലെ വിദ്യാഭാസ വകുപ്പിലെ ഡോ.അബ്ദുല്‍ ഹഖിനോടൊപ്പം നേരിട്ട് ഡയറക്ടറെ കണ്ട് കുറച്ചുകൂടി സമയം നീട്ടി വാങ്ങിയിരുന്നു. അതിന്റെ ഭാഗമായി വീണ്ടും സീതിസാഹിബ് കൊച്ചിയില്‍ എത്തി വഖഫ് ചെയ്യാന്‍ സന്നദ്ധനായ സിദ്ദിഖ് സേട്ടില്‍ നിന്നും കുഴുപ്പിള്ളി വില്ലേജില്‍ ഉണ്ടായിരുന്ന 404.76 ഏക്കര്‍ ഭൂമി ഫാറൂഖ് കോളേജിനായി 2115/1950 നമ്പര്‍ ആധാര പ്രകാരം ഏറ്റു വാങ്ങിയത് കോളേജിന്റെ അംഗീകാരം നിലനിര്‍ത്താന്‍ തന്നെയായിരുന്നു.

സീതിസാഹിബിന്റെ നിയമ പരിജ്ഞാനത്തെക്കുറിച്ചാണെങ്കില്‍, മദ്രാസിലെ രാജാജി മന്ത്രിസഭയില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് നിയമോപദേശങ്ങള്‍ കൊടുത്തിരുന്ന ചരിത്രം നമുക്ക് വിസ്മരിക്കാവുന്നതല്ല. വഖഫ് സ്വത്തിന്റെ സമ്പാദനവും പരിപാലനവും ഉപയോഗവും അന്നത്തെ നിയമങ്ങള്‍ക്കനുസരിച്ച് മനസ്സിലാക്കാനുള്ള നൈപുണ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

സര്‍വകലാശാലയുടെ നിബന്ധനയ്ക്ക് അനുസൃതമായി ഒരു ലക്ഷം രൂപ ടി ഭൂമിയ്ക്ക് വില നിര്‍ണയിക്കാനായി അന്നത്തെ പതിവ് പ്രയോഗമായ ക്രയവിക്രയ അധികാരം പ്രമാണത്തില്‍ സ്വാഭാവികമായി പറഞ്ഞു പോയതു തന്നെയാണ്. എന്നാല്‍, അതിന്റെ വഖഫ് ഉദ്ദേശ്യം നിര്‍ബന്ധമാക്കിയത് കൊണ്ടാണ്, കോളെജിനു അന്തിമമായ അംഗീകാരം ഒരു പക്ഷെ കിട്ടാതെ വരുകയാണെങ്കില്‍ തിരിച്ചു നല്‍കണം എന്ന വ്യവസ്ഥ കൂടി അന്ന് വച്ചത്.

വഖഫ് അന്വേഷണ കമ്മിഷന് മുന്നില്‍ ഒരു മത പ്രഭാഷകന്‍ കൂടിയായ ഫാറൂഖ് കോളെജിന്റെ അഭിഭാഷകന് വഖഫ് ഭൂമിയുടെ സ്വഭാവം മറച്ചുവെച്ച് എങ്ങനെ വാദിക്കാന്‍ സാധിച്ചു എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

തിരികെ നല്‍കണം എന്നാല്‍ വഖഫായി നിലനില്‍ക്കെ തന്നെ മുതവല്ലി മാറിവരും എന്നാണ് ഉദ്ദേശിക്കുന്നത്. അന്ന് വഖഫ് ബോര്‍ഡ് ഇല്ലാത്തതിനാല്‍ സ്വകാര്യ വഖഫ് ആയി വീണ്ടും സിദ്ദിഖ് സേട്ടിലൂടെ തുടരാന്‍ ആ തീരുമാനം അനിവാര്യവുമായിരുന്നു. വഖഫ് റൂള്‍സും ബോര്‍ഡും ഇല്ലാത്തതു കൊണ്ട്, ടി ഭൂമിയെ ഒരു സ്വകാര്യ വഖഫായി കണ്ടു തന്നെയാണ് സീതിസാഹിബ് മരണം വരെ (1961) അതിന്റെ മുതവല്ലിയും ടി കോളേജിന്റെ ഭരണസമിതി ജനറല്‍ സെക്രട്ടറിയുമായിരുന്നത്.

