അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയത്തില്‍ ഊന്നിയാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
2016 മുതല്‍ നടപ്പിലാക്കി വന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതി. അക്കാദമിക മികവിനോടൊപ്പം തന്നെ ഭൗതിക വികസനത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയത്.
അതിന്റെ ഫലമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം വളരെ ഉയര്‍ന്ന ഭൗതിക സൗകര്യങ്ങളിലേക്ക് മാറിയിട്ടുണ്ട്. അതോടൊപ്പം അതിന്റെ അക്കാദമിക മികവിനു കൂടി ഊന്നല്‍ നല്‍കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെയുള്ള പൂര്‍ണത കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് തുടര്‍ന്നുവന്ന ചില ദേശീയ പരീക്ഷകളുടെയൊക്കെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേരളം മനസ്സിലാക്കിയിട്ടുണ്ട്.
മറ്റു മേഖലകളിലുണ്ടായ ആനുപാതിക വളര്‍ച്ച അക്കാദമിക മികവിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അതു പരിഹരിക്കാന്‍ അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയത്തില്‍ ഊന്നിയാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
നാഷനല്‍ എജുക്കേഷന്‍ പോളിസി പ്രകാരം യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് നിശ്ചിത പ്രവൃത്തിദിനം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ നിശ്ചിത പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. കനത്ത മഴ, വെള്ളപ്പൊക്കം പോലുള്ള കാര്യങ്ങള്‍ മൂലം സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടിവരുന്നു. ഇത് കൂടുതലും വരുന്നത് ജൂണ്‍, ജൂലായ് മാസങ്ങളിലാണ്.
ഈ സന്ദര്‍ഭത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വെക്കേഷന്‍ മാറ്റ ചര്‍ച്ച തുടങ്ങി വെക്കുന്നത്. അവധി മാറ്റം സാധ്യമാണോ എന്ന ചോദ്യത്തിന് വേഗത്തില്‍ ഉത്തരം പറയുക അസാധ്യമാണ്. നേരത്തെ പറഞ്ഞ സാഹചര്യത്തില്‍ മാറ്റം വേണമെന്നത് ശരിയാണ്. എന്നാല്‍ മാറ്റുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിന് വ്യത്യസ്ത മേഖലയിലുള്ള വിദഗ്ധരുമായി കൂടിയാലോചനകളും സംവാദങ്ങളും നടക്കേണ്ടതുണ്ട്.
പഠനസമയം തികയ്ക്കുക എന്നത് നിര്‍ണായകമാണ്. ഒരു സിലബസ് പൂര്‍ത്തിയാക്കുന്നതിന് നിശ്ചിത മണിക്കൂറുകള്‍ കണക്കാക്കുന്നുണ്ട്. അതിന് സമയം തികയാതെ വരുമ്പോള്‍ കുറച്ചുസമയം കൂട്ടിയെടുക്കേണ്ടി വരുന്നു. അത് ഗുണകരമായി നടത്തുക എന്നത് അധ്യാപകര്‍ ആസൂത്രണം ചെയ്യേണ്ടതാണ്.

കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ അധിക സമയത്തെ ഉപയോഗിക്കാനും കൂടി കഴിയേണ്ടതാണ്. അങ്ങനെ പഠന പ്രവര്‍ത്തനങ്ങളെ സര്‍ഗാത്മാകമായി മുന്നോട്ട് കൊണ്ടുപോവുകയും കുട്ടികളെ താല്പര്യത്തോടുകൂടി ആ സമയം എന്‍ഗേജ് ചെയ്യിക്കുകയും വേണ്ടതുണ്ട്.
പഠന പ്രവര്‍ത്തനങ്ങളെ സര്‍ഗാത്മാകമായി മുന്നോട്ട് കൊണ്ടുപോവുകയും കുട്ടികളെ താല്പര്യത്തോടുകൂടി ആ സമയം എന്‍ഗേജ് ചെയ്യിക്കുകയും വേണം.
പുതിയ തലമുറയെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രധാന വിപത്താണ് ലഹരി ഉപയോഗം. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ഇതിനെതിരെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതോടൊപ്പം നടക്കേണ്ട ഒന്നാണ് ബോധവത്കരണം. എക്‌സൈസ് വകുപ്പ്, എന്‍ ജി ഒകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയൊക്കെ വിവിധ തരത്തിലുള്ള പ്രചാരണ ബോധവത്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
നാളെയുടെ പൗരന്മാരായി വരുന്ന ഇന്നത്തെ സ്‌കൂളിലെ കുട്ടികള്‍ ഈ ലഹരിയുടെ അപകടങ്ങളെ മനസ്സിലാക്കുക എന്നു ലക്ഷ്യത്തോടുകൂടിയുള്ള പരിപാടികള്‍ നടത്തുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പല തരത്തിലുള്ള ഒന്നിച്ചുകൂടലുകളുടെ അഭാവം നേരിടുന്നുണ്ട്.
പഴയ തലമുറയിലുള്ള ആളുകള്‍ക്കുള്ളതുപോലെ കളിക്കാനോ കൂട്ടുകൂടാനോ ഉള്ള സൗകര്യങ്ങളും പൊതുപ്രവര്‍ത്തനങ്ങളും പൊതുവേ ഇന്നത്തെ കുട്ടികള്‍ക്ക് കുറവാണ്. ഇത്തരം കാര്യങ്ങളിലേക്ക് പങ്കുചേര്‍പ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. പലതരത്തിലുള്ള കളികള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയിലൂടെ അവര്‍ക്ക് ജീവിതത്തോടുള്ള വളരെ പോസിറ്റീവായ ഒരു ലഹരി സൃഷ്ടിക്കപ്പെടുന്നുണ്ട്.
അങ്ങനെ അവരെ പ്രകൃതി ലഹരിയെന്നോ രാസലഹരിയെന്നോ ഉള്ള വേര്‍തിരിവില്ലാത്ത വിധം എല്ലാത്തരത്തിലുമുള്ള ലഹരികള്‍ ഒഴിവാക്കി ജീവിതത്തിന്റെ യഥാര്‍ഥ സന്തോഷത്തിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുക എന്നതുകൂടിയാണ് ഇത്തരം ബോധവത്കരണങ്ങളുടെ ലക്ഷ്യം.
അതേ സ്ഥാനത്ത് സ്‌കൂള്‍ പഠന സമയത്തെ വലിയ രീതിയില്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യാതിരിക്കാനുള്ള ടൈം ഷെഡ്യൂള്‍ ഇത്തരം കാര്യങ്ങളിലൊക്കെ ഉണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ നടത്തുന്ന അവബോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്‌കൂളിനെ മാറ്റിനിര്‍ത്തേണ്ടതില്ല.
തയ്യാറാക്കിയത്: ആയിശ ഹുദ എ വൈ