സുജിത് ദാസ് എസ് പിയായിരുന്ന കാലത്താണ് മലപ്പുറത്ത് കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന വെളിപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ട്.
മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനില്‍ എസ് ഐ ആയിരുന്ന എന്‍ ശ്രീജിത്ത് സര്‍വീസില്‍ നിന്നു രാജിവച്ച ശേഷം നടത്തിയ വെളിപ്പെടുത്തലിന് ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിഗതമായ തുറന്നുപറച്ചിലിനപ്പുറം പ്രാധാന്യമുണ്ട്. സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ വിശേഷിച്ചും. സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തിലാണ് ഏറെ പ്രാധാന്യമുള്ള ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നല്‍കിയ ആളാണ് ശ്രീജിത്ത്. അന്ന് മലപ്പുറം പൊലീസ് സൂപ്രണ്ട് വിവാദ നായകനായ സുജിത് ദാസ് ആയിരുന്നു. പരാതിക്കു പിന്നാലെ 2023 ഡിസംബര്‍ 23 മുതല്‍ ശ്രീജിത്ത് അന്വേഷണവിധേയമായി സസ്പെന്‍ഷനിലായിരുന്നു.
മരംമുറിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നും ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നു.
അച്ചടക്ക നടപടികളിലേക്കു നയിച്ച സാഹചര്യങ്ങളെ പറ്റി അറിയുന്നതിനും സംവിധാനത്തിലെ പെരുംകള്ളന്മാരെ പുറത്തു കൊണ്ടുവരുന്നതിനും വിവരാവകാശ നിയമം ഉള്‍പ്പെടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിരവധി അപേക്ഷകള്‍ വിവിധ പൊലീസ് ഓഫിസുകളില്‍ അദ്ദേഹം നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.
സുജിത് ദാസിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്ന കൊല്ലം സ്വദേശി ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍, തുടര്‍ന്നു ചുമതലയേറ്റ എസ് പിക്കു കീഴില്‍ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന കണക്കുകള്‍ സത്യപ്പെടുത്തും. മലപ്പുറം ക്രിമിനലുകളുടെയും സ്വര്‍ണക്കടത്തുകാരുടെയും ഹബ് ആണെന്നും ദക്ഷിണേന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ ആണെന്നും വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് പലരും ഉന്നയിച്ച കാര്യമാണ്. ഭരണപക്ഷത്തു നിന്ന് കാര്യം ആദ്യം പരസ്യമാക്കിയത് മുന്‍ എംഎല്‍എ പി വി അന്‍വറാണ്.
മാത്രമല്ല, മലപ്പുറത്തുകാര്‍ സ്വര്‍ണം കടത്തി അത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന് സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരില്‍ നിന്നു തന്നെ അഭിപ്രായമുണ്ടായി. വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനു പകരം പൊലീസ് സ്വര്‍ണം പിടികൂടുന്ന ഇന്ത്യയിലെ ഏക സ്ഥലം കരിപ്പൂര്‍ എയര്‍പോര്‍ട്ട് ആയിരിക്കുമെന്ന ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍ പൊലീസ് സേനയുടെ നേരെയുള്ള ചോദ്യം മാത്രമല്ല, അതിന് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ മാനം കൂടിയുണ്ട്.
സൗഹാര്‍ദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്ന പ്രസ്താവനകളുടെ പേരില്‍ പൊലീസ് ഇതുവരെ വിരലനക്കാന്‍ പോലും തയ്യാറായിട്ടില്ല.
വിഷയത്തില്‍ വലിയ വീഴ്ചയാണ് പൊലീസ് വരുത്തിയത് എന്നും അതുവഴി സംസ്ഥാനത്തിന് വന്‍ നഷ്ടം സംഭവിച്ചു എന്നും മുന്‍ എസ്‌ഐ ആരോപിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടിയതില്‍ 99 ശതമാനവും സുജിത്ത് ദാസ് ചുമതലയുള്ള സമയത്തായിരുന്നു.
മലപ്പുറം ജില്ലയ്ക്കു നേരെ ചില കോണുകളില്‍ നിന്നും പൊലീസില്‍ നിന്നും ഉണ്ടായ ഗൂഢാലോചനകള്‍ക്കു കൊഴുപ്പേകും വിധം വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപകരമായ പ്രസ്താവനകള്‍ ഇതോടു ചേര്‍ത്തുവെക്കാം. സൗഹാര്‍ദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്ന പ്രസ്താവനകളുടെ പേരില്‍ പൊലീസ് ഇതുവരെ വിരലനക്കാന്‍ പോലും തയ്യാറായില്ലെന്നത് ആരോപണങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്.
അധികാരത്തിന്റെ സ്വാധീനവും സംവിധാനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് സേനയിലെ ഒരു വിഭാഗം ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടുകയും വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യുന്നു. ഇതേ വിഭാഗം ഇതേ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് ദുര്‍ബല വിഭാഗത്തെ അടിച്ചമര്‍ത്തുന്നു.
രാഷ്ട്രീയ മേലാളന്മാര്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും ദല്ലാള്‍മാര്‍ക്കും മുന്‍പില്‍ സേനയുടെ അന്തസ്സും അഭിമാനവും സ്വന്തം നട്ടെല്ല് പോലും പണയം വെക്കുന്ന പൊലീസിലെ അധികാര വര്‍ഗത്തോട് സമരം ചെയ്യാന്‍ കയ്യിലുള്ള ആയുധങ്ങളും ശാരീരിക ശേഷിയും സാമ്പത്തിക സ്ഥിതിയും പോരാതെ വരുന്നുണ്ട് എന്ന് ഒരു ഉദ്യോഗസ്ഥന്‍ തിരിച്ചറിയുന്നുവെങ്കില്‍ സിസ്റ്റത്തിന് വലിയ തകരാറുണ്ട് സാര്‍ എന്നു പറയേണ്ടി വരും.
സിസ്റ്റം വിചാരിച്ചാല്‍ എന്തും നടക്കുമെന്ന ആരോപണം മുഖവിലക്കെടുക്കുമ്പോള്‍, പരാതിക്കാരെ ഒതുക്കി നീതിയെ ഞെരിച്ചുകൊല്ലും വിധം സംവിധാനം മാറുന്നു എന്ന ഭീതി സൃഷ്ടിക്കപ്പെടുന്നു. സിസ്റ്റം മാനിപ്പുലേറ്റഡ് ആയിരിക്കുന്നു, പരിഹാരം അനിവാര്യമാണ് എന്നു പറയേണ്ടിവരും.
