അധ്യാപകരും വിദ്യാര്‍ഥികളും ഹൃദയം തൊടുമ്പോള്‍ എല്ലാം ശരിയാകും

സി ടി ആയിശ

വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വളര്‍ച്ച മുന്നില്‍ കണ്ട് രൂപകല്പന ചെയ്യുന്ന സമഗ്ര ഗുണമേന്മാ പദ്ധതി അതിന്റെ മാക്‌സിമം ലെവലില്‍ നടപ്പിലാക്കാന്‍ അധ്യാപകര്‍ ബദ്ധശ്രദ്ധരാണ്.

സ്‌കൂളുകളില്‍ പ്രായോഗികമായി നടപ്പിലാക്കി വരുന്ന സമഗ്ര ഗുണമേന്മാ പദ്ധതി ശ്ലാഘനീയമാണ്. വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വളര്‍ച്ച മുന്നില്‍ കണ്ട് രൂപകല്പന ചെയ്യുന്ന ഇത്തരം പരിപാടികള്‍ അതിന്റെ മാക്‌സിമം ലെവലില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലത് ഉദ്ദേശിച്ച ലക്ഷ്യം കാണുന്നില്ലെങ്കിലും ഇതിന്റെ ഫലങ്ങള്‍ വരും കാലങ്ങളില്‍ കാണാനാകും.

മഴക്കാലത്ത് കുട്ടികളുടെ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുകയും ഭീതിയോടെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഴക്കാലം എന്നത് ഭയത്തോടെ കാണുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വെക്കേഷന്‍ സമയമാറ്റം ആലോചിക്കാവുന്നതാണ്. എന്നാല്‍ ഇതിന്റെ മറുവശത്തെക്കുറിച്ച് ചര്‍ച്ചകളും ആലോചനകളും നടക്കേണ്ടതുണ്ട്.

മാര്‍ച്ച് മുതല്‍ മെയ് വരെ അതികഠിന ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസം പ്രവൃത്തി ദിനമായി വരുമ്പോള്‍ നിര്‍ജലീകരണം, സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇപ്പോഴുള്ളതുപോലെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ ശനിയാഴ്ചകളില്‍ പരിഹരിക്കുന്നത് തന്നെയായിരിക്കും അഭികാമ്യം. അധ്യയന സമയം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞു പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള സമയവര്‍ധനവ് അധ്യാപക സമൂഹം സ്വാഗതം ചെയ്യും.

ഈവനിംഗ് ക്ലാസുകളും സ്‌പെഷ്യല്‍ ക്ലാസുകളും വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നുണ്ട്. കുട്ടികള്‍ക്ക് അത് ഗുണം ചെയ്യുമോ എന്നത് വലുതാകുമ്പോള്‍ അവര്‍ തിരിച്ചറിയുന്ന കാര്യമാണ്.

അല്പം കഴിവുണ്ടെങ്കില്‍ അതിനെ മിനുക്കിയെടുക്കാന്‍ അവസരങ്ങളുണ്ട്. കലോത്സവങ്ങളിലെ കലാതിലകവും കലാപ്രതിഭയും സ്‌കൂള്‍ കാലം കഴിഞ്ഞ് എങ്ങോട്ടാണ് പോകുന്നത്!

നിരന്തരമായ ബോധവല്‍ക്കരണങ്ങളും പ്രതിരോധ പരിപാടികളും തന്നെയാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.

അവബോധ ക്ലാസുകള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരി തകര്‍ത്ത ജീവിതങ്ങളെക്കുറിച്ചുള്ള ക്ലിപ്പുകള്‍, അത്തരം ആള്‍ക്കാരെ നേരിട്ട് കാണാന്‍ അവസരം ഒരുക്കുന്നത് ഇതെല്ലാം ഏറെ ഗുണം ചെയ്യും. ജീവിതത്തെ ലഹരിയായി കണ്ട് ധാര്‍മിക മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് നീങ്ങാനുള്ള ശ്രമങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്.