ആ ഭൂമിയുടെ മേല്‍നോട്ടത്തിന് സീതിസാഹിബ് സ്പീക്കര്‍ ആയിരുന്നപ്പോള്‍ ചുമതലപ്പെടുത്തിയിരുന്നത് അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ജലീല്‍ സാഹിബിനെ ആയിരുന്നു. കേരളത്തില്‍ വഖഫ് ബോര്‍ഡും വഖഫ് നിയമങ്ങള്‍ക്കുള്ള നടപടി ക്രമങ്ങളും നിലവില്‍ വരാത്ത കാലത്ത് മറ്റു സ്വകാര്യ വഖഫ് ഭൂമിപോലെ അവിടെ കയ്യേറ്റങ്ങള്‍ ഉണ്ടായപ്പോള്‍ സിവില്‍ കോടതി മുഖേനയും പോലീസ് മുഖേനയും മുത്തവല്ലിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് സീതിസാഹിബ് ആ ഭൂമി സംരക്ഷിച്ചുപോന്നു.

കയ്യേറ്റങ്ങളുടെ ചരിത്രം

ആദ്യകാലത്തെ കുറേ കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് 1960കളില്‍ ഭരണത്തില്‍ പങ്കാളിയായിരുന്ന അന്നത്തെ പി എസ് പിക്കാരില്‍ ചിലര്‍ ആയിരുന്നു. നിയമസഭാ സ്പീക്കര്‍ ആയിരുന്ന സീതിസാഹിബ് നിയമപരമായി തന്നെ അത്തരം ഓരോ കുരുക്കുകളും അഴിച്ചെടുത്തത് സി എച്ച് മുഹമ്മദ് കോയയെ മുന്നില്‍ നിര്‍ത്തിയായിരുന്നു.

നിയമസഭയില്‍ പി എസ് പിയിലെ ജനാര്‍ദ്ദനന്‍ എം എല്‍ എ ദുരുദ്ദേശ്യപരമായി നല്‍കിയ സബ്മിഷന്‍ തള്ളിക്കൊണ്ട് 03-03-1961നു റവന്യൂ മന്ത്രിയും ആഭ്യന്തര മന്ത്രിയും അനധികൃത കയ്യേറ്റത്തെ കുറിച്ച് കോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോളെജിനു അനുകൂലമായി പറഞ്ഞതിന്റെ രേഖകള്‍ സഭയുടെ സൈറ്റില്‍ ലഭ്യമാണ്.

1961ല്‍, സ്പീക്കറായിരുന്ന അദ്ദേഹം മരണപ്പെടുന്നതിനു ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, പൂര്‍ണമായ വഖഫ് ബോര്‍ഡും അതിന്റെ നടപടി ക്രമങ്ങളും റൂള്‍സും എത്രയും പെട്ടെന്ന് ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ള ഒരു ഉറപ്പ് സഭയില്‍ രേഖയാക്കാന്‍ ശ്രമിച്ചത് മുസ്ലിം ലീഗ് എം എല്‍ എ ഹസ്സന്‍ ഗനിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിലൂടെ ആയിരുന്നു.

ഫാറൂഖ് കോളെജ് മാനേജ്മെന്റ് കമ്മിറ്റി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് മാറ്റത്തിന് തുടക്കം കുറിക്കുന്ന എല്ലാ നിയമവിരുദ്ധ നടപടികളും അരങ്ങേറിയത് സീതിസാഹിബിന്റെ മരണശേഷമായിരുന്നു. അക്കാലത്ത് പ്രൊഫ.കെ എ ജലീല്‍ സാഹിബ് മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്താന്‍ സീതിസാഹിബ് ചുമതലപ്പെടുത്തിയിരുന്ന ജലീല്‍ സാഹിബിനെ നേരിട്ട് 1949 മുതല്‍ അധ്യാപകനായും 1957 മുതല്‍ പ്രിന്‍സിപ്പലായും നിയമിച്ചതും സീതിസാഹിബിന്റെ തീരുമാനം തന്നെയായിരുന്നു.

2012ല്‍ സീതിസാഹിബിനെ കുറിച്ചുള്ള ഒരു ജീവചരിത്രം എഴുതുന്ന ഘട്ടത്തില്‍, പൂര്‍ണ്ണമായും കിടപ്പിലായ ജലീല്‍ സാഹിബിനെ കാണാന്‍ ഫറൂഖ് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ 'തിരിഞ്ഞു നോക്കുമ്പോള്‍' അവസാന ഭാഗത്ത് എഴുതിയിരുന്നത് വായിച്ചപ്പോള്‍, ചില കാര്യങ്ങള്‍ വ്യക്തമായി എഴുതാത്തതില്‍ ഒരു വിഷമം അദ്ദേഹത്തിനുണ്ടോ എന്നെനിക്ക് തോന്നിപ്പോയി. (കെ എ ജലീല്‍, 'തിരിഞ്ഞു നോക്കുമ്പോള്‍' കാപിറ്റല്‍ ഇന്റര്‍നാഷനല്‍ പബ്ലിഷേഴ്‌സ്, കോഴിക്കോട് 2021)

എന്നാല്‍, കോളെജ് കമ്മിറ്റി യോഗങ്ങളില്‍ സീതി സാഹിബ് മുനമ്പം വിഷയത്തില്‍ ചെയ്തതും ചെയ്യേണ്ടതും നേരിട്ട് രേഖപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങളൊക്കെ കമ്മിറ്റിയുടെ മിനിറ്റ്സില്‍ ഉണ്ടെന്നതും ജലീല്‍ സാഹിബില്‍ നിന്ന് അന്ന് അറിഞ്ഞിരുന്നു.

അക്കാരണം കൊണ്ടുതന്നെ, വസ്തുതകള്‍ മനസ്സിലാക്കാന്‍ വിവരാകാശ നിയമ പ്രകാരം 1-12-2024നു ഒരു അപേക്ഷ ഫാറൂഖ് കോളേജിനു നല്‍കുകയുണ്ടായി. പ്രസ്തുത അപേക്ഷ 3-12-2024നു തന്നെ മാനേജ്മെന്റ് നിരസിച്ച് മടക്കി അയച്ചു. (അക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ഞാന്‍ തുടരുന്നതിനിടയില്‍ അതില്‍ നിന്നും രക്ഷ നേടാനായി അവര്‍ ചില രേഖകള്‍ ചമച്ചതും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് നല്കിയതും അടുത്ത ദിവസമാണ് അറിയുന്നത്.)

1971ല്‍ വിധിയായ സിവില്‍ കേസിലെ എതിര്‍പക്ഷത്തിന്റെ ആരോപണം, സിദ്ദിഖ് സേട്ട് കോളേജിനു വഖഫ് ആധാര പ്രകാരം നല്‍കിയതില്‍ ഒരു വലിയ ഭാഗം പുറമ്പോക്കായിരുന്നു എന്നായിരുന്നു. അത് തള്ളിക്കൊണ്ട് വഖഫ് പ്രമാണമെന്ന് പറഞ്ഞു ആരംഭിക്കുന്ന സബ് കോടതി ഉത്തരവ് പ്രകാരം ഭൂമിയിലെ അവകാശം ഫാറൂഖ് കോളെജിനു സ്ഥാപിച്ചു നല്‍കുകയായിരുന്നു. അതിനു ശേഷമാണ് ക്രയവിക്രയങ്ങളുടെ പരമ്പര തന്നെ നടക്കുന്നത്.

