തുടക്കത്തില്‍ സ്‌നേഹവും പതിയെപ്പതിയെ കാരുണ്യവും രണ്ടു പേരുടെയും മനസ്സില്‍ നിറഞ്ഞാല്‍ മാത്രമേ ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ട് പോകൂ. എത്ര മാച്ചിംഗ് പോയിന്റുകള്‍ ഉണ്ടെങ്കിലും രണ്ട് വ്യക്തികള്‍ തമ്മില്‍ ഒന്നിച്ച് പോകാത്ത സാഹചര്യം ഉണ്ടാവാം.
ഭര്‍തൃപീഡനത്താല്‍ യുവതികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. അടുത്തിടെ രണ്ട് മലയാളി യുവതികളാണ് ജീവിതം അവസാനിപ്പിച്ചത്. രണ്ടും വിദേശത്ത് താമസിക്കുന്ന, അത്യാവശ്യം സാമ്പത്തികവും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് സംഭവിച്ചത്.
ഒന്നാമത്തെ കേസില്‍ മകളെ കൂടി മരണത്തിലേക്ക് ഒപ്പം കൂട്ടിയാണ് മാതാവ് ജീവിതം അവസാനിപ്പിച്ചത്. രണ്ടാമത്തെ കേസില്‍ കൊലപാതകമാണെന്ന് ഭാര്യാവീട്ടുകാര്‍ ആരോപിക്കുന്നുമുണ്ട്. ഭര്‍തൃപീഡനവും ഗാര്‍ഹിക പീഡനവും പുതിയൊരു വിഷയമേ അല്ല എന്നതാണ് വാസ്തവം.
അത്രമാത്രം സംഭവങ്ങളാണ് ദിനേനെ പത്രമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വിസ്മയ സംഭവത്തിന്റെ സമയത്ത് കേരളം വിഷയം ഏറെ ചര്‍ച്ച ചെയ്തതാണ്. കല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടിലേക്ക് തിരികെ വരാനുള്ള എല്ലാ വാതിലുകളും അടച്ചുകളയുന്ന സാമൂഹിക മനഃസ്ഥിതി ഇവിടെ മാറേണ്ടതുണ്ട്.
ഒരാണിനെയും പൂര്‍ണമായി മനസ്സിലാക്കാനോ സ്വഭാവദൂഷ്യങ്ങള്‍ തിരിച്ചറിയാനോ വിവാഹാന്വേഷണ സമയത്ത് സാധിക്കണമെന്നില്ല. കുടുംബസാഹചര്യങ്ങളും വരന്റെ പരിചയക്കാരോടുള്ള അന്വേഷണവും നാട്ടിലും ജോലി സ്ഥലത്തുമുള്ള ഇടപെടലുകളുമൊക്കെയാണ് സാധാരണ അന്വേഷിക്കാന്‍ സാധിക്കുക.
അതിനപ്പുറം ഒരു വ്യക്തിയെ ചൂഴ്ന്നന്വേഷിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍, ഒരുമിച്ച് ജീവിതം തുടങ്ങുമ്പോള്‍ അധിക കാലം മാസ്‌ക് ധരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഏതൊരു വ്യക്തിയുടെയും തനിനിറം വെളിച്ചത്താകും.
ദാമ്പത്യബന്ധത്തില്‍ പോരായ്മകളും കുറവുകളും സ്വാഭാവികമാണ്. ആരും സമ്പൂര്‍ണ മനുഷ്യരല്ല. പരസ്പരം താങ്ങായി നില്‍ക്കുക എന്നതാണ് ദാമ്പത്യത്തിന്റെ അടിത്തറ. അതിന് വേണ്ടിയാണ് മനുഷ്യമനുസ്സുകളില്‍ കാരുണ്യവും സ്‌നേഹവും നിക്ഷേപിച്ചിരിക്കുന്നത്.
മവദ്ദ, റഹ്മത്ത് എന്നീ പദങ്ങളാണ് ഖുര്‍ആന്‍ ഇതിനുപയോഗിച്ചത്. ഇവയുടെ അര്‍ഥവ്യാപ്തിയും പ്രായോഗിക ജീവിതത്തോട് അത് ഏറെ അടുത്തുനില്‍ക്കുന്നു എന്നതുമാണ് ഈ പദങ്ങളുടെ പ്രസക്തി. ശാരീരിക സൗന്ദര്യമോ പണക്കൊഴുപ്പോ പ്രശസ്തിയോ അധികാരമോ ഒന്നും ദാമ്പത്യത്തെ മുന്നോട്ട് കൊണ്ടുപോകില്ല.