എല്ലാ സ്‌കൂളുകളും വിവിധ പദ്ധതികളുടെയും പ്രൊജക്റ്റുകളുടെയും നിരന്തര പ്രോഗ്രാമുകള്‍ക്ക് വേദിയാകുന്നില്ല. അത്തരം സ്‌കൂളുകള്‍ പഠനസമയം നഷ്ടപ്പെടാതിരിക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പ് വഴി നടത്തപ്പെടുന്ന പ്രോഗ്രാമുകള്‍ പാഠപുസ്തകങ്ങള്‍ക്ക് പുറമെയുള്ള ഒരു ലോകം വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ തുറന്നിടുമ്പോള്‍ ക്ലാസ് റൂമില്‍ മാത്രമാകുമ്പോഴുള്ള വിരസതയകറ്റി ഉന്മേഷവാനാക്കാന്‍ ഇടയാക്കാറുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആധിക്യമുണ്ടാകുമ്പോള്‍ പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനാകാതെ അധ്യാപകര്‍ പ്രയാസപ്പെടാറുണ്ട്. ജനാധിപത്യ ദേശീയബോധം ഊട്ടിയുറപ്പിക്കാനുള്ള പ്രോഗ്രാമുകള്‍ അനിവാര്യമാണ്. ദിനാചരണങ്ങളും അതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

ചരിത്രം മറന്നുപോകുന്നവര്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകുന്നില്ല. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായമാകുന്നതിനും പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണം. അത്തരം മത്സരങ്ങള്‍ അധ്യാപക സംഘടനകള്‍ നടത്തുന്നതും ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നത് തന്നെയാണ്.

പാഠപുസ്തകങ്ങള്‍ മാറി വരുമ്പോള്‍ അതിനുള്ള പരിശീലനം അനിവാര്യമാണ്. അധ്യാപകരുടെ കഴിവും മികവും വെച്ച് ക്ലാസ്സ് മുറികളില്‍ അത് അപ്ലൈ ചെയ്യുമെങ്കിലും അതിനുമുമ്പ് കണ്ടന്റ്, അതിലെ പ്രവര്‍ത്തനങ്ങള്‍ കൂട്ടമായി ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോള്‍ ഏറെ ഫലം ചെയ്യും. പരിശീലനം ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും അതിനെ സമീപിക്കുന്ന രീതിക്കാണ് പ്രസക്തി. ഓണ്‍ലൈനില്‍ ചര്‍ച്ച ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ നേരിട്ട് പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെടുത്തേണ്ടതും ഉണ്ടാകും. ഇത്തരം ക്ലാസുകള്‍ കാട്ടിക്കൂട്ടലുകളായി തീരരുത്.

വിവിധതരം മേളകളിലൂടെ ഇന്ന് പ്രതിഭകള്‍ക്ക് ഏറെ അവസരം കിട്ടുന്ന കാലമാണ്. അല്പം കഴിവുണ്ടെങ്കില്‍ അതിനെ മിനുക്കിയെടുക്കാന്‍ അവസരങ്ങളുണ്ട്. കലോത്സവങ്ങളിലെ കലാതിലകവും കലാപ്രതിഭയും പ്രഭയൊട്ടും നഷ്ടപ്പെടാതെ നമുക്ക് ചുറ്റും ഏറെയുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം കഴിവുകളിലൂടെ യാത്രയാകാതെ തൊഴിലുകളുടെ പിന്നാലെയായിരിക്കും. ഇത് തന്നെ തൊഴിലായി സ്വീകരിച്ചവരുമുണ്ട്. ചുരുക്കം ചിലര്‍ ജീവിതത്തിലെ പ്രാരാബ്ധങ്ങളില്‍ അവരുടെ കഴിവിനെ മറന്നുപോകുന്നുമുണ്ട്.

ചെത്തിമിനുക്കാത്ത മരത്തടിയാണ് ഓരോ കുട്ടിയും. അവനെ മിനുക്കിയെടുത്ത് ആകര്‍ഷകമായി മാറ്റുകയും അവന്റെ കഴിവുകള്‍ക്കനുസരിച്ച് വളരാന്‍ ആകാശം ഒരുക്കുകയും ചെയ്യുന്ന ഗുരു അധ്യാപകരും അവരുടെ രക്ഷാകര്‍ത്താക്കളുമാണ്.

അവരെ ശാസിക്കാനും ശിക്ഷിക്കാനും തലോടാനുമുള്ള അവകശം തിരിച്ചെടുക്കുമ്പോള്‍ മാറ്റില്ലാത്ത വിദ്യാര്‍ഥിത്വമാണ് ഫലം. അധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം ചെറുതായിക്കൊണ്ടിരിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം ഹൃദയം തൊടട്ടെ. എല്ലാം ശരിയാകും.

തയ്യാറാക്കിയത്: ആയിശ ഹുദ എ വൈ


സി ടി ആയിശ അധ്യാപിക, എം ജി എം സംസ്ഥാന ജന.സെക്രട്ടറി