വഖഫ് ഭൂമിയുടെ സ്വഭാവം അറിയാതെ, തെറ്റിദ്ധരിപ്പിക്കപ്പെട്ട് മുനമ്പത്ത് ഭൂമി വാങ്ങി ചതിയില്‍ പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍, ഭൂമിയുടെ വഖഫ് സ്വഭാവം നഷ്ടപ്പെടുത്താതെ എടുക്കുന്ന ഏത് തീരുമാനത്തെയും സമുദായം സ്വാഗതം ചെയ്യും. പക്ഷെ അവിടെ നിയമ വിരുദ്ധമായി സമ്പന്നരുടെ കൈവശം ഇരിക്കുന്ന ഭൂമി നടപടി ക്രമം അനുസരിച്ചു തന്നെ വഖഫ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടു വരേണ്ടതാണ്.

1976-77ല്‍ അടിയന്തിരാവസ്ഥയുടെ മറവില്‍ അവിടത്തെ കുടികിടപ്പുകാരെന്ന വ്യാജേന ഭൂമി മാഫിയക്ക് 12 പ്രമാണങ്ങളിലായി 18.58 ഏക്കര്‍ വില്‍ക്കുന്നു. ആ കാലഘട്ടത്തില്‍ 300-ഓളം പേര്‍ വീണ്ടും ഭൂമി കയ്യേറുന്നു. അതൊക്കെ സാധൂകരിക്കാന്‍ ഇടയാക്കിയ 300 ഏക്കര്‍ കടല്‍ കൊണ്ടുപോയ വാദങ്ങള്‍ ഉണ്ടായതും അതിന് അനുകൂലമായി അവര്‍ അവകാശപ്പെടുന്ന ഒരു റീസര്‍വേ നടന്നതും ഒക്കെ 1960കളുടെ അവസാനം മുതലായിരുന്നു.

അതു പ്രകാരം, വഖഫ് ഭൂമിയുടെ ഇടപാട് സംബന്ധിച്ച് വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി നേടാതെ വില്‍പ്പന ഉള്‍പ്പടെയുള്ള നിയമ വിരുദ്ധ നടപടികളിലൂടെ ഇല്ലാതാക്കിയതിനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. അക്കാലത്ത് സര്‍ക്കാര്‍ ആ പ്രദേശത്ത് ടൂറിസം പ്രാധാന്യം കാണുന്നതിനോടൊപ്പം സര്‍ക്കാറിന്റെ കൂടെനിന്ന് ആ ഭൂമി പ്രയോജനപ്പെടുത്താമെന്നുള്ള സമ്മതം കൂടി അറിയിക്കുന്നു.

2008ലും 2009ലും ഫാറൂഖ് കോളേജ് ഹൈക്കോടതിയില്‍ വ്യത്യസ്ത സാഹചര്യത്തില്‍ നല്‍കിയ കേസുകളില്‍ (WPs 8900/2008 & 4447/2009) വഖഫ് ഭൂമിയല്ലെന്ന് തള്ളി പറയുമ്പോഴും ഭൂമിയുടെ വിസ്തീര്‍ണത്തില്‍ കൂടുതല്‍ അവകാശ വാദം ഉന്നയിച്ച് റീസര്‍വേ ഉത്തരവ് വാങ്ങുന്നു. അതനുസരിച്ച് നേരത്തെ 1998ല്‍ അവരുടെ കൈവശം 290.76 ഏക്കര്‍ കൈവശം ഉണ്ടെന്ന രേഖയും സമര്‍പ്പിക്കുന്നു. ഹൈക്കോടതിയിലെ OP No.10544/1999 കേസില്‍ ജില്ലാ കളക്ടര്‍ 404.76 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം അപ്പോഴും ഫാറൂഖ് കോളെജിന് ഉണ്ടെന്നു പറയുമ്പോള്‍ മുന്‍ റീസര്‍വേ, റിസീവറുടെ കൈവശം ഇരിക്കുമ്പോള്‍ ഉണ്ടാക്കിയ വ്യാജ രേഖയാണോ എന്ന സംശയവും ഉണ്ടാകുന്നു.

ഇതേ കേസിലെ ഫാറൂഖ് കോളെജിന്റെ മുന്‍ വാദങ്ങള്‍ക്ക് വിരുദ്ധമായി അവിടെ വീണ്ടും ഭൂമി ഉണ്ടെന്ന വാദങ്ങള്‍ അനുസരിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി 13-3-2009്‌ന് ഉത്തരവ് നല്‍കുന്നു. അതനുസരിച്ച് സര്‍വ്വേ വകുപ്പ് നടത്തിയ റീ സര്‍വ്വേയില്‍ അവിടെ 55 ഏക്കറിന് മുകളില്‍ ഭൂമി ഉണ്ടെന്നു കണ്ടെത്തിയിട്ടും അവര്‍ എന്തുകൊണ്ട് അത് കൈവശം എടുക്കാന്‍ നടപടികള്‍ എടുത്തില്ല എന്നത് അതിശയിപ്പിക്കുന്നു. അതുമാത്രമല്ല അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയവും ജനിപ്പിക്കുന്നു. ആ വിവരങ്ങള്‍ പൂര്‍ണ്ണമായും ഈ ലേഖകന്‍ വിവരാവകാശ നിയമ പ്രകാരം അസി. ഡയറക്ടര്‍ റീസര്‍വ്വേ ഓഫീസില്‍ നിന്നും എടുത്തിട്ടുണ്ട്. അവര്‍ മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്ന പുതിയ രേഖകളാണവ.

സര്‍ക്കാര്‍ ഭൂമിയും നഷ്ടപ്പെട്ടോ?

വിവരാവകാശ നിയമപ്രകാരം ലഭിച്ച D2-1233/2008 നമ്പര്‍ ഫയലില്‍ 11-3-2009, 3-3-2010, 30-7-2010 തീയതികളിലെ റീ-സര്‍വേ റിപ്പോര്‍ട്ട്, സര്‍വേ സൂപ്രണ്ടിനും അസി.ഡയറക്ടര്‍ക്കും നല്‍കിയതായി കാണുന്നു. അത് പ്രകാരം ഇങ്ങനെ വിവരിക്കുന്നു: '841-ാം നമ്പര്‍ തണ്ടപ്പേര്‍ പ്രകാരം 24 ഹെക്ടര്‍ 5275 ആര്‍ ഭൂമി ഫാറൂഖ് കോളെജിന്റെ കൈവശം അന്നും (2009) ഉണ്ട്.

ഫാറൂക്ക് കോളെജ് നടത്തിയ വില്‍പനയുടെ വിശദാംശങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, അത്തരം പ്രദേശം തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അത്തരം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടയാളുടെ പേരില്‍ പ്രത്യേക തണ്ടപ്പേരുകളില്‍ ലഭ്യമാണ്. ഭൂമിയുടെ ഒരു ഭാഗം കേരള ടൂറിസം വകുപ്പും മറ്റൊരു ഭാഗം ജലസേചന വകുപ്പും കൈയേറിയതാണെന്നും ചില പുറമ്പോക്ക് ഭൂമി ഫറോക്ക് കോളെജ് പട്ടയം ഭൂമിയില്‍ റീസര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു.'

അതായത്, നോട്ട് ഫയല്‍ dt.16-8-2010 പേജ് 3ഉം 4ഉം ഗവണ്‍മെന്റും സ്വകാര്യ കക്ഷികളും വഖഫ് സ്വത്ത് കൈയേറിയ വസ്തുതകളെക്കുറിച്ച് പറയുന്നു. സ്വകാര്യ വ്യക്തികളുടെ, കൈയേറ്റങ്ങള്‍ നിയമവിധേയമാക്കുന്നതിനായി പുറമ്പോക്ക് ഭൂമി ഫറുഖ് കോളെജിന്റെ പട്ടയ ഭൂമിയായി മാറ്റി റീസര്‍വേ വകുപ്പ് കൃത്രിമം നടത്തിയതും മനസ്സിലാക്കാം. ഫറുഖ് കോളെജിന്റെ വഖഫ് ഭൂമി കയ്യേറിയത് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ഭൂമി പോലും കൈയേറിയെന്ന് ഇതോടെ തെളിഞ്ഞു.

വിശദാംശങ്ങള്‍ നോട്ട് ഫയല്‍ പേജുകള്‍ 3,4ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ:

'സ്‌കെച്ച് പ്രകാരം ഫാറൂക്ക് കോളേജിന്റെ സ്ഥലത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്ന ഏരിയ- 1.089 Hec.

ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ബാക്കിയുള്ള സ്ഥലം -1.6455 Hect.

റീസര്‍വേ പ്രകാരമുള്ള പുറമ്പോക്ക് തോട്- 3.4170 Hect.

കോളെജിന്റെ പേരില്‍ നിന്നും പുറമ്പോക്ക് ആയി മാറ്റേണ്ട സ്ഥലം- 5.7670.

ഫാറൂക്ക് കോളെജിന്റെ പ്രമാണത്തില്‍ പെട്ടതും റീസര്‍വേ റെക്കോര്‍ഡില്‍ ഉള്‍പ്പെടാത്തതും അന്യകൈവശത്തില്‍ ഇരിക്കുന്നതുമായ സ്ഥലം - 0.0452 Hect.

അന്യകൈവശം ഇരിക്കുന്ന വസ്തുവകകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.' (നോട്ട് ഫയല്‍ dt.16-8-2010 പേജ് 3, 4)

ദുരൂഹതകള്‍ ഏറെയാണ്

ജുഡീഷ്യല്‍ കമ്മിഷന്റെ മുന്നില്‍ ഉള്ള 1971ലെ സബ് കോടതി വിധിയില്‍ പറയുന്ന ഭൂമിയുടെ മുന്‍ റീസര്‍വ്വേ റിപ്പോര്‍ട്ടുണ്ടെന്നു കണ്ടെത്തുകയാണെങ്കില്‍ അതിന്റെ സാധുതയും, വഖഫ് ഭൂമിയാണെന്ന് പ്രാഥമികമായി രേഖയുള്ളപ്പോള്‍ എന്തുകൊണ്ട് അന്നത്തെ വഖഫ് ബോര്‍ഡുമായി കൂടിയാലോചിക്കാതെ റീസര്‍വേ നടത്തി എന്നതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു.

നിയമവിരുദ്ധമായി 1976-77 മുതല്‍ 18.58 ഏക്കറും 1998 മുതല്‍ അഡ്വ. പോള്‍ വഴി ശേഷിക്കുന്ന ഭൂമി വില്‍പ്പന നടത്തിയതും ആര്‍ക്കൊക്കെ എന്നത് കണ്ടെത്തണം. 404.76 ഏക്കര്‍ ഭൂമിയില്‍ എത്രത്തോളം കടലെടുത്ത് പോയെന്നും കരയില്‍ പലരുടെയും കൈവശം എത്രത്തോളം ഇന്ന് ഉണ്ടെന്നതും കണ്ടെത്താന്‍ സര്‍വേ വകുപ്പിനെയും റവന്യൂ വകുപ്പിനെയും അടിയന്തരമായി കമ്മീഷന്‍ ചുമതലപ്പെടുത്തണം. ജില്ലാ കളക്റ്റര്‍ മുന്‍പ് നല്‍കിയ സത്യവാങ്മൂലങ്ങള്‍ക്ക് വിരുദ്ധമായി ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷനെ തെറ്റിധരിപ്പിക്കുന്നതും തിരിച്ചറിയണം.

വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ സ്വഭാവം അറിയാതെയും തെറ്റിദ്ധരിപ്പിക്കപ്പെട്ടും അവിടെ ഭൂമി വാങ്ങി ചതിയില്‍ പെട്ട പാവപ്പെട്ട മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍, ഭൂമിയുടെ വഖഫ് സ്വഭാവം നഷ്ടപ്പെടുത്താതെ എടുക്കുന്ന ഏത് തീരുമാനത്തെയും സമുദായം സ്വാഗതം ചെയ്യും. പക്ഷെ അവിടെ നിയമ വിരുദ്ധമായി സമ്പന്നരുടെ കൈവശം ഇരിക്കുന്ന ഭൂമി നടപടി ക്രമം അനുസരിച്ചു തന്നെ വഖഫ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരേണ്ടതാണ്. നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം കണ്ടെത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും കൈകോര്‍ക്കണം.