തുടക്കത്തില്‍ സ്‌നേഹവും പതിയെപ്പതിയെ കാരുണ്യവും രണ്ടു പേരുടെയും മനസ്സില്‍ നിറഞ്ഞാല്‍ മാത്രമാണ് ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ട് പോകൂ. അതിനെല്ലാമുപരി, ആത്മാര്‍ഥമായ പ്രാര്‍ഥനയും ദൈവനിശ്ചയത്തിലുള്ള ശുഭാപ്തി വിശ്വാസവുമാണ് രണ്ടു പേരുടെയും ജീവിതത്തെ ചലിപ്പിക്കുക.
എത്ര മാച്ചിംഗ് പോയിന്റുകള്‍ ഉണ്ടെങ്കിലും രണ്ട് വ്യക്തികള്‍ തമ്മില്‍ ഒന്നിച്ച് പോകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇരുവരുടെയും മനസ്സിലെ സ്‌നേഹവും കാരുണ്യവും ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇരു കുടംബങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവണം. സൗമ്യമായ ചര്‍ച്ചകളും പ്രശ്‌നപരിഹാരങ്ങളും നടക്കണം.
എന്നിട്ടും, യോജിച്ച് പോകുന്നില്ലെങ്കില്‍ വിവാഹമോചനം എന്നതാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന പരിഹാരം. ആരുടെയും ജീവിതം ഹോമിച്ച് കളയാനോ ജീവച്ഛവമായി മുന്നോട്ടുപോകാനോ ഉള്ള കാരണമായി വിവാഹം മാറരുത് എന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം.
പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. വരന്റെ ഭാഗത്ത് സഹിക്കാനാവാത്ത പോരായ്മകള്‍ ഉണ്ടെങ്കില്‍ പെണ്‍കുട്ടികളെ തിരികെ വിളിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്. വിവാഹത്തോടെ എല്ലാ ബാധ്യതയും തീര്‍ന്നുവെന്ന തരത്തിലുള്ള സമീപനം പാടില്ല.
പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. വരന്റെ ഭാഗത്ത് സഹിക്കാനാവാത്ത പോരായ്മകള്‍ ഉണ്ടെങ്കില്‍ പെണ്‍കുട്ടികളെ തിരികെ വിളിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്.
പെണ്‍മക്കളുടെ രക്ഷാകര്‍തൃത്വം നികാഹിലൂടെ അവസാനിക്കുന്ന ഒന്നല്ല. പെണ്‍കുട്ടികള്‍ക്ക് അങ്ങനെ രക്ഷാകര്‍തൃത്വമൊന്നും വേണ്ടതില്ല എന്ന് പഠിപ്പിക്കുന്ന ലിബറല്‍ സിദ്ധാന്തങ്ങള്‍ക്ക് ഇത്തരം പ്രതസന്ധികളില്‍ ഉത്തരം കണ്ടെത്താന്‍ കഴിയില്ല. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ എന്ന് മാത്രമാണ് അവരുടെ ഉത്തരം.
ഇവിടെ ഏറ്റവും പ്രധാനമായി വിദ്യാഭ്യാസം ലഭിക്കേണ്ടത് നമ്മുടെ ആണ്‍മക്കള്‍ക്കാണ്. ഇണയായി കൈപിടിച്ചു വരുന്ന പെണ്‍കുട്ടികള്‍ വലിയ സ്വപ്‌നങ്ങളോടെയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അവരെ ഒരു വ്യക്തിയായി കണ്ട് പെരുമാറാന്‍ സാധിക്കില്ലെങ്കില്‍ ഏകാന്ത ജീവിതം തെരഞ്ഞെടുക്കുകയാണ് നല്ലത്.
പുരുഷന്മാരുടെ മദ്യാസക്തിക്കും സൈക്കോ പീഡനങ്ങള്‍ക്കും വിധേയപ്പെടാനുള്ളതല്ല ഒരു സ്ത്രീയുടെ ജീവിതം എന്ന് ആണ്‍മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. വിവാഹത്തിന് മുമ്പെ അത്തരം ദൂഷ്യസ്വഭാവമുള്ളവരെ ദാമ്പത്യജീവിതത്തിലൂടെ രക്ഷപ്പെടുത്താമെന്നത് മൂഢധാരണയാണ്. അത്തരക്കാര്‍ക്ക് വിവാഹമല്ല, ഡീഅഡിക്ഷന്‍ സെന്ററുകളാണ് വേണ്ടത്.