വിദ്വേഷ പ്രസംഗങ്ങളോട് പൊതുബോധം അലസരാകുമ്പോള്‍

എഡിറ്റർ

വിഭാഗീയവും സാമുദായികവുമായ വിദ്വേഷ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുകയും സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യും.

ശ്രീനാരായണ ഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളുമായി യോഗം നേതൃത്വത്തില്‍ ദീര്‍ഘകാലം ഇരിക്കുന്നയാള്‍ നിരുത്തരവാദപരമായി നിരന്തരം രംഗത്തു വരുന്നതിന് കേരളം സാക്ഷിയാകുന്നു. മതനിരപേക്ഷ സാമൂഹികാന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് തുടര്‍ച്ചയായ പ്രസ്താവനകള്‍.

വിവിധ മതവിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി താരതമ്യേന സമാധാനപരമായി സഹവസിക്കുന്ന സവിശേഷമായ ഒരു സാമൂഹിക ഘടനയാണ് കേരളത്തില്‍. വിഭാഗീയവും സാമുദായികവുമായ പരാമര്‍ശങ്ങള്‍ ഈ സൂക്ഷ്മമായ സന്തുലിതാവസ്ഥ തകര്‍ക്കുകയും സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യും.

ചില ഹേറ്റ് ഗ്രൂപ്പുകള്‍ ഇതിനായി സമീപകാലത്ത് കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കേരളത്തിന്റെ ദീര്‍ഘകാല സാമൂഹിക സഹവര്‍ത്തിത്വത്തെ തുരങ്കം വയ്ക്കുന്നതാണ് 'ഞങ്ങള്‍/ അവര്‍' എന്ന ബോധം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം.

കാല്‍ നൂറ്റാണ്ടിനിടയില്‍ ഈഴവ- തിയ്യ സമുദായത്തില്‍ നിന്ന് രണ്ട് മുഖ്യമന്ത്രിമാരും നിരവധി മന്ത്രിമാരും പ്രതിപക്ഷ നേതാവും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നത് മുന്നിലുള്ള വസ്തുതയാണ്. എന്നിട്ടും ഈഴവ സമുദായത്തിന് സാമൂഹ്യനീതി ഉറപ്പാക്കാന്‍ ആയിട്ടില്ലെങ്കില്‍ അതിന്റെ കാരണം എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആഴത്തില്‍ പരിശോധിക്കണം.

കേരളത്തിലെ ഈഴവ സമൂഹത്തെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗിന് കളമൊരുക്കുകയാണ് ഇത്തരം പ്രസ്താവന നിര്‍വഹിക്കുന്ന നിഗൂഢ ദൗത്യം. ബിഡിജെഎസ് എന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ ബിജെപി മുന്നണിക്ക് വോട്ട് മറിച്ചു നല്‍കിയിട്ടും 10 വര്‍ഷം കൊണ്ട് സാമൂഹിക പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍ അതിന് മുസ്‌ലിം സമുദായത്തെ പഴി പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ?

ഏതെങ്കിലും മേഖലയില്‍ ഈഴവ മുസ്‌ലിം പ്രശ്‌നം കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്ന സാഹചര്യം കൂടി മനസ്സിലാക്കുമ്പോള്‍ എന്താണ് വെള്ളാപ്പള്ളിമാരുടെ പ്രസ്താവനകളുടെ ചുരുക്കം? നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിനും മുസ്‌ലിംകള്‍ക്കു ലഭിക്കാവുന്ന സ്വഭാവികമായ അധികാര പങ്കാളിത്തം വെട്ടാനുള്ള വെപ്രാളവും കൊണ്ട് ആരുടെയെങ്കിലും നാവ് ആവുകയാണോ ഇവര്‍?

വോട്ട് ബാങ്ക് ഏകീകരിക്കാനുള്ള രാഷ്ട്രീയ തന്ത്രമായി വര്‍ഗീയ പ്രസംഗങ്ങള്‍ പലപ്പോഴും ഉപയോഗിക്കപ്പെടാറുണ്ട്. തൊഴില്‍രഹിതരും അസ്വസ്ഥരുമായ ചെറുപ്പത്തെ ഇതര വിദ്വേഷം ഉള്ളവരാക്കിത്തീര്‍ത്ത് നേതൃത്വം ഉറപ്പിക്കാമെന്ന് കരുതുന്ന സങ്കുചിതത്വമാണ് നടേശന്റെ പ്രസ്താവനയെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരിക്കുന്നു.

വിഭാഗീയ പ്രസ്താവനകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിദ്വേഷ പ്രചാരണം വ്യാപിപ്പിക്കുകയും തെറ്റായ വിവരങ്ങളും ഭയവും വൈറലാവുകയും ചെയ്യുന്നു. പൊതു വ്യവഹാരങ്ങളില്‍ വര്‍ഗീയ വിഭാഗീയ ചര്‍ച്ചകള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ പല മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളില്‍ നിന്നു നാം റിവേഴ്‌സടിക്കുമെന്നുറപ്പാണ്.

പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രവും നവോത്ഥാന മൂല്യങ്ങളും സാമൂഹിക ബോധവും അവകാശപ്പെടുമ്പോഴും നിന്ദ്യാര്‍ഹമായ പ്രസ്താവനകള്‍ക്കെതിരെ രംഗത്തു വരുന്നതില്‍ കേരളം അല്പം അലസരാണോ?

പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രവും നവോത്ഥാന മൂല്യങ്ങളും സാമൂഹിക ബോധവും അവകാശപ്പെടുമ്പോഴും നിന്ദ്യാര്‍ഹമായ പ്രസ്താവനകള്‍ക്കെതിരെ രംഗത്തു വരുന്നതില്‍ കേരളം അല്പം അലസരാണോ? താരതമ്യേന ശക്തമായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമപരമോ സാമൂഹികമോ ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാത്ത പക്ഷം വെറുപ്പുണ്ടാക്കുന്ന വാചോടോപങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

അസഹ്യമായ ചൂടന്‍ ജല്പനങ്ങളെ നിശിതമായി അപലപിക്കാനും തള്ളിക്കളയാനുമുള്ള ബാധ്യത പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും അതാതു സമൂഹങ്ങള്‍ക്കുമുണ്ട്. സാമൂഹിക ദുരന്തങ്ങളെ ചെറുക്കാന്‍ സമയബന്ധിതമായ നിയമ നടപടികള്‍ക്കൊപ്പം പൗര-സാമൂഹിക പ്രതിരോധവും ആവശ്യമാണ്.

സെന്‍സേഷനലിസത്തിനപ്പുറത്ത് ചില ഉത്തരവാദിത്തങ്ങള്‍ മാധ്യമങ്ങള്‍ക്കുമുണ്ട്. സോഷ്യല്‍ ഫാബ്രിക്ക് നിലനിര്‍ത്തുന്നതിന് അത് അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത്ഗുരുതരമാകും.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം